പിക്‌സല്‍ 6 പ്രോയുടെ 50 എംപി മാജിക്: മികച്ച ക്യാമറാ ഫോണുകളുടെ നിരയിലേക്ക് ഗൂഗിള്‍ തിരിച്ചെത്തി

Pixel-6-Pro
SHARE

ഗൂഗിള്‍ ഈ വര്‍ഷം അവതരിപ്പിച്ച പിക്‌സല്‍ 6 പ്രോ ഡിഎക്‌സ്ഓമാര്‍ക്കിന്റെ മികച്ച ക്യാമറാ ഫോണുകളുടെ പട്ടികയില്‍ ആദ്യ 10ല്‍ ഇടംനേടി. ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും മികവ് ശാസ്ത്രീയമായി പരിശോധിക്കുന്ന ഫ്രഞ്ച് വെബ്‌സൈറ്റാണ് ഡിഎക്‌സ്ഓമാര്‍ക്ക്. ഫൊട്ടോഗ്രഫിയെ ഗൗരവത്തിലെടുക്കുന്നവരുടെ മനസില്‍ വര്‍ഷങ്ങളായി സ്ഥാനംപിടിച്ചിരുന്ന സ്മാര്‍ട് ഫോണ്‍ ശ്രേണിയാണ് ഗൂഗിളിന്റെ പിക്‌സല്‍. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ പ്രത്യേകിച്ചും നൈറ്റ്‌ഫൊട്ടോഗ്രഫിയില്‍ പല മികവുകളും ആദ്യമായി അവതരിപ്പിച്ചത് പിക്‌സല്‍ ഫോണുകളാണ്.

∙ പുതിയ റാങ്കിങ്ങില്‍ പിക്‌സല്‍ 6 പ്രോ 7-ാം സ്ഥാനത്ത്

മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഗൂഗിള്‍ 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയാണ് പിക്‌സല്‍ 6 പ്രോ മോഡലിനു നല്‍കിയത്. ഡിഎക്‌സ്ഓമാര്‍ക്കിന്റെ ഇപ്പോഴത്തെ റാങ്കിങ്ങില്‍ 7-ാം സ്ഥാനത്താണ് പിക്‌സല്‍ 6 പ്രോ. ഫൊട്ടോഗ്രഫി, സൂം, വിഡിയോ എന്നീ മൂന്നു ഘടകങ്ങളും പരിഗണിച്ചുള്ള മൊത്തം റാങ്കിങ്ങില്‍ ഫോണിന് ലഭിച്ചിരിക്കുന്നത് 135 പോയിന്റ് ആണ്. അതേസമയം, ഫൊട്ടോഗ്രഫി മാത്രം പരിഗണിച്ചാല്‍ 143 പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും കാണാം. പിക്‌സല്‍ 6 പ്രോയ്ക്കു മുന്നിലുള്ളത് ഈ സ്മാര്‍ട് ഫോണുകളാണ് - വാവെയ് പി50 പ്രോ, ഷഓമി മി 11 അള്‍ട്രാ, വാവെയ് മെയ്റ്റ് 40 പ്രോ പ്ലസ്, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 13 പ്രോ, വാവെയ് മെയ്റ്റ് 40 എന്നിവയാണ്. ഐഫോണ്‍ 13 പ്രോ, പ്രോ മാക്‌സ് എന്നിവയ്ക്ക് ഒരേ പോയിന്റ് ആണ്-137. ഈ വര്‍ഷത്തെ രണ്ട് ഐഫോണ്‍ മോഡലുകള്‍ക്കും 144 പോയിന്റ് വീതമാണ് ഫൊട്ടോഗ്രാഫിക്കു മാത്രമായി ലഭിച്ചിരിക്കുന്നത്. ഇവയ്ക്ക് അടുത്തു തന്നെയുണ്ട് പിക്‌സല്‍ 6 പ്രോ എന്നും കാണാം. 

∙ പിക്‌സല്‍ ഫോണുകളും ഫൊട്ടോഗ്രഫിയും

ആദ്യ പിക്‌സല്‍ മോഡല്‍, പിക്‌സല്‍ 2, പിക്‌സല്‍ 4 എന്നിവ ഡിഎക്‌സ്ഒ റാങ്കിങ്ങില്‍ മികവു പുലര്‍ത്തി. ഇവയില്‍ പിക്‌സല്‍ 2 അവതരിപ്പിച്ച സമയത്ത് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍, മറ്റു മോഡലുകള്‍ പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പിക്‌സല്‍ 5 കാര്യമായ മികവില്ലാതെ പോകുകയും ചെയ്തു. പുതിയ പിക്‌സല്‍ 6 പ്രോയുടെ പ്രധാന ക്യാമറയ്ക്ക് 50 എംപി സെന്‍സര്‍ ഉണ്ടെന്നതു കൂടാതെ ഇതിന് 4 എക്‌സ് ടെലിഫോട്ടോ സൂമും ഉണ്ട്. മികച്ച ഹാര്‍ഡ്‌വെയറിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും ചേര്‍ത്താണ് ഈ മോഡല്‍ ഒരുക്കിയിരിക്കുന്നത്. മിക്ക മേഖലകളിലും ഈ ഫോണ്‍ മികവുപുലര്‍ത്തുന്നു എന്നാണ് ഡിഎക്‌സ്ഒ പറയുന്നത്. 

∙ പ്രകാശമുള്ള ഇടങ്ങളില്‍ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം

പ്രകാശമുള്ള സ്ഥലങ്ങളില്‍ മറ്റു മികവുറ്റ സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ഇടംപിടിക്കാനുള്ള കഴിവ് പിക്‌സല്‍ 6 പ്രോയ്ക്കുണ്ട്. അതേസമയം, പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ അതേ മികവ് ഇല്ല. ഫോണ്‍ ക്യാമറയുടെ ഓട്ടോഫോക്കസും സ്റ്റബിലൈസേഷനും മികവുറ്റതാണെന്നും ഡിഎക്‌സ്ഒ വിധിയെഴുതുന്നു. സങ്കീര്‍ണമായ ഹാര്‍ഡ്‌വെയര്‍ ഇല്ലാതെയാണ് ഇത് കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, പശ്ചാത്തലം അവ്യക്തമാക്കുക, വിഡിയോ റെക്കോഡിങ്ങിലെ ചില പോരായ്മകള്‍ എന്നിവ ഫോണിനെ റാങ്കിങ്ങില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ അനുവദിച്ചില്ല.

∙ ഒന്നാം സ്ഥാനത്ത് വാവെയ് പി50 പ്രോ

വര്‍ഷങ്ങളായി ഡിഎക്‌സ്ഒ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് വാവെയ് കമ്പനിയുടെ ഫോണുകളാണ് തുടരുന്നത്. ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയാലും വാവെയുടെ പുതിയ മോഡല്‍ എത്തുമ്പോള്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നതും കാണാം. പലപ്പോഴും ആദ്യ പത്തിനിടയില്‍ ഒന്നിലേറെ വാവെയ് മോഡലുകളും ഉണ്ടാകും. ഈ വര്‍ഷവും ആ കാര്യത്തില്‍ മാറ്റമില്ല. പി50 പ്രോയ്ക്ക് മൊത്തം 144 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. ഫൊട്ടോഗ്രഫിയല്‍ മാത്രമാണെങ്കില്‍ ഫോണിന് 149 പോയിന്റും ലഭിച്ചിട്ടുണ്ട്. 

huawei-p50

∙ രണ്ടാം സ്ഥാനത്ത് ഷഓമി മി 11 അള്‍ട്രാ

വാവെയ്ക്ക് തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്തും ചൈനീസ് കമ്പനിയുടെ ഫോണ്‍ തന്നെയാണ് ഉള്ളത് - ഷഓമി മി 11 അള്‍ട്രാ. മൊത്തം 143 പോയിന്റാണ് ഉള്ളത്. ഫൊട്ടോഗ്രഫിയില്‍ മാത്രമാണെങ്കില്‍ 148 പോയിന്റും ഉണ്ട്.

mi-11-ultra

∙ വാവെയ് മെയ്റ്റ് 40 പ്രോ പ്ലസ് മൂന്നാം സ്ഥാനത്ത്

വാവെയ് മെയ്റ്റ് 40 പ്രോ പ്ലസാണ് മൂന്നാം സ്ഥാനത്തുള്ളത്. 138 പോയിന്റാണ് മൊത്തം ലഭിച്ചിരിക്കുന്നത്. ഫൊട്ടോഗ്രഫിക്കു മാത്രമാണെങ്കില്‍ 144 പോയിന്റും ലഭിച്ചിട്ടുണ്ട്.

∙ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഐഫോണ്‍ 13 പ്രോ മാക്‌സ്, പ്രോ 

ഈ വര്‍ഷത്തെ ഐഫോണുകളും മികവുറ്റ പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍, ഇവ ഫൊട്ടോഗ്രഫിയേക്കാളേറെ വിഡിയോഗ്രാഫിയില്‍ ആണ് എതിരാകള്‍ക്കൊപ്പം എത്തുന്നത്. പ്രൊറെസ് വിഡിയോ റെക്കോഡിങ് ശേഷി ഇവയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

iphone-13-pro

∙ വാവെയ് മെയ്റ്റ് 40 പ്രോ

വാവെയ് കമ്പനിയുടെ മെയ്റ്റ് 40 പ്രോയാണ് ആറാം സ്ഥാനത്ത്. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ക്ക് തൊട്ടു പിന്നിലുള്ള മെയ്റ്റ് 40 പ്രോയ്ക്ക് 136 പോയിന്റാണ് ഉള്ളത്. ഫോട്ടോയ്ക്കു മാത്രമാണെങ്കില്‍ 140 പോയിന്റും ഉണ്ട്. 

∙ പിക്‌സല്‍ സീരീസിന്റെ ഭാവി ശോഭനീയമായേക്കും

ടെക്‌നോളജി വെബ്‌സൈറ്റായ സ്ലാഷ്ഗിയര്‍ നടത്തിയ ടെസ്റ്റുകളിലും പിക്‌സല്‍ 6 പ്രോ മികച്ച പ്രകടനം നടത്തിയെന്നു പറയുന്നു. അവര്‍ പറയുന്നത് ഫോണിന്റെ പല പോരായ്മകളും സാധാരണ ഉപയോക്താക്കള്‍ കണ്ടുപിടിക്കണമെന്നില്ല എന്നാണ്. അതു പോരെങ്കില്‍ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മാജിക് ഇറെയ്‌സര്‍ പോലത്തെ ഫീച്ചറകളും ശരാശരി ഉപയോക്താക്കളെ ആകര്‍ഷിച്ചേക്കുമെന്നും അവര്‍ പറയുന്നു. പിക്‌സല്‍ 6 സീരീസില്‍ പല പുതിയ ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഗൂഗിള്‍ കൊണ്ടുവന്നിട്ടുണ്ട്. അവയില്‍ മുഖ്യമാണ് കമ്പനി തന്നെ നിര്‍മിച്ച കരുത്തുറ്റ പ്രോസസര്‍. 

പുതിയ പരീക്ഷണമാണ് ഗൂഗിള്‍ ഈ വര്‍ഷം നടത്തിയിരിക്കുന്നത്. അത് വജയിച്ചിരിക്കുന്നു എന്ന് കമ്പനിക്ക് കരുതാമെന്നാണ് വിലയിരുത്തല്‍. വിലകൂടിയ സ്മാര്‍ട് ഫോണുകളുടെ മാര്‍ക്കറ്റായ അമേരിക്കയിലേക്ക് വാവെയ് ഫോണുകള്‍ക്ക് പ്രവേശനമില്ലെന്നതും ഷഓമിക്ക് അവിടെ കരുത്തില്ലെന്നതും പിക്‌സല്‍ 6 സീരീസിന് ഗുണകരമാകുമെന്നും പറയുന്നു. വരും വര്‍ഷങ്ങളില്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടൊഗ്രഫി മേഖലയില്‍ ധൈര്യപൂര്‍വം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പിക്‌സല്‍ 6 ഗൂഗിളിന് പ്രചോദനമായേക്കും. 

English Summary: Pixel 6 Pro returns Google to DxOMark's Top Ten

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA