ഐഫോൺ എസ്ഇ (2022) യുടെ ക്യാമറ പ്രകടനം ഐഫോണ്‍ 13 പ്രോ മാക്‌സിനൊപ്പം?

iphone-se-2022-
SHARE

കാലഹരണപ്പെട്ട ഡിസൈന്‍, ഡിസ്‌പ്ലേ സാങ്കേതികവിദ്യ, വലുപ്പക്കുറവുള്ള സ്‌ക്രീന്‍ എന്നിവയുമായി പൊരുത്തപ്പെടാന്‍ മടിയില്ലാത്തവര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ് ഐഫോണ്‍ എസ്ഇ (2022). അപ്രതീക്ഷിതമായ രീതിയില്‍ മികവുറ്റതാണ് എസ്ഇ (2022) ലെ 12 എംപിയുടെ ഒറ്റ പിന്‍ ക്യാമറ എന്നാണ് ടെക് വിദഗ്ധർ നിരീക്ഷിക്കുന്നത്. മിക്ക അവസരങ്ങളിലും ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ പ്രകടനത്തിനൊപ്പം നില്‍ക്കും ഇതിലെടുക്കുന്ന ഫോട്ടോകളെന്നും അവര്‍ നിരീക്ഷിക്കുന്നു.

∙ എസ്ഇ (2022) തലയുയര്‍ത്തി നില്‍ക്കുന്നത് ഈ മേഖലകളില്‍

പിന്നില്‍ നിന്നു പ്രകാശം പതിക്കുന്ന (backlight) സന്ദര്‍ഭങ്ങളില്‍ പോലും സാഹചര്യമറിഞ്ഞു പ്രവര്‍ത്തിക്കാനുളള എസ്ഇ (2022) ന്റെ ക്യാമറയുടെ കഴിവിനെയും വിവിധ റിവ്യൂകളിൽ പുകഴ്ത്തുന്നുണ്ട്. മികവു കുറഞ്ഞ ക്യാമറാ സിസ്റ്റങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ മോശം ചിത്രങ്ങളായിരിക്കും എടുക്കുക. ആപ്പിളിന്റെ മുന്തിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നൂതന എച്ഡിആര്‍ പ്രോസസിങ് എസ്ഇ (2022) യിലും ലഭ്യമാണെന്നതിനുള്ള തെളിവാണിത്. ഈ ഫോണിന്റെ ക്യമറയുടെ മറ്റൊരു മികവ് 4കെ വിഡിയോ സ്റ്റബിലൈസേഷനോടു കൂടി പകര്‍ത്തുന്നതിലാണ്. ആപ്പിളിന്റെ ഡീപ്ഫ്യൂഷന്‍, സ്മാര്‍ട് എച്ഡിആര്‍4 കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി, പോര്‍ട്രെയ്റ്റ് മോഡ്, ഫൊട്ടോഗ്രഫിക് സ്റ്റൈല്‍സ് എന്നിവയെല്ലാം എസ്ഇ (2022)യില്‍ കാണാം. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 12 എംപി ക്യാമറയുടെ പ്രകടനം നിലവാരമുള്ളതാണ്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്യാമറയുടെ മികവ് ഉയര്‍ത്തുന്നതിനു പിന്നിലെ ശക്തി ഐഫോണ്‍ പ്രോസസറായ എ15 ബയോണിക് ചിപ്പ് ആണ്.

∙ ക്യാമറാ പ്രകടനത്തിലെ കുറവുകള്‍

സാധാരണ സാഹചര്യങ്ങളില്‍ ഐഫോണ്‍ 13 പ്രോ മാക്‌സുമായി കിടപിടിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തും. ഒറ്റ പിന്‍ക്യാമറ മാത്രമാണ് ഉള്ളത്. എസ്ഇ (2022) ലെ പോര്‍ട്രയ്റ്റ് മോഡ് ആളുകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കാര്യത്തില്‍ പ്രവര്‍ത്തിക്കുമെങ്കിലും നിശ്ചല വസ്തുക്കളുടെ ചിത്രം പകര്‍ത്തുമ്പോള്‍ പ്രവര്‍ത്തിക്കില്ല. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ മികവാർന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഐഫോണ്‍ 13 സീരീസിലുള്ള നൈറ്റ് മോഡും ഇല്ല. വിഡിയോ പകര്‍ത്തുമ്പോഴുളള സിനിമാറ്റിക് മോഡും പുതിയ ഫോണിന് പുറത്തെടുക്കാനാവില്ല. ഇതൊക്കെയാണെങ്കിലും സാധാരണ സാഹചര്യങ്ങളിലെല്ലാം മികവുറ്റ പ്രകനം തന്നെ ഫോണില്‍ നിന്ന് പ്രതീക്ഷിക്കാം എന്നാണ് കണ്ടെത്തല്‍. 

∙ എതിരാളികള്‍

എല്ലാ രീതിയിലും മികച്ച ഫോണും ക്യാമറയുമാണ് വേണ്ടതെന്നുള്ളവര്‍ക്ക് ഇപ്പോൾ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ആപ്പിളിനെ പോലെ വലിയൊരു കമ്പനിയുടെ ഫോണായിരിക്കണം, വില അധികമാകരുത്, ക്യാമറ പ്രകടനം മികവുറ്റതാകണം തുടങ്ങിയ നിബന്ധനകളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ കാത്തിരിക്കുക - ഗൂഗിള്‍ പിക്‌സല്‍ 6എ അത്തരത്തിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗികമായി ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പറഞ്ഞു കേള്‍ക്കുന്ന വിവരങ്ങള്‍ പ്രകാരം, ഫോണിന് 6.2-ഇഞ്ച് വലുപ്പമുള്ള, ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള, മികവുറ്റ സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. 

ഏറ്റവും കുറഞ്ഞ വേര്‍ഷന് 128 ജിബി സ്റ്റോറേജ് ശേഷിയും 6ജിബി റാമും ഉണ്ടായിരിക്കും. ഇരട്ട പിന്‍ക്യാമറാ സിസ്റ്റമായിരിക്കും. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ ആപ്പിളിനെക്കാള്‍ ഒട്ടും പിന്നിലല്ല ഗൂഗിള്‍. നൈറ്റ്‌മോഡിനെ ഇത്ര പ്രശസ്തമാക്കിയതില്‍ ഗൂഗിള്‍ എൻജിനീയര്‍മാരുടെ കഴിവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷ്, പിക്‌സല്‍ ഷിഫ്റ്റ്, ഓട്ടോ-എച്ഡിആര്‍, പാനരമ, 4കെ 60പി വരെ, ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. 

∙ സാംസങ് ഗ്യാലക്‌സി എ53

ഗൂഗിള്‍ പിക്‌സല്‍ 6എയ്ക്ക് ശക്തമായ എതിരാളി ആയിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറക്കിയ ഫോണാണ് സാംസങ് ഗ്യാലക്‌സി എ53. ഫോണിന് 6.5-ഇഞ്ച് വലുപ്പമുള്ള, 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള, ഇന്‍ഫിനിറ്റി-ഒ ഫുള്‍എച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ( ഐഫോണ്‍ എസ്ഇ (2022)ന് 4.7-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീനാണ്.) ഫോണിന്റെ പിന്നില്‍ നാലു ക്യാമറാ സിസ്റ്റമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് 64 എംപിയാണ് റെസലൂഷന്‍. 12 എംപി വൈഡ് ലെന്‍സും ഉണ്ട്. കൂടെയുള്ളത് 5 എംപി മാക്രോ, 5 എംപി ഡെപ്ത് സെന്‍സറുകളാണ്. ക്യാമറകള്‍ക്കെല്ലാം മുന്‍ തലമുറയിലെ മോഡലുകളെ അപേക്ഷിച്ച് ഇന്റലിജന്റ് പ്രകടനം പ്രതീക്ഷിക്കാമെന്നു ഫോര്‍ബ്‌സ് പറയുന്നു. പ്രത്യേകിച്ചും പ്രധാന ക്യാമറ മികവുറ്റ പ്രകടനം നടത്തും. നൈറ്റ് മോഡില്‍ 12 ചിത്രങ്ങള്‍ സംയോജിപ്പിച്ചെടുക്കുന്ന ചിത്രങ്ങളാണ് ലഭിക്കുക. കൂടാതെ, സ്‌നാപ്ചാറ്റിന്റെ പല ഫില്‍റ്ററുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റുഡിയോ ലൈറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ ഫോണും പരിഗണിക്കുമെങ്കില്‍ ഐഫോണ്‍ എസ്ഇ (2022)ന് നിരവധി എതിരാളികളുണ്ട് എന്നു പറയേണ്ടിവരും.

samsung-a53-5g

∙ വിഡിയോ ഷൂട്ടര്‍മാര്‍ക്ക് സോണിയുടെ പുതിയ 16-35എംഎം പവര്‍ സൂം 

ഫുള്‍ ഫ്രെയിം ഷൂട്ടര്‍മാര്‍ക്കായി പുതിയ പിസെഡ് 16-35 എംഎം എഫ്/4 ജി പവര്‍ സൂം ലെന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് സോണി. ഓട്ടോഫോക്കസും സൂമും മോട്ടോറുകള്‍ വഴി നിയന്ത്രിക്കാവുന്ന ഈ ലെന്‍സ് വിഡിയോ ഷൂട്ടര്‍മാര്‍ക്കാണ് കൂടുതല്‍ ഉപകാരപ്രദമെങ്കിലും സ്റ്റില്‍ഫൊട്ടോഗ്രാഫര്‍മാര്‍ക്കും മികവുറ്റ പ്രകടനം നല്‍കും. ഗിംബളുകളില്‍ സോണി ബോഡികളുമായി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മികച്ച ബാലന്‍സ് ലഭിച്ചേക്കുമെന്നും പറയുന്നു. ഇതിന് 1200 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ഭാരക്കുറവുള്ള എഫ്/4 ഉള്ള 16-35 ലെന്‍സ് എന്നാണ് സോണി തങ്ങളുടെ ലെന്‍സിനു നല്‍കുന്ന വിവരണം. 

∙ പുതിയ സിഎഫ്എക്‌സ്പ്രസ് ബി മെമ്മറി കാര്‍ഡുകളുമായി എയ്‌സര്‍

എയ്‌സര്‍ സ്‌റ്റോറേജ് പുതിയ 128 ജിബി, 256 ജിബി, 512 ജിബി സിഎഫ്എക്‌സ്പ്രസ് ബി മെമ്മറി കാര്‍ഡുകള്‍ അവതരിപ്പിച്ചു. ഇവയ്ക്ക് സെക്കന്‍ഡില്‍ 1,600 എംബി വരെ റീഡ് സ്പീഡും 1,200 എംബി വരെ റൈറ്റ് സ്പീഡും ലഭിക്കുന്നു. അതിവേഗ ഷൂട്ടിങ് സാധ്യമായ ക്യാമറകളില്‍ ഉപയോഗിക്കാന്‍ ഉത്തമമായിരിക്കും ഇവ എന്നു കരുതുന്നു.

∙ മൈക്രോ ഫോര്‍തേഡ്‌സ് ക്യാമറകള്‍ക്ക് 25 എംഎം എഫ്/0.95 ലെന്‍സുമായി വീനസ് ഒപ്ടിക്‌സ്

മൈക്രോ ഫോര്‍ തേഡ്‌സ് ക്യാമറകള്‍ക്ക് പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താനും മികവുറ്റ ബൊ-കെയുള്ള ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കുന്ന ലെന്‍സ് പുറത്തിറക്കിയിരിക്കുകയാണ് വീനസ് ഓപ്ടിക്‌സ്. ലാവോവാ ആര്‍ഗസ് 25എംഎം എഫ്/0.95 എംഎഫ്ടി എപിഒ എന്നാണ് ലെന്‍സിന്റെ മുഴുവന്‍ പേര്. 399 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ലെന്‍സിന് ഓട്ടോഫോക്കസ് ഇല്ല. ലെന്‍സിന്റെ പ്രചാരണത്തിനായി കമ്പനി പുറത്തുവിട്ട വിഡിയോ കാണാം: https://youtu.be/o_MHQoiHETA

English Summary: iPhone SE 2020  and iPhone 13 Pro Camera Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA