ADVERTISEMENT

ഫൊട്ടോഗ്രഫിയേക്കാളേറെ വിഡിയോ ഷൂട്ടിങ്ങിന് പ്രാധാന്യം നല്‍കുന്ന ലോകത്തെ ആദ്യത്തെ മിറര്‍ലെസ് ക്യാമറ എന്ന വിവരണമാണ് ക്യാനന്‍ കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആര്‍5സി മോഡലിന് ഇണങ്ങുക. കമ്പനി 2020ല്‍ പുറത്തിറക്കിയ ആര്‍5 ക്യാമറയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. ആര്‍5സി ഉപയോഗിച്ച് ഫോട്ടോയും എടുക്കാമെങ്കിലും ഫൊട്ടോഗ്രഫിക്ക് മികച്ചത് പഴയ ആര്‍5 തന്നെയാണ്. പുതിയ ബോഡിയില്‍ ഇന്‍-ബോഡി സ്റ്റബിലൈസേഷന്‍ ഇല്ല. വലുപ്പവും ഭാരവും കൂടുതലുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഫോട്ടോ ഷൂട്ടര്‍മാര്‍ക്ക് ഗുണകരമല്ല. അതേസമയം, ക്യാനന്‍ ആര്‍5നെക്കുറിച്ച് (https://bit.ly/3nIBLbf) അറിയാതെ ആര്‍5സിയെ അറിയാനും ഒക്കില്ല. ആര്‍5ന്റെ പിന്നില്‍ ഒരു ആക്ടീവ് കൂളിങ് ഫാന്‍ ഘടിപ്പിച്ച മോഡലാണ് ആര്‍4സി എന്നും വിവരിക്കാം.

 

∙ ഒരു ബോഡിയില്‍ രണ്ടു വ്യത്യസ്ത ക്യാമറകള്‍?

 

ക്യാനന്‍ ആര്‍5സിയുടെ ഓണ്‍ ഓഫ് സ്വിച്ച് ഇടത്തേക്കും വലത്തേക്കും മാറ്റാം. ഒരു വശത്തേക്കു മാറ്റിയാല്‍ ഫോട്ടോകള്‍ എടുക്കാവുന്ന രീതിയിലാണ് ആര്‍5ന്റെ മെനു സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവശത്തേക്കു മാറ്റിയാലും ക്യാമറ റീബൂട്ടു ചെയ്യും. പരിപൂര്‍ണമായി ഷട്ട് ഡൗണ്‍ ചെയ്ത ശേഷം ഓണായി വരുന്നത് വിഡിയോ ഷൂട്ടിങ് ഫീച്ചറുകളുടെയോ ഫോട്ടോ ഷൂട്ടിങ് ഫീച്ചറുകളുടെയോ കലവറയായി ആണ്. ഇത് അനുഗ്രഹമാകുന്നത് വിഡിയോ ഷൂട്ടര്‍മാര്‍ക്കാണ്. ഫോട്ടോ, വിഡിയോ ഷൂട്ടിങ് ലോകത്ത് 2022ല്‍ ആദ്യമെത്തിയിരിക്കുന്ന ഏറ്റവും വലിയ മാറ്റം ഇതാണ്. വിഡിയോ മോഡില്‍ എത്തിയാല്‍ ക്യാനന്റെ വിഡിയോ ഇഒഎസ് ക്യാമറാ മോഡലുകളുടെ മെന്യു ആണ് ലഭിക്കുക.

 

വിഡിയോ ഷൂട്ടര്‍മാര്‍ക്ക് വശമുള്ള പദാവലയും ഫീച്ചറുകളും പ്രത്യക്ഷപ്പെടുന്നതോടെ അത് മറ്റൊരു ക്യാമറ തന്നെയായി പരിവര്‍ത്തനപ്പെടുന്നു. വെയ്‌വ് ഫോംസ്, വെക്ടര്‍ സ്‌കോപ്പുകള്‍, ആസ്‌പെക്ട് റേഷ്യോ മാര്‍ക്കേഴ്‌സ്, സെബ്രാസ്, വിഡിയോ കസ്റ്റം വൈറ്റ്ബലന്‍സ് ടൂള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കുന്നു. ഈ സ്വിച്ച് ആര്‍5സിയെ രണ്ടു വ്യത്യസ്ത ക്യാമറകള്‍ തന്നെ ആക്കുന്നു. ഇതെല്ലാം വളരെ ചെറിയ ഒരു മിറര്‍ലെസ് ക്യാമറാ ബോഡിയില്‍ ഒതുക്കാനായിരിക്കുന്നു എന്നതാണ് ക്യാനന്റെ വിജയം. അതേസമയം, ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഫോട്ടോ മോഡില്‍ നിന്ന് വിഡിയോ മോഡിലേക്കോ തിരിച്ചോ ക്യാമറ ഓണ്‍ ആയി വരണമെങ്കില്‍ 8 സെക്കന്‍ഡ് വേണമെന്നാതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യം.

 

∙ മറ്റു ഫീച്ചറുകള്‍

 

ക്യാനന്‍ ആര്‍5ല്‍ കണ്ട അതേ 45 എംപി സെന്‍സറാണ് പുതിയ ബോഡിയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍, ഒരു വ്യത്യാസവും ഉണ്ട്. ഇരട്ട ഡ്യൂവല്‍ നേറ്റീവ് ഐഎസ്ഒകള്‍ ഉണ്ട്-800, 3200 എന്നിവ. പക്ഷേ, ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. ഇതിന് ഒരു കാരണമുണ്ടത്രെ. പ്രൊഫഷണല്‍ വിഡിയോ ഷൂട്ടര്‍മാര്‍ ഗിംബളുകളും മറ്റ് ഇമേജ് സ്റ്റബിലൈസിങ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നു എന്നതിനാല്‍ അവര്‍ക്ക് ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ആവശ്യമില്ലെന്നാണ് ക്യാനന്‍ കരുതുന്നതെന്നു പറയുന്നു. വിഡിയോ 8കെ 60പി വരെ റെക്കോർഡ് ചെയ്യാം. എന്നാല്‍, ഇതിനു (8കെ 60പിയുടെ മാത്രം കാര്യമാണ്) ക്യാമറ യുഎസ്ബി-സി പോര്‍ട്ട് വഴി ചാര്‍ജ് എത്തിക്കണം. ക്യാമറയ്ക്കുളളിലെ ബാറ്ററിവച്ചു സാധിക്കില്ല. അതേസമയം, 8കെ വിഡിയോ റെക്കോഡിങ്ങില്‍ ഉണ്ടായിരുന്ന സമയപരിധി ഇല്ലാതാക്കാന്‍ ക്യാനനു സാധിച്ചു എന്നതു തന്നെ കമ്പനിയുടെ ആരാധകര്‍ക്ക് ആവേശം പകരുന്ന കാര്യമാണ്. ആര്‍5സി മോഡലിന് എക്‌സ്എഫ്എവിസി അടക്കം മികച്ച 4കെ റെക്കോഡിങ് ഓപ്ഷനുകളും ഉണ്ട്.

 

∙ അപ്പോള്‍ ചൂടാവലോ?

 

ആര്‍5ല്‍ 8കെ വിഡിയോ റെക്കോർഡ് ചെയ്യുമ്പോള്‍ ക്യാമറ ചൂടാകുന്നു എന്ന കാരണത്താല്‍ ക്യാനനെ എതിര്‍ കമ്പനികളുടെ ആരാധകരും ഇന്റര്‍നെറ്റ് ട്രോളര്‍മാരും കടന്നാക്രമിച്ചിരുന്നു. പുതിയ ഫാന്‍ ഉള്‍ക്കൊള്ളുന്ന ആര്‍5സിക്ക് ചൂടാകല്‍ ഉണ്ടോ എന്ന കാര്യത്തിലായിരിക്കും ആര്‍5ന്റെ ആരാധകര്‍ക്ക് ആധി. ആദ്യ ടെസ്റ്റുകള്‍ പ്രകാരം എന്തായാലും 4 മണിക്കൂര്‍ വരെയൊക്കെ ക്യാമറ ചൂടാകാതെ റെക്കോർഡ് ചെയ്യാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ 4 ബാറ്ററികള്‍ മാറേണ്ടതായി വന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതു കൂടാതെ താരതമ്യേന തണുപ്പുള്ള രാജ്യങ്ങളിലാണ് ടെസ്റ്റുകള്‍ നടത്തിയിരിക്കുന്നത്. വെയിലത്തും മറ്റും ഷൂട്ടു ചെയ്താല്‍ ക്യാമറ ചൂടാകുമോ എന്ന കാര്യമൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

 

∙ ബോഡി

 

ആര്‍5ന്റെ ബോഡിയില്‍ ഫാന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് പുറമെ നിന്നുള്ള കാഴ്ചയില്‍ പ്രധാന വ്യത്യാസം. വലുപ്പം കൂടിയിട്ടുണ്ട്, ഭാരവും. പക്ഷേ, 30 ഗ്രാം ഭാരം മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ നീക്കം ചെയ്‌തെങ്കിലും ക്യാനന്‍ അതിന്റെ ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സോണി എ7സി പോലത്തെ മോഡലുകളില്‍ ഇവിഎഫ് നീക്കം ചെയ്തിരുന്നു. അത് വിഡിയോ ഷൂട്ടര്‍മാര്‍ക്ക് ആവശ്യമില്ലെന്ന കാരണത്താലാണ് നീക്കിക്കളഞ്ഞത്.

 

ആര്‍5ലെ എല്ലാ ബട്ടണുകളും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ ബട്ടണുകള്‍ക്കും ഇരട്ട ഫങ്ഷനുകള്‍ ഉണ്ട്- ഒന്ന് സ്റ്റില്ലിനും മറ്റൊന്ന് വിഡിയോയ്ക്കും. കൂടാതെ ബട്ടണുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. സിനിമ ഇഒഎസ് ക്യാമറകളിലുള്ളതു പോലെ എളുപ്പത്തില്‍ കസ്റ്റം വൈറ്റ്ബാലന്‍സ് നടത്താമെന്നത് വിഡിയോ ഷൂട്ടര്‍മാര്‍ക്ക് ഗുണം ചെയ്യും. മറ്റൊരു മാറ്റം ഹോട്ട്ഷൂവിന്റെ കാര്യത്തിലാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ ഫ്‌ളാഷുകള്‍ കൂടാതെ മൈക്രോഫോണ്‍ ആക്‌സസറികളും മറ്റും ഘടിപ്പിക്കാം. ആര്‍3 മോഡലിന്റെ ചില ഓട്ടോഫോക്കസ് മോഡുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ആകര്‍ഷകമായ കാര്യമാണ്.

 

∙ വിലയില്‍ ഞെട്ടിച്ച് ക്യാനന്‍

 

പലരും പ്രവചിച്ച അത്ര വലിയ വിലയല്ല ക്യാനന്‍ ആര്‍5സിക്ക് ഇട്ടിരിക്കുന്നത് - 4499 ഡോളറാണ് വില. ആര്‍5 മോഡലിനേക്കാള്‍ വളരെ കൂടുതലല്ല എന്നത്, ഇത്തരം ബോഡി ഉപയോഗിച്ച് വിഡിയോ ഷൂട്ടു ചെയ്യാന്‍ താത്പര്യമുളളവരെ ആകര്‍ഷിക്കുമെന്നു കരുതുന്നു.

 

∙ ആര്‍ക്കാണ് ഈ ക്യാമറ ഉപകരിക്കുക?

 

വിഡിയോയും ഫോട്ടോയും ഷൂട്ടു ചെയ്യാവുന്ന ഹൈബ്രിഡ് ക്യാമറകളുടെ ഗണത്തിലാണ് ഇതിനെ പെടുത്തിയരിക്കുന്നത്. എന്നാല്‍, സോണി എ1, ക്യാനന്‍ ആര്‍5, ആര്‍3, നിക്കോണ്‍ സെഡ്9, പാനസോണിക് എസ്1 എച് തുടങ്ങി പല ഹൈബ്രിഡ് ക്യാമറകളും ഇപ്പോള്‍ തന്നെ വാങ്ങാന്‍ കിട്ടും. പക്ഷേ, പുതിയ ആര്‍5സി മറ്റൊരു ദിശയില്‍ നീങ്ങിയിരിക്കുന്നു എന്നതാണ് ക്യാമറയുടെ സവിശേഷത. സ്റ്റില്ലും ഷൂട്ടു ചെയ്യാമെങ്കിലും വിഡിയോ ഷൂട്ടിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഇറങ്ങുന്ന ഇത്തരം ആദ്യ ക്യാമറയാണ് ആര്‍5സി. അതേസമയം, ഒരു ബട്ടണ്‍ മാറ്റി പെട്ടെന്ന് വിഡിയോയും ഫോട്ടോയും ഷൂട്ടു ചെയ്യാനാവില്ല ആര്‍5സിയില്‍. അത് ബൂട്ടു ചെയ്തുവരാന്‍ സമയമെടുക്കും. എന്നാല്‍, പല പ്രഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരും വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ വിഡിയോയും ഫോട്ടോ ഷൂട്ടു ചെയ്യുമ്പോള്‍ ഫോട്ടോയും ആയിരിക്കും എടുക്കുക. ഇത്തരക്കാര്‍ക്കു വേണ്ടി ഫൊട്ടോയ്ക്കും വിഡിയോയ്ക്കും പരിപൂര്‍ണമായും വ്യത്യസ്തവും വിശദവുമായ മെനുവുമായി അണിഞ്ഞൊരുങ്ങി വന്നിരിക്കുന്ന ക്യാനന്‍ ആര്‍5സി എന്നതാണ് അതിന്റെ സവിശേഷത. അതെ, ഒരു ബോഡിയില്‍ രണ്ടു ക്യാമറകള്‍ എന്ന തോന്നല്‍ അതിനാലാണ് ലഭിക്കുന്നത്.

 

English Summary: Canon’s EOS R5C is a 2-in-1 stills and cinema camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com