Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഐസ് അല്ലെങ്കില്‍ വിആർ?

camera-lens

കാമറാ ലെന്‍സുകളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന സാങ്കേതിക സംജ്ഞകളാണ് IS, VR തുടങ്ങിയവ. എന്താണിവ എന്നറിയാത്തവര്‍ക്കായി ഒരു കുറിപ്പ്. ഇന്നിറങ്ങുന്ന ചില മൊബൈല്‍ ഫോണുകളില്‍ പോലും ഈ ഫീച്ചര്‍ ഉണ്ട്.

കാമറക കൈയ്യില്‍ പിടിച്ചു ഫോട്ടോ എടുക്കുമ്പോള്‍ കമ്പനം ഉണ്ടാകുകയും ഫോട്ടോ വേണ്ടത്ര ഷാര്‍പ് ആകാതെ പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടല്ലോ. ഇതിനെ പ്രതിരോധിക്കാനായി കാമറാ നിര്‍മ്മാതാക്കള്‍ കൊണ്ടു വന്ന വിദ്യയാണിത്. നിക്കോണ്‍ ഇതിനെ VR (Vibration Reduction) എന്നു വിളിക്കുമ്പോള്‍ കാനന്‍ ഇതിനു പറയുന്നത് IS (Image Stabilisation) എന്നാണ്. രണ്ടും ഫലത്തില്‍ ഒന്നാണു ചെയ്യുന്നത്. ലെന്‍സിനു കമ്പനത്തെ പ്രതിരോധിക്കാനുള്ള ശേഷി നല്‍കുകയാണു രണ്ടു കമ്പനികളും ചെയ്യുന്നത്.

ഈ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്ന കമ്പനി നിക്കോണ്‍ ആണ്. 1994ല്‍ ഇറങ്ങിയ തങ്ങളുടെ Nikon Zoom 700VR എന്ന കോംപാക്ട് കാമറിയലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ SLR കാമറകള്‍ക്കായി ഇറക്കിയ ലെന്‍സില്‍ ആദ്യമായി ഈ ഫീച്ചര്‍ അവതിരിപ്പിക്കുന്നതു കാനന്‍ ആണ്. 1995ല്‍ ഇറങ്ങിയ ആവരുടെ EF 75-300mm F4-5.6 IS USM ലെന്‍സില്‍ 2-axis ഇമേജ് സ്‌റ്റെബിലൈസേഷന്‍ കാനന്‍ കൊണ്ടുവന്നു.

ഒരു ലെന്‍സില്‍ നാലു സ്‌റ്റോപ്പ് കോംപന്‍സേഷന്‍ നല്‍കുന്നുണ്ട് എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നു നോക്കാം: Nikon 105mm f/2.8 VR G Micro-NIKKOR ലെന്‍സില്‍, VR ഇല്ലെങ്കില്‍, സാങ്കേതികമായി പറഞ്ഞാല്‍ കാമറ കൈയ്യില്‍ വച്ചു (ട്രൈപ്പോഡില്‍ വയ്ക്കാതെ) ഫോട്ടോ എടുക്കണമെങ്കില്‍ 1/125 ഓ, മുകളിലൊ ഉള്ള ഷട്ടര്‍ സ്പീഡ് ഉപയോഗിക്കണം. എന്നാല്‍ VR ഉള്ളതുകൊണ്ട് ശ്രദ്ധിച്ചെടുത്താല്‍ 1/15, 1/30 തുടങ്ങിയ ഷട്ടര്‍ സ്പീഡുകളിലും ഉപയോഗിക്കാനാകും. വെളിച്ചം കുറഞ്ഞ സമയത്ത് ഇത് ഫോട്ടോഗ്രാഫര്‍ക്ക് എത്ര അനുഗ്രഹമാകുമെന്നു പറയേണ്ടതില്ലല്ലോ.

∙ കുറഞ്ഞ ഷട്ടര്‍ സ്പീഡിലും കാമറ കൈയ്യില്‍ വച്ചു ഫോട്ടോ എടുക്കാമെന്നതാണു മെച്ചം എങ്കിലും DSLRല്‍കൂടിയ ഷട്ടര്‍ സ്പീഡില്‍ IS/VR ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ നല്ല പടം കിട്ടുമന്നു ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് 1/1000 ഓ മുകളിലോ ഉള്ള ഷട്ടര്‍ സീപീഡുകളില്‍ നിര്‍ബന്ധമായും VR/IS ഓഫു ചെയ്യണം എന്നാണ്. സ്വന്തം കാമറാ ബോഡിയും ലെന്‍സും എങ്ങനെ പ്രതികരിക്കുന്നു എന്ന് ഓരോരുത്തരും പരീക്ഷിച്ചു നോക്കണം.

∙ ആദ്യ ജെനറേഷന്‍ VR/IS ലെന്‍സുകള്‍ ട്രൈപ്പോഡില്‍ വയ്ക്കുമ്പോള്‍ VR/IS ഓണ്‍ ആണെങ്കില്‍ പടം മോശമാക്കും. ലെന്‍സ് ഇല്ലാത്ത ഷെയ്ക്കിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാണു കാരണം. പിന്നീടു വന്ന ലെന്‍സുകളില്‍ ഈ പിഴവു കമ്പനികള്‍ തിരുത്തിയെങ്കിലും ഉപയോഗിക്കുന്ന ലെന്‍സ് ട്രൈപ്പോഡില്‍ ആണെങ്കില്‍ VR/IS ഓഫു ചെയ്യുന്നതാണോ നല്ലത് എന്നു പരീക്ഷിച്ചു നോക്കുക.

∙ ലെന്‍സുകളില്‍ ആദ്യം കേടാകുന്ന ഫങ്ഷനുകളില്‍ ഒന്നാണിത്. അതുകൊണ്ടു തന്നെ സെക്കന്‍ഡ്ഹാന്‍ഡ് ലെന്‍സ് വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: പഴക്കമുള്ള VR/IS ലെന്‍സുകള്‍ക്കു മോഹവില നല്‍കരുത്.

∙ പ്രത്യേകം ശ്രദ്ധിക്കുക: അനങ്ങുന്ന സബ്‌ജെക്ടിന്റെ ഫോട്ടോ എടുക്കുമ്പോള്‍ VR/IS ന് സബ്ജക്ട് മൂവ്‌മെന്റിനെ പ്രതിരോധിക്കാനായി ഒന്നും ചെയ്യാനാവില്ല. അതായത് അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഷാര്‍പ് പടം വേണമെങ്കില്‍ കൂടിയ ഷട്ടര്‍സ്പീഡോ, ഫ്‌ളാഷോ ഉപയോഗിക്കണം. കാമറയുടെ ചലനത്തെ പ്രതിരോധിക്കാനായി മാത്രമാണ് VR/IS.

∙ ചില സന്ദര്‍ഭങ്ങളില്‍ പാനിങ് ഷോട്ടുകള്‍ക്ക് VR/IS ഉപയോഗിക്കുന്നതാകും മെച്ചം.

∙ എല്ലാ ഷോട്ടുകളും നന്നാകും എന്നുറപ്പാക്കാന്‍ VR/IS ആകില്ല. ഒരു പോംവഴി കൂടുതല്‍ ഫോട്ടോ എടുക്കുക എന്നതാണ്.

∙ VR/IS പ്രവര്‍ത്തിച്ചില്ല എന്നു തോന്നുന്നുണ്ടോ? ഷട്ടര്‍ പ്രെസു ചെയ്യുമ്പോഴാണ് VR ആക്ടിവേട് ആകുന്നത്. അതുകൊണ്ട് ഒറ്റയടിക്കു ഷട്ടര്‍ ബട്ടണ്‍ താഴ്ത്തി വിടാതെ പ്രെസു ചെയ്ത് VR എന്‍ഗേയ്ജു ചെയ്ത ശേഷം ഷട്ടര്‍ റിലീസു ചെയ്തു നോക്കൂ.

∙ കോംപാക്ട് കാമറകളില്‍ VR/IS നെ എപ്പോഴും ഓണാക്കിയിടാനും പടമെടുക്കുമ്പോള്‍ മാത്രം മാത്രം ഇടെപെടാനും അനുവദിക്കാം. എപ്പോഴും ഓണാക്കിയിട്ടാല്‍ ബാറ്ററി ചാര്‍ജ് നഷ്ടം വരാം.

VR/IS ഉള്ള ലെന്‍സുകളില്‍ ചലനം അറിയാനുള്ള സെന്‍സറുകളും ഫ്‌ളോട്ടിങ് എലമെന്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ പടമെടുക്കുന്നതിനു മുമ്പും, എടുക്കുന്ന സമയത്തും ഇമേജിനെ പരമാവധി നന്നാക്കാന്‍ ശ്രമിക്കും.

ഇപ്പോള്‍ പറഞ്ഞതെല്ലാം ലെന്‍സിനുള്ളിലുള്ള ഇമേജ് സ്റ്റബിലൈസേഷനെപ്പറ്റിയാണ്. സെന്‍സര്‍ ഷിഫ്റ്റ് ഉപയോഗിച്ച് കാമറയ്ക്കുള്ളില്‍ത്തന്നെ പടം സ്റ്റബിലൈസ് ചെയ്യുന്നു. ഇതിന്റെ ഗുണമായി പറയുന്നത് ഏതു ലെന്‍സിനും സെന്‍സര്‍ ഷിഫ്റ്റ് ഉപകാരപ്പെടും.

ആന്റി-ഷെയ്ക്ക് എന്നൊരു ഫങ്ഷ്ന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചില കാമറാ നിര്‍മ്മാതാക്കള്‍ കൊണ്ടു വന്നിരുന്നു. ഇവര്‍ ചെയ്തിരുന്നത് ISO ഉയര്‍ത്തിയ ശേഷം ഷട്ടര്‍ സ്പീഡും കൂട്ടുകയായിരുന്നു എന്നു പിന്നീടു തെളിഞ്ഞു.

ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ അധവാ electronic image stabilization (EIS) ചില വിഡിയോ കാമറകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്. വിഡിയോ കാമറകള്‍ സ്റ്റബിലൈസേഷന്‍ ഫില്‍റ്ററുകളും ഉപയോഗിക്കുന്നുണ്ട്. ഇവ കൂടാതെ മറ്റു ചില രീതികളും നിലവിലുണ്ട്.

നിക്കോണും കാനനും കാമറ ബോഡിയില്‍ (സെന്‍സര്‍ ഷിഫ്റ്റ്) ഇനിയും സ്റ്റബിലൈസേഷന്‍ കൊണ്ടുവന്നിട്ടില്ല. ഭാവിയില്‍ അവരതു ചെയ്‌തേക്കാമെങ്കിലും ഇപ്പോള്‍ ഇല്ലാത്തതിനു കാരണമായി പറയുന്നത് ലെന്‍സിലിണക്കിയ സ്റ്റബിലൈസേഷനെപ്പോലെ ഗുണകരമായി സെന്‍സര്‍ ഷിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്.