ADVERTISEMENT

ഇനി ഡിഎസ്എല്‍ആറുകള്‍ വാങ്ങുന്നത് അത്ര ബുദ്ധിപൂര്‍വമായിരിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്താന്‍ പദ്ധതിയിയിടുന്നതായി ജപ്പാനിലെ ബിസിനസ് പ്രസിദ്ധീകരണമായ നിക്കെയ് റിപ്പോര്‍ട്ടു ചെയ്തു. കുറച്ചു സമയത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് ഫൊട്ടോഗ്രാഫി പ്രേമികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കി നിക്കോണും രംഗത്തെത്തി.

 

∙ ഊഹാപോഹം മാത്രമെന്ന് നിക്കോണ്‍

 

ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഇപ്പോഴും നിര്‍മിക്കുകയും അവ റിപ്പെയര്‍ ചെയ്തു നല്‍കുന്നുണ്ടെന്നും നിക്കെയ് റിപ്പോര്‍ട്ട് ഊഹാപോഹം മാത്രമാണെന്നുമായിരുന്നു നിക്കോണ്‍ ഔദ്യോഗികമായി പ്രതികരിച്ചത്. അതേസമയം, ഇത് ലോകമെമ്പാടും നിക്കോണ്‍ ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഡിഎസ്എല്‍ആറുകള്‍ വിറ്റുപോകാനുള്ള തന്ത്രമായും വേണമെങ്കില്‍ വായിക്കാം. നിക്കോണ്‍ ഇനി മിറര്‍ലെസ് ക്യാമറകളും ലെന്‍സുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കാന്‍ മാത്രമായിരിക്കും ശ്രമിക്കുക എന്നാണ് നിക്കെയ് റിപ്പോര്‍ട്ടു ചെയ്തത്.

 

അതേസമയം, അവർക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന കാര്യം നിക്കെയ് വെളിപ്പെടുത്തിയതുമില്ല. നിക്കോണ്‍ കമ്പനിയുടെ എതിരാളിയായ ക്യാനനും അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്താന്‍ പദ്ധതിയിടുന്നു എന്നു പറഞ്ഞാണ് നിക്കെയ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. എന്നാല്‍, നിക്കോണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക പ്രസ്താവനയും ഇറക്കിയിട്ടില്ല എന്നാണ്. അതേസമയം, നിക്കോണ്‍ റിപ്പോര്‍ട്ട് നിഷേധിക്കുന്നില്ലെന്നതു തന്നെ താമസിയാതെ ഇത്തരത്തിലൊരു പ്രസ്താവന കമ്പനി ഇറക്കിയേക്കുമെന്നതിന്റെ സൂചനയാണെ‌ന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ താരതമ്യേന ചെറിയ ക്യാമറാ നിര്‍മാതാവ്

 

കഴിഞ്ഞ വര്‍ഷം വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന നിക്കോണ്‍ ചെറുതായി കരകയറി വരികയാണ്. ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ശ്രേണിയും ഒരു പോലെ നിര്‍മിച്ചുകൊണ്ടുപോകുക എന്നത് നിക്കോണിന് (ക്യാനനും) താത്പര്യമുള്ള കാര്യമായിരിക്കില്ല. കാരണം പുതുമകളെല്ലാം മിറര്‍ലെസ് രംഗത്താണ് വന്നുകൊണ്ടിരിക്കുന്നത്. നിക്കോണ്‍ സെഡ്9 മികച്ച പ്രതികരണമാണ് ലോകമെമ്പാടും ഉണ്ടാക്കിയത്. തങ്ങളുടെ നിക്ഷേപമെല്ലാം പുതിയ മേഖലയില്‍ കേന്ദ്രീകരിക്കാന്‍ തന്നെയായിരിക്കും കമ്പനികള്‍ ശ്രദ്ധിക്കുക. 

 

DSLR

∙ എന്താണ് മിറര്‍ലെസ് ക്യാമറകളുടെ സവിശേഷതകള്‍?

 

ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് ലെന്‍സിലൂടെ പ്രവേശിക്കുന്ന പ്രകാശം ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറില്‍ എത്തിക്കാനായി ഒരു മിറര്‍ ബോക്‌സ് ഉണ്ട് എന്നതാണ് പ്രധാന വ്യത്യാസം. മിറര്‍ലെസ് ക്യാമറകളില്‍ ഈ മിറര്‍ ബോക്‌സ് സംവിധാനം പരിപൂര്‍ണമായും എടുത്തു നീക്കിയിരിക്കുകയാണ്. മിററിനു പകരം ഇലക്ട്രോണിക് വ്യൂഫൈന്‍ഡറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫിലിം ക്യാമറകളുടെ കാലത്ത് ഉപയോഗിച്ചു വന്ന സാങ്കേതികവിദ്യയാണ് മിറര്‍ബോക്‌സ്. ഇത് എടുത്തുകളഞ്ഞാല്‍ ക്യാമറകളുടെ വലുപ്പം കുറയ്ക്കാമെന്നൊരു ധാരണ സോണി ക്യാമറകള്‍ കൊണ്ടുവന്നു എങ്കിലും ക്യാനനും നിക്കോണും രംഗത്ത് എത്തിയതോടെ വലുപ്പമുള്ള മിറര്‍ലെസ് ക്യാമറകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. അതേസമയം, വലുപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ വലിയ ക്യാമറ ബോഡി തന്നെയാണ് ബാലന്‍സ് നിലനിര്‍ത്താന്‍ നല്ലതെന്ന് ചില ഫൊട്ടോഗ്രാഫര്‍മാരും പറയുന്നു.

 

∙ പല ഡിഎസ്എല്‍ആര്‍ മോഡലുകളുടെയും നിര്‍മാണം നിക്കോണ്‍ നിർത്തി

 

തുടക്ക ഡിഎസ്എല്‍ആര്‍ മോഡലുകളായ നിക്കോണ്‍ ഡി3500, ഡി5600 തുടങ്ങിയവയുടെ നിര്‍മാണം നിർത്തിയെന്ന് കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്. ക്യാനനും 2019ല്‍ ഇഒഎസ് 90ഡി പുറത്തിറക്കിയതിനു ശേഷം മറ്റു മോഡലുകളൊന്നും ഡിഎസ്എല്‍ആര്‍ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടയ്ക്ക് പുറത്തിറക്കിയ ഏക ഡിഎസ്എന്‍ആര്‍ പെന്റാക്‌സ് കെ-3 III ആയിരുന്നു. ഇത് 2021ല്‍ ആയിരുന്നു. ഇതിന് പെന്റാക്‌സ് കണക്കിനു പരിഹാസം കേള്‍ക്കുകയും ചെയ്തു. ഡിഎസ്എല്‍ആറുകള്‍ക്ക് മിറര്‍ലെസ് ക്യാമറകളെ അപേക്ഷിച്ച് ഒരു മെച്ചമാണുള്ളത് - അത് മെച്ചപ്പട്ട ബാറ്ററി ലൈഫ് കിട്ടുമെന്നുള്ളതാണ്. അതേസമയം, ഈ മിറര്‍ബോക്‌സ് സംവിധാനം വളരെ കാലഹരണപ്പെട്ട ഒന്നാണ് എന്നുള്ള അഭിപ്രായക്കാരാണ് ഭൂരിഭാഗം പേരും.

 

∙ മിറര്‍ലെസ് ക്യാമറകളുടെ ഗുണങ്ങള്‍

 

ഓരോ ഷോട്ടിനും ഇടയില്‍ തുറക്കുകയും അടയുകയും ചെയ്യുന്ന മിറര്‍ പോയപ്പോള്‍ ഷൂട്ടിങ് വേഗം ഗണ്യമായി വര്‍ധിച്ചു. ചില ഹൈ-എന്‍ഡ് ക്യാമറകള്‍ക്ക് മുഴുവന്‍ റെസലൂഷനോടും കൂടെ സെക്കന്‍ഡില്‍ 20, 30 ഫൊട്ടോകളുമൊക്കെ ഇപ്പോള്‍ പിടിച്ചെടുക്കാന്‍ സാധിക്കുന്നു. അത്യന്തം പ്രതികരണ ശേഷിയുള്ള ഓട്ടോഫോക്കസ് സിസ്റ്റമാണ് മിറര്‍ലെസ് ക്യാമറകളെ പ്രകടന മികവില്‍ മുന്നിലെത്തിക്കുന്ന ഘടകങ്ങളിലൊന്ന്. താരതമ്യേന വിലകുറഞ്ഞ മിറര്‍ലെസ് ക്യാമറാ മോഡലുകള്‍ക്കു പോലും ഷൂട്ടിങ് സ്പീഡ് വര്‍ധിച്ചതായി കാണാം. കൂടാതെ, ഇവയ്ക്ക് 4കെ, 6കെ, 8കെ വിഡിയോ ഒക്കെ ഷൂട്ടിങ് സാധ്യമാണ്. പല രീതയിലും ഡിഎസ്എല്‍ആര്‍ സാങ്കേതികവിദ്യ ഇരുളടഞ്ഞു കഴിഞ്ഞു.

 

∙ ശ്രദ്ധിക്കേണ്ട കാര്യം

 

ഇനി ഡിഎസ്എല്‍ആറുകളും അവയുടെ ലെന്‍സുകളും വാങ്ങിക്കുന്നവര്‍ക്ക് മറിച്ചുവില്‍ക്കുമ്പോഴും മറ്റും കനത്ത നഷ്ടം നേരിട്ടേക്കാം. അവയുടെ റീസെയില്‍ മൂല്യം ഒറ്റയടിക്ക് കുറയാം. കൂടാതെ, നിക്കോണും മറ്റും നിര്‍മാണം നിർത്തിയാല്‍ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അവ റിപ്പെയര്‍ ചെയ്യാനുള്ള ഘടകഭാഗങ്ങള്‍ക്ക് ദൗര്‍ലഭ്യവും നേരിടാം. ഇക്കാരണങ്ങളാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണികളില്‍ നിന്നു പോലും ഡിഎസ്എല്‍ആര്‍ ക്യാമറകളും ലെന്‍സുകളും വാങ്ങുന്നവര്‍ ആലോചിച്ചു മാത്രം വാങ്ങുക.

 

English Summary: Nikon will reportedly stop making DSLRs to focus on mirrorless cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com