Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കോണ്‍ 1 സിസ്റ്റം

nikon-camera

നിക്കോണ്‍ ആദ്യമായി അവതരിപ്പിച്ച മിറര്‍ലെസ് സിസ്റ്റം കാമറാ സീരിസിനെയാണ് നിക്കോണ്‍ 1 എന്നു വിളിക്കുന്നത്. DSLR കളെപ്പോലെ ലെന്‍സു മാറ്റാം, കൂടാതെ മിക്ക പോയിന്റ് ആന്‍ഡ് ഷൂട്ട് കാമറകളെക്കഴിഞ്ഞും ഭേദപ്പെട്ട പ്രകടനം നടത്തും എന്നതാണ് ഇവയുടെ പ്രത്യേകത.

സെന്‍സര്‍ സൈസ്

ചെറിയ സെന്‍സര്‍ സൈസ് ആണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ഫ്രെയിം സെന്‍സറുമായി തട്ടിച്ചു നോക്കുമ്പോള്‍ APS-C സെന്‍സറിന്റെ ക്രോപ് ഫാക്ടര്‍ 1.5x ആണെങ്കില്‍ ഇതിന് 2.7x ആണ്. നിക്കോണ്‍ ഇതിനെ CX ക്രോപ് എന്നു വിളിക്കുന്നു. ഇത് മൈക്രോ ഫോര്‍തേര്‍ഡ്‌സ് സിസ്റ്റം സെന്‍സറുകളുടെ പകുതിയേ വരൂ.

മോഡലുകള്‍

Nikon 1 V1, Nikon 1 J1 എന്നീ മോഡലുകളുമായി 2011ല്‍ ആണ് കമ്പനി ഈ സീരിസ് അവതരിപ്പിക്കുന്നത്. S, AW എന്നീ സീരിസുകള്‍ പിന്നീടു പുറത്തിറക്കി.

ഇവയില്‍ Nikon 1 V സീരിസ് കൂടുതല്‍ മാനുവല്‍ കൺട്രോള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമാക്കിയാണ് ഉണ്ടാക്കിയത്. നിക്കോണിന്റെ ആദ്യത്തെ ഒപ്റ്റിക്കല്‍ വ്യൂ ഫൈന്‍ഡര്‍ ഇല്ലാത്ത ലെന്‍സ് മാറാവുന്ന തരം ഡിജിറ്റല്‍ കാമറകളായിരുന്നു V 1 ഉം J 1 ഉം. പക്ഷെ, V 1 സീരിസിന് ഓപ്ഷണല്‍ (കിറ്റിനൊപ്പം കിട്ടില്ല) ഡിജിറ്റല്‍ വ്യൂഫൈന്‍ഡര്‍ ഉണ്ട്.

സീരിസിലെ ആദ്യ കാമറയായ V 1 ഇറങ്ങിയത് 10.1 MP സീമോസ് സെന്‍സറുമായായിരുന്നു. തുടര്‍ന്ന് V 2, V 3 എന്നീ മോഡലുകളുമിറങ്ങി. ഇന്നത്തെ ഏറ്റവും മികച്ച മോഡലായ V 3യ്ക്ക് 18.4 MP സെന്‍സറാണുള്ളത്. ഇതിനു പിന്നിലുള്ളത് പല ആംഗിളുകളില്‍ ക്രമീകരിക്കാവുന്ന LCD സ്‌ക്രീനാണ്.

നിക്കോണ്‍ 1 V സീരിസ് DSLR കാമറകളുടെ അനുജനെപ്പോലെയാണെങ്കില്‍, 1 J സീരിസ് ഏതാണ്ട് ഒരു പോയിന്റ് ആന്‍ഡ് ഷൂട്ട് കാമറയുടെ ചേട്ടനെപ്പോലെയാണ്. ''കണ്ണും പൂട്ടി'' പടമെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള മോഡലാണിത്. മാനുവല്‍ കണ്‍ട്രോളുകള്‍ ഉണ്ടെങ്കിലും മെനുവില്‍ പൂണ്ടു കിടക്കുകയണവ. 20.8MP സെന്‍സറുമായി ഇറങ്ങിയ J 5 ആണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്. V 3യില്‍ ഉള്ളതിനേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട സെന്‍സറാണിതിന് എന്നാണു വിലയിരുത്തല്‍.

നിക്കോണ്‍ 1 'S' മേല്‍പ്പറഞ്ഞ കാമറകളുടെ പൊതുവായ ചില ഗുണങ്ങളുള്ള, എന്നാല്‍ വില കുറഞ്ഞ പതിപ്പാണ്.

നിക്കോണ്‍ 1 'AW' കാമറകളെ മുകളില്‍ പറഞ്ഞ കാമറകളുടെ വാട്ടര്‍പ്രൂഫ് എഡിഷനെന്നു വിളിക്കാം.

പ്രത്യേകതകള്‍

ഷൂട്ടിങ് സ്പീഡാണ് ഈ കാമറകളുടെ പ്രത്യേകതകളിലൊന്ന്. നിക്കോണ്‍ 1 V 3 ഒരു സെക്കന്‍ഡില്‍ മുഴുവന്‍ റെസലൂഷനില്‍ 20 പടമെടുക്കും. ഇത് ഇന്നുള്ള ഏതു DSLRനും സാധ്യമാകുന്നതിനപ്പുറത്താണ്. തുടക്ക DSLR ല്‍ പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഇവയ്ക്കുമുണ്ട്. WiFi പോലെയുള്ള ഫീച്ചറുകളുള്ള മോഡലുകളും ഉണ്ട്. വലുപ്പക്കുറവും ഭാരക്കുറവുമാണ് ഇവയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. ചുരുങ്ങിയ ചിലവില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്കു കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇവയെ, പ്രത്യേകിച്ചും V 3യെ, പരിഗണിക്കാം.

മൂവി ഷൂട്ടിങ്ങിനും ഇവ പിന്നിലല്ല. V 3 യുടെ കഴിവു നോക്കാം: 1920 x 1080/60p (59.94 fps) 1920 x 1080/30p (29.97 fps) 1280 x 720/60p (59.94 fps) 1280 x 720/30p (29.97 fps) Slow-motion movies 1280 x 720/120 fps (aspect ratio 16 : 9; plays at 30p/29.97 fps) 768 x 288/400 fps. (ഓരോ മോഡലിന്റെയു ശേഷി വ്യ്ത്യസ്ഥമായിരിക്കും.)

ലെന്‍സ്

ഈ സീരിസിനു വേണ്ടി മാത്രം നിര്‍മ്മിച്ച ലെന്‍സുകള്‍ 10 എണ്ണം മാത്രമാണ്. എന്നാല്‍ നിക്കോണ്‍ F മൗണ്ടിനുള്ള മിക്ക പുതിയ ലെന്‍സും FT 1 അഡാപ്റ്റര്‍ ഉപയോഗിച്ചു ഘടിപ്പിക്കാം. ഈ സീരിസിനായി ഉണ്ടാക്കിയവയില്‍ പ്രൈം ലെന്‍സുകള്‍ പലതും ഫോട്ടോഗ്രാര്‍മാരുടെ ഇഷ്ടം നേടിയവയാണ്. കൂടാതെ Nikon 1 NIKKOR VR 70-300mm f/4.5-5.6 ലെന്‍സും. ഇതിന്റെ MRP 60,000 രൂപയ്ക്കു മേലെയാണ്.

കുറവുകള്‍

സെന്‍സറിന്റെ വലിപ്പക്കുറവു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. രണ്ടാമത്തെ കാര്യം വിലയാണ്. നിക്കോണ്‍ 1 V 3 യുടെ കിറ്റ് ലെന്‍സോടു കൂടിയ എംആര്‍പി 43,950 രുപയാണ്. സാങ്കേതികമായി കുടുതല്‍ നല്ല പടമെടുക്കാനുള്ള ശേഷിയാണു പരിഗണിക്കുന്നതെങ്കില്‍ ഇരട്ടി വലിപ്പമുള്ള DX സെന്‍സറുള്ള കാമറകളെ ഒഴിവാക്കി ചിന്തിക്കാനാവില്ല. V 3 വാങ്ങാന്‍ താത്പര്യമുള്ള വര്‍ക്ക് സോണി A6000നെയും പരിഗണിക്കാം. DX സെന്‍സറാണ് ഇതിനുള്ളത് എന്നതാണ് ഇതിന്റെ ഗുണം. DX സെന്‍സറുള്ള കാനന്‍ EOS M നെയും എതിരാളിയായി പരിഗണിക്കാം.

ഉപയോഗം

ആദ്യം പറഞ്ഞതു പോലെ പോയിന്റ് ആന്‍ഡ് ഷൂട്ട് കാമറകള്‍ക്കും DX DSLR കള്‍ക്കും മധ്യേ ആണ് ഇവയുടെ സ്ഥാനം. പ്രകടനവും അത്ര പ്രതീക്ഷിച്ചാല്‍ മതിയെങ്കിലും ഷൂട്ടിങ് സ്പീഡില്‍ ഇവ വളരെ കഴിവുള്ളവയാണ്. ഫോട്ടോഗ്രാഫിയെപ്പറ്റി വലിയ തിരിച്ചറിവുകളൊന്നും തേടാത്ത തുടക്കക്കാര്‍ക്ക് J സിസ്റ്റത്തെ പരിഗണിക്കാം. ഡിജിറ്റല്‍ വ്യൂ ഫൈന്‍ഡര്‍ ഘടിപ്പിക്കാനുള്ള സാധ്യതയും കൂടുതല്‍ എളുപ്പത്തില്‍ മാറ്റാവുന്ന കണ്ട്രോളുകളുമൊക്കെയാണു വേണ്ടതെങ്കില്‍ V ശ്രേണിയെ പരിഗണിക്കാം. നീന്തല്‍ക്കുളത്തിലോ കടലിലിറങ്ങുമ്പോഴൊ മഴയത്തോ ഒക്കെ കാമറ കൊണ്ടുനടക്കണമെന്നു തോന്നുന്നവര്‍ക്കാണ് 'AW' സീരിസ്.

മറ്റു ചില സാധ്യതകള്‍

പ്രോഫെഷണല്‍ ഷൂട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള കഴിവ് ഇവയ്ക്കു കണ്ടേക്കില്ല. എന്നാന്‍ നിക്കോണ്‍ സിസ്റ്റത്തിലുള്ളവര്‍ക്ക് കൂടുതല്‍ ടെലീ റീച്ചു നല്‍കും. കൈയ്യില്‍ ഉള്ള ലെന്‍സുകളെത്തന്നെ മൗണ്ട് അഡാപ്റ്റര്‍ FT1 ഘടിപ്പിച്ച് ഉപയോഗിക്കാം. 70-300mm ലെന്‍സ് 189mm–810mm ആകും. V 3 യുടെ ബോഡിയുടെ ഭാരം 282 ഗ്രാം ആണെന്നതിനാല്‍ വേണമെങ്കില്‍ മറ്റു ബോഡികള്‍ക്കൊപ്പം കാമറാ ബാഗില്‍ വയ്ക്കാം. DSLRന്റെ ഭാരം താങ്ങി മടുത്തവര്‍ക്കും ഇവയെ പരിഗണിക്കാം. കൂടുതല്‍ വിവരത്തിന്: http://bit.ly/1KDeny6

ലോകത്ത് നിക്കോണ്‍ CX സിസ്റ്റത്തിന്റെ പല കുറവുകളെയും മറികടക്കുന്നതല്‍ വിജയിച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് റ്റോമസ് സ്‌റ്റേര്‍. 'വല്ലഭനു പുല്ലുമായുധം' എന്ന ചൊല്ലെഴുതിയ ആളെ നമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചില പടങ്ങള്‍ കാണാം: http://bit.ly/1iA70kv

(ഇദ്ദേഹം കാശില്ലാത്തതു കൊണ്ട് നിക്കോണ്‍ 1 വാങ്ങിയ ആളല്ല. മിക്കതരം കാമറകളും ഉപയോഗിച്ചയാളാണ് സ്‌റ്റേര്‍. നിക്കോണ്‍ 1 സിസ്റ്റത്തിന്റെ ശേഷി ചൂഷണം ചെയ്യാന്‍ പഠിച്ചതോടെ അദ്ദേഹം ഈ അടുത്ത കാലത്ത് തന്റെ ഫുള്‍ ഫ്രെയിം കാമറകളെല്ലാം വിറ്റു കളഞ്ഞു. അദ്ദേഹത്തിന്റെ ബ്ലോഗിലെ അവസാന പോസ്റ്റുകളൊക്കെ നിക്കോണ്‍ 1 സിസ്റ്റത്തിന്റെ ഒരു ആഘോഷമാണ്.)