ADVERTISEMENT

ഐഫോണ്‍ 11 വരെയുള്ള ഫോണുകളും ഡിഎസ്എല്‍ആര്‍ ക്യാമറകളും അവയുടെ അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കുക. എന്തുകൊണ്ട്? ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ എങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 5ജി സർവീസ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിളിന്റെ ഐഫോണ്‍ എസ്ഇ (2022), ഐഫോണ്‍ 13 മിനി, 13, 13 പ്രോ, 13 പ്രോ, മാക്‌സ്, ഐഫോണ്‍ 12 മിനി, 12, 12 പ്രോ, 12 മാക്‌സ് എന്നീ മോഡലുകള്‍ക്കു മാത്രമാണ് 5ജിയുള്ളത്. പക്ഷേ, ഇവ കൂടാതെയുള്ള ഫോണുകളും ആപ്പിള്‍ കമ്പനിയടക്കം വില്‍ക്കുന്നുണ്ട്. ഇവ വാങ്ങുന്നവരാണ് ശ്രദ്ധിക്കേണ്ടത്. പഴയ ഐഫോണുകളും ഡിഎസ്എല്‍ആര്‍ ക്യാമറകളും ഇപ്പോഴുള്ളത് ഒരു ചെയിഞ്ച് ഓവര്‍ (ഒരു സമ്പ്രദായത്തില്‍ നിന്നോ സ്ഥിതിവിശേഷത്തി നിന്നോ മറ്റൊന്നിലേക്ക് മാറല്‍) ഘട്ടത്തിലാണ്.

 

∙ സെക്കന്‍ഡ്ഹാന്‍ഡി വിപണി

 

ഉപയോഗിച്ച ശേഷം വില്‍ക്കുന്ന ഐഫോണുകള്‍ക്കും വന്‍ വില തന്നെയാണ് നല്‍കേണ്ടത്. ഉദാഹരണത്തിന് ഐഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് തുടങ്ങിയ മോഡലുകള്‍ക്ക് 60,000 രൂപ വരെയൊക്കെ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയില്‍ വിലയുണ്ടെന്നാണ് അറിവ്. ഈ മോഡലുകള്‍ 2019ല്‍ ഇറങ്ങിയവയും 2020 ഒക്ടോബര്‍ 13ന് ആപ്പിള്‍ ഔദ്യോഗികമായി വില്‍പന നിർത്തിയവയും ആണ്. അത്തരത്തിലുള്ള വിലകൊടുത്ത് ഒരു സുപ്രധാന ഫീച്ചര്‍ ഇല്ലാത്ത ഉപകരണം ആപ്പിള്‍ ലോഗോ കാണിച്ചു നടക്കാന്‍ വേണ്ടി വാങ്ങണോ എന്നതാണ് ചോദ്യം. ഐഫോണ്‍ 7, 7പ്ലസ്, ഐഫോണ്‍ 8, 8പ്ലസ്, ഐഫോണ്‍ 10, 10എസ്, 10എസ്മാക്‌സ്, 10ആര്‍, ഐഫോണ്‍ എസ്ഇ (2020), ഐഫോണ്‍ 11 സീരീസ്, 12 സീരീസ്, 13 സീരീസ് എന്നിവയ്ക്ക് ആപ്പിളിന്റെ ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന. അതായത് ഏതാനും വര്‍ഷത്തേക്കു കൂടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ  കാര്യത്തില്‍ പഴയ മോഡലുകളും പുതുമ നിലനിര്‍ത്തിയേക്കും. പക്ഷേ, അതുമാത്രം മതിയോ?

 

∙ ഇന്ന് ആരെങ്കിലും 3ജി ഫോണ്‍ വാങ്ങുമോ?

 

ഇക്കാലത്ത് 4ജിയുടെ സുഖമറിഞ്ഞ ആരെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ 3ജി ഫോണ്‍ വാങ്ങുമോ? അതുപോലെ ഒരു സാഹചര്യമാണ് ഉടനെ സംജാതമാകാന്‍ പോകുന്നത്. ഇത്ര വില കൊടുത്തു വാങ്ങുന്ന ഫോണുകള്‍ ഉപയോഗിച്ച് 5ജി സേവനം ഉപയോഗിക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെ വേണം ഇത്തരം ഫോണുകള്‍ക്കായി പാടുപെട്ടുണ്ടാക്കിയ പണം ചെലവിടാന്‍. അതേസമയം, ഐഫോണ്‍ 12 സീരീസ് മുതല്‍ ഇറക്കിയിട്ടുളള ഫോണുകള്‍ വാങ്ങുന്നതിന് ഇക്കാര്യം ബാധകമല്ലെന്നും ഓര്‍ക്കുക. എന്നുവച്ച് പഴയ ഐഫോണുകള്‍ വാങ്ങുകയേ ചെയ്യരുതെന്നാണോ? അല്ല. ഹൃസ്വകാലത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്ന പരിമിതിയെപ്പറ്റി ബോധ്യത്തോടെ, നഷ്ടമല്ലെന്നു തോന്നുന്ന വിലയ്ക്കു ലഭിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമാണെങ്കില്‍ വാങ്ങുക.

 

∙ ആന്‍ഡ്രോയിഡ് ഉപയോക്താക്കാളും ശ്രദ്ധിക്കുക

 

എന്നാല്‍, 5ജി ആന്റിനയുളള പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ 15,000 രൂപയില്‍ താഴെ വിലയ്ക്ക് പോലും ലഭിക്കും. അതേസമയം, 5ജി ഇല്ലാത്ത ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവരും ഇനി ഇക്കാര്യം ശ്രദ്ധിക്കണം. ആപ്പിളിനെ അപേക്ഷിച്ച് താരതമ്യേന നേരത്തെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ ഇറക്കിയിരുന്നു. മിക്ക കമ്പനികളുടെയും പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകള്‍ നേരത്തേ തന്നെ 5ജി ആയിരുന്നു. അതേസമയം, പ്രീമിയം ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളും അമിത വില നല്‍കി 5ജി ഇല്ലെങ്കില്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയില്‍ നിന്ന് വാങ്ങാതിരിക്കുകയായിരിക്കും ബുദ്ധി. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഐഫോണ്‍ 12 സീരീസ്, 13 സീരീസ്, എസ്ഇ (2022) എന്നീ മോഡലുകള്‍ ഒഴികെയുള്ള ഐഫോണുകള്‍ പുത്തനോ പഴയതോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലവട്ടം ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രം പണം മുടക്കുക.

 

∙ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍

 

ഐഫോണുകളുടെ കാര്യം പോലെ തന്നെ മികച്ച സെക്കന്‍ഡ്ഹാന്‍ഡ് വിലയുള്ളവയാണ് ഡിഎസ്എല്‍ആര്‍ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും. എന്നാല്‍, ഏറ്റവും മികച്ച ഡിഎസ്എല്‍ആര്‍ നിര്‍മാതാക്കളായിരുന്ന ക്യാനന്‍ നിക്കോണ്‍ കമ്പനികള്‍ പോലും മിറര്‍ലെസ് ക്യാമറകള്‍ നിർമിക്കാനായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഇനി അവയ്ക്ക് പുതിയ ഫീച്ചറുകളൊന്നും ലഭിക്കില്ല. പുതിയ മോഡലുകളോ ലെന്‍സുകളോ ഇറക്കാനുള്ള സാധ്യതയും കുറവാണ്. തങ്ങളുടെ റിസേര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഊര്‍ജം മുഴുവന്‍ കടുത്ത മത്സരം നിലിനില്‍ക്കുന്ന മിറര്‍ലെസ് മേഖലയില്‍ ചെലവിടാനായിരിക്കും ഇത്തരം കമ്പനികള്‍ ശ്രമിക്കുക. ഓട്ടോഫോക്കസില്‍ മുതല്‍ വിഡിയോ ഷൂട്ടിങ്ങില്‍ വരെ ഓരോ പുതിയ മിറര്‍ലെസ് ക്യാമറയും പുതിയ തലത്തിലേക്ക് ഉയരുകയാണ്.

 

∙ ഫൊട്ടോഗ്രാഫര്‍മാര്‍ കാത്തിരുന്ന ക്യമറകള്‍ എത്തി

 

മെക്കാനിക്കല്‍ ഷട്ടറേ ഇല്ലാതെ ഇറക്കിയ നിക്കോണ്‍ സെഡ്9 മുതല്‍ ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സോണി എ1, ക്യാനന്‍ ആര്‍3 തുടങ്ങിയ ക്യാമറകള്‍ അമ്പരപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനമികവാണ് കാഴ്ചവയ്ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചിരിക്കുന്ന ഇവ ഫൊട്ടോഗ്രാഫര്‍മാരെയും വിഡിയോഗ്രാഫര്‍മാരെയും ഫോക്കസ് ശരിയായോ എന്നും മറ്റും ആലോചിച്ച് ഊര്‍ജം കളയാതെ, ഫ്രെയ്മിങ് തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നു.

 

∙ എന്നുവച്ച് ഡിഎസ്എല്‍ആറുകള്‍ ഉപയോഗിച്ചു കൂടെന്നുണ്ടോ?

 

പ്രഫഷണലുകളെ ഉദ്ദേശിച്ചല്ല ഈ ലേഖനം. തങ്ങള്‍ക്കുള്ള വരുമാനം നേടാന്‍ ഏതാണ് മകച്ച ക്യാമറ എന്ന് അവര്‍ക്ക് തീരുമാനിക്കനറിയാം. അല്ലെങ്കില്‍ വേണ്ട രീതിയില്‍ ഡിഎസ്എല്‍ആര്‍ ഉപയോഗിക്കാന്‍ അവര്‍ക്കറിയാം. അതേസമയം, തുടക്കക്കാര്‍ക്കു മുന്നില്‍ അധികം സാധ്യതകള്‍ ഇല്ല താനും. മിറര്‍ലെസ് ക്യാമറകള്‍ക്കെല്ലാം ഇപ്പോള്‍ നല്ല വില നല്‍കണം. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഡിഎസ്എല്‍ആറുകള്‍ വാങ്ങാം. പക്ഷേ, അവയും ഐഫോണുകളുടെ കാര്യം പറഞ്ഞതു പോലെ അതിവേഗം കാലഹരണപ്പെടുമെന്ന് അറിഞ്ഞിരിക്കണം. കൂടാതെ, അവ ഏതാനും വര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ ശ്രമിച്ചാല്‍ കാര്യമായ വില ലഭിക്കില്ലെന്നും.

 

∙ അക്‌സസറികളോ? 

 

ഡിഎസ്എല്‍ആര്‍ ലെന്‍സുകള്‍ അഡാപ്റ്ററുകളുടെ സഹായത്തോടെ ഉപയോഗിക്കാന്‍ ക്യാനനും നിക്കോണും അനുവദിക്കുന്നുണ്ട്. ക്യാനന്റെ ആര്‍എഫ്, നിക്കോണിന്റെ സെഡ് എന്നീ മിറര്‍ലെസ് മൗണ്ടുകള്‍ ഉള്ള സിസ്റ്റങ്ങള്‍ക്ക് ഉപയോഗിക്കാനായി മൗണ്ടുകള്‍ ഇറക്കിയിട്ടുണ്ട്. ക്യാനന്റെ എഫ് ലെന്‍സുകള്‍ മൗണ്ടില്‍ ഓട്ടോഫോക്കസ് നിലനിര്‍ത്തുന്നു. തൃപ്തികരമായ പ്രകടനവും കാഴ്ചവയ്ക്കുന്നു. നിക്കോണാകട്ടെ തങ്ങളുടെ എഎഫ്-ഡി ലെന്‍സുകള്‍ക്ക് ഓട്ടോഫോക്കസ് നല്‍കുന്നില്ല. എന്നാല്‍ എഎഫ്-എസ് ലെന്‍സുകള്‍ക്ക് ഓട്ടോഫോക്കസ് നല്‍കുന്നു.

 

∙ മൗണ്ട് അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം

 

ഇത്തരം സംവിധാനങ്ങള്‍ക്ക് രണ്ടു പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്ന് ഇവ ക്യാമറ ബോഡിയിലെ ലെന്‍സ് മൗണ്ടിനുമേല്‍ മര്‍ദമുണ്ടാക്കാം. പ്രത്യേകിച്ചും ഭാരക്കൂടുതലുള്ള ലെന്‍സുകളാണെങ്കില്‍. ഇത് മൗണ്ടുകള്‍ക്ക് കാലക്രമത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. രണ്ട്, ഇവ ഉപയോഗിക്കുമ്പോള്‍ വെതര്‍ റെസിസ്റ്റന്‍സ് വേണ്ടരീതിയില്‍ കിട്ടില്ല. സെന്‍സറിലേക്കും മറ്റും അഴുക്കു പ്രവേശിക്കാം. അതുകൊണ്ട് മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിക്കാനായി പഴയ ഡിഎസ്എസ്എല്‍ആര്‍ ലെന്‍സുകള്‍ അല്‍പം ലാഭം കിട്ടിയേക്കുമെന്നു കരുതി വാങ്ങാതിരിക്കുകയായിരിക്കും ഉചിതം. ലെന്‍സ് അഡാപ്റ്ററുകള്‍ കുറച്ചുകാലത്തേക്കുള്ള ഉപയോഗം മുന്‍നിർത്തി ഇറക്കിയിരിക്കുന്നതാണ്. അതുപോലെ തന്നെ സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ ഇപ്പോള്‍ വില കുറച്ചു കിട്ടുന്ന പ്രീമിയം ലെന്‍സുകളും വാങ്ങി വയ്ക്കാതരിക്കുന്നാണ് ഉചിതം. കാരണം പിന്നീട് അവ വിറ്റുപോകാന്‍ എളുപ്പമായിരിക്കില്ല. പണം നഷ്ടപ്പെടാം.

 

∙ എപിഎസ്-സി ക്യമറകളോ?

 

ഇത് അല്‍പം കുഴപ്പം പിടിച്ച മേഖലയാണ്. കാരണം ഇപ്പോള്‍ എപിഎസ് - സി മിറര്‍ലെസ് ക്യാമറകള്‍ക്കെല്ലാം നല്ല വില നല്‍കണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയുടെ വില താഴുകയോ, വില കുറഞ്ഞ മോഡലുകള്‍ ഇറക്കുകയോ ചെയ്യാം. സോണിയുടെ എ6xxx സീരീസ് വര്‍ഷങ്ങളായി ഉള്ളവയാണ്. അതുതന്നെയാണ് അവയുടെ പ്രശ്‌നവും. സോണി ഇപ്പോഴും വില്‍ക്കുന്ന എ6000 ക്യാമറ 2014ല്‍ ഇറക്കിയതാണ്! സോണിയുടെ എപിഎസ്-സി ശ്രേണിയിലേക്ക് പുത്തന്‍ ഫീച്ചറുകള്‍ വരാനിരിക്കുന്നതേയുള്ളു.

 

∙ പുതിയ സോണി എപിഎസ്-സി ക്യാമറകള്‍ക്കായി കാത്തിരിക്കണോ?

 

ഇനി ഇറക്കാന്‍ പോകുന്ന ക്യാമറകളില്‍ ഓട്ടോഫോക്കസിലും മറ്റും മികവ് നിശ്ചയമായും എത്തും. അതുകൊണ്ടു തന്നെ സോണിയുടെ ഇപ്പോള്‍ വില്‍പനയിലുള്ള പുത്തന്‍ മോഡലുകള്‍ വാങ്ങാതിരിക്കുകയായിരിക്കും മെച്ചം. സോണി എപിഎസ്-സി ക്യാമറ നിര്‍മാണം നിർത്തുന്ന കാര്യം പരിഗണിക്കുകയാണ് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതു തെറ്റാണെന്നു തെളിയിച്ച് മൂന്നു പുതിയ ലെന്‍സകളാണ് കമ്പനി ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഉടനെ പുതിയ ക്യാമറകളും എത്തിയേക്കും. സോണിയുടെ പുതിയ ക്രോപ് സെന്‍സര്‍ ക്യാമറകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കുന്നതായിരിക്കാം ഉചിതം.

 

∙ എപിഎസ്-സി ഡിഎസ്എല്‍ആറുകളോ?

 

താരതമ്യേന വില കുറഞ്ഞു കിട്ടാവുന്ന ഇത്തരം ക്യാമറളും മറ്റുമാര്‍ഗങ്ങളില്ലെങ്കില്‍ മത്രം വാങ്ങുക. ക്യാമറാ നിര്‍മാണ മേഖല പരിവര്‍ത്തന ഘട്ടത്തിലാണ്. ഒരു പരിധിയിലധികം വില കൊടുത്തു വാങ്ങുന്ന ക്യാമറകളും ലെന്‍സുകളും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാധ്യതയായി തീരാം. സെക്കന്‍ഡ്ഹാന്‍ഡ് ക്യാമറകളും ലെന്‍സുകളും ആണെങ്കില്‍ പോലും കാര്യമായി വില കുറച്ചു കിട്ടുന്നെങ്കില്‍ മാത്രം മറ്റു നിവൃത്തിയില്ലെങ്കില്‍ വാങ്ങിക്കുക.

 

English Summary: Should you buy these iPhones, and DSLRs?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com