ADVERTISEMENT

സൗദി അറേബ്യയ്ക്ക് എതിരായ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയുടെ ലൗതാരോ മാർട്ടിനസ് 27ാം മിനിറ്റിൽ നേടിയ ഗോളിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സിസ്റ്റം വഴി മാർ‍ട്ടിനസിന്റെ ഗോൾ നിരസിച്ചു. ഖത്തർ ലോകകപ്പിലെ ആദ്യ കളിയിൽ 3ാം മിനിറ്റിൽ ഖത്തറിനെതിരെ ഇക്വഡോറിന്റെ എന്നർ വലൻസിയയുടെ ഗോളും ‘വാർ’ ഇടപെട്ടു പിൻവലിച്ചു.

 

വാർ ടെക്നോളജിക്കു വേണ്ടി മാത്രമല്ല, ലോകത്തെ അനേക കോടി കാഴ്ചക്കാരിലേക്കു ലോകകപ്പ് എത്തിക്കുന്നതിനു വൻ സംവിധാനമാണു ഫിഫ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഡിയത്തിലും 42 ക്യാമറകൾ ഇതിനായി പണിയെടുക്കുന്നു. ഇതിനു പുറമേയാണ് ഓഫ്‍ലൈൻ ടെക്നോളജി, വാർ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ക്യാമറകൾ. 4കെ റെസല്യൂഷനിൽ എച്ച്ഡിആർ ടെക്നോളജിയിൽ ആണു കളികൾ ചിത്രീകരിക്കുക. 5.1 സറൗണ്ട് സൗണ്ട് സിസ്റ്റത്തിലാണ് ശബ്ദസംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി 8 ക്യാപ്സൂൾ മൈക്രോഫോൺ ശ്രേണി, കാണികൾക്ക് അടുത്തായി സ്ഥാപിച്ച ത്രീഡി മൈക്രോഫോൺ ശ്രേണി തുടങ്ങിയവ ഉപയോഗിക്കുന്നു. ഫ്രാങ്കോയിസ് ലനൗഡ്, ഗ്രാന്റ് ഫിലിപ്സ്, ജാമി ഓക്ഫോർഡ്, ലോറന്റ് ലചന്ദ്, സാറാ ചീഡ്ൽ, സെബാസ്റ്റ്യൻ വോൺ ഫ്രെബെർഗ് എന്നീ സംവിധായകരാണ് സംപ്രേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. ഏകദേശം 2,500 പേരടങ്ങുന്ന സംഘം ഇവർക്കു കീഴിൽ അണിനിരക്കുന്നു.

 

∙ ‘വാർ’ക്കാഴ്ച

 

സ്‌റ്റേഡിയത്തിന്റെ മേൽക്കൂരയ്‌ക്കു താഴെ ഘടിപ്പിച്ചിരിക്കുന്ന 14 ഹൈ സ്പീഡ് ക്യാമറകളാണ് പന്ത് പൂർണമായി അതിർത്തി കടന്നിട്ടുണ്ടോ എന്നറിയാൻ (ഗോൾ ലൈൻ ടെക്നോളജി) ഉപയോഗിക്കുന്നത്. ഒരു സെക്കൻഡിനുള്ളിൽ ഇവ വിവരങ്ങൾ കൈമാറും. മാച്ച് ഒഫിഷ്യൽസിന് അവരുടെ വാച്ചുകളിൽ സിഗ്‌നൽ ലഭിക്കും. വിഡിയോ അസിസ്റ്റന്റ് റഫറീസ് ടീമിനു 42 ബ്രോഡ്കാസ്റ്റ് ക്യാമറകളിലേക്കും ആക്‌സസ് ഉണ്ട്.

 

∙ കാഴ്ച ‘ഓഫാ’കില്ല

 

സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്‌ക്കു താഴെ ഘടിപ്പിച്ചിരിക്കുന്ന 12 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാക്കിങ് ക്യാമറകളിൽ ഓരോ കളിക്കാരന്റെയും 29 ഡേറ്റാ പോയിന്റുകൾ വരെ പതിയും. സെക്കൻഡിൽ 50 ഫ്രെയിം സ്പീഡിൽ പതിയുന്ന ഈ ദൃശ്യങ്ങളിൽ നിന്നു കളിക്കാരുടെ കൃത്യമായ സ്ഥാനം കണക്കാക്കാം. കളിക്കാരന്റെ ശരീരഭാഗങ്ങളുടെയും ബോൾ ട്രാക്കിങ് ഡേറ്റയും സംയോജിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിഡിയോ ഓപ്പറേഷൻ റൂമിലെ ഉദ്യോഗസ്ഥർക്ക് ഓട്ടമേറ്റഡ് ഓഫ്‌സൈഡ് അലർട്ട് കിട്ടും. ക്യാമറകളിൽ നിന്നുള്ള ഈ വിവരങ്ങൾ ഉദ്യോഗസ്ഥർ ഒന്നുകൂടി വിലയിരുത്തിയ ശേഷം റഫറിയെ അറിയിക്കും. റഫറി തീരുമാനം സ്ഥിരീകരിച്ചതിന് ശേഷം, ഡേറ്റാ പോയിന്റുകൾ ഒരു ത്രീഡി ആനിമേഷനായി സ്റ്റേഡിയത്തിലെ സ്ക്രീനിലും ടിവിയിലും കാണിക്കും.

 

(പ്രഫഷനൽ ഫൊട്ടോഗ്രഫറാണു ലേഖകൻ)

 

English Summary: How does VAR work at the World Cup?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com