Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉന്നിന്റെ രഹസ്യ അണുബോംബ് പരീക്ഷണങ്ങൾ ജനങ്ങളെ ‘ഇഞ്ചിഞ്ചായി കൊല്ലുന്നു’!

north-korea-hospital

ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ ഓരോ പരീക്ഷണങ്ങളും ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്, അതിലേറെ ഇവിടത്തെ ജനങ്ങളും. ഭൂഖണ്ഡാന്തര മിസൈലുകളും അണുബോംബുകളും തുടർച്ചയായി പരീക്ഷിച്ച് ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കിം ജോങ് ഉൻ ദിവസങ്ങൾക്ക് മുന്‍പ് ഹൈഡ്രജൻ ബോംബും പരീക്ഷിച്ചു. ഏറെ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പരീക്ഷണങ്ങളാണ് ഉത്തരകൊറിയയിൽ നടക്കുന്നത്. ഇതിൽ ചിലത് രഹസ്യവുമാണ്.

നിലവിലെ പരീക്ഷണങ്ങളെല്ലാം ആ രാജ്യത്തെ തന്നെ ഭൂപടത്തിൽ എന്നേക്കുമായി ഇല്ലാക്കുന്നതാണ്. ഇവിടെ നടത്തുന്ന പരീക്ഷണങ്ങളും നീക്കങ്ങളും എല്ലാം സാധാരണക്കാരായ ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. രാജ്യത്തിന്റെ ശക്തി തെളിയിക്കാനായി നടത്തിയ ആറ് ആണവ പരീക്ഷണങ്ങളും ഇപ്പോൾ ഉത്തരകൊറിയക്ക് തിരിച്ചടിയാകുകയാണ്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന റേഡിയേഷന്‍ മരണങ്ങളും നവജാത ശിശുക്കളിലെ ജനിതക വൈകല്യവും ഭേദമാക്കാന്‍ കഴിയാത്ത അസുഖങ്ങളുടെ വര്‍ധനയും ഈ ആണവ പരീക്ഷണത്തിന്റെ അനന്തര ഫലമാണെന്ന് ലോകാരോഗ്യ സംഘടന ആരോപിച്ചിരുന്നു. ദിവസങ്ങൾക്ക് മുന്‍പ് നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനൊടുവില്‍ മേഖലയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതും വാര്‍ത്തയായിരുന്നു.

ഉത്തര കൊറിയയിലെ പുങ്യേരി ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപം ജീവിക്കുന്നവര്‍ക്കാണ് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്തിന്റെ ചൈനയോട് ചേര്‍ന്നുകിടക്കുന്ന വടക്കുകിഴക്കന്‍ മേഖലയാണിത്. ഉത്തര കൊറിയയുടെ ആണവഭ്രമം മൂലം മന്റാസ്പന്‍ മലനിരകളില്‍ അപകടകരമായ ആണവ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടത്തെ മലനിരകളിൽ മണ്ണിടിച്ചിൽ വ്യാപകമായിട്ടുണ്ട്. മണ്ണിടിച്ചിൽ തുടർന്നാണ് അണുവികിരണം വ്യാപകമാകും.

ആണവ പരീക്ഷണം നടത്തിയ പ്രദേശത്തോടു ചേര്‍ന്നുള്ളവരിലാണ് കൂടുതലും അസുഖങ്ങള്‍ കാണപ്പെടുന്നത്. മേഖലയിലെ കുടിവെള്ളം ആണവ വികിരണങ്ങളാല്‍ മലിനമാക്കപ്പെട്ടിരിക്കുകയാണ്. ഭൂമിക്കടിയിൽ നടത്തിയ ആണവ പരീക്ഷണം ഭൂഗര്‍ഭ ജലത്തെ മലിനമാക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ന്യൂക്ലിയര്‍ സയന്‍സ് ആന്റ് എൻജിനീയറിങ് വിദഗ്ധർ പറയുന്നത്.

ഉത്തര കൊറിയയുടെ അറുപത്തിയൊൻപതാമത് ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുന്ന ഈ വേളയിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവപരീക്ഷണം നടത്തിക്കൊണ്ട് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചത്. ഏറ്റവും അവസാനമായി നടത്തിയ ഹൈഡ്രജൻ ബോംബിന്റെ ശേഷി എത്രത്തോളമുണ്ടെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. 

ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ കണക്കനുസരിച്ച് 120 കിലോ ടണ്ണിലധികം ശേഷിയുള്ള ആണവായുധമാണ് ഉപയോഗിച്ചതെന്നാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട അണുബോംബില്‍ 15 കിലോടണ്‍ ശേഷിയാണുണ്ടായിരുന്നത്. നഗരത്തിന്റെ അഞ്ചു ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചാമ്പലാക്കിയ ഈ സ്‌ഫോടനത്തില്‍ ഒരു ലക്ഷത്തിലേറെ മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സുരക്ഷാ കൗണ്‍സിലിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുന്നത്.