അന്തരീക്ഷത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ എഴുതിയതു ഫോട്ടോ എടുത്താലോ... അല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട രൂപം ലൈറ്റ് കൊണ്ടു വരയ്ക്കുന്നതിന്റെ ചിത്രം പകർത്തിയാലോ… ഇങ്ങനെയൊരു വിദ്യയുണ്ട് ഫൊട്ടോഗ്രഫിയിൽ. അതിന്റെ പേരാണ് ലൈറ്റ് പെയിന്റിങ്. ആദ്യ ചിത്രം നോക്കുക. ഇങ്ങനെ നിങ്ങൾക്കും പടമെടുക്കാം. അതിനു വലിയ ക്യാമറയൊന്നും വേണ്ട. നിങ്ങളുടെ സ്മാർട് ഫോൺ മതി.

∙ പ്രോ മോഡ്
ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക നല്ല ക്യാമറാ ഫോണുകളിലും പ്രോ മോഡ് ഉണ്ടായിരിക്കും. പേരു പോലെത്തന്നെ പ്രഫഷണൽ ലെവലിൽ പടമെടുക്കാനുള്ള വിദ്യയാണിത്. ഡിജിറ്റൽ എസ്എൽആറുകളിലേതു പോലെ ഷട്ടർസ്പീഡും ഐഎസ്ഒയും വൈറ്റ് ബാലൻസും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു ക്രമീകരിക്കാം പ്രോ മോഡിൽ. അതായത് നമ്മുടെ സർഗാത്മകത നമ്മുടെ ഫോണിലൂടെത്തന്നെ പ്രകടമാക്കാം എന്നർഥം. ഇതിനുള്ള സ്റ്റെപ്പുകൾ ആണ് ഇനി നൽകുന്നത്.

സ്റ്റെപ് 1 - പ്രോ മോഡ് തിരഞ്ഞെടുക്കുക. അതിൽ ഷട്ടർസ്പീഡ് 20 സെക്കൻഡോ അതിനു മുകളിലോ തിരഞ്ഞെടുക്കുക. ഐഎസ്ഒ 100 സെറ്റ് ചെയ്യുക.
സ്റ്റെപ് 2 - നല്ല ഇരുട്ടുള്ള സ്ഥലം തിരഞ്ഞെടുക്കുക. മറ്റു പ്രകാശ സ്രോതസ്സുകൾ ഫ്രെയിമിൽ വരുന്നത് അഭംഗിയുണ്ടാക്കും.
സ്റ്റെപ് 3- ഒരു ട്രൈപോഡിൽ ഫോൺ ഉറപ്പിക്കുക. ട്രൈപോഡ് ഇല്ലെങ്കിൽ ക്യാമറ ഒട്ടും അനങ്ങാത്ത തരത്തിൽ ക്രമീകരിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ടത് ലൈറ്റ് പെയിന്റിങ് ചെയ്യുമ്പോൾ ഫോണിൽ ഒരു തവണ പോലും തൊടരുത്. ചെറിയ അനക്കം പോലും ഫ്രെയിമിന് അഭംഗിയുണ്ടാക്കും.
സ്റ്റെപ് 4 – നിങ്ങളുടെ ഫ്രെയിം സെറ്റ് ചെയ്യുക. മുക്കാൽ ഭാഗവും ആകാശം കിട്ടുന്ന തരത്തിൽ ഫ്രെയിം ക്രമീകരിക്കുക. ബിൽഡിങ്ങുകളോ മറ്റു വസ്തുക്കളോ ഏറ്റവും അടുത്ത് പിന്നിൽ ഉണ്ടാകാതെ നോക്കുക. ഇവയ്ക്കു ഫോട്ടോയിൽ പ്രാധാന്യം കിട്ടുന്നതു ഒഴിവാക്കാം. എന്താണോ എഴുതുന്നത് അതിനുള്ള അകലം നോക്കി വേണം ഫ്രെയിം സെറ്റ് ചെയ്യാൻ.

സ്റ്റെപ് 5- നല്ലൊരു ടോർച്ച് എടുക്കുക. ലൈറ്റിനു മുകളിൽ ഒരു ചുവന്ന തുണികൊണ്ടു മൂടുക. തീക്ഷ്ണമായ പ്രകാശം ഫ്രെയിമിൽ പതിയാതിരിക്കാനാണിങ്ങനെ. എൽഇഡി ലൈറ്റുകൾ കൊണ്ടും ലൈറ്റ് പെയിന്റിങ് ചെയ്യാം. പക്ഷേ, അവ നേർത്തതായിരിക്കും എന്നൊരു പ്രശ്നമുണ്ട്.

സ്റ്റെപ് 6- ഫോക്കസ് ചെയ്യുക. ഫോൺ ക്യാമറ രാത്രിയിൽ അത്ര എളുപ്പത്തിൽ ഫോക്കസ് ആകുകയില്ല. ഫോക്കസ് ചെയ്യാനായി ടോർച്ച് നിങ്ങളുടെ മുഖത്തേക്കോ ദേഹത്തേക്കോ തെളിക്കുക. അന്നേരം വെളിച്ചമുള്ള ഭാഗം നോക്കി സ്ക്രീനിൽ തൊട്ട് ഫോക്കസ് ചെയ്തുവയ്ക്കുക.

സ്റ്റെപ് 7- ക്യാമറ ഓൺ ആക്കിയശേഷം നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാൻ പറയുക. കണ്ണാടിയിലേതു പോലെ തിരിച്ചാണ് എഴുതേണ്ടത്. സാധാരണ പോലെ എഴുതിയ ചിത്രം എഡിറ്റിങ്ങിൽ ഫ്ലിപ് ചെയ്താലും മതി. ഓരോ അക്ഷരം എഴുതിയതിനു ശേഷവും ടോർച്ച് ഓഫ് ചെയ്യുക- ഇല്ലെങ്കിൽ അക്ഷരങ്ങൾ തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരും. അടുത്ത അക്ഷരം ഒരു സ്റ്റെപ് മാറിയിട്ട് എഴുതുക. ഓരോ അക്ഷരത്തിനും അകലമുണ്ടാകണം. മുഴുവനായും എഴുതി കഴിഞ്ഞശേഷം ടോർച്ച് ഓഫ് ആക്കി നിങ്ങൾ ഫ്രെയിമിൽ നിന്നു മാറുക. ഒരു കാരണവശാലും ഫോൺ ക്യാമറയിലേക്ക് കൂടുതൽ നേരം വെളിച്ചം തെളിക്കരുത്.

സ്റ്റെപ് 8- ക്യാമറയുടെ ഷട്ടർ അടയുന്നതിനു മുൻപുതന്നെ എഴുത്തു തീർക്കണം. അല്ലെങ്കിൽ ഫോട്ടോയിൽ ഈ എഴുത്ത് അപൂർണമാകും.
സ്റ്റെപ് 9- ഷട്ടർ മുഴുവനായും അടയും വരെ ക്യാമറയിൽ തൊടരുത്.
സ്റ്റെപ് 10 – ഫോക്കസ് നമ്മുടെ എഴുത്തിൽ തന്നെയാണോ എന്നു പരിശോധിക്കുക. അല്ലെങ്കിൽ വീണ്ടും പടമെടുക്കുക.

സ്മാർട് ഫോണുണ്ടെങ്കിൽ നിങ്ങൾക്കും പ്രഫഷണൽ ആകാമെന്നർഥം.
English Summary: Tips and tricks to help you take better smartphone photos