ഐഫോണ്‍ 15ല്‍ പെരിസ്‌കോപ് ക്യാമറ, ആപ്പിൾ ആരാധകരെ കാത്തിരിക്കുന്നത് നാലു പിന്‍ക്യാമറാ സിസ്റ്റം?

iphone-15-concept-image
SHARE

സ്മാര്‍ട് ഫോണുകളില്‍ പെരിസ്‌കോപ് ക്യാമറ അനാവശ്യമാണെന്നു പറയുന്നവരുണ്ട്. അവയ്ക്ക് നിലവാരമില്ലെന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും പുതിയ തലമുറയിലെ പെരിസ്‌കോപ് പ്രവര്‍ത്തനരീതിയിലുളള സൂം ക്യാമറ ഐഫോണുകളിലേക്കും താമസിക്കാതെ എത്തിയേക്കും എന്ന് ചില ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ദക്ഷിണ കൊറിയന്‍ സംരംഭമായ ജാഹ്‌വാ (Jahwa) ഇലക്ട്രോണിക്‌സ് കമ്പനി ഇത്തരം ലെന്‍സുകള്‍ക്കുള്ള ഘടകഭാഗങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള പുതിയ ഫാക്ടറി സ്ഥാപിക്കാനായി 155 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കുന്നു എന്നതാണ് പുതിയ വാര്‍ത്തയ്ക്ക് പിന്നില്‍. ആപ്പിളിനു വേണ്ടിയായിരിക്കാം ഇതെന്നാണ് കൊറിയന്‍ വെബ്‌സൈറ്റ് ആയ ദി എലക് റിപ്പോര്‍ട്ടിൽ പറയുന്നു.

∙ ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനി

പേരു വെളിപ്പെടുത്താത്ത സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്കു വേണ്ടി ക്യാമറകളിലെ ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ആക്ചുവേഷന്‍ സജീകരണങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനിയാണ് ജാഹ്‌വ. ലെന്‍സുകളിലെ ഓട്ടോഫോക്കസ് സംവിധാനവും കമ്പനി നിർമിച്ചു നല്‍കാറുണ്ട്. പെരിസ്‌കോപ്ലെന്‍സ് നിര്‍മിച്ചെടുക്കാനായി ആപ്പിള്‍ പ്രതിനിധികള്‍ കൊറിയയിലെ വിവിധ കമ്പനികള്‍ 2021ല്‍ സന്ദര്‍ശിച്ചിരുന്നു. സാംസങ് ഇലക്ട്രോ-മെക്കാനിക്‌സ് കമ്പനിയില്‍ നിന്ന് പെരിസ്‌കോപ് ലെന്‍സ് വാങ്ങേണ്ടന്നു പറഞ്ഞ് ആപ്പിള്‍ പോയി എന്നാണ് റിപ്പോര്‍ട്ട്. ജാഹ്‌വ ഇലക്ട്രോണിക്‌സിലും സാംസങ്ങിന് നിക്ഷേപം ഉണ്ടാകാം. അവരില്‍ നിന്ന് സാംസങ്ങും ഘടകഭാഗങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍, പുതിയ നിക്ഷേപം സാംസങ്ങിന് അപ്പുറത്തേക്കുള്ള ഒരു കമ്പനിക്കു വേണ്ടിയാണ് എന്നാണ് കരുതപ്പെടുന്നത്.

∙ ഐഫോണിനുള്ള ഭാഗങ്ങള്‍ മറ്റാര്‍ക്കും നിര്‍മിച്ചു നല്‍കുന്നത് ആപ്പിളിന് ഇഷ്ടമല്ല

ഐഫോണിന് നിര്‍മിച്ചു നല്‍കുന്നതു പോലെയുള്ള ഘടകഭാഗങ്ങള്‍ മറ്റു കമ്പനികള്‍ക്ക് നിര്‍മിച്ചു നല്‍കുന്നത് ആപ്പിളിന് ഇഷ്ടമുള്ള കാര്യമല്ല. അതിനാല്‍ തന്നെ, ജാഹ്‌വ ഇലക്ട്രോണിക്‌സ് പുതിയതായി മുതല്‍മുടക്കുന്നത് ആപ്പിളിനു വേണ്ടിത്തന്നെ ആയിരിക്കുമെന്നു കരുതപ്പെടുന്നു. അതേസമയം, ഈ വര്‍ഷത്തെ ഐഫോണ്‍ 14 ശ്രേണിക്ക് പെരിസ്‌കോപ് ക്യാമറ ലഭിച്ചേക്കില്ല. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ജാഹ്‌വ കമ്പനിയുടെ ഫാക്ടറിയുടെ പണി പൂര്‍ത്തിയാകുക. തുടര്‍ന്ന് ആപ്പിളിന്റെ പ്രതിനിധികള്‍ വന്ന് സജീകരണങ്ങള്‍ കണ്ട് ബോധ്യപ്പെട്ട ശേഷമായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.

∙ എന്താണ് പെരിസ്‌കോപ് സൂം, പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

വാവെയ്, സാംസങ്, ഒപ്പോ തുടങ്ങിയ കമ്പനികള്‍ ഈ സംവിധാനം ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഓരോ കമ്പനിയും ഇക്കാര്യത്തില്‍ ചെറിയ മാറ്റങ്ങളും കൊണ്ടുവരുന്നു. പെരിസ്‌കോപ് സൂമുകളുടെ നിര്‍മാണത്തിലെ പൊതു തത്വം, ക്യാമറയ്ക്കുള്ള ലെന്‍സ് എലമെന്റുകള്‍ ഫോൾഡ് ചെയ്ത് ഉപയോഗിക്കുക എന്നതാണ്. വാവെയ് പി30 പ്രോയിലെ പെരിസ്‌കോപ് സ്‌റ്റൈല്‍ ലെന്‍സില്‍ ഏറ്റവും മുകളിലെ ലെയറിൽ ഇരിക്കുന്നത് പെരിസ്‌കോപ് മിറര്‍ ആണ്. പെരിസ്‌കോപ്പില്‍ കാണപ്പെടുന്നതു പോലെയാണിത്. മൂന്നു മിററുകള്‍ ആണ് അടുക്കി വച്ചിരിക്കുന്നത്. ഇവയിലൂടെ എത്തുന്ന പ്രകാശം ടെലിഫോട്ടോ ലെന്‍സിലേക്കു കടത്തിവിടുന്നു. സെറ്റപ്പിന്റെ മധ്യത്തിലാണ് ടെലി ലെന്‍സ് പിടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ടെലി ലെന്‍സിന് ഫോക്കസു ചെയ്യാന്‍ ശ്രമിക്കുന്ന വസ്തുവിന്റെ കൂടുതല്‍ അടുത്തേക്ക് എത്താന്‍ സാധിക്കുന്നു. ടെലിലെന്‍സിനു പിന്നിലായാണ് ഇമേജ്പ്രോസസര്‍ വച്ചിരിക്കുന്നത്. മിററുകളിലൂടെയും തുടര്‍ന്ന് ടെലി ലെന്‍സിലൂടെയും കടന്നെത്തുന്ന ചിത്രം പകര്‍ത്തുകയാണ് സെന്‍സര്‍ ചെയ്യുന്നത്. മിററുകള്‍ എങ്ങനെ വയ്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ക്യാമറാ നിര്‍മാതാക്കള്‍ക്ക് 15 മടങ്ങ് ഒപ്ടിക്കല്‍ സൂം വരെ ലഭിക്കാമെന്നു പറയുന്നു.

∙ ചിത്രങ്ങള്‍ക്ക് നിലവാരം കുറയാം

പ്രധാന ക്യാമറയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ മോശം ചിത്രങ്ങള്‍ പെരിസ്‌കോപ് ക്യാമറയില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ മതിയെന്നു പറയുന്നവരുണ്ട്. ആപ്പിള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ടെക്നോളജി ഉള്‍ക്കൊള്ളിക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു എന്നും പറയുന്നു. അതേസമയം, നിലവിലുള്ള മൂന്നു ക്യാമറാ സിസ്റ്റത്തിലേക്ക് നാലാമതൊരു ക്യാമറയായി ആയിരിക്കുമോ പെരിസ്‌കോപ് സൂം സംവിധാനം എത്തുന്നതെന്നും സംശയമുണ്ട്. പെരിസ്‌കോപ് ക്യാമറയ്ക്കു വേണ്ടി അല്ലെങ്കില്‍ ടെലി ലെന്‍സിനു വേണ്ടി ആയിരിക്കാം ജാഹ്‌വാ കമ്പനിയില്‍ നിന്ന് ഘടകഭാഗങ്ങള്‍ നിർമിച്ചു വാങ്ങുക എന്നും കരുതപ്പെടുന്നു.

എന്നാല്‍, ആപ്പിള്‍ പെരിസ്‌കോപ് ക്യാമറ നിര്‍മിക്കാനുള്ള ഭാഗങ്ങള്‍ക്കു വേണ്ടി തന്നെയാണ് ജാഹ്‌വാ കമ്പനിയെ സമീപിച്ചത് എന്നുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നതിനാലാണ് ഐഫോണ്‍ 15 സീരീസില്‍ പെരിസ്‌കോപ് സൂം എത്തിയേക്കുമെന്നു പറയാനുള്ള കാരണം. ഐഫോണ്‍ 15 പ്രോ ക്യാമറകളിലായിരിക്കും പെരിസ്‌കോപ് സൂം കാണപ്പെടുക. എന്നാല്‍, ഐഫോണ്‍ 15 സീരീസ് ഇറക്കുന്നതിനു മുൻപ് ഒന്നും തീര്‍ച്ച പറയാനാവില്ലെന്നു വാദിക്കുന്നവരും ഉണ്ട്. ആപ്പിളോ, ആപ്പിള്‍ ഇടപെടുന്ന കമ്പനികളോ നിര്‍മിക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് ഒരു കാര്യവും മാധ്യമങ്ങളോട് വെളിപ്പെടുത്താറില്ല എന്നതാണ് ഇങ്ങനെ പറയാന്‍ കാരണം.

∙ കൂരിരുട്ടിലും ഫോട്ടോ എടുക്കാമെന്ന അവകാശവാദവുമായി കമ്പനി

ഡുവോവോക്‌സ് (Duovox) കമ്പനി ഇറക്കാന്‍ ആഗ്രഹിക്കുന്ന മെയ്റ്റ് പ്രോ നൈറ്റ് വിഷന്‍ ക്യമറയ്ക്ക് തീരെ വെളിച്ചക്കുറവുള്ള സന്ദര്‍ഭങ്ങളില്‍ പോലും ചിത്രങ്ങള്‍ പകര്‍ത്താനുള്ള കഴിവുണ്ടെന്ന് അവകാശവാദം. ചന്ദ്രന്റെ പ്രകാശം പോലും ഇല്ലാത്ത രാത്രികളില്‍ വരെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നു പറയുന്നു. കളര്‍ ചിത്രങ്ങളാണ് എടുക്കുക എന്നതാണ് മറ്റൊരു സവിശേഷത. സോണിയുടെ സ്റ്റാര്‍വിസ് 2 സെന്‍സര്‍ ഉപയോഗിച്ചാണ് പുതിയ ക്യമാറ നിര്‍മിക്കുന്നത്. കിക്സ്റ്റാര്‍ട്ടര്‍ വഴി പൈസ സ്വരൂപിച്ചാണ് ക്യാമറ പുറത്തിറക്കാന്‍ കമ്പനി ആഗ്രഹിക്കുന്നത്.

∙ നിക്കോണ്‍ സെഡ് 9 ന് പുതിയ ഫേംവെയര്‍

ലോകത്ത് ഇന്നു വാങ്ങാന്‍ ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറാ മോഡലുകളിലൊന്നായ നിക്കോണ്‍ സെഡ് 9ന്, ഫേംവെയര്‍ വേര്‍ഷന്‍ 2.0 ഇറക്കിയിരിക്കുകയാണ് കമ്പനി. പുതിയ ഫേംവെയര്‍ വഴി 8കെ/60പി റോ വിഡിയോ പകര്‍ത്താന്‍ സാധിക്കും. വ്യൂഫൈന്‍ഡറിന്റെ റിഫ്രഷ് റേറ്റ് സെക്കന്‍ഡില്‍ 120 ഹെട്‌സായി വര്‍ധിപ്പിക്കാനും കമ്പനിക്കു സാധിച്ചു. ഷട്ടര്‍ ബട്ടനില്‍ അമര്‍ത്തുന്നതിന് ഏകദേശം ഒരു സെക്കന്‍ഡ് മുൻപ് മുതല്‍ പ്രീ ബഫര്‍ ചെയ്യാനുള്ള ശേഷിയും ക്യാമറയ്ക്കു ലഭിക്കുന്നു. കസ്റ്റം എഎഫ് മോഡുകള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകളാണ് നിക്കോണ്‍ പുതിയതായി നല്‍കുന്നത്. ഇതിന് ഒരു പണവും വാങ്ങുന്നില്ല എന്നുള്ളതും നിക്കോണ്‍ ആരാധകര്‍ക്ക് സന്തോഷം പകരും.

nikon-z9-

∙ 2025നു മുൻപ് അമ്പതിലേറെ ലെന്‍സുകള്‍ ഇറക്കുമെന്ന് നിക്കോണ്‍

സെഡ് സീരീസ് ക്യാമറകള്‍ക്കായി 2025ന് മുൻപ് 50ലേറെ ലെന്‍സുകള്‍ ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിക്കോണ്‍.

English Summary: Apple may tap LG, Jahwa for iPhone 15 periscope camera: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS