ADVERTISEMENT

സ്മാര്‍ട് ഫോണുകള്‍ക്ക് 200 എംപി ക്യാമറാ സെന്‍സറെക്കെയുള്ള വാര്‍ത്ത കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് ലോകത്തെ ആദ്യ 40 എംപി എപിഎസ്-സി ക്യാമറ എന്ന വിവരണം അദ്ഭുതത്തോടെയൊന്നും കേള്‍ക്കാനായേക്കില്ല. മുഖ്യമായും ഹാര്‍ഡ്‌വെയറിനെ ആശ്രയിച്ചുള്ള പരമ്പരാഗത ക്യാമറകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മെഗാപിക്‌സല്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വിമുഖരാണ്. 

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൂടിയ റെസലൂഷന്‍ റിസോള്‍വ് ചെയ്യാവുന്ന ലെന്‍സുകള്‍ കുറവാണ് എന്നതാണ്. ഇന്നേവരെ ഏറ്റവുമധികം റെസലൂഷനോടു കൂടി ഇറക്കിയിരിക്കുന്ന ഫുള്‍ഫ്രെയിം ക്യാമറ സോണിയുടെ 61 എംപി സെന്‍സറുള്ള എ7 ആര്‍4 ആണ്. ഫുള്‍ഫ്രെയിം ക്യാമറയുടെ പകുതി പ്രതലവലുപ്പമുളള സെന്‍സറാണ് എപിഎസ്-സി. അത്തരം സെന്‍സറിലാണ് ഫുജി 40.2 മെഗാപിക്‌സല്‍ നിറച്ചിരിക്കുന്നത്. സെന്‍സര്‍ സ്റ്റാക്ഡ് അല്ല എങ്കിലും പുതിയ എപിഎസ്-സി സെന്‍സറടങ്ങുന്ന ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഫൂജിഫിലിം എക്‌സ്-എച്2 എന്നു പേരിട്ടിരിക്കുന്ന പുതിയ ക്യാമറയെ അവഗണിക്കാനാവില്ല.

 

∙ എക്‌സ്-ട്രാന്‍സ് സെന്‍സര്‍; 160 എംപി ചിത്രവും പകര്‍ത്താം

 

ഫൂജിയുടെ ഏറ്റവും പുതിയ എക്‌സ്-ട്രാന്‍സ് സിമോസ് എച്ആര്‍ സെന്‍സറും ഇതിനൊപ്പം കമ്പനിയുടെ ശക്തിയേറിയ എസ്‌ക്-പ്രോസസര്‍ 5ഉം ആണ് ക്യാമറയ്ക്കുള്ളിലെ കരുത്ത്. ക്യാമറയ്ക്കുള്ളില്‍ തന്നെ 8കെ/ 30പി പ്രോറെസ് വിഡിയോ റെക്കോഡു ചെയ്യണമെങ്കില്‍ കരുത്തു കുറച്ചൊന്നും പോരല്ലോ. പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി-ഷോട്ട് മോഡും ഉണ്ട് ക്യാമറയ്ക്ക്. ഇത് ഉപയോഗിച്ച് 160 എംപി ഫയല്‍ സൃഷ്ടിക്കാം. 

 

ഇരുപതു ഷോട്ടുകള്‍ യോജിപ്പിച്ചാണ് ഇത്ര വലിയ ഡിഎന്‍ജി ഫയല്‍ സൃഷ്ടിക്കുന്നത്. പക്ഷേ, ഇത് ക്യാമറയ്ക്കുള്ളില്‍ അല്ല. കൂടാതെ, 160 എംപി ഹൈ-റെസലൂഷന്‍ ഷോട്ട് ട്രൈപ്പോഡില്‍ ക്യാമറ ഉറപ്പിച്ച ശേഷം മാത്രം എടുക്കേണ്ടതാണ്. ചിത്രത്തില്‍ അനങ്ങുന്ന ഭാഗങ്ങള്‍ (ഉദാഹരണത്തിന് കാറ്റുലയ്ക്കുന്ന മരച്ചില്ല, അനങ്ങുന്ന പുല്ല്, ആളുകള്‍ നടക്കുന്നത്) ഉണ്ടെങ്കില്‍ അത് അത്ര നന്നാകുകയുമില്ല.

 

∙ ഇലക്ട്രോണിക് ഷട്ടര്‍ സ്പീഡ് 1/180,000 വരെ

 

ഫൂജിഫിലിം എക്‌സ്-എച്2 ക്യാമറയ്ക്ക് ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡിന്റെ 180,000 അംശം സമയത്തിനുള്ളില്‍ വരെ ഫൊട്ടോ പകര്‍ത്താന്‍ സാധിക്കും. മെക്കാനിക്കല്‍ ഷട്ടറിന് 1/8000 സെക്കന്‍ഡ് വരെയാണ് സ്പീഡ്. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ച് സെക്കന്‍ഡില്‍ 15 ഫ്രെയിമും, ഇലക്ട്രോണിക് ഷട്ടറില്‍ 1.29 എക്‌സ് ക്രോപും നടത്തി സെക്കന്‍ഡില്‍ 20 ഫ്രെയിമും ആണ് ഷൂട്ടിങ് സ്പീഡ്. മെക്കാനിക്കല്‍ ഷട്ടറിന് 500,000 ഷോട്ട് വരെയാണ് കമ്പനി ലൈഫ് പറയുന്നത്. ഒരു സിഎഫ്എക്‌സ്പ്രസ് ടൈപ് ബി കാര്‍ഡ്, ഒരു യുഎച്എസ്-II എസ്ഡികാര്‍ഡ് എന്നിവ ക്യാമറ സ്വീകരിക്കും.

 

ഫുള്‍ സൈസ്ഡ് എച്ഡിഎംഐ പോര്‍ട്ടും ഉണ്ട്. മികച്ച ബാറ്ററി ലൈഫ് ആണ്. ഒറ്റതവണ മുഴുവന്‍ ചാര്‍ജ് ചെയ്താൽ 680 ഫൊട്ടോകള്‍ പകര്‍ത്താന്‍ സാധിക്കും. ബാറ്ററി ഗ്രിപ് ഉപയോഗിച്ചാല്‍ കൂടുതല്‍ നേരം ക്യാമറ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ദീര്‍ഘനേരം വിഡിയോ റെക്കോഡു ചെയ്യേണ്ടവര്‍ക്ക് ക്യാമറയില്‍ പിടിപ്പിക്കാവുന്ന കൂളിങ് ഫാനും (FAN-001) ഉണ്ട്.

 

ഫൂജിഫിലിം എക്‌സ്-എച്2 ബോഡിക്ക് 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ ആണുള്ളത്. ട്രൈപ്പോഡിലും മറ്റും വയ്ക്കാതെ ക്യാമറ കൈയ്യില്‍ വച്ച് ഫൊട്ടോ എടുക്കുമ്പോള്‍ ഇത് പ്രയോജനപ്പെടും.

 

സോണി, ക്യാനന്‍, നിക്കോണ്‍ കമ്പനികളുടെ ഓട്ടോഫോക്കസിന്റെയത്ര മികവുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും എഎഫും നിരാശപ്പെടുത്തിയേക്കില്ല എന്നാണ് സൂചനകള്‍. കൂടാതെ, ചെറിയ കുറവുകള്‍ ഉണ്ടെങ്കില്‍ തന്നെ അവ ഫേംവെയറുകള്‍ നല്‍കി പരിഹരിക്കാനുള്ള സാധ്യതയും ഉണ്ട്. സോണിയുടെ എപിഎസ്-സിബോഡികള്‍ പരിഗണിച്ചാല്‍ താരതമ്യേന വലുപ്പം തോന്നുന്നു എങ്കിലും ഫൂജിയുടെ എഫ്2 ലെന്‍സുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ വലുപ്പം കുറച്ചു നിർത്താനാകുമെന്ന് നിരീക്ഷണമുണ്ട്.

 

∙ വിഡിയോ റെക്കോഡിങ് കരുത്തും അപാരം

 

ഹൈ-റെസലൂഷന്‍ സ്റ്റില്‍ ഫൊട്ടോകള്‍ പോരെങ്കില്‍ സെന്‍സറിലെ 40 മെഗാപിക്‌സലും പ്രയോജനപ്പെടുത്തി റെക്കോഡു ചെയ്യുന്ന 8കെ വിഡിയോ ഉണ്ട്. അത്ര റെസലൂഷനുള്ള വിഡിയോ വേണ്ടെന്നുള്ളവര്‍ക്ക് 6.2 കെ മോഡും ഉണ്ട്. ക്യാമറയ്ക്കുള്ളില്‍ റെക്കോഡു ചെയ്യാന്‍ സാധിക്കില്ലെങ്കിലും 8കെ റോ വിഡിയോ എക്‌സ്‌റ്റേണൽ വിഡിയോ റെക്കോര്‍ഡറുകളായി അറ്റ്മോസ് നിന്‍ജാ വിപ്ലസ് പോലെയുള്ള റെക്കോര്‍ഡറുകളിലേക്ക് റെക്കോഡു ചെയ്യാം. വിഡിയോയില്‍ റോളിങ് ഷട്ടര്‍ പ്രശ്‌നം കാണാമെന്നുള്ളതാണ് ഏറ്റവും വലിയ കുറവായി പറയുന്നത്.

 

∙ എന്തു തരം ഫൊട്ടോഗ്രാഫര്‍മാരാണ് ഫൂജിഫിലിം ക്യാമറകള്‍ പരിഗണിക്കേണ്ടത്?

 

ക്യാനന്‍, നിക്കോണ്‍, സോണി തുടങ്ങിയ നിര്‍മാതാക്കളുടെ ക്യാമറകളില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ ലഭിക്കും, പ്രത്യേകിച്ചും ധാരാളം സമയം പോസ്റ്റ് പ്രൊസസിങ്ങിനായി ചെലവിട്ടാല്‍. അതേസമയം, പോസ്റ്റ് പ്രൊസിങ്ങിനായി അധിക സമയമൊന്നും ചെലവിടാനില്ല, എന്നാല്‍ മികച്ച ചിത്രങ്ങള്‍തന്നെ വേണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ക്യാമറകള്‍ ഇറക്കുന്ന കമ്പനിയാണ് ഫൂജി.

 

അതേസമയം, ഫൂജിയില്‍ നിന്നു ലഭിക്കുന്ന പ്രീ-സെറ്റ് ഫൊട്ടോകള്‍ ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഫൂജിഫിലിം എക്‌സ്-എച്2 പോലെയുള്ള തങ്ങളുടെ എപിഎസ്-സി ക്യാമറകളുടെ നിര്‍മാണത്തിന് കമ്പനി സ്വന്തം സെന്‍സറായ എക്‌സ്-ട്രാന്‍സ് ഉപയോഗിച്ചും കൂടാതെ, സോണിയുടെ സെന്‍സര്‍ ഉപയോഗിച്ചും ക്യാമറകള്‍ നിര്‍മിക്കുന്നു. പോസ്റ്റ് പ്രോസസിങ് നടത്തി പ്രതീക്ഷിക്കുന്ന മികവ് ലഭിക്കാതെ മടുത്ത പലരും ഫൂജിഫിലിം ക്യാമറകളില്‍ അഭയം പ്രാപിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണാം.

 

പക്ഷേ, ഇന്നത്തെ ഏതു ക്യാമറയ്ക്കും മികച്ച ചിത്രങ്ങള്‍ എടുക്കാനാകുമെന്നും ബ്രാന്‍ഡിനേക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അത് ഫൊട്ടോഗ്രാഫറുടെ കഴിവു കുറവു മാത്രമാണെന്നും പറയുന്നവരുണ്ട്. എന്തായാലും, ഇന്ന് വാങ്ങാനാകുന്ന ഏറ്റവും മികച്ച എപിഎസ്-സി ക്യാമറകള്‍ക്കൊപ്പം ഫൂജിഫിലിം എക്‌സ്-എച്2 ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ക്യാമറയുടെ, 8കെ വിഡിയോ ഷൂട്ടിങ് ശേഷി, 40എംപി സെന്‍സര്‍ തുടങ്ങിയവ എതിരാളികളുടെ ക്യാമറകളില്‍ ഇപ്പോള്‍ ലഭ്യവുമല്ല. (അതിവേഗ ഷൂട്ടിങ്ങില്‍ തത്പരനാണെങ്കില്‍ പരിഗണിക്കേണ്ട ഫൂജിഫിലിം ക്യാമറ എക്‌സ്-എച്2എസ് ആണ്. ആ ക്യാമറയ്ക്ക് 26 എംപി സെന്‍സറാണ് ഉള്ളത്.

 

∙ വില 

 

എക്‌സ്-എച്2 ക്യാമറയുടെ ബോഡിക്കു മാത്രം വില 1999 ഡോളറാണ്. അതേസമയം, എക്‌സ്എഫ് 16-80എംഎം എഫ്4 ആര്‍ ഒഐഎസ് ഡബ്ല്യുആര്‍ കിറ്റ് ലെന്‍സിനൊപ്പം വാങ്ങിയാല്‍ വില 2,500 ഡോളറാകും.

 

English Summary: Fujifilm’s new X-H2 flagship mirrorless camera sports a 40MP sensor and shoots 8K video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT