Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്‌വേർഡ് ഉണ്ടായിട്ടും ഒരു കാര്യമില്ല, കംപ്യൂട്ടർ ഹാക്കിങിന് 30 സെക്കന്റ് മതി!

hacking-computer

'നിങ്ങളുടെ ഡിവൈസ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം? ' എന്നത് ഗൂഗിളിലെ സ്ഥിരം സെര്‍ച്ച് ചോദ്യമാണ്. ഓണ്‍ലൈന്‍ സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത് പ്രസക്തവുമാണ്. സൈബര്‍ ക്രൈമുകള്‍ നിരവധി നടക്കുന്ന കാലമാണ്. എന്തൊക്കെ വന്നാലും ഒരു പ്രശ്‌നവും നിങ്ങളുടെ ഡിവൈസിനു ഇല്ലാതിരിക്കാന്‍ ശക്തമായ പാസ്‌വേര്‍ഡിനുള്ള പങ്ക് വളരെ വലുതാണ്. ശക്തമായ പാസ്‌വേര്‍ഡ് ഉണ്ടാക്കുക എന്നത് അത്ര ആനക്കാര്യവുമല്ല.

പ്രശസ്ത ഹാര്‍ഡ്‌വെയര്‍ ഹാക്കര്‍ എന്നറിയപ്പെടുന്ന സാമി കംകര്‍ വെറും മുപ്പതു സെക്കന്റിനുള്ളില്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യുന്ന ടൂള്‍ വികസിപ്പിച്ചിരുന്നു. പാസ്‌വേര്‍ഡ് ഉണ്ടെങ്കിലും അത് തകര്‍ക്കാന്‍ പോയ്‌സന്‍ ടാപ്പ് എന്നറിയപ്പെടുന്ന ഈ ടൂളിന് നിമിഷങ്ങള്‍ മതി.

ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ ഹാക്കിങ് ഡിവൈസ് ഓപ്പറേഷന്‍. അഞ്ചു ഡോളറിന്റെ റാസ്പ്ബെറി പൈ സീറോ (ചെറിയ കംപ്യൂട്ടർ മാതൃക) ഡിവൈസിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ഇത് ഒരു യുഎസ്ബി അഡാപ്റ്ററുമായി കണക്റ്റ് ചെയ്തിരിക്കുന്നു. പാസ്‌വേര്‍ഡ് ഊഹിച്ചെടുത്ത് ക്രാക്ക് ചെയ്യാനൊന്നും ഈ സോഫ്റ്റ്‌വെയര്‍ നില്‍ക്കില്ല. നേരിട്ട് ആ പാസ്‌വേര്‍ഡ് ബൈപ്പാസ് ചെയ്തു പോയി ഒറ്റ ഹാക്ക്. ഒരു ഏതര്‍നെറ്റ് കണക്ഷന്‍ പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആകെ വേണ്ടത് ഇത്ര മാത്രം. ഹാക്ക് ചെയ്യേണ്ട കംപ്യൂട്ടറുമായി ഈ ഡിവൈസ് കണക്റ്റഡായിരിക്കണം.

കപ്യൂട്ടര്‍ വൈഫൈ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നിരിക്കട്ടെ, പോയ്‌സന്‍ ടാപ്പിന് കംപ്യൂട്ടറിന്റെ നെറ്റ്‌വര്‍ക്ക് പ്രയോറിറ്റി ഏതു വേണമെന്ന് നിശ്ചയിക്കാന്‍ പറ്റും. പ്രാഥമിക നെറ്റ്‌വര്‍ക്ക് ആയി പോയ്‌സന്‍ ടാപ്പ് സ്വയം കണക്റ്റ് ആവും.

ഈ ഡിവൈസ് കംപ്യൂട്ടറുമായി കണക്റ്റ് ആവുമ്പോള്‍ തന്നെ Ethernet (LAN) കണക്ഷന്‍ ആയിട്ടാണ് തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ എന്‍ക്രിപ്റ്റ് ചെയ്യപ്പെടാത്ത എല്ലാ വിവരങ്ങളും കംപ്യൂട്ടര്‍ അറിയാതെ തന്നെ ഇന്റര്‍നെറ്റിലേയ്ക്ക് അയക്കും. പ്രൈവറ്റ് അക്കൗണ്ടുകളുടെ ഓതന്റിക്കേഷൻ കുക്കീസ് പോലെയുള്ള വിവരങ്ങള്‍ ഈ ഡിവൈസിനു എളുപ്പത്തില്‍ അടിച്ചു മാറ്റാന്‍ പറ്റും. ഈ വിവരങ്ങള്‍ എല്ലാം നേരെ പോവുന്നത് ഹാക്കറുടെ സെര്‍വറിലേയ്ക്കാണ്.

ശരിയായി പ്രവര്‍ത്തിക്കുന്ന ഒരു ബ്രൗസര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ഹാക്ക് നടക്കുകയുള്ളൂവെന്ന് സാമി പറയുന്നു. പിസി ലോക്ക് ആണെങ്കിലും ബ്രൗസര്‍ ക്ലോസ് ചെയ്തിട്ടില്ലെങ്കില്‍ ഹാക്കിങ് നടക്കും. കംപ്യൂട്ടര്‍ ലോക്ക് ആവും മുന്‍പേ ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ ഹാക്കിങ് നടക്കില്ല.

ബ്രൗസർ ക്യാഷെ കൃത്യമായി ക്ലിയര്‍ ചെയ്യുക എന്നതാണ് ഹാക്കിങ് ഒഴിവാക്കാനുള്ള പ്രധാന പോംവഴി. എന്‍ക്രിപ്ഷന്‍ നന്നായി നടക്കുന്നുണ്ടോ എന്ന് നോക്കണം. എല്ലാത്തിലുമുപരി കംപ്യൂട്ടറുമായി ഏതെങ്കിലും യുഎസ്ബി ഡിവൈസ് കണക്റ്റ് ചെയ്തിട്ടുണ്ടോ എന്നും ഇടയ്ക്ക് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 

Your Rating: