സാംസങ്ങിന്റെ 200 എംപി ക്യാമറ ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ പുതിയ തരംഗം സൃഷ്ടിക്കുമോ - Samsung Galaxy S23 Ultra

Samsung Galaxy S23 Ultra launched with 200MP camera
സാംസങ് എസ്23 അൾട്രാ, Photo: Samsung
SHARE

പ്രീമിയം ഫോണുകളില്‍ മികച്ച ക്യാമറാ സിസ്റ്റം കൊണ്ടുവരുന്ന കാര്യത്തില്‍ കടുത്ത മത്സരമാണ് ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ തമ്മില്‍ നടക്കുന്നത്. സ്വന്തമായി സെന്‍സര്‍ അടക്കം നിര്‍മിക്കുന്ന കമ്പനിയാണ് സാംസങ്. തങ്ങളുടെ ക്യാമറാ സെന്‍സറുകള്‍ക്കായി സോണിയെ ആണ് ആശ്രയിക്കുന്നതെന്ന് ആപ്പിള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. (ലോകത്തെ ഏറ്റവും വലിയ ക്യാമറാ സെന്‍സര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് സോണി.)

∙ പുതിയ 200 എംപി സെന്‍സര്‍

ഗ്യാലക്‌സി എസ്23 അള്‍ട്രായില്‍ ഉപയോഗിച്ചിരിക്കുന്ന 200 എംപി സെന്‍സര്‍ സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്താണെന്നതു കൂടാതെ അത് ഇതുവരെ മറ്റൊരു ഫോണിലും ഉപയോഗിച്ചിട്ടില്ലെന്നുമാണ് സൂചന. ഐസോസെല്‍ എച്പി2 എന്നാണ് അതിന്റെ പേര്. ഇതില്‍ 200 ദശലക്ഷം 0.6-മൈക്രോമീറ്റര്‍ പിക്‌സലുകള്‍ 1/1.3-ഒപ്ടിക്കല്‍ ഫോര്‍മാറ്റില്‍ അടുക്കിയിരിക്കുകയാണ്. (സെന്‍സറിന്റെ വലുപ്പം കഴിഞ്ഞ വര്‍ഷത്തെ എസ്22നു നല്‍കിയിരുന്ന 108 എംപി ക്യാമറയുടേതിന് സമാനമാണ്.) ക്യാമറ ഫോണില്‍ നിന്നു പുറത്തേക്കു തള്ളി നില്‍ക്കാന്‍ സാംസങ്ങിന്റെ സെന്‍സര്‍ നിര്‍മാണം സഹായിച്ചിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

∙ ആധുനിക പിക്‌സല്‍ ബിനിങ് രീതി

പുതിയ 200 എംപി സെന്‍സറിനായി പുതിയൊരു പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ടെട്രാ പിക്‌സല്‍ എന്നാണ് വിളിക്കുന്നത്. ഫോട്ടോ എടുക്കുന്നിടത്തേക്ക് മാറിമാറി വന്നേക്കാവുന്ന പ്രകാശത്തിന്റെ അളവിനെ പരിഗണിച്ച് വളരെ ഷാര്‍പ്പായ ഫോട്ടോകള്‍ പകര്‍ത്താൻ ശേഷിയുള്ളതാണ് ഈ സെന്‍സർ എന്നാണ് കമ്പനിയുടെ അവകാശവാദം.

∙ സന്ദര്‍ഭോചിതമായി മാറാനുളള ശേഷി

ഈ സെന്‍സറിന് ഫോട്ടോ പകര്‍ത്തുന്ന സമയത്തെ സാഹചര്യത്തിന് അനുസരിച്ച് മാറാനുള്ള ശേഷി ഉണ്ടെന്ന് പറയുന്നു. ഉദാഹരണത്തിന് 200 എംപിക്കു പുറമെ, 50 എംപി 1.2-മൈക്രോമീറ്റര്‍, 12.5 എംപി 2.4 മൈക്രോമീറ്റര്‍ ഇമേജ് സെന്‍സറുകളെ പോലെ പ്രവര്‍ത്തിക്കാനും ഐസോസെല്‍ എച്പി2 സെന്‍സറിനു സാധിക്കുമെന്നു കമ്പനി പറയുന്നു. ഇതിനായി സമീപത്തുള്ള നാലു മുതല്‍ പന്ത്രണ്ടു വരെ പിക്‌സലുകളെ യോജിപ്പിച്ച് വലിയ ഒറ്റ പിക്‌സലാക്കുന്നു. ഇതുവഴി വെളിച്ചക്കുറവുള്ള സമയത്ത് എടുക്കുന്ന ഫോട്ടോകള്‍ക്കും മികവു വര്‍ധിപ്പിക്കാമെന്നാണ് കമ്പനി കരുതുന്നത്. കൂടാതെ, 50 എംപി സെന്‍സറായി മാറാനാകുന്നതിനാല്‍ വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ ക്രോപ് ചെയ്യേണ്ടിവരുന്നത് കുറയ്ക്കാനുമാകുന്നു എന്ന് സാംസങ് പറയുന്നു.

∙ മികവുറ്റ നൈറ്റ് ഫൊട്ടോഗ്രഫി മോഡ്

പ്രകാശം കുറഞ്ഞ സമയത്ത് എടുക്കുന്ന ഫോട്ടോകള്‍ മികവുറ്റതാക്കാന്‍ നൈറ്റ് മോഡിന് സാധിക്കുമെന്നു കമ്പനി പറയുന്നു. കൂടാതെ രാത്രി സമയത്ത് എടുക്കുന്ന പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ക്കു പോലും മികച്ച ബോ-കെ എഫക്ട് നല്‍കാനും കമ്പനി ശ്രമിച്ചിരിക്കുന്നു.

∙ വിഡിയോയ്ക്ക് മികച്ച സ്റ്റബിലൈസേഷന്‍

എസ്23 അള്‍ട്രായുടെ പ്രധാന മാറ്റങ്ങളിലൊന്ന് അതില്‍ വിഡിയോ ഷൂട്ടിങ് സ്‌റ്റെഡി‌യാക്കാനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റബിലൈസേഷന്‍ രീതിയാണ്. ഇതിനെ കമ്പനി അഡാപ്റ്റീവ് വിഡിസ് ( Adaptive VDIS) എന്നാണ് വിളിക്കുന്നത്. ഇതിന് 2എക്‌സ് വൈഡായ ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ആംഗിള്‍ ആണുള്ളത്.

∙ പുതിയ നോയിസ് റിഡക്‌ഷന്‍ സാങ്കേതികവിദ്യ

ഇതിനെല്ലാം പുറമെ, മുൻപ് കാണാത്ത തരത്തിലുള്ള നോയിസ് റിഡക്‌ഷന്‍ സാങ്കേതികവിദ്യയും എസ്23 അള്‍ട്രായില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിന്റെ പ്രഭാവം വിഡിയോയിലും ഫോട്ടോയിലും കാണാന്‍ സാധിച്ചേക്കും. വെളിച്ചക്കുറവുള്ളപ്പോഴും കൂടുതല്‍ ഷാര്‍പ് ആയ, വ്യക്തതയുള്ള ചിത്രങ്ങളും മറ്റും പകര്‍ത്താനായേക്കും.

∙ അസ്‌ട്രോ ഹൈപ്പര്‍ലാപ്‌സ്

രാത്രികാല വിഡിയോഗ്രാഫിയിലും ചില പുതുമകള്‍ കമ്പനി അവതരിപ്പിക്കുന്നു. അതിലൊന്ന് അസ്‌ട്രോ ഹൈപ്പര്‍ലാപ്‌സ് ആണ്. കൂടുതല്‍ ഉപകരണങ്ങളുടെ ആവശ്യമില്ലാതെ ഗ്യാലക്‌സി എസ്23 അള്‍ട്രാ മാത്രം ഉപയോഗിച്ച് അസ്‌ട്രോ ഹൈപ്പര്‍ലാപ്‌സ് ചിത്രീകരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

∙ 360-ഡിഗ്രി ഓഡിയോ റെക്കോർഡിങ്

ഗ്യാലക്‌സി എസ്23 അള്‍ട്രാ ഉപയോഗിച്ച് വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സാംസങ്ങിന്റെ ഇയര്‍ബഡ്‌സ് ആയ ഗ്യാലക്‌സി ബഡ്‌സ്2 പ്രോയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ 360-ഡിഗ്രി ഓഡിയോ റെക്കോർഡിങ് നടത്താമെന്ന് കമ്പനി പറയുന്നു.

∙ എക്‌സ്‌പേര്‍ട്ട്‌റോ ആപ്പിന് മാറ്റം വരുത്തി

തങ്ങളുടെ എക്‌സ്‌പേര്‍ട്ട്‌റോ ആപ്പിന് മാറ്റം വരുത്തിയിരിക്കുകയാണ് സാംസങ്. ഇനി 50എംപി സെന്‍സറിനും സപ്പോര്‍ട്ട് ലഭിക്കും. നേരത്തേ ഇത് 12എംപി ഫോട്ടോകള്‍ക്ക് വരെ മാത്രമായിരുന്നു പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്. കൂടാതെ, അസ്‌ട്രോഫൊട്ടോഗ്രഫി, മള്‍ട്ടി എക്‌സ്‌പോഷര്‍ മോഡ് എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്താം.

galaxy-s23-camera

∙ സെല്‍ഫി ക്യാമറയ്ക്കും മാറ്റം

എസ്23 അള്‍ട്രാ, എസ്23 പ്ലസ് എന്നീ മോഡലുകളുടെ 12 എംപി സെല്‍ഫി ക്യാമറയ്ക്ക് സൂപ്പര്‍എച്ഡിആര്‍ മോഡും ഉണ്ട്. ഇതുപയോഗിച്ച് സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ ഹൈയര്‍ ഡൈനാമിക് റേഞ്ച് വിഡിയോ ഷൂട്ടു ചെയ്യാമെന്ന് കമ്പനി പറഞ്ഞു.

ടെലി സൂം തുടങ്ങിയ മേഖലകളില്‍ സാംസങ് കഴിഞ്ഞ വര്‍ഷം പോലും മികവുറ്റ പ്രകടനമാണ് നടത്തിയിരുന്നത്. ഈ വര്‍ഷം അതിനപ്പുറത്തേക്കു പോയേക്കുമെന്ന ചിന്തയിലാണ് സാംസങ് ആരാധകര്‍. അതേസമയം, ഐഫോണിന്റെയും മറ്റും ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തു വ്യത്യാസമായിരിക്കും സാംസങ്ങിന്റെ പുതിയ ഫ്‌ളാഗ്ഷിപ് ഫോണില്‍ ഉണ്ടായിരിക്കുക എന്നറിയാൻ അധികം കാത്തിരിക്കേണ്ടി വന്നേക്കില്ല.

English Summary: Samsung Galaxy S23 Ultra launched with 200MP camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS