ADVERTISEMENT

2023ലെ സോണി വേള്‍ഡ് ഫൊട്ടോഗ്രഫി പുരസ്‌കാരത്തില്‍ ഇന്ത്യയില്‍ നിന്നും വിജയിച്ചത് മലയാളിയായ പ്രദീപ് രാമകൃഷ്ണന്‍. ഓപ്പണ്‍ കോംപറ്റീഷനില്‍ സ്ട്രീറ്റ് ഫൊട്ടോഗ്രഫി വിഭാഗത്തിലാണ് പ്രദീപിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 190ലേറെ രാജ്യങ്ങളില്‍ നിന്നായി 4.15 ലക്ഷത്തിലേറെ ചിത്രങ്ങളാണ് ഈ ഫൊട്ടോഗ്രഫി മത്സരത്തിനായി ലഭിച്ചത്. ഓരോ രാജ്യങ്ങളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുന്ന ഓപ്പണ്‍ കോംപറ്റീഷനില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ ചിത്രങ്ങള്‍ ലഭിച്ചു. 

 

പ്രാദേശികതലത്തിലുള്ള ഫൊട്ടോഗ്രാഫര്‍മാരേയും കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ വേള്‍ഡ് ഫൊട്ടോഗ്രഫി ഓര്‍ഗനൈസേഷനും സോണിയും ചേര്‍ന്നാണ് ഈ പുരസ്‌കാരം സംഘടിപ്പിക്കുന്നത്. ചിത്രമെടുത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതെ ചിത്രങ്ങളെ മാത്രം പരിഗണിച്ചാണ് സോണി വേള്‍ഡ് ഫൊട്ടോഗ്രഫി അവാര്‍ഡ്‌സില്‍ വിധികർത്താക്കൾ പുരസ്‌ക്കാരത്തിന് അര്‍ഹമായവ തിരഞ്ഞെടുക്കുന്നത്. 'ജീവിതത്തിന്റെ അപ്രതീക്ഷിത വളവുകളും തിരിവുകളേയും അവയെ ഒരു സമയം ഓരോ അടിവച്ച് നേരിടുന്നതിനേയും കുറിക്കുന്നത്'' എന്നാണ് പ്രദീപിന്റെ ചിത്രത്തെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 

 

യാത്രയേയും ഫൊട്ടോഗ്രഫിയേയും ഇഷ്ടപ്പെടുന്ന ശാസ്ത്രജ്ഞനാണ് പ്രദീപ്. സ്മാര്‍ട് ഫോണും സാധാരണ ഡിഎസ്എല്‍ആര്‍ ക്യാമറയും ഉപയോഗിച്ചാണ് അദ്ദേഹം ചിത്രങ്ങളെടുക്കുന്നത്. സ്വയം നടത്തുന്ന പരീക്ഷണങ്ങളിലൂടെയും ഓണ്‍ലൈനിലൂടെയുമാണ് പ്രദീപ് ഫൊട്ടോഗ്രഫിയുടെ പാഠങ്ങള്‍ പഠിച്ചത്. യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് 2022ല്‍ പ്രദീപിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

സോണി വേള്‍ഡ് ഫൊട്ടോഗ്രഫി പുരസ്‌കാരം നേടാനായതിന്റെ സന്തോഷം പങ്കുവെച്ച പ്രദീപ് രാമകൃഷ്ണന്‍ ഇത് തന്റെ യാത്രയുടെ തുടക്കമാണെന്നും പറഞ്ഞു. 'ഹൃദയത്തോട് സംസാരിക്കുന്ന ആഗോള ഭാഷയാണ് ഫൊട്ടോഗ്രഫിയുടേത്. വെളിച്ചത്തില്‍ വിശ്വസിക്കൂ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണി വേള്‍ഡ് ഫൊട്ടോഗ്രഫി പുരസ്‌ക്കാരത്തില്‍ സ്റ്റുഡന്റ്, യൂത്ത്, ഓപ്പണ്‍, പ്രൊഫഷണല്‍ വിഭാഗത്തിലെ വിജയികളെ 2023 ഏപ്രില്‍ 13നാണ് പ്രഖ്യാപിക്കുക. ലണ്ടനിലെ സോമര്‍സെറ്റ് ഹൗസില്‍ ഏപ്രില്‍ 14 മുതല്‍ മേയ് ഒന്ന് വരെ നടക്കുന്ന ഫൊട്ടോഗ്രഫി പ്രദര്‍ശനത്തില്‍ പുരസ്‌ക്കാരം നേടിയ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കും.

 

English Summary: Sony World Photography Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com