മനോഹര ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് ക്യാമറകളുടെ സാധ്യതകൾ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ശാസ്ത്ര പരീക്ഷണങ്ങളിലും എന്തിന് ജീവന്‍ രക്ഷിക്കാനുതകുന്ന ചികിത്സാ സമ്പ്രദായങ്ങളിലേക്കും ക്യാമറകളുടെ സേവനം എത്തിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെയൊക്കെ ഏറ്റവും പുതിയ ഉദാഹരണമാണ് പില്‍ക്യാം അഥവാ ഗുളിക ക്യാമറ. സ്‌കോട്ട്‌ലൻഡിലെ നാഷണല്‍ ഹെല്‍ത് സര്‍വീസാണ് ഇപ്പോള്‍ ആമാശയ ക്യാന്‍സറുള്ള 2000ലേറെ രോഗികളെ, ഗുളിക പോലത്തെ പുറം പ്രതലത്തിനുള്ളില്‍ വച്ച കൊച്ചു ക്യാമറ ഉപയോഗിച്ച് ടെസ്റ്റുചെയ്തിരിക്കുന്നത്. കൊളോണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപ്പി ടെസ്റ്റിനായാണ് പില്‍ക്യാം പ്രയോജനപ്പെടുത്തിയരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ക്യാമറ ഒറ്റത്തവണ മാത്രം ഉപയോഗിക്കും
മഹാമാരി നിലനില്‍ക്കുന്ന ഇക്കാലത്ത് ആമാശയ ഭാഗത്തെ പരിശോധനയ്ക്ക് പുത്തന്‍ പരീക്ഷണം നടത്തുകയായിരുന്നു ഡോക്ടര്‍മാര്‍. ഒരു വലിയ ക്യാപ്‌സ്യൂളിന്റെ വലുപ്പമാണ് പില്‍ക്യാമിന് ഉള്ളത്. രോഗിയുടെ അരയില്‍ കെട്ടിയിരിക്കുന്ന ഒരു ബെല്‍റ്റുമയാണ് പില്‍ക്യം കണക്ട് ചെയ്യുക. ക്യാം രോഗിയുടെ ദഹന പ്രക്രിയ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്നു. സെക്കന്‍ഡില്‍ രണ്ടു മുതല്‍ അഞ്ചു ഫ്രെയിം വരെയാണ് പില്‍ക്യാം ഷൂട്ടു ചെയ്യുന്നത്. ഒരു രോഗിയുടെ ഉദരത്തിലൂടെ സഞ്ചരിച്ച് ഏകദേശം 50,000 ചിത്രങ്ങളാണ് ഷൂട്ടു ചെയ്യുക. പില്‍ക്യാമിന് സ്വയം പ്രകാശിക്കാനുള്ള കഴിവും ഉണ്ട്. എടുക്കുന്ന ചിത്രങ്ങള്‍ വയര്‍ലെസായി രോഗിയുടെ അരയില്‍ പിടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലേക്ക് എത്തുന്നു. പില്‍ക്യാമിന്റെ പ്രവര്‍ത്തനം തീര്‍ന്നു കഴിയുമ്പോള്‍ ഡോക്ടര്‍മാര്‍ ലഭിച്ച ഫോട്ടോകള്‍ വിശകലനം ചെയ്യുന്നു. ക്യാമറ ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കുക. പരീക്ഷണത്തിനു വിധേയരായ 2000 പേരും ലോകത്ത് ആദ്യമായി ടോയിലറ്റിലേക്ക് ഒരു ക്യാമറ ഉപേക്ഷിച്ച് ഫ്‌ളഷു ചെയ്തവരായി.
∙ ബോധംകെടുത്തേണ്ട
അതേസമയം, ഈ രീതി വളരെ ഫലവത്തും എളുപ്പവുമാണെന്ന് പ്രഫസര്‍ ആങ്ഗസ് വോട്‌സണ്‍ പറഞ്ഞു. പരമ്പരാഗതമായി ഈ ടെസ്റ്റിനെത്തുന്നവരെ മയക്കി കിടത്തിയ ശേഷമാണ് പരീക്ഷണം നടത്തുക. അതിനാല്‍ തന്നെ രോഗികള്‍ ആശങ്കാകുലരായിരിക്കും. പുതിയ രീതി വേദനാരഹിതമാണ്. പക്ഷേ, രോഗികള്‍ പില്‍ക്യാം വിഴുങ്ങുന്നതിനു മുൻപ് പരമ്പരാഗത രീതിയിലുള്ള വൃത്തിയാക്കലിനു വിധേയരാകേണ്ടി വരും എന്നും പ്രഫസര്‍ പറഞ്ഞു. പക്ഷേ അതിനു ശേഷം അവര്‍ ആകെ ചെയ്യേണ്ടത് ക്യാമറ വിഴുങ്ങുക എന്നതു മാത്രമാണ്. ക്യാമറ അതിന്റെ ജോലി നിര്‍വഹിച്ചോളുമെന്നും അദ്ദേഹം പറയുന്നു. പല രോഗികള്‍ക്കും കൊളോണോസ്‌കോപ്പി എന്നു കേള്‍ക്കുന്നതു തന്നെ പേടി ജനിപ്പിക്കുന്നു. പേടിയുള്ളവര്‍ രോഗനിര്‍ണയം മാറ്റിവയ്ക്കുകയും അത് അവരില്‍ ചിലര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു. പലതരം ക്യാന്‍സറുകളേയും പോലെ കൊളോണ്‍ ക്യാന്‍സറും നേരത്തെ കണ്ടെത്തുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇത്തരക്കാരില്‍ പലരുടെയും ജീവിതം പില്‍ക്യാം രക്ഷിച്ചെന്നിരിക്കും. മഹാമാരി വിട്ടുപോകാതെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ലോകമെമ്പാടും നടത്തുന്ന കൊളോണോസ്‌കോപ്പികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണെന്നും സൂചനകളുണ്ട്. അതിനൊരു പരിഹാരമായേക്കാം പില്‍ക്യാം.
∙ ക്യാമറ വിഴുങ്ങിയിട്ട് ഒന്നും തോന്നിയില്ലെന്ന്
ക്യാമറ വിഴുങ്ങിയിട്ട് തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് പരിക്ഷണത്തിനു വിധേയരായവരില്‍ ഒരാളായ ജാക്വലിന്‍ ഗിരബൊണ്‍ പറഞ്ഞു. പുതിയ രീതി വേദനാ രഹിതവും അസ്വസ്ഥത ഉണ്ടാക്കാത്തതും ആണ്. വിഴുങ്ങുന്നതിനു മുൻപുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഭയപ്പെടാനായി കാര്യമായി ഒന്നും തന്നെയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പില്‍ക്യാം പോലെയുള്ള ആശയങ്ങളുടെ കടന്നുവരവ് ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു കരുതുന്നു. അതേസമയം, ഇതിനു ചല പരിമിതികളും ഉണ്ടെന്നു വാദിക്കുന്നവരും ഉണ്ട്.
∙ നിക്കോണ്‍ ഡി500ന്റെ നിര്‍മാണം നിർത്തി
ഫൊട്ടോഗ്രഫി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ക്രോപ് സെന്‍സര്‍ ക്യാമറയായ ഡി500ന്റെ നിര്‍മാണം നിക്കോണ്‍ നിർത്തിയെന്ന് നിക്കോണ്‍ ജപ്പാന്‍, നിക്കോണ്‍ ഏഷ്യാ വെബ്‌സൈറ്റുകള്‍ പറയുന്നു. പക്ഷി, വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാരുടെ പ്രിയ ക്യാമറകളില്‍ ഒന്നായിരുന്നു ഇത്. ഇത് 2016ലാണ് പുറത്തിറക്കിയത്. ഏറ്റവും മികച്ച ക്രോപ് സെന്‍സര്‍ ഡിഎസ്എല്‍ആറുകളുടെ പട്ടികയില്‍ പെട്ടിരുന്ന ഈ ക്യമറയ്ക്കു പകരം മറ്റൊന്ന് ഇറങ്ങിയേക്കില്ല. നിക്കോണ്‍ കമ്പനി ഡിഎസ്എല്‍ആറുകളില്‍ നിന്ന് ശ്രദ്ധ മിറര്‍ലെസ് ക്യാമറകളിലേക്ക് തിരിച്ചതാണ് കാരണം. ഡി500ന് 20.7 എംപി ആണ് സെന്‍സര്‍ റെസലൂഷന്‍. നിക്കോണ്‍ നിര്‍മാണം നിർത്തി എന്നുവച്ച് പുതിയ ഡി500 ഇപ്പോള്‍ വാങ്ങാന്‍ കിട്ടില്ലെന്നല്ല. ലോകമെമ്പാടും അവ ഇപ്പോഴും വില്‍പന തുടരുന്നു. അടുത്ത പല മാസങ്ങളിലേക്ക് ഇത് ലഭിച്ചേക്കും. എന്നാല്‍, ഇതിനു പകരമുള്ള ഒന്ന് മിറര്‍ലെസ് ശ്രേണിയില്‍ എത്തുമോ എന്നറിയാനാണ് നിക്കോണ്‍ പ്രേമികള്‍ കാത്തിരിക്കുന്നത്.
∙ ഫൊട്ടോകള്‍ ചെറുതായി എഡിറ്റു ചെയ്യാന്‍ വെബില്‍ പുതിയ ടൂള്‍
എഡിറ്റ്.ഫോട്ടോ ( Edit.Photo) എന്ന ഫ്രീ വെബ്‌സൈറ്റിലെത്തിയാല്‍ ഫോട്ടോകള്‍ക്ക് അല്‍പ സ്വല്‍പം മിനുക്കുപണികളെല്ലാം നടത്തിയെടുക്കാം. ഇത്തരം വെബ് ടൂളുകള്‍ പുതിയതൊന്നുമല്ല. പക്ഷേ, ഇത്തരം പല സൈറ്റുകളിലും പോപ്-അപ്പുകള്‍ തലപൊക്കും, പരസ്യങ്ങള്‍ കയറിവരും. അത്തരം ശല്യങ്ങള്‍ ഇല്ലാത്ത ഒരു സേവനമെന്ന നിലയിലാണ് എഡിറ്റ്.ഫോട്ടോ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. പിന്‍ട്യുറാ എന്നറിയപ്പെടുന്ന ഒരു ജാവാസ്‌ക്രിപ്റ്റ് ഇമേജ് എഡിറ്റര്‍ ഉപയോഗിച്ചാണ് ഈ വെബ് ബ്രൗസര്‍ കേന്ദ്രീകൃത എഡിറ്റര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഡെസ്‌ക്ടോപ്പ് ബ്രൗസറുകള്‍ ഉപയോഗിച്ചും മൊബൈല്‍ ബ്രൗസര്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. കുക്കികള്‍ അക്‌സപ്റ്റു ചെയ്യാന്‍ ആവശ്യപ്പെടുകയോ, അക്കൗണ്ട് വേണമെന്നു പറയുകയോ ഒന്നും തങ്ങള്‍ ചെയ്യുന്നില്ലെന്ന് എഡിറ്റ്.ഫോട്ടോയുടെ സൃഷ്ടാക്കള്‍ അവകാശപ്പെടുന്നു. അതേസമയം, ഫോട്ടോപി.കോം (https://www.photopea.com/) തുടങ്ങിയ വെബ്‌സൈറ്റുകളും മികച്ച സേവനം നല്‍കുന്നു എന്നാണ് പറയുന്നത്. പക്ഷേ, അവിടെ വിവിധ സമ്മതങ്ങള്‍ നല്‍കേണ്ടിവരും.
English Summary: This Swallowable Camera Can Take the Place of Traditional Colonoscopies