ADVERTISEMENT

ഒരു പക്ഷേ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റമായിരിക്കാം സാംസങ് പുറത്തെടുത്ത ഗ്യാലക്‌സി എസ്22 അള്‍ട്രായ്ക്ക് നല്‍കിയിരിക്കുന്നത്. നാലു പിന്‍ ക്യാമറകളാണ് ഈ മോഡലിനുള്ളത്. ഇതില്‍ പ്രധാനപ്പെട്ടത് എഫ് 1.8 അപേർച്ചറുള്ള 108 എംപി ക്യാമറയാണ്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറകളും ഈ സെന്‍സറിനുണ്ട്. മറ്റൊരു പ്രധാന ക്യാമറ 10 എക്‌സ് ഒപ്ടിക്കല്‍ സൂം മൊഡ്യൂളാണ്. ഇതിന് 10 എംപി സെന്‍സാറാണ് ഉള്ളത്. എഫ് 4.9 ആണ് അപേർച്ചർ എന്നതിനാല്‍ നല്ല പ്രകാശമുള്ള സന്ദര്‍ഭങ്ങളിലായിരിക്കും മികച്ച ചിത്രം പകര്‍ത്താനാകുക. കൂടാതെ, ഒരു 3എക്‌സ് ഒപ്ടിക്കല്‍ സൂം ടെലി ലെന്‍സും, ഒരു 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഉണ്ട്. ഫോണിന്റെ സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍ 40 എംപിയാണ്. എസ്22, 22 പ്ലസ് മോഡലുകള്‍ക്കാകട്ടെ, എഫ് 1.8 അപേർച്ചറുകള്ള 50എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ വൈഡ്, 10 എംപി ടെലി ( 3എക്‌സ് ഒപ്ടിക്കല്‍ സൂം), 10 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

∙ വിഡിയോ ക്യാപ്ചര്‍

അള്‍ട്രാ മോഡലിന് സെക്കന്‍ഡില്‍ 24 ഫ്രെയിം വച്ച് 8കെ വിഡിയോ പിടിച്ചെടുക്കാന്‍ സാധിക്കും. സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോയും, സെക്കന്‍ഡില്‍ 240 ഫ്രെയിം വരെ ഫുള്‍ എച്ഡി വിഡിയോയും ഷൂട്ടു ചെയ്യാം. മറ്റൊരു അത്യാകര്‍ഷകമായ ഫീച്ചര്‍ ഇതിന് സെക്കന്‍ഡില്‍ 960 ഫ്രെയിം വരെ 720പി വിഡിയോ പകര്‍ത്താന്‍ സാധിക്കുമെന്നതാണ്. എസ്22, എസ്22 പ്ലസ് മോഡലുകള്‍ക്കും ഏകദേശം സമാനമായ വിഡിയോ ഷൂട്ടിങ് പവറുണ്ട്. എച്ഡിആര്‍ 10പ്ലസ്, സ്റ്റീരിയോ വോയ്സ്, ജൈറോ - ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയവയും പിന്‍ ക്യാമറാ സിസ്റ്റത്തിനു നല്‍കിയിട്ടുണ്ട്.

∙ അഡാപ്റ്റീവ് പിക്‌സല്‍

രണ്ടു തരം ഹൈ-റെസലൂഷന്‍ ക്യാമറകള്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന എസ്22 സീരീസിലെ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ അവയ്‌ക്കെല്ലാം പുതിയ തരം ഇമേജ് പ്രോസസിങ് രീതിയാണ് നല്‍കിയിരിക്കുന്നത്. സാംസങ് ഇതിനെ വിളിക്കുന്നത് അഡാപ്റ്റീവ് പിക്‌സല്‍ സാങ്കേതികവിദ്യ എന്നാണ്. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന എല്ലാ മോഡലുകള്‍ക്കും കൂടുതല്‍ ബ്രൈറ്റ് ആയ ഹൈ-റെസലൂഷന്‍ ഫോട്ടോകള്‍ പകര്‍ത്താനാണ് ഇത് പ്രയോജനപ്പെടുക. ഫോണുകളിലെ ഹൈ റെസ് സെന്‍സറുകളായ 108 എംപി, 50 എംപി ഷൂട്ടറുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് അഡാപ്റ്റീവ് പിക്‌സലിന്റെ പ്രഭാവം കാണാനാകുക. നിലവില്‍ പല ഫോണുകളിലും കാണാവുന്ന പിക്‌സല്‍ ബിനിങ്ങിനേക്കാള്‍ അല്‍പമെങ്കിലും മെച്ചപ്പെട്ടതായിരിക്കാം ഇതെന്നു കരുതപ്പെടുന്നു. നന്നേ ചെറിയ സെന്‍സര്‍ പ്രതലത്തില്‍ 108 എംപി റെസലൂഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ധാരാളം പിക്‌സലുകള്‍ കുത്തി നിറയ്ക്കുകയാണല്ലോ ചെയ്തിരിക്കുന്നത്. നല്ല പ്രകാശമുള്ള സ്ഥലങ്ങളില്‍ പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കും. അതേസമയം, വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ഇത് അത്രമേല്‍ ശോഭിക്കുന്നില്ലെന്നും പറയുന്നു.

എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാനായാണ് അഡാപ്റ്റീവ് പിക്‌സല്‍ സാങ്കേതികവിദ്യ എത്തുന്നത്. ഇതില്‍ ഒന്നിലേറെ പിക്‌സലുകള്‍ ഒരു വലിയ പിക്‌സലായി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുവഴി പ്രകാശം കുറഞ്ഞ ഇടങ്ങളിലും താരതമ്യേന മികച്ച പ്രകടനം നടത്താനാകുമെന്നാണ് അവകാശവാദം. ഒരു ഫുള്‍ റെസലൂഷന്‍ ഫോട്ടോയും, കുറഞ്ഞ നോയിസ് ഉള്ള ഒരു ഫോട്ടോയും കലര്‍ത്തിയാണ് പുതിയ ഫോട്ടോ സൃഷ്ടിക്കുക. അതേസമയം, ഈ മോഡ് ഫോണില്‍ ഡിഫോള്‍ട്ടായി നല്‍കിയിട്ടില്ലെന്നുള്ളതും ജിജ്ഞാസ ഉണര്‍ത്തുന്നുണ്ട്. അഡാപ്റ്റീവ് പിക്‌സല്‍ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ ഏകദേശം 20 എംബി വരും. സാധാരണഗതിയില്‍ 3എംബി ഫയലുകളാണ് ലഭിക്കുന്നത്. ഇതിനാലാണോ, മറ്റേതെങ്കിലും കാരണം കൊണ്ടാണോ അഡാപ്റ്റീവ് പിക്‌സല്‍ ഡിഫോള്‍ട്ട് ആക്കാത്തതെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.

galaxy-s22-ultra-3

∙ എസ്22, 22പ്ലസ് മോഡലുകള്‍ക്ക് കൂടുതല്‍ വലുപ്പമുളള സെന്‍സര്‍

എസ്22 അള്‍ട്രായില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 108 എംപി ക്യാമറ കഴിഞ്ഞ വര്‍ഷത്തെ എസ്21 മോഡലില്‍ കണ്ട അതേ മൊഡ്യൂളാണ് എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം, എസ് 22, 22 പ്ലസ് മോഡലുകള്‍ക്ക് മുന്‍ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് 23 ശതമാനം അധിക വലുപ്പമുള്ള പിക്‌സലുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇവ ഐഫോണ്‍ 13, പിക്‌സല്‍ 6 മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും കരുതപ്പെടുന്നു.

∙ നൈറ്റോഗ്രഫി

രാത്രി ഫൊട്ടോഗ്രഫിക്ക് പുതിയ പേരു നല്‍കിയിരിക്കുകയാണ് സാംസങ്-നൈറ്റോഗ്രഫി. ഇതിലും പുതിയ സാങ്കേതികവിദ്യ കൊണ്ടവരാന്‍ കമ്പനിക്ക് സാധിച്ചിരിക്കുന്നു എന്നാണ് പ്രഥമ നിഗമനം. എസ്22 മോഡലില്‍ ഫോര്‍-ടു-വണ്‍ പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്തടുത്തുള്ള നാലു പിക്‌സലുകളെ ഒരുമിപ്പിച്ച് ഒരു പിക്‌സലാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി രാത്രിയില്‍ ക്യാമറയുടെ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കാന്‍ സാംസങ്ങിനു സാധിച്ചിട്ടുണ്ടാകാമെന്നു കരുതുന്നു.

∙ ഓട്ടോഫ്രെയിമിങ്

മികച്ച വിഡിയോ റെക്കോഡു ചെയ്യാനായി ഫ്രെയിമിലുള്ള പത്തു പേരെ വരെ ട്രാക്കു ചെയ്യാനുള്ള ശേഷിയും നല്‍കിയിട്ടുണ്ട്. കൂടുതല്‍ മികവാര്‍ന്ന ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഒരാള്‍ ഫ്രെയിമിനു പുറത്തേക്ക് പോയ ശേഷം തിരിച്ചെത്തിയാലും അയാളുടെ മുഖം അതിവേഗം തിരിച്ചറിഞ്ഞ് ഫോക്കസിലാക്കാനുള്ള ശേഷിയും ക്യമറകള്‍ക്ക് ഉണ്ട്. ഫോണില്‍ ടാപ്പു ചെയ്ത് ഫോക്കസ് ഉറപ്പാക്കേണ്ട ആവശ്യം പോലുമില്ല.

galaxy-s22-ultra-2

∙ മികച്ച പോര്‍ട്രെയ്റ്റുകള്‍ക്ക് സ്‌റ്റീരിയോ ഡെപ്ത് മാപ്പ്

പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ സബ്ജക്ടും പശ്ചാത്തലവും തമ്മിലുള്ള വേര്‍തിരിവ് കൂടുതല്‍ മികവാര്‍ന്നതാക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സ്‌റ്റീരിയോ ഡെപ്ത് മാപ്പ് പ്രക്രിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ബോകെ, സ്റ്റുഡിയോ ലൈറ്റിങ് എഫക്ട് എന്നിവയും ഉണ്ട്. സാംസങ്ങിന്റെ പോട്രെയ്റ്റ് മോഡ് മനുഷ്യരില്‍ മാത്രമല്ല വളര്‍ത്തു മൃഗങ്ങളുടെ ഫോട്ടോ പകര്‍ത്തുമ്പോഴും പ്രയോജനപ്പെടുത്താം. കഴിഞ്ഞ വര്‍ഷത്തെ സാംസങ് എസ്21 മോഡലുകളുടെ പ്രധാന ന്യൂനത അവയുടെ ക്യാമറാ പ്രകടനമാണെങ്കില്‍ ഈ വര്‍ഷം എതിരാളികളുമായി താരതമ്യം ചെയ്താല്‍ മികച്ച പ്രകടനം തന്നെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഏറ്റവും മികച്ച ക്യാമറാ പ്രകടനമായിരിക്കുമോ ഈ മോഡലുകളിലുള്ളതെന്ന കാര്യം ടെസ്റ്റു ചെയ്ത് അറിയേണ്ടിയിരിക്കുന്നു. എങ്കിലും നിരാശപ്പെടുത്താന്‍ വഴിയില്ലെന്നാണ് പ്രഥമ വിലയിരുത്തല്‍.

English Summary: New Samsung Galaxy S22 and S22+ Deliver Revolutionary Camera Experiences, Day and Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com