Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയെ സഹായിക്കാൻ ചൈനീസ് സേന ഇറങ്ങി, അമേരിക്കൻ സേനയെ വീഴ്ത്തി

korea-china

ചൈനയുടെ വരവ് 

സിയോള്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സേനയോട് 38ാമതു പാരലല്‍ കടന്നു മുന്നേറാന്‍ ജനറല്‍ ഡഗ്ലസ് മാക്ആര്‍തര്‍ ഉത്തരവിട്ടു. ചൈനീസ് അതിര്‍ത്തി വരെ കടന്നു ചെല്ലാനായിരുന്നു നിര്‍ദേശം. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഉത്തരകൊറിയന്‍ സേനയെ എന്നെന്നേക്കുമായി നിലം പരിശാക്കണം. തുടര്‍ന്ന്, രണ്ടു കൊറിയകളെയും സംയോജിപ്പിക്കണം എന്നതായിരുന്നു മാക് ആര്‍തറിന്റെ ഉദ്ദേശ്യം. ഇതേസമയത്തു തന്നെ യുദ്ധലക്ഷ്യത്തില്‍ മാറ്റം വരുത്തിക്കൊണ്ട് യുഎന്‍ പുതിയ പ്രമേയം പാസാക്കി. ദക്ഷിണകൊറിയയുടെ രക്ഷയ്ക്കു പുറമേ ഉപദ്വീപില്‍നിന്നു കമ്യൂണിസം തുടച്ചുനീക്കുകയെന്നതും മുന്‍ഗണനാ പട്ടികയില്‍ കടന്നെത്തി. 

38ാമതു പാരലല്‍ കടക്കാനുള്ള തീരുമാനം മാക്ആര്‍തറിന് ആത്മഹത്യാപരമായി. 1950 ഒക്‌ടോബര്‍ ഒന്നിനാണ് യുഎന്‍ സൈന്യം 38ാമതു പാരലല്‍ കടന്നത്. ചില കാര്യങ്ങളില്‍ മക് ആര്‍തര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയന്‍ സേനയെ തുരത്താനുള്ള ശ്രമത്തില്‍ ഒരു കാരണവശാലും കൊറിയയോട് ചേര്‍ന്ന് കിടക്കുന്ന സോവിയറ്റ് മഞ്ചൂറിയയുടെ അതിര്‍ത്തി കടക്കരുത്, സോവിയറ്റ്, ചൈന നേരിട്ട് ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യത്തില്‍ സൈനിക നടപടി തുടരരുത്, സോവിയറ്റ് മഞ്ചൂറിയന്‍ അതിര്‍ത്തി ആക്രമണത്തില്‍ കൊറിയക്കാരല്ലാത്ത സൈനികര്‍ പങ്കെടുക്കരുത് തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹത്തെ പ്രസിഡന്റ് തന്നെ അറിയിച്ചിരുന്നു. 

എന്നാല്‍ ഇതുകണക്കിലെടുക്കാതെ വര്‍ധിത വീര്യത്തോടെ മുന്നേറിയ ആര്‍തറിന്റെ യുദ്ധതന്ത്രം പൊളിഞ്ഞെന്നു മാത്രമല്ല ജോസഫ് സ്റ്റാലിന്റെ അഭ്യര്‍ഥന പ്രകാരം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉത്തരകൊറിയയുടെ രക്ഷയ്‌ക്കെത്താന്‍ തീരുമാനിക്കുകയും ചെയ്തു. യുഎസ് സേന കൂടുതല്‍ മുന്നേറിയാല്‍, തങ്ങള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ലായ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബ്ലാക്ക്‌മെയിലിങ് തന്ത്രമാണെന്നു പറഞ്ഞ് അമേരിക്ക ഇതു തള്ളിക്കളഞ്ഞു. 

china-force

ഒടുവില്‍ ഒക്‌ടോബര്‍ 19ന് രഹസ്യമായി യാലു നദികടന്നെത്തിയ ചൈനീസ് സൈനികര്‍ 25ന് അമേരിക്കന്‍ സൈന്യത്തിനെതിരേ ആദ്യ ആക്രമണം അഴിച്ചുവിട്ടു. കടുത്ത ആള്‍നാശമാണ് യുഎസ് സേനയ്ക്കുണ്ടായത്. ഇതിനു പുറമേ ചൈന യുദ്ധത്തില്‍ ഇടപെട്ട് 12-ാം ദിവസം അവരുടെ തുണയ്‌ക്കെത്താന്‍ സോവിയറ്റ് വ്യോമസേനയ്ക്ക് ജോസഫ് സ്റ്റാലിന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഓന്‍ജോങില്‍ നടന്ന ഏറ്റുമുട്ടലില്‍ യുഎസ് സൈന്യത്തിനു കനത്ത ആള്‍നാശമുണ്ടായി. 

അമേരിക്കയുടെ എട്ടാം റെജിമന്റിനെ മൂന്നു വശത്തുനിന്നും ചൈനീസ് സൈന്യം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ അടിതെറ്റിയ യുഎസ് സൈന്യം ചോങ്‌ചോന്‍ നദിക്കു സമീപത്തേക്കു പിന്മാറി. വിജയത്തിനു ശേഷം ചൈനീസ് സൈന്യം പര്‍വതമേഖലകളിലേക്കു ഒളിക്കുകയും ചെയ്തു. തിരിച്ചടിയുണ്ടായെങ്കിലും ചൈന നേരിട്ടു യുദ്ധത്തില്‍ പങ്കെടുത്തുവെന്നു വിശ്വസിക്കാന്‍ ആദ്യഘട്ടത്തില്‍ മാക് ആര്‍തര്‍ വിശ്വസിച്ചിരുന്നില്ല. 

തുടര്‍ന്ന് ഒരു മാസത്തിനു ശേഷം നവംബര്‍ 24-നു വീണ്ടും മഞ്ചൂറിയന്‍ അതിര്‍ത്തിയിലേക്കു നീങ്ങാനും കടുത്ത ആക്രമണം നടത്താനും യുഎസ് സൈന്യം തീരുമാനിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം ചോങ്‌ചോന്‍ നദിക്കരയില്‍ യുഎസ്– യുഎന്‍ സൈന്യത്തിനു നേരെ ചൈനീസ് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ കനത്ത ആള്‍നാശമുണ്ടായി. 1,80,000 ചൈനീസ് സൈനികര്‍ ഉത്തരകൊറിയയ്‌ക്കൊപ്പം നിലയുറപ്പിച്ചതോടെ അമേരിക്കന്‍ സേനയുടെ അടിപതറി.

വിവിധ ഭാഗങ്ങളില്‍നിന്നുണ്ടായ ആക്രമണം ചെറുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പലയിടത്തും സൈനിക ഡിവിഷനുകള്‍ പിന്‍വാങ്ങി. രണ്ടാം ഡിവിഷനില്‍ ഒറ്റദിവസം കൊണ്ട് 3000 സൈനികരാണു കൊല്ലപ്പെട്ടത്. ഡിസംബര്‍ അഞ്ചിന് ഉത്തരകൊറിയന്‍-ചൈനീസ് സൈന്യം പോങ്യാങ് തിരിച്ചുപിടിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ്-ദക്ഷിണകൊറിയന്‍ സൈന്യത്തിലെ 11,000 പേരാണു കൊല്ലപ്പെട്ടത്. 

ഡിസംബര്‍ അവസാനത്തോടെ ഒരുലക്ഷത്തോളം യുഎന്‍ സഖ്യ സൈന്യത്തിനു 38-ാമതു പാരലല്‍ കടന്നു ദക്ഷിണകൊറിയയിലേക്കു പിന്‍വാങ്ങേണ്ടിവന്നു. ആ മാസം തന്നെ യുഎസ് കമാന്‍ഡിങ് ജനറല്‍ വാള്‍ട്ടന്‍ വാക്കര്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ സൈന്യത്തിന്റെ മനോവീര്യം പൂര്‍ണമായി തകര്‍ന്നു. പിന്നീടങ്ങോട്ടു ചൈനീസ്- ഉത്തരകൊറിയന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മയാണു യുദ്ധരംഗത്തു കാണപ്പെട്ടത്. ആഞ്ഞടിച്ച അവര്‍ 1951 ജനുവരി നാലിനു സിയോള്‍ വീണ്ടും കൈപ്പിടിയിലൊതുക്കി. 

ഇതോടെ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയെന്ന നിലയിലേക്ക് അമേരിക്ക ഒതുങ്ങി. എന്നാല്‍ ഈ നിര്‍ദേശം മാക് ആര്‍തര്‍ പരസ്യമായി തള്ളി. യുദ്ധം ചൈനയിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഹാരി ട്രൂമാന്‍ 1951 ഏപ്രിലില്‍ മാക് ആര്‍തറിനെ യുദ്ധത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കി. പകരം ജനറല്‍ റിഡ്ജ്‌വേയെ നിയമിച്ചു.  രണ്ടു വര്‍ഷം കൂടി യുദ്ധം നീണ്ടു. ഇരുകൂട്ടരും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. 60-ാം ഇന്ത്യന്‍ പാരച്യൂട്ട് ഫീല്‍ഡ് ആംബുലന്‍സാണ് സൈനികനീക്കത്തിന് മെഡിക്കല്‍ സഹായം എത്തിച്ചത്.

china

കൈവിട്ടുപോയ ചില ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ അമേരിക്കന്‍ സൈന്യത്തിനു കഴിഞ്ഞു. യുദ്ധമുഖത്തേക്ക് സൈനികസാമഗ്രികള്‍ എത്തിക്കുന്നതില്‍ തടസമുണ്ടായതോടെ ചൈനീസ് സൈന്യം അങ്കലാപ്പിലായി. 1952 നവംബറില്‍ അമേരിക്കയില്‍ ഐസന്‍ഹോവര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുദ്ധം ഏതുരീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നു പഠിക്കാനായി അദ്ദേഹം കൊറിയയിലെത്തി. അതിനിടെ ഇന്ത്യ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം യുഎന്‍ അംഗീകരിച്ചു. 38-ാമതു പാരലല്‍ തന്നെ നിയന്ത്രണരേഖയാക്കിയാണു വെടിനിര്‍ത്തല്‍ അംഗീകരിക്കപ്പെട്ടത്. ഒടുവില്‍ 1953 ജൂലൈ 27-ന് സമാധാന ഉടമ്പടിയോടെ യുദ്ധം അവസാനിച്ചു. 1954 നവംബറില്‍ 4167 അമേരിക്കന്‍ സൈനികരുടെ ദൗതികാവശിഷ്ടങ്ങളും 13528 ഉത്തരകൊറിയന്‍-ചൈനീസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറി. 

നാളെ: അന്ന് കൊറിയയിൽ മരിച്ചുവീണത് ഒരു കോടി ജീവനുകൾ, ഇനിയും വേണോ യുദ്ധം?