Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9,999 രൂപയ്ക്ക് 14.1-ഇഞ്ച് ലാപ്‌ടോപ്!

ThinBook

മുമ്പും പതിനായിരം രൂപയ്ക്കും അതിനു താഴെയും നെറ്റ്ബുക്കുകളും കണ്‍വേര്‍ട്ടിബിൾ ലാപ്‌ടോപുകളും ഇവിടെ ഇറക്കിയിട്ടുണ്ട്. എങ്കിലും ഇതാദ്യമായാണെന്നു തോന്നുന്നു 14.1 ഇഞ്ച് ( HD (1366×768 pixels) LED-backlit) വലിപ്പമുള്ള സ്‌ക്രീനുള്ള ലാപ്‌ടോപ് 9,999 രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

ആര്‍ഡിപി ( RDP Workstations Private Limited, Hyderabad) കമ്പനി ഇറക്കുന്ന, തിന്‍ബുക്ക് (ThinBook) എന്നു പേരിട്ടിരിക്കുന്ന ലാപ്‌ടോപ്പിന്, നെറ്റ്ബുക്കുകളില്‍ നിന്നുള്ള വ്യത്യാസം പ്രധാനമായും സ്‌ക്രീന്‍ സൈസില്‍ മാത്രമാണെന്നു പറയാം. 10, 11.6 ഇഞ്ചൊക്കെ സ്‌ക്രീന്‍ സൈസുള്ള നെറ്റ്ബുക്കുകളുടെ ഒതുക്കം വലിയ അനുഗ്രഹമാണെങ്കിലും ദീര്‍ഘനേരം പണി എടുക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഒരു പരിമിതിയും കൂടെയാണ്. അവിടെയാണ് തിന്‍ബുക്കിന്റെ പ്രാധാന്യം.

സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെയും പ്രമുഖ ചിപ് നിര്‍മ്മാതാവായ ഇന്റലിന്റെയും അനുഗ്രഹത്തോടെയാണ് ആര്‍ഡിപി കംപ്യൂട്ടര്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. ലാപ്‌ടോപ്പില്‍ ഉള്ളത് ഇന്റല്‍ ആറ്റം x5-Z8300 (Intel Atom x5-Z8300 --4 cores, 4 threads, 1.44GHz base clock, 1.84GHz Turbo clock, 2MB Cache) പ്രോസസര്‍ ആണ്. രണ്ടു ജിബി റാമും ഉണ്ട്.

കൂടെ കിട്ടുന്ന സ്‌റ്റോറേജ് പലര്‍ക്കും ഒരു പരിമിതി ആയേക്കും - 32GB eMMC ആണ് ലാപ്‌ടോപ്പിലുള്ളത്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനു ശേഷം ഏകദേശം 20 GB സ്‌പെയ്‌സ് കിട്ടിയേക്കും. 128 MB വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് തിന്‍ബുക്ക് സ്വീകരിക്കും. വൈഫൈ, ബ്ലൂടുത്ത് തുടങ്ങിയ കണക്ടിവിറ്റി സാധ്യതകളെല്ലാം കംപ്യൂട്ടറില്‍ ഉണ്ട്. USB 3, USB2 ഓരോന്നു വച്ച്, മൈക്രോ എച്ഡിഎംഐ ഇവയാണ് മറ്റു കണക്ടിവിറ്റി ഓപ്ഷ്ന്‍സ്.

ഒരു വര്‍ഷം ഗ്യാരന്റിയുള്ള ലാപ്‌ടോപ്പിന് 10,000 mAh Li-Polymer ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി തിന്‍ബുക്കിനെ 8.5 മണിക്കൂര്‍ നേരം പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വില അല്‍പ്പം തെറ്റിധാരണാജനകമാണ്. തിന്‍ബുക്കിനു രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. വിന്‍ഡോസ് 10 ഇന്‍സ്‌റ്റാള്‍ ചെയ്തും ചെയ്യാത്തതും. ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാത്ത ലാപ്‌ടോപ്പിന് കമ്പനിയുടെ വെബ്‌സൈറ്റിലെ വില 8,999 രൂപയാണ്. പക്ഷെ, ഇതിന്റെ കൂടെ വീണ്ടും ടാക്‌സും, ഹാന്‍ഡ്‌ലിങ് ചാര്‍ജും വരുമെന്നു പറയുന്നു. ഓഎസ് ഉള്ള വേര്‍ഷന് ആയിരം രൂപ കൂടുതലാണ്. ആമസോണ്‍ ഈ ലാപ്‌ടോപ് വില്‍ക്കുന്നത് 11,000 രൂപയ്ക്കാണ്. ചുരുക്കി പറഞ്ഞാല്‍ 10,000 രൂപയ്ക്ക് ലഭിക്കുന്നത് ഓഎസ് ഇല്ലാത്ത ലാപ്‌ടോപ് ആണെന്നു പറയേണ്ടി വരുമെന്നു തോന്നുന്നു.

ചെറിയ കംപ്യൂട്ടിങ് ജോലികള്‍ ചെയ്യാന്‍ തിന്‍ബുക്ക് പോലെയുള്ള ലാപ്‌ടോപ്പുകള്‍ മതിയായേക്കും. പക്ഷെ അടുത്ത് സര്‍വ്വീസ് ലഭ്യമാണോ എന്നറിഞ്ഞ ശേഷം പരിഗണിക്കുമല്ലോ.

ലാപ്‌ടോപ്പിനെ കുറിച്ച് കൂടുതലായി അറിയാനോ വാങ്ങാനോ താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം