ഇനി ഐഫോണിലും 48 എംപി സെന്‍സര്‍! പുതിയ ക്യാമറാ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം

iphone-14-camera-
Photo: Apple
SHARE

മുന്‍ വര്‍ഷങ്ങളിലേതു പോലെ, ഈ വര്‍ഷത്തെ ഐഫോണ്‍ 14 സീരീസ് അവതരിപ്പിച്ചപ്പോഴും ആപ്പിള്‍ ശതമാനക്കണക്കുകള്‍ പറഞ്ഞ് പുതിയ ഐഫോണുകള്‍ മെച്ചമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമം നടത്തി. ചെറുതും വലുതുമായ പല മാറ്റങ്ങളും ഐഫോണ്‍ ക്യാമറകളില്‍ വരുത്തിയിട്ടുണ്ട്. അതേസമയം, ഈ സാങ്കേതികവിദ്യകളില്‍ പലതും വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു കാര്യം. ഐഫോണ്‍ 14 പ്രോയുടെ 48 എംപി ക്യാമറയ്ക്ക് മുന്‍ മോഡലുകളെ അപേക്ഷിച്ച് മികവ് വര്‍ധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് ശരിയായിരിക്കാം. കാരണം, വലിയ ഇമേജ് സെന്‍സറും അതിനൊപ്പം പ്രോസസിങ് കൗശലങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ആപ്പിള്‍ ഉപയോഗിച്ചിട്ടുണ്ടാകാം.

∙ 48 എംപി സെന്‍സര്‍

മുന്‍ വര്‍ഷത്തെ ഫോണുകളിലെല്ലാം കണ്ടിരുന്ന 12 എംപി (1/1.7 (7.5x5.7mm) പ്രധാന ക്യാമറയ്ക്കു പകരമെത്തുന്നത് 48 എംപി ടൈപ് (1/1.28 (9.8x7.3mm) ക്വാഡ് പിക്‌സല്‍ ചിപ്പാണ്. ആപേച്ചറിന്റെ വലുപ്പം കുറഞ്ഞു- F1.5 ആയിരുന്നത് F1.79 ആയി. അതേസമയം, സെന്‍സറിന്റെ പ്രതല വിസ്തീര്‍ണം വര്‍ധിച്ചിരിക്കുന്നതിനാല്‍ പുതിയ സെന്‍സറിന് കൂടുതല്‍ വെളിച്ചം സ്വീകരിക്കാന്‍ സാധിക്കും. മുന്‍ സെന്‍സറുകളെക്കാള്‍ ഇരട്ടിയിലധികം വലുപ്പമുണ്ട് പുതിയ സെന്‍സറിന്. ഐഫോണ്‍ 13 പ്രോയിലുള്ള സെന്‍സറിനേക്കാള്‍ 65 ശതമാനം അധിക വലുപ്പമാണ് ഉള്ളത്. ക്വാഡ് പിക്‌സല്‍ ഡിസൈന്‍ എന്നാണ് ആപ്പിള്‍ ഇതിനെ വിളിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ വര്‍ഷങ്ങളായി നല്‍കിവന്ന പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയാണ് ആപ്പിൾ ഇപ്പോൾ ആദ്യമായി ഐഫോണിൽ എത്തിച്ചിരിക്കുന്നത്. 

∙ പുതിയ ക്യാമറയും നല്‍കുന്നത് 12 എംപി ഫൊട്ടോ

നാലു പിക്‌സലുകള്‍ സംയോജിപ്പിച്ച് 2.44 മൈക്രോമീറ്റര്‍ പിക്‌സല്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തമായി പോസ്റ്റ് പ്രോസസിങ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് 48 എംപി പ്രോറോ കംപ്രസ് ചെയ്യാത്ത ഫയലുകളും ലഭിക്കും. ഒരോ 1.22 മൈക്രോമീറ്റര്‍ ഫോട്ടോസൈറ്റില്‍ നിന്നുമുള്ള വിവരങ്ങള്‍ ഇതിലുണ്ടായിരിക്കും. പ്രധാന ക്യാമറയ്ക്ക് മറ്റൊരു ഫീച്ചറും ഉണ്ട്. സെന്‍സറിന്റെ മധ്യഭാഗത്തുള്ള 12 എംപി ഭാഗത്തേക്ക് ക്രോപ് ചെയ്ത് ചിത്രമെടുക്കാനുള്ള കഴിവാണത്. അത് ഒരു ക്വാഡ് ബെയര്‍ പാറ്റേണില്‍ ഉള്ളതായിരിക്കും. ഇതിന് മുഴുവന്‍ സെന്‍സര്‍ പ്രതലവുംപ്രയോജനപ്പെടുത്തി എടുക്കുന്ന ചിത്രങ്ങളുടെ ഗുണം ഉണ്ടായിരിക്കില്ല.

∙ ഫോക്കല്‍ ലെങ്ത്

ഫൊട്ടോഗ്രഫി ഉത്സാഹികളായ പല ഐഫോണ്‍ പ്രേമികളെയും പുതിയ 48 എംപി ക്യാമറാ സെന്‍സര്‍ ആഹ്ലാദഭരിതരാക്കുന്നില്ല. കാരണം അതിന്റെ ഫോക്കല്‍ ലെങ്ത് 24 എംഎം (ഫുള്‍ ഫ്രെയിം ക്യാമറയുടെ ഫോക്കല്‍ ലെങ്ത് വച്ച്) ആയി കുറഞ്ഞിരിക്കുന്നു. കൂടുതല്‍ വിശാലമായ കാഴ്ച കിട്ടുമെങ്കിലും ആളുകളുടെ ഫൊട്ടോ പകര്‍ത്തുമ്പോള്‍ കൂടുതല്‍ വക്രീകരണം വരാമെന്നതും, അത് ശരിപ്പെടുത്താനായി കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരാമെന്നതുമാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

ഐഫോണ്‍ 10 എസ് മാക്‌സ്, 11 പ്രോ, 12 പ്രോ, 13 പ്രോ എന്നീ മോഡലുകളില്‍ പ്രധാന ക്യാമറയ്ക്ക് 26 എംഎം ലെന്‍സ് ആയിരുന്നു നല്‍കിയിരുന്നത്. ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് മോഡലുകളില്‍ 28 എംഎം ലെന്‍സ് ആയിരുന്നു. ഐഫോണ്‍ 5 എസ്, 6 പ്ലസ്, 6 എസ്പ്ലസ് മോഡലുകളില്‍ 29 എംഎം ലെന്‍സ് ആയിരുന്നു. ഐഫോണ്‍ 5ല്‍ 33 എംഎം ലെന്‍സ് ആയിരുന്നുവെന്നും ഐഫോണ്‍ 4 എസ് മോഡലില്‍ 35 എംഎം ലെന്‍സ് ആയിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആളുകളുടെ പടം എടുക്കുമ്പോള്‍ 30 എംഎം ന് മുകളിലുള്ള ലെന്‍സുകളാണ് ഫോണുകളില്‍ പോലും നല്ലത്. (ശരിക്കും പോര്‍ട്രെയ്റ്റ് ലെന്‍സുകള്‍ 85 എംഎം ലാണ് തുടങ്ങുന്നത്. അത് വേറൊരു കാര്യം.) ഇതിനാണല്ലോ പോര്‍ട്രെയ്റ്റ് ലെന്‍സ് ഉളളതെന്നു വാദിക്കാമെങ്കിലും പ്രധാന സെന്‍സറിന്റെ ഗുണങ്ങള്‍ ഇല്ലെന്നുള്ളതും മനസില്‍ വയ്ക്കണം.

∙ എന്തുകൊണ്ട് ആപ്പിള്‍ 24 എംഎം തിരഞ്ഞെടുത്തു?

ഇതിന് വ്യക്തമായ കാരണമുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായ 26 എംഎം ക്യാമറ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പോലും പിന്‍ ക്യാമറാ സിസ്റ്റം പുറത്തേക്കു തള്ളിനില്‍ക്കുന്നത് വര്‍ധിച്ചേനെ. ഇപ്പോള്‍ത്തന്നെ വളരെ കട്ടിയില്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന ക്യാമറാ സിസ്റ്റം കൂടുതല്‍ വലുപ്പം ആര്‍ജ്ജിക്കാതിരിക്കാനാണ് ആപ്പിള്‍ 24 എംഎം ലെന്‍സ് ഉപയോഗിച്ചത്.

ഐഫോണ്‍ 14 മുതല്‍ ആപ്പിളിന്റെ ഡീപ് ഫ്യൂഷന്‍ ഇമേജ് സ്റ്റാക്കിങ് നടക്കുന്നത് ചിത്രം സംക്ഷിപ്തമാക്കുന്നതിനു മുൻപായിരിക്കും. അതുവഴി സിഗ്നല്‍ ടു നോയിസ് മെച്ചപ്പെടുത്താനാകുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഐഫോണ്‍ 13നെ അപേക്ഷിച്ചും മെച്ചപ്പെടും. മെഷീന്‍ ലേണിങ് അല്‍ഗോറിതം ഉപയോഗിച്ചാണ് 48 എംപി ഫൊട്ടോ ഡീമൊസെയ്ക് ചെയ്യുന്നത്. ക്വാഡ് ബെയര്‍ പാറ്റേണ്‍ സൃഷ്ടിക്കുന്ന കളര്‍ ദൂഷ്യങ്ങളും, 'വേമുകളും' അടക്കമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഈ പ്രക്രിയയ്ക്ക് സാധിക്കും. ഷഓമി മി 10 അള്‍ട്രായുടെ ജിക്യാം ഒരു വര്‍ഷത്തോളമായി ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ തന്നെയായിരിക്കാം ഇത്.

∙ ഫൊട്ടോണിക് എൻജിന്‍

ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളിലെല്ലാം നല്‍കിയിരിക്കുന്ന പുതിയ ഫീച്ചറാണ് ഫൊട്ടോണിക് എൻജിന്‍. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ പുതിയ ഫോണുകള്‍ ഉപയോഗിച്ച് ഫൊട്ടോ എടുക്കുമ്പോള്‍ പ്രകടമായ വ്യത്യാസം ഉണ്ടാകുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 

∙ ഐഫോണ്‍ 14, 14 പ്ലസ്

ഐഫോണ്‍ 14, 14 പ്ലസിലെ പ്രധാന ക്യാമറയ്ക്ക് കഴിഞ്ഞവര്‍ഷം 13 പ്രോ മോഡലുകളില്‍ ഉപയോഗിച്ച 12 എംപി സെന്‍സര്‍ ആയിരിക്കാം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. അത് മോശമായിരിക്കാന്‍ ഇടയില്ല.

∙ വിഡിയോ

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സിനിമാറ്റിക് മോഡില്‍ ഇപ്പോള്‍ 4കെ/30പി (എച്ഡിആര്‍) വിഡിയോ പകര്‍ത്താം. ഇത് 24പി ആയി താഴ്ത്തുകയും ചെയ്യാം. മറ്റൊന്നാണ് ആക്ഷന്‍ മോഡ്. ഈ വര്‍ഷത്തെ പുതിയ വിഡിയോ റെക്കോഡിങ് ഫീച്ചറുകളിലൊന്നായ ആക്ഷന്‍ മോഡ് പ്രയോജനപ്പെടുത്തുമ്പോള്‍ 2.8കെ/60പിവരെ റെക്കോഡു ചെയ്യാം. നടന്നുകൊണ്ടും മറ്റും വിഡിയോ പകര്‍ത്തുമ്പോള്‍ ആക്ഷന്‍ ക്യാമറകള്‍ക്കു സമാനമായ രീതിയില്‍ സ്റ്റബിലൈസേഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. ഡിജിറ്റലായി ഫ്രെയിം ക്രോപ് ചെയ്താണ് ഇത് നേടുന്നത്. ഡോള്‍ബി വിഷന്‍ എച്ഡിആര്‍ 4കെ/60പി എല്ലാ പിന്‍ ക്യാമറകളിലും ലഭ്യമാക്കിയിട്ടുണ്ട്. പ്രോറസെ 4കെ 30പിയും പിന്‍ ക്യാമറകള്‍ ഉപയോഗിച്ച് റെക്കോഡു ചെയ്യാമെങ്കിലും 128 ജിബി വേര്‍ഷനുകളില്‍ പ്രോറെസ് 1080/30പി മാത്രമാണ് ലഭിക്കുക.

∙ അപ്പോള്‍ പുതിയ ഐഫോണുകളില്‍ കൂടുതല്‍ മികവുറ്റ ഫൊട്ടോകള്‍ ലഭിക്കുമോ?

നിശ്ചയമായും മുന്‍ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ആപ്പിളിന്റെ പ്രോസസ് ചെയ്ത ചിത്രങ്ങള്‍ മികവുറ്റതായിരിക്കും. ബുദ്ധിപൂര്‍വം സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും കൂട്ടിക്കലര്‍ത്തിയാണ് ആപ്പിള്‍ ഇത് സാധിക്കുന്നത്. ഐഫോണുകളുടെയും മറ്റും സ്‌ക്രീനില്‍ ഈ പ്രോസസ് ചെയ്ത ചിത്രങ്ങള്‍ കൂടുതല്‍ മികവു പുലര്‍ത്തും. മിക്ക ഐഫോണ്‍ ഉപയോക്താക്കള്‍ക്കും അതു മതിയാകുകയും ചെയ്യും. അതേസമയം, ഫൊട്ടോകളുടെ ശുദ്ധിനിഷ്ഠയ്ക്ക് വാശിപിടിക്കുന്നവരെ പുതിയ ക്യാമറയിലെ മാറ്റങ്ങള്‍ അത്ര ആവേശഭരിതാരാക്കുകയുമില്ല.

മുന്‍ മോഡലുകളെക്കാള്‍ നേരിയ വ്യത്യാസങ്ങൾ മാത്രമാണ് അവര്‍ കണ്ടെത്താന്‍ വഴിയുള്ളത്. പക്ഷേ, സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫി കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി കൂടിയാണെന്നിരിക്കെ ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ച പ്രോ മോഡലുകള്‍ ഐഫോണ്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടേക്കും. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകളില്‍ വര്‍ഷങ്ങളായി ലഭ്യമായ 8കെ വിഡിയോ റെക്കോഡിങ് ഒന്നും ഇല്ലെന്നതു പോയിട്ട്, 4കെ 120 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് പോലും നല്‍കിയിട്ടില്ലെന്നതും വിമര്‍ശിക്കപ്പെടുന്നു. ഒരു പക്ഷേ, 48 എംപി പ്രോറോയില്‍ അധിക മികവ് ദൃശ്യമാകുമോ എന്നറിയാനാണ് ഇപ്പോള്‍ പോസ്റ്റ് പ്രോസസിങ്ങില്‍ തത്പരരായ ഫൊട്ടോഗ്രഫി പ്രേമികള്‍ കാത്തിരിക്കുന്നത്.

English Summary: iPhone 14 camera: all the new features

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}