ക്യാനന്‍ ആര്‍7 എത്തി, ഇതാണോ ഏറ്റവും മികച്ച ക്രോപ് സെന്‍സര്‍ ക്യാമറ ?

canon-eos-r7-and-eos-r10
SHARE

ലോകത്തെ ഏറ്റവും വലിയ ക്യാമറാ കമ്പനിയായ ക്യാനന്‍ പുതിയ ശ്രേണിയിലുള്ള രണ്ട് പുതിയ എപിഎസ്-സി മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിച്ചു - ഇഒഎസ് ആര്‍7, ആര്‍10. ഇവയ്‌ക്കൊപ്പം രണ്ടു ലെന്‍സുകളും അവതരിപ്പിച്ചു. ഇതോടെ ക്യാനന്റെ ഇതുവരെ ഉണ്ടായിരുന്ന എപിഎസ്-സി മിറര്‍ലെസ് ക്യാമറകളായിരുന്ന ഇഒഎസ് എം ശ്രേണിയ്ക്ക് മരണമണി മുഴങ്ങി തുടങ്ങിയെന്നും പറയുന്നു. പുതിയ ക്യാമറകളില്‍ പ്രധാനം ആര്‍7 ആണ്. ഇത് ക്യാനന്റെ വിഖ്യാതമായ ഇഒഎസ് 7ഡി ശ്രേണിയെ മിറര്‍ലെസ് വിഭാഗത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമമായാണ് കാണുന്നത്.

∙ ഇഒഎസ് ആര്‍ 7

ക്യാനന്റെ ശ്രേണിയിലെ സുപ്രധാന മോഡലുകളിലൊന്നാണ് ആര്‍ 7. നിക്കോണ്‍ ഡി500, ക്യാനന്‍ 7ഡി മാര്‍ക്ക് 2 എന്നിവ എപിഎസ്-സി ഷൂട്ടര്‍മാര്‍ക്കിടയില്‍ പ്രിയങ്കരമായ ക്യാമറകളായിരുന്നു. പ്രത്യേകിച്ചു വന്യജീവി ഫൊട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍. ക്യാനന്‍ 7ഡി മാര്‍ക്ക് 2നു പകരം അവതരിപ്പിച്ചിരിക്കുന്ന ആര്‍7 ക്യാമറയ്ക്ക് 32.5 എംപി സെന്‍സറാണുള്ളത്. ക്യാനന്റെ ആര്‍5 തുടങ്ങിയ ക്യാമറകളിലെ അതേ ആര്‍എഫ് മൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ ഇതുവരെ ഇറക്കിയിരിക്കുന്ന എല്ലാ ആര്‍എഫ് മൗണ്ട് ലെന്‍സുകളും പുതിയ രണ്ടു ക്യാമറകളിലും ഉപയോഗിക്കാം. ഡിജിക് എക്‌സ് പ്രോസസറാണ് ക്യാമറയ്ക്ക് ശക്തിപകരുന്നത്. ആര്‍7ന് 6 സ്റ്റോപ്പ് വരെ സെന്‍സര്‍ ഷിഫ്റ്റ് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

∙ സെക്കന്‍ഡില്‍ 30 ഫൊട്ടോകൾ വരെ

ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, സെന്‍സര്‍-ഷിഫ്റ്റ് ഇമേജ് സ്റ്റബിലൈസേഷന്‍ (എഴു സ്റ്റോപ് വരെ കോംപന്‍സേഷന്‍), മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 15 ഫ്രെയിമും, ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 30 ഫ്രെയിമും വരെ ചിത്രങ്ങള്‍ ഷൂട്ടു ചെയ്യാമെന്നത് വന്യജീവി, സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് താത്പര്യമുണര്‍ത്തുന്ന കാര്യമായിരിക്കും. ഇങ്ങനെ മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചു ഷൂട്ടു ചെയ്താല്‍ ഏകദേശം 100 ഫ്രെയിം വരെ ഷൂട്ടു ചെയ്യുമ്പോള്‍ ബഫര്‍ ഫുള്ളാകുമെന്നു പറയുന്നു. അതേസമയം, ഇലക്ട്രോണിക് ഷട്ടറാണെങ്കില്‍ ഏകദേശം 65 ഷോട്ടുകളാകുമ്പോള്‍ ക്യാമറ പതുക്കെയായി തുടങ്ങുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

∙ വിഡിയോ

സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ മികച്ച ഫുള്‍ 4കെ വിഡിയോ റെക്കോഡിങ് നടത്താം. കൂടാതെ 4കെ 60പിയും ലഭ്യമാണെങ്കിലും അതിന് ലൈന്‍ സ്‌കിപ്പിങ്. അല്ലങ്കില്‍ 1.81 ക്രോപ് ഉള്ളതായിരിക്കുമെന്ന ദൂഷ്യവുമുണ്ട്. ആര്‍7ന് 10-ബിറ്റ് വിഡിയോ സി-ലോഗ് 3യിലോ (പോസ്റ്റ് ഷൂട്ടിങ് ഗ്രേഡിങ്), എച്ഡിആര്‍ പിക്യൂവിലോ (എച്ഡിആര്‍ പ്ലേബാക്ക്) പകര്‍ത്താം. 

∙ ഓട്ടോഫോക്കസ് 

ക്യാനന്റെ മുന്‍ എപിഎസ്-സി ക്യാമറകളെക്കാള്‍ വളരെയധികം മികച്ചതാണ് ആര്‍7ന്റെ എഎഫ് സിസ്റ്റം. സബ്ജക്ടിനെ തിരിച്ചറിയാനുള്ള ശേഷി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ക്യാനന്റെ ആര്‍3യില്‍ നിന്ന് ഫീച്ചറുകള്‍ ഉള്‍ക്കൊണ്ടാണ്. വിവിധ മുഖം തിരിച്ചറിയല്‍, ട്രാക്കിങ് ഫീച്ചറുകളും ലഭ്യമാണ്. 

∙ ഇവിഎഫ്

ആര്‍7ന് 2.36-ദശലക്ഷം ഡോട്ട് ഓലെഡ് ഇവിഎഫ് ആണുള്ളത്. ഒപ്പമുള്ള, തിരിക്കാവുന്ന പിന്‍ എല്‍സിഡി പാനലിന് 1.62 ദശലക്ഷം പിക്‌സല്‍സ് ഉള്ള, 3 ഇഞ്ച് വലുപ്പമുള്ള ടച്‌സ്‌ക്രീന്‍ ആണുള്ളത്. ഇരട്ട യുഎച്എസ്-2 എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. വെതര്‍ സീലിങ്, യുഎസ്ബി-സിപോര്‍ട്ട് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. ആര്‍5, ആര്‍6 ക്യാമറകളില്‍ ഉപയോഗിക്കുന്ന അതേ എല്‍പി-ഇ6എന്‍എച് ബാറ്ററിയാണ് ആര്‍7നും നല്‍കിയിരിക്കുന്നത്. ബില്‍റ്റ്-ഇന്‍ ഫ്‌ളാഷ് ഇല്ല.

∙ ആര്‍7 ഇന്ത്യയിലും അവതരിപ്പിച്ചു

ആഗോള വിപണിക്കൊപ്പം ഇന്ത്യയിലും ആര്‍7 മോഡല്‍ എത്തി. ക്യാമറാ ബോഡിക്കു മാത്രം എംആര്‍പി 1,27,995 രൂപയാണ്. എന്നാല്‍, 18-150 എംഎം കിറ്റ് ലെന്‍സും വേണമങ്കില്‍ വില 1,64,995 രൂപയാകും. 

∙ വിമര്‍ശനം

ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് ബാക്‌സൈഡ് ഇലൂമിനേറ്റഡ് സെന്‍സര്‍ അല്ലെന്നുള്ളതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ഇത് നേരത്തേ ഇറങ്ങിയ ഇഒഎസ് 90ഡിയില്‍ കണ്ടതിനോട് സമാനമായ സെന്‍സര്‍ ആയിരിക്കാം എന്നും ആരോപണമുണ്ട്. ഫുള്‍ ഫ്രെയിം ക്യാമറകളുടെ വില്‍പനയ്ക്ക് ഇടിവുണ്ടാക്കാതിരിക്കാനുള്ള ശ്രമവും ഇതില്‍ കണ്ടേക്കാമെന്നു പറയുന്നു. അത്ര ആവേശം കൊള്ളിക്കുന്ന ഒന്നല്ല ആര്‍7 എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതേസമയം, നിക്കോണ്‍ സെഡ്9ന്റെ വന്‍ വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇറക്കിയേക്കാവുന്ന, ഡി500നു പകരമുള്ള ക്യാമറ ഏറ്റവും മികച്ച എപിഎസ്-സി ക്യാമറ എന്ന പട്ടം കരസ്ഥമാക്കിയേക്കാമെന്ന വാദമുവുണ്ട്. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികവുറ്റ എപിഎസ്-സി ക്യാമറകളിലൊന്നാണ് ക്യാനന്‍ ആര്‍7. ആര്‍5, ആര്‍6 ഉടമകള്‍ക്ക് സഹവാസയോഗ്യതയുള്ള ക്യാമറയായും ഇതിനെ കാണാം.

∙ ആര്‍10

ആര്‍എഫ് സിസ്റ്റത്തിലുള്ള എപിഎസ്-സി ക്യാമറകളില്‍ ഏറ്റവും വില കുറഞ്ഞത് ആര്‍ 10 ആണ്. ആര്‍10 ബോഡിയില്‍ 24.2 എംപി സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാക്ഡ് സെന്‍സര്‍ അല്ല. ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷനും ഇല്ല. അതേസമയം, ഡിജിക് എക്‌സ് പ്രോസസറിന്റെ കരുത്തില്‍ അതിവേഗ ഷൂട്ടിങ് സാധ്യമാണ് താനും. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 15 ഫ്രെയിമും ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 23 ഫ്രെയിമും വരെ ഷൂട്ടു ചെയ്യാം എന്നത് ഒരു മികവു തന്നെയാണ്.

ആര്‍10ന് 4കെ 30പി ഓവര്‍ സാംപിള്‍ഡ് വിഡിയോ ഷൂട്ടു ചെയ്യാനാകും. അതേസമയം, 60പി 4കെ വിഡിയോയ്ക്ക് മികവു കുറയും.

ഓട്ടോഫോക്കസിന്റെ കാര്യത്തിലാണെങ്കില്‍ ക്യാനന്റെ എഐയുടെ മികവ് ആര്‍10ലും കാണാം. മുഖം, വണ്ടികള്‍, മൃഗങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചറിയാന്‍ കെല്‍പ്പുള്ള എഎഫ് ആണ്. ബില്‍റ്റ്-ഇന്‍ ഫ്‌ളാഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ യുഎച്എസ്-2 എസ്ഡി കാര്‍ഡ് സ്ലോട്ടാണ് ഉള്ളത്. ആര്‍10 ബോഡിക്കു മാത്രം 80,995 രൂപയാണ് വില. ഒപ്പം 18-150 ലെന്‍സും വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വില 1,17,995 രൂപയാകും. 

∙ രണ്ട് പുതിയ ആര്‍എഫ്-എസ് ലെന്‍സുകള്‍

ക്യാമറകള്‍ക്കൊപ്പം രണ്ട് ആര്‍എഫ്-എസ് എപിഎസ്-സി ലെന്‍സുകളും ക്യാനന്‍ പുറത്തിറക്കി. ആര്‍എഫ്എസ് 18–45 എംഎം എഫ്4.5–6.3 ഐഎസ് എസ്ടിഎം (29-72എംഎം) ആണ് ഏറ്റവും വില കുറഞ്ഞത്. ഇതിന് 28,995 രൂപയാണ് വില. 

എന്നാല്‍, കൂടുതല്‍ സൂം ഉള്ള ആര്‍എഫ്എസ് 18-150 എംഎം എഫ് 3.5-6.3 ഐഎസ് എസ്ടിഎം (29-240) ലെന്‍സാണ് താത്പര്യമെങ്കില്‍ വില വീണ്ടും കൂടും. അതിന് 45,995 രൂപയാണ് ക്യാനന്‍ ചോദിക്കുന്നത്. അതേസമയം, 29 എംഎം ഫോക്കല്‍ ലെങ്തിനേക്കാള്‍ വൈഡ് സാധ്യമല്ലാത്ത ലെന്‍സ് ഇറക്കിയതിനു ക്യാനനു നേരെ വിമര്‍ശനമുണ്ട്. എല്ലാ ആര്‍എഫ് ലെന്‍സുകളും പുതിയ ക്യാമറകള്‍ക്കൊപ്പം ഉപയോഗിക്കാം. പക്ഷേ, ഈ ലെന്‍സുകള്‍ക്ക് വലുപ്പക്കുറവുണ്ട് എന്നതാണ് ഇവയെ മാറ്റി നിർത്തുന്നത്. ഇവ ക്രോപ് ബോഡികള്‍ക്കായി നിര്‍മിച്ചവയുമാണ്.

English Summary: Canon EOS R7 and the EOS R10 Mirrorless Cameras Launched In India: Price, Features

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS