ഇത് നിക്കോണിന്റെ തിരിച്ചുവരവ് വര്‍ഷം; 2021 ശ്രദ്ധ പിടിച്ചുപറ്റിയ പ്രീമിയം ക്യാമറകള്‍ ഇവ

nikon-z9-
SHARE

ജനപ്രിയ ക്യാമറാ നിര്‍മാതാക്കളായ നിക്കോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്നതായിരുന്നു ഈ വര്‍ഷം ആദ്യം കേട്ട വാർത്ത. നിക്കോണും അവരുടെ ജാപ്പനീസ് എതിരാളിയായ ക്യാനനും അടക്കമുള്ള ക്യാമറാ നിര്‍മാണ കമ്പനികള്‍ മിറര്‍ലെസ് ക്യാമറകള്‍ നിര്‍മാണത്തിലേക്കു തിരിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളായി. നിക്കോണ്‍ ഇറക്കിയ മിറര്‍ലെസ് ക്യാമറകള്‍ അവരുടെ കടുത്ത ആരാധകര്‍ മാത്രം ഇഷ്ടപ്പെടുന്നവയായിരുന്നു. ഓട്ടോഫോക്കസിലടക്കം സോണിയും ക്യാനനും നിക്കോണിനേക്കാള്‍ ബഹുദൂരം മുന്നിലെത്തി എന്നായിരുന്നു സ്വതന്ത്ര റിവ്യൂവര്‍മാരുടെ വിലയിരുത്തല്‍. അങ്ങനെ പലരാലും എഴുതി തള്ളപ്പെട്ടു നില്‍ക്കുന്ന സമയത്താണ് നിക്കോണ്‍ സെഡ്9 ക്യാമറ അവതരിപ്പിച്ചത്. നിലവിലുള്ള ഏതു ക്യാമറയോടും കിടപിടിക്കുകയോ അല്‍പം മുന്നിലെത്തുകയോ ചെയ്യുന്ന ഒന്നാണ് സെഡ്9 എന്നാണ് തുടക്ക റിവ്യൂകള്‍ ചൂണ്ടിക്കാട്ടുന്നത്. 

∙ വിഡിയോ ഷൂട്ടിങ്ങിലും മികവ്

ഒരു പക്ഷേ, ഏറ്റവുമധികം ഡിഎസ്എല്‍ആറുകളെ അനുസ്മരിപ്പിക്കുന്ന ക്യാമറ കൂടിയാണ് 45.7-എംപി സെന്‍സറുള്ള സെഡ്9. പക്കാ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബ്ലാക്ക്-ഔട്ട് ഇല്ലാത്ത വ്യൂഫൈന്‍ഡര്‍, പുതുക്കിയ 3ഡി ഓട്ടോഫോക്കസ്, ഇന്റലിജന്റ് സബ്ജക്ട് റെക്കഗ്നിഷന്‍, 20 ഫ്രെയിം സ്പീഡില്‍ റോ ഷൂട്ടിങ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ കമ്പനി സെഡ്9ല്‍ അവതരിപ്പിച്ചു. സ്റ്റില്‍ ക്യാമറ എന്ന നിലയില്‍ സെഡ്9 ശോഭിക്കുമെന്നു പ്രവചിച്ചവര്‍ പോലും അതിന്റെ വിഡിയോ റെക്കോഡിങ് ശേഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നില്ല. ക്യാമറയ്ക്ക് 8കെ/60 പി വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. അതേസമയം, 4കെ വിഡിയോ പ്രോറെസ് മോഡില്‍ റെക്കോഡു ചെയ്യാനുള്ള കഴിവ് ഫേംവെയര്‍ അപ്‌ഡേറ്റു വഴി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

nikon-z9

∙ വിലയിലും എതിരാളികളെ കടത്തിവെട്ടി

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മറ്റൊരു മോഡലായ സോണി എ1 ക്യാമറയ്ക്ക് 559,990 രൂപയാണ് എംആര്‍പി. ക്യാനന്‍ ആര്‍3യ്ക്കാകട്ടെ 499,995 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം, നിക്കോണ്‍ സെഡ്9 ക്യാമറയുടെ എംആര്‍പി 475,995 രൂപയാണ്. പ്രോസസര്‍ ദൗര്‍ലഭ്യം എന്ന കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് വിലയിലും തങ്ങളുടെ എതിരാളികളെ കടത്തി വെട്ടി എന്നതും നിക്കോണിന് അഭിമാനിക്കാവുന്ന കാര്യമാണ്.

∙ നിക്കോണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ?

ആദ്യ ബാച്ച് നിക്കോണ്‍ സെഡ്9 ക്യാമറകള്‍ ഡിസംബര്‍ 23നാണ് കയറ്റി അയയ്ക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇവ വിപണിയിലെത്തി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമാണ് ക്യാമറയ്ക്ക് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിയാനാകുക. സാങ്കേതികവിദ്യാ പരമായി തങ്ങള്‍ മറ്റ് കമ്പനികള്‍ക്കൊപ്പം എത്തിയെന്ന് കമ്പനിക്ക് അവകാശപ്പെടാമെങ്കിലും ഒറ്റ ക്യാമറാ ബോഡിയാണ് ഇത്ര മികവുള്ളത്. പഴയ ബോഡികള്‍ക്ക് കൂടുതല്‍ മികവുകള്‍ നല്‍കുകയോ പുതിയ ബോഡികള്‍ ഇറക്കുകയോ ചെയ്യേണ്ടത് നിക്കോണിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. കാരണം 475,995 രൂപയൊക്കെ നല്‍കി ക്യാമറ വാങ്ങുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കുമെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെ വേണ്ടത്ര ക്യാമറകള്‍ കമ്പനിക്ക് നിര്‍മിച്ചെടുക്കാനാകുമോ എന്ന കാര്യത്തിലും ചിലരെങ്കിലും സന്ദേഹം അറിയിക്കുന്നു.

∙ സോണി എ1

ക്യാമറാ നിര്‍മാണ വ്യവസായത്തില്‍ വര്‍ഷങ്ങളോളം ക്യാനന്റെയും നിക്കോണിന്റെയും താഴെ നിന്നിരുന്ന കമ്പനിയായ സോണിയുടെ ഇപ്പോഴത്തെ കുതിപ്പ് അസൂയാവഹമാണ്. കടന്നു പോകുന്ന വര്‍ഷം നിക്കോണിന്റെ തിരിച്ചുവരവിന്റെ വര്‍ഷമായി ആഘോഷിക്കുന്നവര്‍ പോലും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാമറ സോണി എ1 അല്ലേ എന്ന് ചോദിക്കുന്നുമുണ്ട്. ജനുവരി 27നാണ് ഈ 50.1 എംപി ഓള്‍റൗണ്ടര്‍ ക്യാമറ അവതരിപ്പിക്കുന്നത്. ഇതുവരെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും മികച്ച ക്യാമറകളുടെ പട്ടികയില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുകയാണ് സോണി എ1. നിക്കോണും ക്യാനനും ഭാരക്കൂടുതലുള്ള ക്യാമറകള്‍ അവതരിപ്പിക്കുമ്പോള്‍ ഭാരവും വലുപ്പവും കുറഞ്ഞ ക്യാമറയാണ് സകല ഫീച്ചറുകളും ഉള്‍പ്പെടുത്തി ഇറക്കിയിരിക്കുന്നത്. സോണി എ1ന്റെ ഭാരം 737 ഗ്രാമാണ്. (ബാറ്ററിയും മെമ്മറി കാര്‍ഡും ഇട്ടു കഴിയുമ്പോള്‍ സെഡ്9ന്റെ ഭാരം 1340 ഗ്രാം ആണ്!) ദീര്‍ഘ നേരം ആയാസമില്ലാതെ ഉപയോഗിക്കാം എന്നതാണ് സോണിയിലേക്ക് ഫൊട്ടോഗ്രാഫര്‍മാരെ ആകര്‍ഷിക്കുന്നത്. ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിലും സോണി ഉന്നതമായ സ്ഥാനമാണ് അലങ്കരിക്കുന്നത്.

sony-a1

∙ ക്യാനന്‍ ആര്‍3

സോണി എ1, നിക്കോണ്‍ സെഡ്9 എന്നീ ക്യാമറകളെ അപേക്ഷിച്ച് മെഗാപിക്‌സല്‍ കൗണ്ട് കുറവാണ് എന്നതാണ് ക്യാനന്‍ ആര്‍3യുടെ പ്രധാന ന്യൂനതകളിലൊന്ന്. 8കെ വിഡിയൊ റെക്കോഡിങും ഇല്ല. മറ്റെല്ലാ മേഖലയിലും സോണിയോടും നിക്കോണിനോടും മത്സരിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള ക്യമറാ ബോഡിയാണ് ആര്‍3. അതേസമയം, സെഡ്9, എ1, ആര്‍3 തുടങ്ങിയ ക്യാമറകള്‍ സാധാരണക്കാര്‍ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങളല്ല. ആര്‍3, ക്യാനന്റെ വണ്‍ഡിഎക്‌സ് സീരീസ് ക്യാമറകള്‍ ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ അഭിപ്രായം ചോദിച്ച ശേഷം വികസിപ്പിച്ചെടുത്ത ബോഡിയാണ്. സ്‌പോര്‍ട്‌സ്, വന്യജീവി ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് 24എംപി സെന്‍സര്‍ മതിയെന്നു ചോദിച്ചറിഞ്ഞ ശേഷം ഉണ്ടാക്കിയതാണെന്നാണ് റിപ്പോര്‍ട്ട്. 

സോണിയുടെയും നിക്കോണിന്റെയും ഏറ്റവും മികച്ച ക്യാമറകളാണ് എ1, സെഡ്9. ക്യാനന്‍ ആകട്ടെ തങ്ങളുടെ ഏറ്റവും മികച്ച മോഡലായ ആര്‍1 അവതരിപ്പിക്കാന്‍ ഇരിക്കുന്നതേയുള്ളു എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ മെഗാപിക്‌സല്‍സും ഷൂട്ടിങ് സ്പീഡും അടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കാം ഇത് എത്തുക എന്നാണ് കേട്ടുകള്‍വി. അടുത്ത വര്‍ഷം ആദ്യം തന്നെ ആര്‍1നെ കുറിച്ചുള്ള പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് ക്യാമറാ പ്രേമികള്‍.

canon-eos-r3

∙ ഇരട്ടി വെളിച്ചം പിടിച്ചെടുക്കാവുന്ന സെന്‍സറുമായി സോണി

വര്‍ഷാവസാനം മറ്റൊരു നേട്ടവും കൂടി കൊണ്ടാടുകയാണ് സോണി. ലോകത്തെ ആദ്യത്തെ ഇരട്ട ലെയറുള്ള ട്രാന്‍സിസ്റ്റര്‍ പിക്‌സല്‍ ഉള്ള സ്റ്റാക്ക്ഡ് സീമോസ് സെന്‍സറാണ് സോണി അവതരിപ്പിച്ചത്. പുതിയ ടെക്‌നോളജി ഫോട്ടോസൈഡുകളെ പിക്‌സല്‍ ട്രാന്‍സിസ്റ്ററുകളില്‍ നിന്ന് വേറൊരു സബ്‌സ്‌ട്രേറ്റ് ലെയറിലേക്ക് വേര്‍തിരിക്കുന്നു. ഇതുവഴി ഒരു പിക്‌സല്‍ പിടിച്ചെടുക്കുന്ന വെളിച്ചത്തിന്റെ അളവ് ഏകദേശം ഇരട്ടിയാകുന്നു എന്നാണ് കമ്പനി പറയുന്നത്. പ്രകാശം കുറവുള്ള ഇടങ്ങളിലൊക്കെ ഈ സെന്‍സറിന് നിലവിലുള്ള സെന്‍സറുകളെ അപേക്ഷിച്ച് കൂടുതല്‍ മികവുറ്റപ്രകടനം പുറത്തെടുക്കാനായേക്കും. അതേസമയം, ഇത് ക്യമറകള്‍ക്ക് ആയിരിക്കില്ല, സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്കായിരിക്കും ഉപയോഗിക്കുക എന്ന സൂചനയാണ് സോണി നല്‍കുന്നത്. ഐഫോണുകള്‍ക്കു പോലുമുള്ള ക്യാമറാ സെന്‍സറുകള്‍ നല്‍കുന്നത് സോണിയാണ്.

English Summary: Nikon in 2021: What happened, why and where next for the Big N?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS