വിപണിയിലെ ഏറ്റവും മികച്ച 2 ക്യാമറാ ഫോണുകളെ പരിചയപ്പെടാം

google-pixel-7-pro
Photo: Google
SHARE

ശാസ്ത്രീയമായി ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും പ്രകടനം അപഗ്രഥിച്ച് മാര്‍ക്കിടുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രഞ്ച് സ്ഥാപനമായ ഡിഎക്‌സഓമാര്‍ക്കിന്റെ പുതിയ റാങ്കിങ്ങിന് വിലകല്‍പ്പിക്കാമെങ്കില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യമാറാഫോണ്‍ വാവെയ് മെയ്റ്റ് 50 പ്രോ ആണ്. അതേസമയം, ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച പ്രകടനം ലഭിക്കുന്ന ഫോണ്‍ ഗൂഗിള്‍ പിക്‌സല്‍ 7 പ്രോയും ആണ്. മൂന്നാം സ്ഥാനത്തുള്ളത് ഓണര്‍ മാജിക് 5 അള്‍ട്ടിമേറ്റ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 14, 14 പ്രോ മാക്‌സ് മോഡലുകള്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഇത്തവണത്തെ റാങ്കിങ്ങില്‍ വാവെയ്, ഓണര്‍ ഫോണുകള്‍ മാറ്റി നിർത്തി ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍ 14 പ്രോ മോഡലുകളുടെ ഗുണദോഷങ്ങള്‍ പരിശോധിക്കാം. 

∙ ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ

വര്‍ഷങ്ങളായി കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍, പ്രത്യേകിച്ചും രാത്രി ഫൊട്ടോഗ്രഫിയില്‍ മികവുപുലര്‍ത്തി വരികയായിരുന്നു ഗൂഗിളിന്റെ ഫോണുകള്‍. നൈറ്റ് ഫൊട്ടോഗ്രഫിയിലെ പല പരീക്ഷണങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് ഗൂഗിള്‍ എൻജിനീയര്‍മാരായിരുന്നു. സാറ്റാക്കിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാത്രിയില്‍ എടുക്കുന്ന ഫോട്ടോകളിലെ നോയിസ് കുറയ്ക്കാമെന്നു കണ്ടെത്തി മറ്റു കമ്പനികള്‍ക്കും വഴികാട്ടിയായത് ഗൂഗിള്‍ ആയിരുന്നു. എന്നാല്‍, നാളിതുവരെ കമ്പനിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല.

∙ എല്ലാ രീതിയിലും മികവെന്ന് ഡിഎക്‌സ്ഒ

ഈ വര്‍ഷത്തെ പിക്‌സല്‍ 7 പ്രോ മോഡലിന് എല്ലാ രീതിയിലുമുള്ള മികവാണ് ഉള്ളതെന്ന് ഡിഎക്‌സ്ഓമാര്‍ക്‌സ് വിധിയെഴുതുന്നു. കൂട്ടുകാരുടെയും വീട്ടുകാരുടെയും ഫോട്ടോയും വിഡിയോയും പകര്‍ത്തുമ്പോള്‍ ത്വക്കിന്റെ നിറം വളരെ സ്വാഭാവികതയോടെ ലഭിക്കുന്നു. സ്വാഭാവിക കോണ്‍ട്രാസ്റ്റും ലഭിക്കുന്നു. മികച്ച ഓട്ടോഫോക്കസ് ശേഷി വിഡിയോ, ഫോട്ടോ ഷൂട്ടുചെയ്യുമ്പോൾ പ്രകടിപ്പിക്കുന്നു. കൃത്യതയും ഫെയ്‌സ് ട്രാക്കിങും എടുത്തു പറയേണ്ടതാണ്.

∙ മികച്ച സൂമും

സൂം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സെല്‍ഫി ക്യാമറയും മികച്ച ഫോട്ടോയും വിഡിയോയും പകര്‍ത്തുന്നു. മുന്‍-പിന്‍ ക്യാമറകളുടെ വിഡിയോ സ്റ്റബിലൈസേഷന്‍ മികവുറ്റതാണ്. വിവിധ സാഹചര്യങ്ങളില്‍ മികച്ച ഡൈനമിക് റെയ്ഞ്ച് പ്രദര്‍ശിപ്പിക്കുന്നു. മികച്ച ഡെപ്ത് ഓഫ് ഫീല്‍ഡ് ഉള്ളതിനാല്‍ നിരവധി പേരെ ഉള്‍പ്പെടുത്തി സെല്‍ഫി പകര്‍ത്തുമ്പോഴും ആരും തന്നെ ഫോക്കസില്‍ വരാതിരിക്കുന്നില്ല. ഓഡിയോ സൂം ഫീച്ചറും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

∙ പരിമിതികള്‍

പ്രധാന ക്യാമറ ഉപയോഗിച്ച്  വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ പകര്‍ത്തുന്ന വിഡിയോയ്ക്ക് ഇരുളിമ ബാധിക്കുന്നു. അടുത്തുള്ള (അകലെയല്ല) വസ്തുക്കളിലേക്ക് സൂം ചെയ്ത് ഫോട്ടോ എടുക്കുമ്പോള്‍ വിശദാംശങ്ങള്‍ ചോരുന്നുവെന്ന തോന്നലുണ്ടാകുന്നു. നോയിസും പ്രകടമാണ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ പകര്‍ത്തുന്ന ഫോട്ടോകളില്‍ നോയിസ് വ്യക്തമാണ്. ഓഡിയോ റെക്കോഡിങ്ങില്‍ കാറ്റിന്റെ ശബ്ദം ഇല്ലായ്മ ചെയ്യുന്നതില്‍ വേണ്ട മികവു പുലര്‍ത്തുന്നില്ല. 

∙ ക്യാമറാ സ്‌പെസിഫിക്കേഷന്‍സ്

പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് ഉള്ളത്. ഇതൊരു 1/1.31-ഇഞ്ച് സെന്‍സറാണ്. അള്‍ട്രാ-വൈഡ് ക്യാമറയ്ക്ക് 12 എംപി റെസലൂഷന്‍ ഉണ്ട്. സെന്‍സറിന്റെ വലുപ്പം 1/2.86 ഇഞ്ച് ആണ്. ടെലി ലെന്‍സിന് 48 എംപി സെന്‍സര്‍ നല്‍കിയിരിക്കുന്നു. സെന്‍സര്‍ വലുപ്പം 1/2.55-ഇഞ്ച്. വിഡിയോ റെക്കോഡിങ് 4കെ 30/60 പി വരെ. ഫോട്ടോയുടെ കാര്യത്തില്‍ മാത്രമാണെങ്കില്‍ പിക്‌സല്‍ 7 പ്രോയ്ക്ക് 148 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

∙ ഐഫോണ്‍ 14 പ്രോ മാക്‌സ്

ഒരു കാലത്ത് ഫോണ്‍ ക്യാമറകളുടെ മികവിന്റെ അവസാന വാക്കായി അറിയപ്പെട്ടിരുന്ന ആപ്പിളിന്റെ ഐഫോണ്‍ തൊട്ടു മുന്‍ വര്‍ഷങ്ങളില്‍ അത്തരം ഒരു മികവു പുറത്തെടുത്തിരുന്നില്ല. എന്നാല്‍, ഐഫോണ്‍ 14 പ്രോ ഫോണുകളുടെ വരവോടെ ഐഫോണ്‍ വീണ്ടും ശ്രദ്ധയിലേക്ക് എത്തുകയാണ്. ഇത്തവണ ആഗോള റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഐഫോണ്‍ നില്‍ക്കുന്നത്. ഐഫോണ്‍ 14 പ്രോ മാക്‌സിന് ലഭിച്ചിരിക്കുന്നത് 143 പോയിന്റാണ്.

iphone-12-pro-max-camera

∙ മികവുകള്‍ ഇവ

ഫോട്ടോയിലും വിഡിയോയിലും നയനാനന്ദകരവും വര്‍ണോജ്വലവുമായ നിറം. കൂടാതെ ത്വക്കിന്റെ നിറം ശരിയായി പിടിച്ചെടുക്കുന്നു. ഫോട്ടോ ആയാലും വിഡിയോ ആയാലും ഫയലുകളുടെ ഡൈനമിക് റെയ്ഞ്ച് മികവുറ്റതാണ്. കോണ്‍ട്രാസ്റ്റും കേമം. വിശദാംശങ്ങള്‍ പകര്‍ത്തുന്നതിലും മികവ്. ഫോട്ടോയിലും വിഡിയോയിലും ഓട്ടോഫോക്കസ് പ്രകടനം പിഴവുറ്റത്. ബൊ-കെ പ്രഭാവം കൊള്ളാം. ഫോട്ടോ ആണെങ്കിലും വിഡിയോ ആണെങ്കിലും സൂം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വിഡിയോ സ്റ്റബിലൈസേഷന്‍ നിരാശപ്പെടുത്തില്ല.

∙ ന്യൂനതകള്‍

ആകാശം ഉള്‍പ്പെടുത്തുന്ന ഫോട്ടോകളില്‍ ചിലപ്പോഴെങ്കിലും വിശദാംശം ഇല്ലാതെ ആകാശം വെളുത്തുപോകുന്നു. കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ വച്ചു പകര്‍ത്തുന്ന ഫോട്ടോകളില്‍ ലൂമിനന്‍സ് നോയിസ് എന്ന ദൂഷ്യം കാണാം. സമ്മിശ്ര പ്രകാശമുള്ളിടത്ത് വൈറ്റ്ബാലന്‍സ് ചില അവസരങ്ങളില്‍ പാളുന്നു. ഫോട്ടോ ആയാലും വിഡിയോ ആയാലും ചിലപ്പോഴൊക്കെ ആളുകള്‍ക്കു ചുറ്റും ഒരു വൃത്തം തോന്നിപ്പിക്കുന്നു.

∙ ക്യാമറാ സ്‌പെസിഫിക്കേഷന്‍സ്

പ്രധാന ക്യമറയുടെ റെസലൂഷന്‍ 48 എംപി. എഫ് 1.78 അപര്‍ചര്‍. അള്‍ട്രാ-വൈഡ് 12 എംപി ക്യാമറ. എഫ് 2.2. ടെലി ലെന്‍സ് 12 എംപി ക്യാമറ. എഫ് 2.8. ഡോള്‍ബി വിഷന്‍ ഉള്‍പ്പെടെ എച്ഡിആര്‍ വിഡിയൊ റെക്കോഡിങ്. ഐഫോണ്‍ 13 പ്രോ, പ്രോ മാക്‌സ് എന്നിവ 141 പോയിന്റുമായി 7-ാം സ്ഥാനത്തുണ്ട്. അവയ്‌ക്കൊപ്പം ഷഓമി മി11 അള്‍ട്രായും അതേ സ്ഥാനത്തു തന്നെയുണ്ട്.  

അതേസമയം, അടുത്ത തലമുറയിലെ ഫോണുകള്‍ ഇറങ്ങിത്തുടങ്ങുന്ന സമയമാണിത്. ഷഓമി 13 സീരീസ്, അടുത്ത വര്‍ഷം ആദ്യം പ്രതീക്ഷിക്കുന്ന സാംസങ് ഗ്യാലക്‌സി എസ് 23 സീരിസ് തുടങ്ങിയവ ഒരു പക്ഷേ കരുത്തുറ്റ പ്രകടനം നടത്തുന്നവ ആയിരിക്കാം.

English Summary: Huawei Mate 50 Pro surpasses Google Pixel 7 Pro to take top spot on DxOMark’s list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS