ഒരു കാലത്ത് ഫോണ്‍ ക്യാമറ എന്നു പറഞ്ഞാല്‍ മികച്ചത് ഐഫോണിന്റേതാണെന്നു കരുതുന്നവരായിരുന്നു മിക്കവരും. അതേസമയം, കഴിഞ്ഞ പതിറ്റാണ്ടിന്റെ പകുതി മുതല്‍ ഇതുവരെ ഫോണ്‍ ക്യാമറകളുടെ പ്രകടനം 'ശാസ്ത്രീയമായി' അപഗ്രഥിക്കുന്നു എന്ന് അവകാശപ്പെടുന്ന ഡിഎക്‌സ്ഓമാര്‍ക്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വാവെയ് ഫോണുകള്‍ ആയിരുന്നു. പട്ടികയില്‍ പലപ്പോഴും ഐഫോണ്‍ പിന്നിലേക്കു പോയി. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് 5-ാം സ്ഥാനത്താണ്. ഓണര്‍ മാജിക്5 പ്രോ ഒന്നാം സ്ഥാനത്ത്, വാവെയ് മെയറ്റ് 50 പ്രോ രണ്ടാം സ്ഥാനത്ത്, ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ മൂന്നാം സ്ഥാനത്ത്, ഓണര്‍ മാജിക്4 അള്‍ട്ടിമേറ്റ് 4-ാം സ്ഥാനത്തും നില്‍ക്കുന്നു.
∙ റാങ്കിങ് മാത്രമല്ല
ഐഫോണ്‍ റാങ്കിങ്ങില്‍ അല്‍പം പിന്നിലായി എന്നതു മാത്രമല്ല ആന്‍ഡ്രോയിഡ് ഫോണുകള്‍ ക്യാമറകളുടെ കാര്യത്തില്‍ പല മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്രാ മോഡലിന് സൂം ചെയ്ത് ചന്ദ്രന്റെ ഹൈ-റെസലൂഷന്‍ ഫോട്ടോ പകര്‍ത്താനാകുമെന്ന് അവകാശപ്പെടുന്നു.

∙ സാംസങ്ങിന്റെ 100 മടങ്ങ് സൂം
'വൗ. ആര്‍ക്കാണ് 100 മടങ്ങ് സൂം ചെയ്ത് ചന്ദ്രന്റെ ഫോട്ടോ എടുക്കാൻ ആഗ്രഹമുള്ളതെന്ന് എനിക്കറിയില്ല. പക്ഷേ, അത്തരക്കാര്‍ക്കാണ് സാംസങ് ഗ്യാലക്‌സി എസ്23 ഫോണ്‍' എന്നാണ് പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് കുറിച്ചത്. ഒരു ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റു ചെയ്ത, എസ്23 ഫോണില്‍ ഷൂട്ടു ചെയ്ത ചന്ദ്രന്റെ ഫോട്ടോ കണ്ടാണ് മസ്‌ക് ഇങ്ങനെ പ്രതികരിച്ചത്.
∙ എസ്23യുടെ ചന്ദ്രന്റെ ഫോട്ടോ വ്യാജമോ?
ഗ്യാലക്‌സി എസ്23 പകര്‍ത്തുന്ന ചന്ദ്രന്റെ വ്യക്തതയുള്ള ചിത്രങ്ങള്‍ വ്യാജമായി സൃഷ്ടിക്കുന്നതാണോ? അത്തരത്തിലൊരു വിവാദത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. ഹാര്‍ഡ്‌വെയര്‍ വിദഗ്ധന്‍ ഉസ്മാന്‍ പിര്‍സാദയാണ് ആ ഫോട്ടോകള്‍ വാസ്തവത്തില്‍ പൂര്‍ണ്ണമായും യഥാര്‍ഥമല്ലെന്നു പറഞ്ഞ് രംഗത്തെത്തിയത്. സാംസങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ചന്ദ്രന്റേതെന്ന് തോന്നിക്കുന്ന വിശദാംശങ്ങള്‍ ഫോട്ടോയില്‍ കാണിക്കുന്നത്. ഫോണില്‍ സംഭരിച്ചുവച്ചിരിക്കുന്ന വിവരങ്ങള്‍ ഫോണില്‍ പകര്‍ത്തുന്ന ഫോട്ടോകള്‍ക്കു മീതെ പതിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഒരാള്‍ എടുക്കുന്ന ഫോട്ടോയ്ക്കു മീതെ ഒരു ഓവര്‍ലേ പതിപ്പിക്കുകയാണ് സാംസങ് ചെയ്യുന്നതെന്ന് ഉസ്മാന്‍ വാദിക്കുന്നു. എന്നാല്‍, ഇതേക്കുറിച്ച് ഒരാള്‍ തര്‍ക്കിച്ചപ്പോള്‍ താന്‍ അവ പൂര്‍ണ്ണമായും വ്യാജമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
∙ മെഷീന്‍ ലേണിങ് പ്രയോജനപ്പെടുത്തുന്നു
എന്നാല്‍, അവ പൂര്‍ണ്ണമായും വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വ്യാജമെന്നത് എങ്ങനെയാണ് നിങ്ങള്‍ വ്യാഖ്യാനിക്കുന്നിടത്താണ് കാര്യമിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സാംസങ്, മെഷീന്‍ ലേണിങ്ങിന്റെ ശേഷി പ്രയോജനപ്പെടുത്തിയാണ് ചന്ദ്രന്റെ ഫോട്ടോയിലെ ടെക്‌സചറും വിശദാംശങ്ങളും ചേര്‍ക്കുന്നത് എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. സാംസങ്ങിന്റെ സീന്‍ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന് ചന്ദ്രന്റെ ഫോട്ടോയാണ് എടുക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്യാം. ചന്ദ്രന്റെ ഫോട്ടോ എടുക്കുമ്പോള്‍ അതിനുപകരം സേവു ചെയ്തുവച്ച മറ്റൊരു ഫോട്ടോ നല്‍കുകയല്ല ചെയ്യുന്നത്. പക്ഷേ, ഫോണിന്റെ ക്യാമറാ ലെന്‍സ് പടിച്ചെടുക്കുന്നതിനേക്കാളേറെ വിശാദംശങ്ങള്‍ ചിത്രങ്ങളില്‍ കാണാമെന്നും ഉസ്മാന്‍ പറയുന്നു. എന്തായാലും, മസ്‌ക് ഈ ചര്‍ച്ചയില്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞ് എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. യൂട്യൂബ് റിവ്യൂവര്‍മാരില്‍ ശ്രദ്ധേയനായ മാര്‍ക്കസ് ബ്രൗണി പറയുന്നത് സാംസങ് പല ഫോട്ടോകള്‍ എടുത്ത് അവ യോജിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ്. ഇക്കാര്യത്തില്‍ സാംസങ്ങും മാര്‍ക്കസിന്റെ അഭിപ്രായത്തോട് നേരത്തെ യോജിച്ചിട്ടുണ്ടെന്നും കാണാം.
∙ അസ്‌ട്രോഫൊട്ടോഗ്രഫി, അസ്‌ട്രോഫിപെര്‍ലാപ്‌സ്
നൂറു മടങ്ങ് സൂമിലുള്ള വിവാദം അവിടെ നില്‍ക്കട്ടെ. സാംസങ് ഫോണുകളിലുള്ള എക്‌സ്‌പേര്‍ട്ട്‌റോ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവര്‍ക്ക് രാത്രിയിലെ ആകാശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താം. അസ്‌ട്രോഫൊട്ടോഗ്രഫി, അസ്‌ട്രോഫിപെര്‍ലാപ്‌സ് എന്നാണ് ഇതിനുള്ള മോഡുകളെ വിളിക്കുന്നത്. ഇതിന് സാംസങ് അതിനൂതന എഐ സെഗ്‌മെന്റേഷന്‍, മള്‍ട്ടിഫ്രെയിം പ്രോസസിങ് എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നു പറയുന്നു. നെബ്യുല, നക്ഷത്രസമൂഹങ്ങള്‍ തുടങ്ങിയവയും ഈ മോഡില്‍ ലഭ്യമാക്കുന്നു.
∙ വോയിസ് കമാന്‍ഡ് വഴി ക്യാമറ പ്രവര്‍ത്തിപ്പിക്കാം
ചില സാംസങ് ഫോണുകളില്‍ വാക്കാലുള്ള ആജ്ഞകള്‍ മാത്രം ഉപയോഗിച്ച് ക്യാമറാ ആപ് പ്രവര്‍ത്തിപ്പിക്കാം. ഇത് പ്രയോജനപ്പെടുത്തണമെന്നുള്ളവര്‍ തങ്ങളുടെ ഫോണുകളുടെ സെറ്റിങ്‌സ് തുറക്കുക. അവിടെ ഷൂട്ടിങ് മെതഡ്‌സ് എന്ന വിഭാഗം പരിശോധിച്ചാല്‍ സ്‌മൈല്‍, ചീസ്, ക്യാപ്ചര്‍, ഷൂട്ട് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഫോണുകളുടെ മുന്‍-പിന്‍ ക്യാമറകളുടെ സഹായത്തോടെ ഫോട്ടോ എടുക്കാന്‍ സാധിക്കും. കൂടാതെ, എസ്23 അള്‍ട്രായ്ക്ക് 200 എംപി ഫോട്ടോ വേണമെങ്കില്‍ പകര്‍ത്താമെന്നത് ചില ഉപയോക്താക്കള്‍ക്ക് ഉപകരിച്ചേക്കും.
∙ ഗൂഗിള്‍ ആപ്പിളിനെ മറികടക്കുന്നു
വര്‍ഷങ്ങളായി ഫൊട്ടോഗ്രഫിയുടെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവരില്‍ ചിലരെങ്കിലും ഗൂഗിള്‍ പിക്സല്‍ മോഡലുകളുടെ ക്യാമറകള്‍ ഐഫോണുകളുടേതിനെക്കാളേറെ ഇഷ്ടപ്പെട്ടുവന്നു. ഈ വര്‍ഷം മറ്റൊരു നേട്ടവും കൈവിരിച്ചിരിക്കുകയാണ് പിക്‌സല്‍ 7 പ്രോ. ഡിഎക്‌സ്ഓമാര്‍ക്‌സിന്റെ റാങ്കിങ്ങില്‍ ഐഫോണ്‍ 14പ്രോ മാക്‌സിനെ കവച്ചുവച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു പിക്‌സല്‍ മോഡല്‍ ഏറ്റവും പുതിയ ഐഫോണിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന ചരിത്ര മുഹൂര്‍ത്തവും ഇതായിരിക്കാം. സ്മാര്‍ട് ഫോണ്‍ നൈറ്റ് ഫൊട്ടോഗ്രഫിയുടെ പുരോഗതിക്ക് പിക്‌സല്‍ക്യാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എൻജിനീയര്‍മാര്‍ നിസ്തുലമായ സേവനമാണ് നല്‍കിയിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.

∙ പിക്‌സല്‍ ഫോണുകളില്‍ മാജിക് ഇറെയ്‌സര്‍
പിക്‌സല്‍ ഫോണുകളിലുള്ള സവിശേഷമായ ഫീച്ചറുകളിലൊന്നാണ് മാജിക് ഇറെയ്‌സര്‍. ഫോട്ടോയിലുളള ചില വസ്തുക്കളെ മായിച്ചു കളയാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. ഫോണിന്റെ ഗ്യാലറിയിലുള്ള ഫോട്ടോകളില്‍ നിന്നാണ് ഇങ്ങനെ ചിലത് നീക്കംചെയ്യാന്‍ സാധിക്കുന്നത്. പിക്‌സല്‍ ഫോണുകളുടെ ക്യാമറകള്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോകള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താനാകുക. നീക്കം ചെയ്യേണ്ട വസ്തുക്കള്‍ക്കു ചുറ്റും ഒരു വെള്ള അതിര് തീര്‍ക്കുന്നു. തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഫോട്ടോയിലുള്ള വസ്തുക്കളെ നീക്കംചെയ്യാം. ഇറെയ്‌സറിന് ഇതുവരെ പൂര്‍ണ്ണത കൈവരിക്കാനായിട്ടില്ല. ഉദാഹരണത്തിന് സൈക്കിളില്‍ ഇരിക്കുന്ന ഒരാളെ നീക്കം ചെയ്താല്‍ ആള് മാത്രമെ മായിക്കപ്പെടുന്നുള്ളു. അതേസമയം, വരും വര്‍ഷങ്ങളില്‍ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചേക്കുമെന്നു കരുതുന്നു.
∙ ഗൂഗിള്‍ ലെന്‍സ്
ഗൂഗിള്‍ ലെന്‍സ് ആപ്പിനെക്കുറിച്ച് കമ്പനി വലിയ ബഹളം വയ്ക്കാറില്ല. പക്ഷേ, ചില വിചിത്ര ഫീച്ചറുകള്‍ ഇതിലുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും മൃഗത്തിന്റെയോ, ചെടിയുടെയോ ഫോട്ടോ എടുത്താല്‍ അത് തിരിച്ചറിഞ്ഞ് ചെടിയുടെ അല്ലെങ്കില്‍ മൃഗത്തിന്റെ പേരുപറയാന്‍ അതിനു സാധിക്കും.
∙ 8 കെ വിഡിയോ
സാംസങ്ങിന്റെ പുതിയ തലമുറയിലുളള ചില സ്മാര്‍ട് ഫോണുകള്‍ക്ക് 8കെ വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയുണ്ട്. ഫുള്‍എച്ഡിയേക്കാള്‍ 16 മടങ്ങ് ഷാര്‍പ് ആയ വിഡിയോ ഇതു വഴി ലഭിക്കുന്നു. പക്ഷേ ഫയല്‍ സൈസ് വളരെ വലുതായിരിക്കും.
∙ ആപ്പിള്‍ കൊണ്ടുവന്ന ചില സവിശേഷ ക്യാമറാ ഫീച്ചറുകള്‍
അതേസമയം, ഐഫോണുകള്‍ക്ക് ആദ്യം ലഭിച്ച ചില ഫീച്ചറുകളും ഉണ്ട്. വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ ലഭിക്കുന്ന മികവുറ്റ സ്റ്റബിലൈസേഷന്‍ അവയില്‍ ഒന്നാണ്. ഫോട്ടോ മോഡില്‍ നിന്നു മാറാതെ തന്നെ വിഡിയോ പകര്‍ത്താന്‍ സാധിക്കുന്ന ക്വിക്‌ടെയ്ക് വിഡിയോസ് ഐഫോണ്‍ 10എസ് മുതലുളള മോഡലുകളില്‍ പ്രവര്‍ത്തിപ്പിക്കാം. ആപ്പിള്‍ ലൈവ് ഫോട്ടോസ് ആണ് മറ്റൊരു ഫീച്ചര്‍. എടുക്കുന്ന ഫോട്ടോയ്‌ക്കൊപ്പം 1.5 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വിഡിയോ കൂടി പകര്‍ത്തുന്നതിനാണ് ലൈവ് ഫോട്ടോസ് എന്നു പറയുന്നത്.
English Summary: Is Samsung's S23 Ultra the world's best camera phone? We put Samsung's new Android to the test