ADVERTISEMENT

നിലവിലുള്ള സ്മാര്‍ട് ഫോണ്‍ പിന്‍ ക്യാമറ സിസ്റ്റങ്ങളെയെല്ലാം ഫീച്ചറുകളുടെ കാര്യത്തില്‍ പിന്തള്ളുമെന്നു കരുതുന്ന ഫോണാണ് സോണി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് – എക്‌സ്പീരിയ 1 മാര്‍ക്ക് 4. സോണിയുടെ എക്‌സ്പീരിയ 1 സീരീസിലുള്ള ഫോണുകളെല്ലാം ക്യാമറയുടെ പ്രകടനത്തില്‍ മികവു പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അവയെക്കാളൊക്കെ ഒരുപടി മുന്നിലെത്തുകയാണ് പുതിയ മാര്‍ക്ക് 4. മൊത്തത്തിലുള്ള ക്യാമറ പ്രകടനം പരിഗണിച്ചാല്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പിന്‍ ക്യാമറ സിസ്റ്റം ഇതായിരിക്കാം.

∙ മൂന്നു പിന്‍ ക്യാമറകള്‍; ഓരോന്നിനും 4കെ 120പി വിഡിയോ റെക്കോർഡിങ്!

മിറര്‍ലെസ് ക്യാമറാ നിര്‍മാണത്തിലും എല്ലാത്തരം ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിലും കഴിവു തെളിയിച്ച കമ്പനിയായ സോണി നന്നായി ചിന്തിച്ചിറക്കിയ ഫോണാണ് എക്‌സ്പീരിയ 1 മാര്‍ക്ക് 4 എന്ന് വ്യക്തം. മൂന്നു പിന്‍ ക്യാമറകളുടെയും സെന്‍സറുകളുടെ വലുപ്പത്തില്‍ വ്യത്യാസമുണ്ട്. എന്നിരിക്കിലും മൂന്നു ക്യാമറകള്‍ക്കും 4 കെ 120പി വിഡിയോ റെക്കോർഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ, 60പി എച്ഡിആര്‍ റെക്കോർഡിങ്ങും ഉണ്ട്. പ്രധാന ക്യാമറയ്ക്ക് 24 എംഎം ഫോക്കല്‍ ലെങ്ത് ആണ് ഉള്ളത്. ഇതിന് എഫ്1.7 അപേര്‍ചര്‍ ആണ് ഉള്ളത്. സെന്‍സര്‍ സൈസ് 1/1.7 ആണ്. സോണിയുടെ സ്‌റ്റെഡിഷോട്ട് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

∙ ശരിക്കുള്ള ഒപ്ടിക്കല്‍ സൂം ആദ്യമായി സ്മാര്‍ട് ഫോണില്‍!

ലോകത്തെ ആദ്യത്തെ ശരിക്കുള്ള ഒപ്ടിക്കല്‍ സൂമിന് ഇടം നല്‍കിയ ഫോണെന്ന ഖ്യാതിയായിരിക്കും സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4നെ വേറിട്ട അനുഭവമാക്കി മാറ്റുക. ഫോണിന് 85-125 എഫ് 2.3-2.8 അപാര്‍ചര്‍ ഉള്ള ലെന്‍സാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ സെന്‍സറിന് താരതമ്യേന വലുപ്പം കുറവാണ്- 1/3.5 ഇഞ്ച്. ഇതിനും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. പെരിസ്‌കോപ് ഡിസൈന്‍ ഉപയോഗിച്ചാണ് ട്രൂ ഒപ്ടിക്കല്‍ സൂം നല്‍കുന്നത്. (പെരിസ്‌കോപ് ടെലി ലെന്‍സുകള്‍ വര്‍ഷങ്ങളായി സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്. ട്രൂ ഒപ്ടിക്കല്‍ സൂം എന്നതുകൊണ്ട് സോണി ഉദ്ദേശിക്കുന്നത് ഡിജിറ്റല്‍ സൂമിനെ ആശ്രയിക്കാതെ എന്നാണ്. വരും വര്‍ഷങ്ങളിൽ ഐഫോണുകളിലേക്കും ഇത്തരത്തിലുള്ള പെരിസ്‌കോപ് ലെന്‍സുകള്‍ എത്തുന്നു എന്നും വാര്‍ത്തകളുണ്ട്.)

∙ അള്‍ട്രാ വൈഡ്

മൂന്നാമത്തെ ലെന്‍സ് അള്‍ട്രാ വൈഡ് ആണ്. ഇതിന്റെ ഫോക്കല്‍ ലെങ്ത് 16എംഎം ആണ്. അപാര്‍ചര്‍ എഫ്2.2 ആണ്. സെന്‍സര്‍ സൈസ് 1/2.5ഉം. എല്ലാ ക്യാമറകള്‍ക്കും റെസലൂഷന്‍ 12 എംപിയാണ്. (വിഡിയോ ഷൂട്ടിങ്ങില്‍ മികവു പുലര്‍ത്തുന്ന സോണി എ7 എസ്3 മിറര്‍ലെസ് ക്യാമറാ മോഡലിനും നല്‍കിയിരിക്കുന്നത് 12 എംപി സെന്‍സറാണ്.) സോണിയുടെ സ്വന്തം എക്‌സ്‌മോര്‍ ആര്‍എസ് ഇമേജ് സെന്‍സറിന്റെ മികവാണ് ക്യാമറാ സിസ്റ്റത്തില്‍ കാണാനാകുക.

∙ ഓട്ടോഫോക്കസ്

വിഡിയോ ഷൂട്ടിങ്ങിലും സ്റ്റില്‍ ഷൂട്ടിങ്ങിലും സോണിയുടെ തത്സമയ ഐഎഎഫും തത്സമയ ട്രാക്കിങും പ്രയോജനപ്പെടുത്താം എന്നത് ക്യാമറാ പ്രേമികള്‍ക്ക് ഉത്സാഹം പകരും. സബ്‌ജെക്ട് ഡിറ്റക്‌ഷനും ട്രാക്കിങ്ങിനുമായി 3ഡി ഐടോഫ് (3D iToF) സെന്‍സര്‍ ഫോണിനു പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. എല്ലാ ക്യാമറകള്‍ക്കും സോണിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലവും ഉണ്ടായിരിക്കും.

∙ സൈസ് ഒപ്ടിക്‌സ്

ഓരോ ക്യാമറയ്ക്കും അത്യുജ്വല ലെന്‍സുകള്‍ നിര്‍മിക്കുന്ന സൈസ് (Zeiss) കമ്പനിയുടെ ലെന്‍സുകളും ഉപയോഗിച്ചിരിക്കുന്നു. ഇതിന് സൈസ് ടി (Zeiss T*) കോട്ടിങ്ങും ഉണ്ട്. വളരെ ഷാര്‍പ്പും വിശദാംശങ്ങളേറിയതുമായ ചിത്രങ്ങള്‍ പകര്‍ത്താനും പ്രതിഫലനങ്ങള്‍ മൂലമുണ്ടാകാവുന്ന ദൂഷ്യങ്ങള്‍ കുറയ്ക്കാനും ഇതിനു സാധിക്കും. മികച്ച കോണ്‍ട്രാസ്റ്റും ലഭിക്കുമെന്നു കരുതുന്നു. വൈറ്റ് ബാലന്‍സിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതുവഴി കളറില്‍ കൂടുതല്‍ കൃത്യത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

∙ മൂന്നു ക്യാമറയ്ക്കും അതിവേഗ ഷൂട്ടിങ്! സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ട് ചെയ്യാനാകും

സെക്കന്‍ഡില്‍ 20 ഫ്രെയിം വച്ചു ഷൂട്ടു ചെയ്യാനുള്ള ശേഷിയുമായാണ് സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4 എത്തുന്നത്. ഓട്ടോഫോക്കസ്, ഓട്ടോ എക്‌സ്‌പോഷര്‍ നിലനിര്‍ത്തി മുഴുവന്‍ റെസലൂഷനിലും മൂന്നു ക്യാമറ ഉപയോഗിച്ചും അതിവേഗ ഷൂട്ടിങ് സാധ്യമാണ് എന്നതും പുതിയ ഫോണിനെ വേറിട്ടതാക്കുന്നു.

∙ സെല്‍ഫി ക്യാമറയ്ക്കും മാറ്റം

കുറ്റം പറയാനൊക്കാത്ത ഒരു സെല്‍ഫി ക്യാമറയും സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4 ഫോണിനുണ്ട്. പുതിയ 12എംപി എക്‌സ്‌മോര്‍ ആര്‍എസ് ഇമേജ് സെന്‍സറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്കും 4കെ എച്ഡിആര്‍ വിഡിയോ ഷൂട്ട് ചെയ്യാനാകുമെന്നു കമ്പനി പറയുന്നു.

∙ എച്ഡിആര്‍ റെക്കോഡിങ്

സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ന് മള്‍ട്ടി-ഫ്രെയിം എച്ഡിആര്‍ മോഡാണ് ഉള്ളത്. അടുത്തടുത്തുള്ള, വിവിധ ബ്രൈറ്റ്‌നസ് ലെവല്‍ ഉള്ള ഷോട്ടുകള്‍ ചേര്‍ത്തിണക്കിയാണ് ഇത് സാധിക്കുന്നത്. ഇതുവഴി സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായതില്‍ വച്ച് മികച്ച ഡൈനാമിക് റെയ്ഞ്ചും ലഭ്യമാകുമെന്നു പറയുന്നു. ഫ്രെയിമുകളെ തത്സമയം യോജിപ്പിക്കുകയാണ് ഫോണ്‍ ചെയ്യുന്നത്. അതേസമയം, എച്ഡിആര്‍ വിഡിയോ റെക്കോർഡ് ചെയ്യുന്നത് സെക്കന്‍ഡില്‍ 60 ഫ്രെയിം വച്ചായിരിക്കും. എച്ഡിആര്‍ ഫോര്‍മാറ്റില്‍ തന്നെയാണ് വിഡിയോ സേവ് ചെയ്യുന്നതും. എച്ഡിആര്‍ ശേഷിയുള്ള സ്‌ക്രീനുകളില്‍ മികച്ച അനുഭവം നല്‍കുന്നതായിരിക്കും ഇത്.

∙ ലൈവ് സ്ട്രീമിങ്

വിഡിയോഗ്രാഫി പ്രോ ആപ് ഉപയോഗിച്ചായിരിക്കും സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ല്‍ ലൈവ് സ്ട്രീമിങ് നടത്താന്‍ സാധിക്കുക. കൂടുതല്‍ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ യൂട്യൂബിലേക്കും മറ്റും ലൈവ് സ്ട്രീം ചെയ്യാം.

∙ 4കെ മോണിട്ടര്‍

സോണിയുടെ ആല്‍ഫാ ക്യാമറകള്‍ക്ക് 4കെ എക്‌സ്‌റ്റേണല്‍ മോണിട്ടറായി പ്രവര്‍ത്തിക്കാനും ഈ ഫോണിനു സാധിക്കും.

∙ ഫോണിന്റെ ഹാര്‍ഡ്‌വെയര്‍

ഒട്ടും നിരാശപ്പെടുത്താത്ത ഹാര്‍ഡ്‌വെയറാണ് സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ന് നല്‍കിയിരിക്കുന്നത്. ഇതിന്, 4കെ റെസലൂഷനുള്ള, 6.5-ഇഞ്ച് ഓലെഡ് സ്‌ക്രീനാണ് ഉള്ളത്. ഡിസ്‌പ്ലേ അനുപാതം 21:9 ആണ്. ഡിസ്‌പ്ലേയ്ക്ക് 120ഹെട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെട്‌സ് ടച്-സാംപ്ലിങ് റേറ്റ്, 240 ഹെട്‌സ് മോഷന്‍ ബ്ലേര്‍ റിഡക്‌ഷന്‍ തുടങ്ങിയവ ഉണ്ട്. മുന്‍ എക്‌സ്പീരിയ ഫോണിനേക്കാള്‍ 50 ശതമാനം അധിക ബ്രൈറ്റ്‌നസും ഉണ്ട്. ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യ ഓഡിയോയ്ക്കായി പ്രയോജനപ്പെടുത്തും.

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്. ഒപ്പം 12 ജിബി റാമും, 512 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ് ശേഷിയും ഉണ്ട്. ഫോണിന് 5ജി ശേഷിയുണ്ട്. വില 1600 ഡോളറാണ്. ഹൈ-എന്‍ഡ് ഫോണ്‍ വാങ്ങുന്നവര്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിശ്ചയമായും പരിഗണിക്കാവുന്ന മോഡലായിരിക്കും ഇത്. സ്മാര്‍ട് ഫോണ്‍ ക്യാമറകൾ കൂടുതൽ മികവിലേക്കു പോകുന്നതിന്റെ ഉദാഹരണം കൂടിയാണിത്.

English Summary: Sony’s Xperia 1 IV is the World’s First Smartphone with True Optical Zoom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com