ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ക്യാമറയ്‌ക്കൊപ്പം ഒരു ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറയുടെ ലെന്‍സ് കൂടി ഉപയോഗിക്കാനായാലോ? അത്തരമൊരു സങ്കല്‍പമാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമി 12എസ് അള്‍ട്രാ ഫോണിനൊപ്പം വികസിപ്പിച്ചെടുത്തത്. ഇതിനായി ഷഓമിയോട് സഹകരിച്ചത് ജര്‍മന്‍ ക്യാമറാ നിര്‍മാണ കമ്പനിയായ ലൈക്കയാണ്. 12 എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണില്‍ സവിശേഷമായ പിന്‍ ക്യാമറാ സംവിധാനമാണ് ഷഓമി ഒരുക്കിയിരിക്കുന്നത്. കമ്പനി പുറത്തിറക്കിയ 12 എസ് അള്‍ട്രാ മോഡലിലും ഇത് തല്‍ക്ഷണം ഫൊട്ടോഗ്രഫി പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, വൃത്താകൃതിയിലുള്ള ക്യാമറാ സംവിധാനത്തിന് ചില പ്രത്യേക ഉദ്ദേശങ്ങളും ഉണ്ടായിരുന്നുവെന്ന് ടെക് ലോകം അറിയുന്നത് ഇപ്പോഴാണ്. (ഷഓമിയുടെ 12എസ് അള്‍ട്രാ, 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണുകള്‍ തമ്മിലുള്ള വ്യത്യാസം താഴെ വായിക്കാം.) പുറത്തിറക്കാത്ത, എന്നാല്‍ പ്രവര്‍ത്തനസജ്ജമായ 12എസ് അള്‍ട്രായെക്കുറിച്ച് ഷഓമി പുറത്തുവിട്ട വിഡിയോ ഇവിടെ കാണാം https://bit.ly/3UkvDUM

 

∙ വന്‍ സന്നാഹത്തോടെ പുറത്തിറക്കിയ ക്യാമറ

 

ഇതുവരെ കണ്ടിരിക്കുന്ന സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫി പരീക്ഷണങ്ങളില്‍ ഏറ്റവും മികവുറ്റവയില്‍ ഒന്നാണ് ഷഓമി-ലൈക്ക സഹകരണത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. ഷഓമിയുടെ 12എസ് അള്‍ട്രായില്‍, സോണി വികസിപ്പിച്ച 50.3 എംപി ടൈപ് എ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പമുള്ള എഫ്1.8 ലെന്‍സിന് 23 എംഎം ഫോക്കല്‍ ലെങ്തും ഉണ്ട്. കൂടാതെ, ലൈക്കയുടെ കളര്‍ പ്രോസസിങ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രധാന ക്യാമറയ്‌ക്കൊപ്പം ഒരു 13 എംഎം അള്‍ട്രാ-വൈഡ് ലെന്‍സും 120 എംഎം ടെലിഫോട്ടോ ലെന്‍സുമുണ്ട് ഫോണിന്.

 

∙ വര്‍ത്തുളാകൃതിക്കു പിന്നില്‍

 

ഇവയെ ചതുരാകൃതിയില്‍ പിടിപ്പിക്കുകയും എന്നാല്‍ അതിനെ ചുറ്റി വൃത്താകൃതിയില്‍ ഒരു സംവിധാനവും ഉണ്ട്. ഈ വൃത്താകൃതി സത്യത്തില്‍ ലെന്‍സ് മാറ്റാവുന്ന ക്യാമറകളിലെ മൗണ്ടിനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. അത് യാദൃശ്ചികമല്ല. മറിച്ച് ഷഓമിയും ലൈക്കയും മറ്റു ലെന്‍സുകള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണ് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്.

 

∙ ഫോണ്‍ ക്യാമറാ സങ്കല്‍പം അല്ലെങ്കില്‍ കണ്‍സെപ്റ്റ്

 

12എസ് അള്‍ട്രായ്ക്ക് ഒപ്പം വികസിപ്പിച്ച മറ്റൊരു ഫോണാണ് 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണ്‍ എന്നാണ് ഷഓമി ഇപ്പോള്‍ വെളിപ്പെടുത്തിയത്. കണ്‍സെപ്റ്റ് ഉപകരണങ്ങള്‍ പുതിയ സാധ്യതകള്‍ ആരായാന്‍ വികസിപ്പിക്കുന്നവയാണ്. ഷഓമിയുടെ 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണ്‍ കമ്പനിക്കുള്ളില്‍ ലഭ്യമാണ്. ഈ കണ്‍സെപ്റ്റ് ഫോണിന്റെ മധ്യത്തില്‍ ക്യാമറാ സെന്‍സര്‍ പുറത്ത് കാണാം. എന്നാല്‍, പുറത്തിറക്കിയ 12 എസ് അള്‍ട്രായില്‍ ഇതിനു മുകളില്‍ ലെന്‍സ് പിടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഒരു വ്യത്യാസം.

 

∙ ലൈക്ക എം മൗണ്ട്

 

അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ ലൈക്കയുടെ എം മൗണ്ട് ലെന്‍സുകള്‍ പിടിപ്പിക്കാവുന്ന രീതിയിലാണ് 12 എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണ്‍ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുമാത്രമല്ല 12എസ് അള്‍ട്രായും 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് മോഡലും തമ്മിലുള്ള വ്യത്യാസം. കണ്‍സെപ്റ്റ് ഫോണില്‍ രണ്ടാമതൊരു 50.3 ടൈപ് എ (13.1 x 8.9 എംഎം) സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. വില്‍പനയ്‌ക്കെത്തിയ 12എസ് അള്‍ട്രായിലെ 48 എംപി ടെലിഫോട്ടോ ക്യാമറയ്ക്കു പിന്നിലാണ് കണ്‍സെപ്റ്റ് ഫോണിലെ രണ്ടാമത്തെ 50.3 എംപി ക്യാമറ ഇടംപിടിച്ചിരിക്കുന്നത്. ഈ സെന്‍സറിനു മുകളില്‍ കൺസെപ്റ്റ് ഫോണില്‍ ലെന്‍സും പിടിപ്പിച്ചിട്ടുണ്ട്.

 

∙ ലെന്‍സ് നേരിട്ടു പിടിപ്പിക്കാനാവില്ല

 

സ്മാര്‍ട് ഫോണില്‍ ലൈക്കാ ലെന്‍സ് നേരിട്ടു പിടിപ്പിക്കാനാവില്ല. മറിച്ച് അതിനൊരു അഡാപ്റ്റര്‍ കൂടി വേണം. ഇതെല്ലാം മൊത്തത്തില്‍ ഫോണിന്റെ വലുപ്പം വര്‍ധിപ്പിക്കും. എന്നാല്‍, ക്യാമറാ സംവിധാനം ഉപയോഗിക്കാത്തപ്പോള്‍ കണ്‍സെപ്റ്റ് ഫോണും സാധാരണ 12എസ് അള്‍ട്രായെ പോലെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

 

∙ 2.73 മടങ്ങ് ക്രോപ്

 

ഷഓമി പുറത്തുവിട്ട ചിത്രങ്ങളില്‍ കണ്‍സെപ്റ്റ് ഫോണിനൊപ്പം ഒരു ലൈക്ക 35എംഎം എഫ് 1.4 ലെന്‍സ് ആണ് കാണിച്ചിരിക്കുന്നത്. ഇത് ഫോണില്‍ അഡാപ്റ്റര്‍ ഉപയോഗിച്ചു പിടിപ്പിച്ചാല്‍ അതൊരു 95എംഎം ഫുള്‍ ഫ്രെയിം ഫോക്കല്‍ ലെങ്ത് ലെന്‍സായി മാറും. എന്നുപറഞ്ഞാല്‍ ഇതിനൊരു 2.73 മടങ്ങ് ക്രോപ് ഫാക്ടര്‍ വരും. മികച്ച പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ പകര്‍ത്താന്‍ ഇത് ഉപകരിക്കും. 

 

∙ ഇതു പുതിയതല്ല

 

സ്മാര്‍ട് ഫോണിന്റെ ക്യാമറയ്‌ക്കൊപ്പം മറ്റൊരു ലെന്‍സ് ഉപയോഗിക്കുക എന്ന ആശയം ഒട്ടും പുതിയതല്ല. മോമെന്റ്, ഷിഫ്റ്റ്ക്യാം, സ്‌മോള്‍റിഗ് തുടങ്ങിയ കമ്പനികള്‍ ഇത്തരം ആക്‌സസറികള്‍ നേരത്തേ ഇറക്കിയിരുന്നു. എന്നാല്‍, ഫോണില്‍ നിന്നു കിട്ടുന്ന ഫോട്ടോകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഷഓമി-ലൈക്കയുടെ പുതിയ സങ്കല്‍പം മുകളില്‍ പറഞ്ഞ കമ്പനികളെ അനായാസം കടത്തിവെട്ടും. കാരണം, ലൈക്ക ലെന്‍സുകള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചെടുത്തതാണ് 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണ്‍. ഇത്തരം ഫോണുകളെ മോഡ്യുലര്‍ എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്. എന്നു പറഞ്ഞാല്‍ കൂടുതല്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാനാകുന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഉപകരണങ്ങള്‍. 

 

∙ മുൻപ് കാണാത്ത ഗുണനിലവാരം

 

വെളിയിൽ കാണാവുന്ന സെന്‍സറിനു പുറത്ത് സംരക്ഷണ ലെയറായി പ്രവര്‍ത്തിക്കുന്ന ഗ്ലാസ് മാത്രമാണ് സെന്‍സറിനും ലൈക്കാ ക്യാമറാ ലെന്‍സിനും ഇടയിലുള്ളത് എന്നതാണ് ഈ മികവിനു പിന്നില്‍. നാളിതുവരെ സ്മാര്‍ട് ഫോണുകളില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഫോട്ടോകളേക്കാള്‍ മികവ് ഈ സംവിധാനം വഴി ലഭിച്ചേക്കും. ഷഓമിയുടെ പ്രോഡക്ട് മാര്‍ക്കറ്റിങ് മേധാവി അബി ഗോ കണ്‍സെപ്റ്റ് ഫോണിന്റെ ചിത്രങ്ങളും അതില്‍ പകർത്തിയ ഫോട്ടോകളും പങ്കുവച്ചിട്ടുമുണ്ട്. കണ്‍സെപ്റ്റ് ഫോണിന്റെ ചിത്രങ്ങള്‍ ഈ ലിങ്കില്‍ കാണാം: https://bit.ly/3UsVvha ഫോണിലെടുത്ത ഫോട്ടോകള്‍ ഈ ലിങ്കിലും ലഭ്യമാണ്: https://bit.ly/3t0aX8F

 

∙ മറ്റനവധി ഫൊട്ടോഗ്ര‌ഫി ഫീച്ചറുകളും

 

ലൈക്ക കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് 10-ബിറ്റ് റോ ഫോട്ടോകളും ഫോണിന് എടുക്കാനാകും. സകലരും ഇഷ്ടപ്പെടുന്ന ലൈക്ക കളര്‍ സയന്‍സ് ഇതില്‍ വ്യക്തമായി കാണാം. ലൈക്ക എം-മൗണ്ട് ലെന്‍സ് ഉപയോഗിച്ച് പടമെടുക്കുമ്പോള്‍ മികവാര്‍ന്ന റോ ഫോട്ടോകള്‍ കിട്ടും. ഇതിനു പുറമെ ഫോക്കസ് പീക്കിങ്, സീബ്രാ ലൈന്‍സ്, ലൈവ് ഹിസ്റ്റോഗ്രാം തുടങ്ങി നിരവധി ഫീച്ചറുകളും കണ്‍സെപ്റ്റ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

∙ ഒരു ഫോണ്‍ ഉണ്ടാക്കാല്‍ ചെലവിട്ടത് 40,000 ഡോളര്‍

 

ഈ സങ്കല്‍പം യാഥാര്‍ഥ്യമാക്കാനായി ഷഓമി ഉണ്ടാക്കിയത് കേവലം 10 ഫോണുകളാണ്. എന്നാല്‍, ഇവയ്ക്ക് ഓരോന്നിനും കമ്പനിക്ക് 40,000 ഡോളര്‍ ചെലവായി എന്നാണ് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫോണ്‍ വന്‍തോതില്‍ നിര്‍മിച്ചാല്‍ ചെലവ് കുറയും. എന്നാല്‍, ഇതിന് കമ്പനി മുതിര്‍ന്നേക്കില്ലെന്നാണ് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

∙ പരിമിതികള്‍

 

നിലവിലുള്ള സ്മാര്‍ട് ഫോണ്‍ ക്യാമറകളേക്കാള്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഷഓമി 12എസ് അള്‍ട്രാ കണ്‍സെപ്റ്റ് ഫോണിനു സാധിച്ചേക്കും. എന്നാല്‍, ഇതിന് നിരവധി പരിമിതികളും ഉണ്ട്. ഒരു സ്മാര്‍ട് ഫോണ്‍ പോക്കറ്റില്‍ നിന്നോ ബാഗില്‍ നിന്നോ വലിച്ചെടുത്ത് ഒരു ഫോട്ടോ എടുക്കാന്‍ സാധിക്കുന്നതു പോലെ എളുപ്പം ഉപയോഗിക്കാനാവില്ലെന്നതു തന്നെ. ഇത് ശരാശരി സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാം. ഒപ്പം ലെന്‍സും അഡാപ്റ്ററുമൊക്കെ കൊണ്ടു നടക്കണമെങ്കില്‍ ബാഗും മറ്റും വേണ്ടിവരും. അപ്പോള്‍ പിന്നെ ഒരു ക്യാമറ തന്നെ കൊണ്ടു നടന്നാല്‍ പോരെ എന്നു ചോദിക്കുന്നവരും ഉണ്ട്. കൂടാതെ, ലെന്‍സിന് ഓട്ടോഫോക്കസ് ഇല്ലാത്തതിനാല്‍ മാനുവലായി ഫോക്കസ് ചെയ്യേണ്ടതായി വരും. ഇതിനൊക്കെ ആര്‍ക്ക് താത്പര്യമുണ്ടാകും?

 

∙ ലൈക്ക ലെന്‍സുകള്‍

 

ലോകത്തെ ഏറ്റവുമധികം വിലയുള്ള ലെന്‍സുകള്‍ നിര്‍മിക്കുന്ന കമ്പനികളിലൊന്നാണ് ലൈക്ക. കമ്പനിയുടെ ലെന്‍സുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പോക്കറ്റ് കാലിയാകും. (അതേസമയം ടിടിആര്‍ട്ടിസാന്‍സ്, 7ആര്‍ട്ടിസാന്‍സ് തുടങ്ങിയ തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാക്കള്‍ വളരെയധികം വില കുറച്ച് ലൈക്ക മൗണ്ടിനു വേണ്ടി ലെന്‍സുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല.) കൂടാതെ, ഫോണിനൊപ്പം ഒരു ഗ്രിപ്പും കൂടി പുറത്തിറക്കിയില്ലെങ്കില്‍ ഇതെങ്ങനെ ബാലന്‍സ് ചെയ്യും തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു.

 

∙ എന്തുകൊണ്ട് ക്യാനന്‍ മൗണ്ടില്ല?

 

ലൈക്ക പണക്കാര്‍ക്കു മാത്രം വാങ്ങാവുന്ന ക്യാമറകള്‍ നിര്‍മിക്കുന്ന കമ്പനിയാണ്. എന്നാല്‍, താരതമ്യേന വില കുറഞ്ഞ ക്യാമറകളും ലെന്‍സുകളും ഇറക്കുന്ന ക്യാനന്‍, നിക്കോണ്‍, സോണി തുടങ്ങിയ കമ്പനികളുടെ ലെന്‍സുകള്‍ പിടിപ്പിക്കാന്‍ സാധിക്കുന്ന ഫോണുകള്‍ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ലെന്ന് ചോദിക്കുന്നവരും ഉണ്ടാകും. ഉത്തരം വ്യക്തമാണ് - ലൈക്കയും ഷഓമിയും ചേര്‍ന്നാണ് ഇത് വകസിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു സങ്കല്‍പം യാഥാര്‍ഥ്യമാക്കിയിരിക്കുന്നതാണ്. മറ്റു ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് വേറെ ക്യാമറാ നിര്‍മാതാക്കളുമായി സഹകരിച്ച് ഇത്തരം ഫോണുകള്‍ നിർമിക്കുന്ന കാര്യം പരിഗണിക്കാം.

 

∙ അവസാന വാക്ക്

 

ഷഓമി 12എസ് അള്‍ട്രാ ഒരിക്കലും വില്‍പനയ്ക്ക് എത്തിയേക്കില്ല. എന്നാല്‍, ഫോണ്‍ ക്യാമറ കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ അധികമായി ചെയ്യാനാകുമെന്ന കാര്യത്തിലേക്ക് ഈ സങ്കല്‍പം വിരല്‍ ചൂണ്ടുന്നു. അതൊന്നും പോരെങ്കില്‍ ഷഓമി-ലൈക്ക സഹകരണത്തില്‍ ഇതിനേക്കാള്‍ മികച്ച സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമായേക്കാമെന്ന സാധ്യത പോലും ടെക്‌നോളജി പ്രേമികളെ ആവേശംകൊള്ളിച്ചേക്കും. നാളിതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വിജയിച്ച മോഡ്യുലര്‍ സ്മാര്‍ട് ഫോണ്‍ ക്യാമറയാണിതെന്ന് വിദഗ്ധര്‍ വിധിയെഴുതുന്നു.

 

English Summary: Xiaomi 12S Ultra Concept gets the ‘modular phone camera’ right

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com