സാധാരണ ജനങ്ങളിലേക്ക് സാങ്കേതികവിദ്യയെ എത്തിക്കുന്നതില്‍ സ്മാര്‍ട് ഫോണുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്റര്‍നെറ്റിനെ പോക്കറ്റില്‍ ഒതുക്കുന്ന ഒരു കാലം വരുമെന്ന് രണ്ടു പതിറ്റാണ്ടു മുൻപു പോലും സ്വപ്‌നം കാണാനാവില്ലായിരുന്നു. അതുപോലെ തന്നെയാണ് ഫൊട്ടോഗ്രഫി മേഖലയിലേക്കും സ്മാര്‍ട് ഫോണ്‍ കടന്നുവന്നത്. പലര്‍ക്കും നിഗൂഢമായി തോന്നിയിരുന്ന ക്യാമറ എന്ന ഒറ്റക്കണ്ണന്‍ ഉപകരണത്തെ ജനകീയമാക്കിയതിലും സ്മാര്‍ട് ഫോണുകള്‍ നിസ്തുലമായ പങ്കുവഹിച്ചു. ഇതിനു പുറമേ സെല്‍ഫി, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയൊരു സംസ്‌കാരം തന്നെ ഉടലെടുക്കുന്നതിനും സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ പങ്കുവഹിച്ചു.
∙ തുടക്കം
സ്മാര്‍ട് ഫോണില്‍ (ഫോണിലല്ല) ക്യാമറ എന്ന സ്വപ്‌നം യാഥാര്‍ഥ്യമായി തുടങ്ങുന്നത് ആദ്യ ഐഫോണും എച്ടിസി ഡ്രീമും മുതലാണെന്ന് ചില വിലയിരുത്തലുകളുണ്ട്. അതിനു മുൻപും ഫോണുകളില്‍ ക്യാമറകള്‍ ഉള്ള ഒരു കാലമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ആദ്യ ഐഫോണില്‍ ഒരു 2എംപി ക്യാമറ ഉൾപ്പെടുത്താതെ ആപ്പിളിന് ആ ഫോണ്‍ ഇറക്കാനൊക്കില്ലായിരുന്നു എന്നാണ് പറയുന്നത്. ആദ്യ ഐഫോണിന് വിഡിയോ റെക്കോർഡിങ് ശേഷി ആപ്പിള്‍ നല്‍കിയിരുന്നില്ല. (അതേസമയം, ജെയില്‍ ബ്രേക്ക് ചെയ്ത ഐഫോണുകള്‍ക്ക് പരിമിതമായ രീതിയില്‍ വിഡിയോ റെക്കോഡിങ് സാധിച്ചിരുന്നു). എച്ടിസി ഡ്രീം എത്തിയത് 3.15 എംപി സെന്‍സറുമായി ആയിരുന്നു. അതിനും വിഡിയോ റെക്കോർഡിങ് ഇല്ലായിരുന്നു എന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി പറയുന്നു.
∙ ആരും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്താത്ത കാലം
സ്മാര്‍ട് ഫോണുകളില്‍ ക്യാമറകള്‍ വന്നെങ്കിലും ഇവയ്ക്ക് ഇന്നത്തെ ശേഷി കൈവരിക്കാനാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്തിന്, അക്കാലത്തു സ്മാര്‍ട് ഫോണ്‍ റിവ്യൂകളില്‍ വിവിധ മോഡലുകളുടെ ക്യാമറകളെ തമ്മില്‍ ആരും താരതമ്യം പോലും ചെയ്തിരുന്നില്ല. ഇന്നിപ്പോള്‍ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, 8കെ വിഡിയോ റെക്കോർ്ഡിങ്, വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ പോലും മികവുറ്റ പ്രകടനം തുടങ്ങിയവയൊക്കെ സാധ്യമാണ്. കംപ്യൂട്ടേഷനല്‍ ഫൊട്ടോഗ്രഫി എന്ന പുതിയ മേഖല തന്നെ വികസിച്ചു വരികയാണ്. വലിയ സെന്‍സര്‍ ഉണ്ടെങ്കില്‍ മാത്രമേ മികവുറ്റ ഫോട്ടോയും വിഡിയോയും പകര്‍ത്താനാകൂ എന്ന പരിമിതി തകര്‍ത്തെറിയാനാകുമോ എന്ന ചോദ്യമാണ് സ്മാര്‍ട് ഫോണ്‍ ക്യാമറ വികസിപ്പിക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകര്‍ അന്വേഷിക്കുന്നതുതന്നെ. ഇക്കാര്യത്തില്‍ ആപ്പിള്‍, ഗൂഗിള്‍, വാവെയ് തുടങ്ങിയ കമ്പനികള്‍ തങ്ങളാലാകും വിധം വര്‍ഷവും പുതിയ ഉയരങ്ങള്‍ താണ്ടുന്നുമുണ്ട്. സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ കടന്നുകയറ്റം തടയാനാകാതെ കോംപാക്ട് ക്യാമറാ നിര്‍മാണ മേഖല തകരുകയും ചെയ്തു.

∙ സെല്‍ഫി ക്യാമറാ ചരിത്രം
ഫോണില്‍ ആദ്യമായി സെല്‍ഫി ക്യാമറ അവതരിപ്പിച്ചതിന്റെ പെരുമ സോണിക്കാണ്. സോണി എറിക്‌സണ്‍ സെഡ് 1010 എന്ന മോഡലാണ് ആദ്യമായി മുന്‍ ക്യാമറയുമായി എത്തിയ ഫോണ്‍. ഐഫോണ്‍ 4ല്‍ ആണ് ആദ്യമായി ആപ്പിള്‍ സെല്‍ഫി ക്യാമറ അവതരിപ്പിക്കുന്നത്. എച്ടിസി ഇവോ 4ജി മോഡലും ഐഫോണ്‍ 4 നൊപ്പം സെല്‍ഫി 2010 ല്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ ചെറിയ റെസലൂഷന്‍ മാത്രമായിരുന്നു ഇത്തരം ക്യാമറകള്‍ക്ക് ഉണ്ടായിരുന്നത്. ഐഫോണിന് 0.3 എംപിയും എച്ടിസി മോഡലിന് 1.3എംപിയും ആയിരുന്നു റെസലൂഷന്‍. അല്‍പം വിഡിയോ റെക്കോർഡിങ് സാധ്യമായിരുന്നു. എങ്കിലും മറ്റ് അധികം ഫീച്ചറുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നുവന്ന വര്‍ഷങ്ങളിലും പിന്‍ ക്യാമറകളെ അപേക്ഷിച്ച് ശോഷിച്ച സെല്‍ഫി ക്യാമറകളായിരുന്നു കമ്പനികള്‍ ഉണ്ടാക്കി വിട്ടിരുന്നത്. ഇതൊരു കുറവായി ആരും അക്കാലത്ത് വിലയിരുത്തിയിരുന്നുമില്ല.
ആദ്യ കാലത്ത് വിഡിയോ കോളുകള്‍ക്കുള്ള ക്യാമറ എന്ന വിശേഷണമായിരുന്നു മുന്‍ ക്യാമറയ്ക്ക് ഉണ്ടായിരുന്നത്. തുടര്‍ന്നാണ് സെല്‍ഫി ജ്വരം പടരുന്നത്. ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും മികച്ച വിഡിയോ കോളുകള്‍ നടത്താന്‍ ഈ 2-3എംപി ക്യാമറകള്‍ക്ക് സാധിച്ചിരുന്നു. ഇവയ്ക്ക് 720പി, 1080പി വിഡിയോ കോളുകള്‍ പോലും നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ സ്പീഡുള്ള ഡേറ്റാ കണക്‌ഷന്‍ എത്തുന്നതു വരെ പലര്‍ക്കും ഇതിന്റെ ഗുണം ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ലെന്നതു വേറേ കാര്യം.
ആറ്, ഏഴു വര്‍ഷം ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താല്‍ കാണാവുന്നത് മറ്റൊരു ചിത്രമാണ്. ഇന്ന് ഒരു സ്മാര്‍ട് ഫോണ്‍ കമ്പനിയും മോശം സെല്‍ഫി ക്യാമറയുമായി ഫോണ്‍ ഇറക്കാന്‍ ധൈര്യപ്പെടില്ല. പലപ്പോഴും പിന്‍ക്യാമറയ്‌ക്കൊപ്പമുള്ള പ്രാധാന്യമാണ് അവയ്ക്ക് നല്‍കുന്നതെന്നും കാണാം. സാംസങ് തുടങ്ങിയ കമ്പനികള്‍ കൂടിയ റെസലൂഷനുള്ള സെന്‍സറുകളും സെല്‍ഫിക്കായി നല്‍കിത്തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫില്‍റ്ററുകളും ഉള്‍പ്പെടുത്തി. ഇരട്ട സെല്‍ഫി ക്യാമറ കൊണ്ടുവരുന്ന ആദ്യ മോഡല്‍ ഒപ്പോ എഫ്3യാണ്. കൂടുതല്‍ ഷൂട്ടിങ് സാധ്യതകളും ഇത് തുറന്നിട്ടു. വിവിധ രീതിയില്‍ മാറ്റാവുന്ന സെല്‍ഫി ക്യാമറ അവതരിപ്പിച്ചതും ഒപ്പൊയാണ്- എന്‍1 എന്ന മോഡലില്‍.

∙ നോക്കിയ
ഇതു വരെയുള്ള സ്മാര്‍ട് ഫോണ്‍ ക്യാമറാ ചരിത്രം പരിശോധിച്ചാല്‍, എക്കാലത്തെയും മികച്ച ഫോണ്‍ ക്യാമറകള്‍ ഇറക്കിയ കമ്പനികളിലൊന്നായിരുന്നു നോക്കിയ. കമ്പനി 2012ല്‍ ഇറക്കിയ നോക്കിയ 808 പ്യൂവര്‍വ്യൂ എന്ന മോഡല്‍ എക്കാലത്തെയും ഏറ്റവും മികച്ച ക്യാമറാ ഫോണുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. കാലത്തിന് മുൻപേ എത്തിയ ക്യാമറ ആയിരുന്നു അത്. എന്നാല്‍, 41എംപി സെന്‍സറുമായി ഇറങ്ങിയ ഈ ഫോണ്‍ അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പിന്‍വലിഞ്ഞു; ഒപ്പം നോക്കിയയും. തുടര്‍ന്ന് ലൂമിയ 1020 മോഡലിലേക്ക് ഈ ടെക്‌നോളജി പറിച്ചുനടാനുള്ള ശ്രമം നടന്നു. ഈ മോഡല്‍ 2013ല്‍ ആണ് ഇറങ്ങിയത്. അതും അക്കാലത്തെ എതിരാളികളെക്കാള്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല.

∙ മെഗാപിക്‌സല്‍ മത്സരം
ക്യാമറകള്‍ ഒഴിച്ചു കൂടാന്‍ വയ്യ എന്നു വന്നതോടെ കമ്പനികള്‍ തമ്മില്‍ പിന്നെ മെഗാപിക്‌സല്‍ മത്സരത്തിനുള്ള കളമൊരുങ്ങി. ഓരോ തലമുറയിലും കൂടുതല്‍ റെസലൂഷന്‍ ഉള്ള ക്യാമറകള്‍ കൊണ്ടുവരിക എന്ന കാര്യത്തിലായി ശ്രദ്ധ. ഇക്കാര്യത്തില്‍ ആപ്പിളിന്റെ നിലപാട് ശ്രദ്ധേയമാണ്. അവര്‍ 5 എംപിയില്‍ നിന്ന് 8 എംപിയിലേക്കും തുടര്‍ന്ന് 12 എംപിയിലേക്കും പെട്ടെന്ന് നീങ്ങിയെങ്കിലു പിന്നീട് 2021 വരെ 12 എംപിയില്‍ത്തന്നെ നിന്നു. സാംസങ്, ഷഓമി തുടങ്ങിയ കമ്പനികള്‍ 108 എംപി ക്യാമറകള്‍ അവതരിപ്പിച്ചു. 40 എംപി സെല്‍ഫി ക്യാമറയും സാംസങ് അവതരിപ്പിച്ചു. ഈ വര്‍ഷം ഒമ്‌നി വിഷന്റെ 200 എംപി ക്യാമറ ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 14 സീരീസില്‍ 48 എംപി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.
∙ ഒന്നിലേറെ ക്യാമറകള്‍, 100 എക്‌സ് ഡിജിറ്റല്‍ സൂം
ഒന്നിലേറെ ക്യാമറകള്‍ അവതരിപ്പിച്ചതോടെ അള്‍ട്രാ വൈഡ്, ടെലി ലെന്‍സുകളെയും ഒപ്പം കൂട്ടാന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കായി. ഡിജിറ്റല്‍ സൂമിന്റെ കാര്യത്തില്‍ 100 എക്‌സ് വരെ എത്തിക്കാനും സാംസങ്ങിനു സാധിച്ചു. ഇത്രയുമധികം സൂം ചെയ്താല്‍ ചിത്രത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുമെങ്കിലും 25 എക്‌സ് വരെയാണ് സൂം ചെയ്യുന്നതെങ്കില്‍ അത്രയധികം നഷ്ടമില്ലാത്ത ചിത്രങ്ങളും പകര്‍ത്താം.

∙ നൈറ്റ് മോഡ്
വെളിച്ചക്കുറവുള്ള മേഖലകളില്‍ ഒരിക്കലും മികച്ച ചിത്രങ്ങളെടുക്കാന്‍ സ്മാര്‍ട് ഫോണുകളില്‍ പിടിപ്പിച്ചിരിക്കുന്ന കൊച്ചു സെന്‍സറുകള്‍ക്ക് സാധിക്കില്ലെന്നാണ് പലരും കരുതിയിരുന്നത്. ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ വികസിപ്പിച്ച നൈറ്റ് സൈറ്റ് ടെക്‌നോളജിയാണ് ഈ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചത്. വാവെയ്, ആപ്പിള്‍ തുടങ്ങിയ കമ്പനികളും വന്‍ കുതിപ്പു തന്നെ നടത്തി.
∙ എച്ഡിആര്‍
ചെറിയ സെന്‍സറിന്റെ പരിമിതി മറികടക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് എച്ഡിആര്‍. ഒന്നിലേറെ എക്‌സ്‌പോഷറുകളില്‍ ചിത്രങ്ങള്‍ എടുത്ത് ഒരുമിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

∙ ബാക്ഗ്രൗണ്ട് ബ്ലേര്‍
കംപ്യൂട്ടേഷനല്‍ കണക്കുകൂട്ടലുകള്‍ വഴി പശ്ചാത്തലം അവ്യക്തമാക്കാനും സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കു സാധിച്ചു. ഇതൊന്നും 10 വര്‍ഷം മുൻപ്് പോലും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ, അടുത്ത പത്തു വര്‍ഷം കഴിയുമ്പോള്‍ ഫൊട്ടോഗ്രഫിയിൽ വന്നേക്കാവുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ നമുക്ക് സങ്കല്‍പിക്കാനേ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു.
English Summary: History of Smartphone camera