സ്മാര്‍ട്ഫോണ്‍ ക്യാമറ നിര്‍മാണത്തിലെ രാജാവാകാന്‍ ഒരുങ്ങുകയാണോ ഷഓമി? അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ. ക്യാമറ, ലെന്‍സ് നിര്‍മാണ മേഖലയിലെ അതികായരായി കണക്കാക്കപ്പെടുന്ന ജര്‍മന്‍ നിര്‍മാതാവ് ലൈക്ക ഇനി ഷഓമിയോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഗിസ്‌മോചൈന അടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, മറ്റൊരു ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാവായ വാവെയുമായുള്ള പങ്കാളിത്തം നിർത്തുകയാണെന്നും ലൈക്ക അറിയിച്ചു. സ്മാര്‍ട്ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇപ്പോള്‍ പിരിഞ്ഞിരിക്കുന്നത്.
∙ അതിശയിപ്പിച്ച ക്യാമറാ ടെക്‌നോളജി
സ്മാര്‍ട്ഫോണ്‍ ക്യാമറ എന്നാല്‍ ഐഫോണിന്റേതാണെന്ന സങ്കല്‍പം അട്ടിമറിക്കപ്പെടുന്ന കാഴ്ച ലോകം കാണുന്നത് ലൈക്കയും വാവെയും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തോടു കൂടിയായിരുന്നു. ഇരു കമ്പനികളും തമ്മിലുള്ള കൂട്ടുകെട്ട് പ്രഖ്യാപിക്കപ്പെട്ടത് 2016 ഫെബ്രുവരിയിലായിരുന്നു. സ്മാര്‍ട്ഫോണ്‍ ക്യാമറകളുടെ മികവ് ശാസ്ത്രീയമായി വിലയിരുത്തുന്ന ഫ്രഞ്ച് കമ്പനിയായ ഡിഎക്‌സ്ഒയുടെ റാങ്കിങ്ങില്‍ വാവെയ് ഫോണുകള്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് ക്യാമറാ സാങ്കേതികവിദ്യ വികസിപ്പിക്കാനായി പ്രത്യേക ഗവേഷണശാല തന്നെ തുടങ്ങിയിരുന്നു. ഏറ്റവും പുതിയ റാങ്കിങ്ങില്‍ വാവെയുടെ സബ് ബ്രാന്‍ഡായി പ്രവര്‍ത്തിച്ചിരുന്ന ഓണര്‍ മാജിക്4 അള്‍ട്ടിമേറ്റ് (Magic4 Ultimate) ആണ് 146 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 144 പോയിന്റുമായി വാവെയ് പി50 പ്രോയും.
ഇരു കമ്പനികളും തമ്മിലുള്ള കൂട്ടുകെട്ട് മികവുറ്റതായിരുന്നോ എന്ന കാര്യത്തെക്കുറിച്ച് ആന്‍ഡ്രോയിഡ് അതോറിറ്റി നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 72.86 ശതമാനം പേരും പറഞ്ഞത് 'അതെ' എന്നായിരുന്നു. വാവെയ് പി20 പ്രോ, പി30 പ്രോ, പി40 പ്രോ പ്ലസ് തുടങ്ങിയ മോഡലുകള്‍ ഫോണ്‍ ക്യാമറാ രംഗത്ത് വേറിട്ട കാഴ്ചപ്പാടുകളുമായി ഇറങ്ങിയവയാണെന്നും വിലയിരുത്തപ്പെട്ടു. വളരെ അര്‍ഥവത്തായ ഒന്നായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള സഹകരണം എന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം, ലൈക്കയുടെ പിന്തുണയില്ലാതെ മികവുറ്റ സ്മാര്‍ട്ഫോണ്‍ ക്യാമറകള്‍ നിര്‍മിക്കാനുള്ള കഴിവ് വാവെയ് ആര്‍ജിച്ചുവെന്നും നിരീക്ഷിക്കപ്പെടുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ഫോണ്‍ ക്യാമറാ ഗവേഷണശാലയാണ് ഇപ്പോള്‍ വാവെയ് നടത്തിപ്പോരുന്നത്.
∙ ലൈക്ക ഇനി ഷഓമിക്കൊപ്പം
അമേരിക്കയുടെ നിയമ നടപടികളില്‍പെട്ട് ഉഴലുന്ന വാവെയ് പ്രധാനപ്പെട്ട പല രാജ്യങ്ങളിലും ഫോണ്‍ വില്‍പന നടത്തുന്നില്ല. അതായിരിക്കാം ലൈക്ക, ഷഓമിക്കൊപ്പം ചേരാനുള്ള കാരണങ്ങളിലൊന്ന്. ലൈക്കയുമായുള്ള പങ്കാളിത്തം ഇല്ലാതെ പോലും ഷഓമിയും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറകളാണ് നിര്‍മിക്കുന്നത്. ഏറ്റവും പുതിയ ഡിഎക്‌സ്ഒ റാങ്കിങ്ങില്‍ ഷഓമി മി 11 അള്‍ട്രാ 143 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. (വാവെയ് മെയ്റ്റ് 40 പ്രോയാണ് നാലാം സ്ഥാനത്ത്. ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് എന്നിവയ്ക്ക് 137 പോയിന്റ് വീതമാണ് ലഭിച്ചിരിക്കുന്നത്. ഇവ യഥാക്രമം 5, 6 സ്ഥാനങ്ങളിലാണ് ഉള്ളത്.) ചുരുക്കിപ്പറഞ്ഞാല്‍ ഷഓമി ഇപ്പോള്‍ത്തന്നെ തങ്ങളുടെ മുന്തിയ മോഡലുകളില്‍ മികവുറ്റ ക്യാമറകളാണ് നല്‍കിവരുന്നത്. ഇനി ലൈക്കയ്‌ക്കൊപ്പം ചേരുമ്പോള്‍ കൂടുതല്‍ മികവു കൊണ്ടുവരാന്‍ കമ്പനിക്കാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം, ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ കൂടുതല്‍ വലിയ സെന്‍സര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്നും അവര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയേക്കുമെന്നും കരുതുന്നവരും ഉണ്ട്.
∙ സെക്കന്‍ഡില്‍ 40 ഫോട്ടോ ഷൂട്ട് ചെയ്യാവുന്ന അതിവേഗ ക്യാമറ ഫൂജിഫിലിം എക്‌സ് - എച്2എസ്!
ഫൂജി കമ്പനിയുടെ ഏറ്റവും മികച്ച എപിഎസ് - സി ക്യാമറകളിലൊന്നായ ഫൂജിഫിലിം എക്‌സ്-എച്2എസ് പുറത്തിറക്കി. ക്യാമറയ്ക്ക് 26 എംപി സ്റ്റാക്ഡ് സീമോസ് സെന്‍സറാണ്. ഓട്ടോഫോക്കസോടു കൂടി സെക്കന്‍ഡില്‍ 40 ഫ്രെയിം ഷൂട്ടു ചെയ്യാനുള്ള ശേഷിയും 4കെ വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ ഷൂട്ടു ചെയ്യാനുള്ള കഴിവുമുള്ള മോഡലാണിത്. വിവിധ സബ്ജക്ടുകളെ തിരിച്ചറിയാനുള്ള ശേഷിയും ക്യാമറയ്ക്ക് ഉണ്ട്. ഇതിനു കരുത്തു പകരുന്നത് എക്‌സ്-പ്രോസസര്‍ 5 ചിപ്പാണ്. മനുഷ്യരെയും മൃഗങ്ങളെയും ട്രെയിനുകളെയും വിമാനങ്ങളെയും മോട്ടര്‍ബൈക്കുകളെയും കാറുകളെയും പക്ഷികളെയുമൊക്കെ തിരിച്ചറിയാനുള്ള ശേഷി ക്യാമറയ്ക്കുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ക്രോപ് സെന്‍സര്‍ ക്യാമറകളിലൊന്നായ ഇതിന് 2,499 ഡോളറാണ് വില.
∙ നിക്കോണ്‍ സെഡ് 9 ക്യാമറയുടെ സെന്‍സര്‍ നിര്‍മിച്ചത് സോണി
ലോകത്തെ വലിയ ക്യാമറാ സെന്‍സര്‍ നിര്‍മാണ കമ്പനികളിലൊന്നായ സോണി തന്നെയാണ് ഇന്നു ലഭ്യമായ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറകളിലൊന്നായ നിക്കോണ്‍ സെഡ്9നു വേണ്ടിയുള്ള സെന്‍സറും നിര്‍മിച്ചതെന്നു റിപ്പോര്‍ട്ട്. ഇതു നിക്കോണ്‍ തന്നെയാണ് നിര്‍മിച്ചതെന്ന് കമ്പനിയുടെ ആരാധകര്‍ അവകാശപ്പെട്ടു വരികയായിരുന്നു. എന്നാല്‍, ടെക്ഇന്‍സൈറ്റ്‌സ് (Techinsights) കമ്പനിയാണ് സോണി തന്നെയാണ് സെന്‍സര്‍ നിര്‍മിച്ചതെന്നു കണ്ടെത്തിയിരിക്കുന്നത്. ഒരു സോണി സെമികണ്‍ഡക്ടര്‍ സെന്‍സറാണ് നിക്കോണ്‍ സെഡ്9ല്‍ ഉള്ളതെന്നാണ് അവരുടെ കണ്ടെത്തല്‍.
ഇത് സോണിയുടെ സെന്‍സര്‍ (IMX609AQJ) തന്നെയോ അതിലെ ഫീച്ചറുകളില്‍ മിക്കതും ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച സെന്‍സറോ ആണ് എന്നാണ് കണ്ടെത്തല്‍.
∙ നിക്കോണ്‍ മാത്രമല്ല മറ്റു കമ്പനികളും സോണി സെന്‍സര്‍ വാങ്ങുന്നു
അടുത്തകാലത്ത് ഇറങ്ങിയിരിക്കുന്ന പല നിക്കോണ്‍ ക്യാമറകളുടെയും സെന്‍സര്‍ സോണിയാണ് നിര്‍മിച്ചിരിക്കുന്നത്. ഫൂജിഫിലിം, ഹാസെല്‍ബ്ലാഡ്, ലൈക്ക, ഒളിംപസ്, പെന്റാക്‌സ്, ഫെയ്‌സ് വണ്‍ തുടങ്ങി പല കമ്പനികളും സെന്‍സറുകള്‍ക്കായി സോണിയെ ആണ് ആശ്രയിക്കുന്നത്. ക്യാനനും ചുരുക്കമായി സോണി സെന്‍സറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി അവര്‍ക്ക് സെന്‍സര്‍ നിര്‍മാണ സാങ്കേതികവിദ്യ ഉണ്ട്.
∙ 1,500 എംബിപിഎസ് സ്പീഡുള്ള സിഎഫ്എക്‌സ്പ്രസ് കാര്‍ഡുമായി നിക്കോണ്‍
സെഡ്9 ക്യാമറയുടെ അതിവേഗ ഷൂട്ടിങ് ശേഷികള്‍ മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ സിഎഫ്എക്‌സ്പ്രസ് ടൈപ് ബി കാര്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് നിക്കോണ്‍. ഇതിന് 1,700 എംബിപിഎസ് (1700MB/s) ആണ് റീഡ് സ്പീഡ്. അതേസമയം റൈറ്റ് സ്പീഡ് 1500എംബിപിഎസ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. കാര്‍ഡിന്റെ കപ്പാസിറ്റി 660 ജിബിയാണ്. വിലയും ഒട്ടും മോശമല്ല - 727 ഡോളര്‍!
∙ എപിഎസ്-സി ക്യാമറകള്‍ക്ക് മൂന്നു പുതിയ ലെന്‍സുകള്‍ പുറത്തിറക്കി സോണി
എപിഎസ്-സി വിഭാഗം ക്യാമറകളുടെ നിര്‍മാണം സോണി നിർത്തലാക്കുമോ എന്ന പേടിയോടെയാണ് കമ്പനിയുടെ ആരാധകര്‍ കഴിഞ്ഞിരുന്നത്. അടുത്തിടെയായി പുതിയ ക്യാമറകളോ ലെന്‍സുകളോ ഈ വിഭാഗത്തില്‍ ഇറക്കാതിരുന്നതാണ് ഈ തോന്നലിനു പിന്നില്‍. എന്നാലിപ്പോള്‍ കമ്പനിയിതാ മൂന്നു പുതിയ ലെന്‍സുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ എപിഎസ്-സി ക്യാമറകളും പിന്നാലെ വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പുതിയ ലെന്‍സുകള്‍ 11 എംഎം എഫ്1.8, 15എംഎം എഫ്1.4, 10-20എംഎം എഫ്4 പിസെഡ് ജി എന്നീ ലെന്‍സുകളാണ് അനാവരണം ചെയ്തിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 549.99 ഡോളര്‍, 749.9 ഡോളര്‍, 749.99 ഡോളര്‍ എന്നിങ്ങനെയാണ് വില.
English Summary: Xiaomi and Leica write the latest chapter of smartphone came