Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യ തുരങ്കങ്ങള്‍ വഴി ചൈന ബ്രഹ്മപുത്രയെ ഊറ്റിയെടുക്കുന്നു, തെളിവുകൾ പുറത്ത്

china-dam

കൂറ്റന്‍ രഹസ്യ തുരങ്കങ്ങള്‍ വഴി ബ്രഹ്മപുത്ര നദിയിലെ വെള്ളം ചൈന ഊറ്റിയെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രഹ്മപുത്ര ഒഴുകുന്ന ചൈനീസ് മേഖലയിലെ ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഈ ആശങ്കയക്ക് അടിസ്ഥാനം. ചൈന 900 മീറ്റര്‍ നീളത്തില്‍ വന്‍ തുരങ്കങ്ങള്‍ നിര്‍മിച്ച് വെള്ളം ഊറ്റിയെടുക്കുന്നുവെന്നാണ് ഇന്ത്യയുടെ ആശങ്ക. 

ടിബറ്റിലെ ആങ്‌സി ഗ്ലേസിയറില്‍ നിന്നാണ് ഇന്ത്യക്കാരും ടിബറ്റുകാരും ആശ്രയിക്കുന്ന ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം. ബ്രഹ്മപുത്രയുടെ ഇന്ത്യയിലെ ഭാഗമെത്തുമ്പോഴേക്കും വെള്ളം കറുത്ത നിറത്തിലാകുന്നുവെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. ബ്രഹ്മപുത്രയിലെ വെള്ളം വലിയ തോതില്‍ ഊറ്റിക്കൊണ്ടുപോകാനുള്ള ചൈനീസ് ശ്രമവും ഈ നിറം മാറ്റത്തിന് പിന്നിലുണ്ടെന്ന ആശങ്കയും ഉരുന്നുണ്ട്. 

ബ്രഹ്മപുത്രയിലെ വെള്ളമുപയോഗിച്ച് ടാക്‌ലമകന്‍ മരുഭൂമിയെ ഫലഭൂവിഷ്ടമാക്കുകയാണ് ചൈനീസ് പദ്ധതിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചൈനയുടെ വെള്ളമൂറ്റല്‍ പദ്ധതിയെ സ്ഥാപിക്കാനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ ഡിജിറ്റല്‍ ഗ്ലോബ് കഴിഞ്ഞ നവംബര്‍ 26ന് എടുത്ത ചിത്രങ്ങളിലാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. 

ബ്രഹ്മപുത്രയുടെ ഒഴുക്കിനെ പൂര്‍ണ്ണമായും തടയുന്ന 200 മീറ്റര്‍ വലിപ്പത്തിലുള്ള ഡാം സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. ഇങ്ങനെ തടയുന്ന വെള്ളം 50 മീറ്റര്‍ വ്യാസമുള്ള രണ്ട് തുരങ്കങ്ങള്‍ വഴി 900 മീറ്റര്‍ അകലേക്ക് എത്തിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചന ചിത്രങ്ങളിലുണ്ട്. ബ്രഹ്മപുത്രാ നദിയില്‍ ചൈന സാങ്‌മോ ഡാം നിര്‍മിക്കുന്നതിനെതിരെ ഇന്ത്യ നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ എതിര്‍പ്പ് വകവെക്കാതെ 510 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന ഈ പദ്ധതി ചൈന നടപ്പിലാക്കി. ഇത്തരം ഡാമുകള്‍ ജല ബോംബുകളായി ഇന്ത്യക്കെതിരെ പ്രയോഗിക്കാനുള്ള സാധ്യതയും നേരത്തെ ചര്‍ച്ചയായതാണ്. 

പാക്കിസ്ഥാനിലെ ചില മേഖലകളില്‍ ഡാമുകള്‍ നിര്‍മിക്കാന്‍ ചൈന സഹായിക്കുന്നതായ ആരോപവും പുറത്തുവന്നിട്ടുണ്ട്. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകള്‍ തുറന്നുവിട്ടാല്‍ മണിക്കൂറുകള്‍ക്കകം കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയത്തിലാകും. സാങ്‌മോ ഡാമിന് 13 കിലോമീറ്റര്‍ ഉയരത്തിലാണ് പുതിയ നിര്‍മാണങ്ങള്‍ നടക്കുന്നത്. ബ്രഹ്മപുത്രയുടെ നീരൊഴുക്ക് പൂര്‍ണ്ണമായും തടയുന്ന വിധത്തിലുള്ള നിര്‍മാണമായതിനാല്‍ തന്നെ വെറുമൊരു ജലവൈദ്യുതി പദ്ധതിയല്ല ഇതെന്നാണ് നിഗമനം. ടാക്‌ലമകന്‍ മരുഭൂമിയിലേക്ക് ഇവിടെ നിന്നും 1100 കിലോമീറ്ററുണ്ട്. ഇത്രയും ദൂരത്തില്‍ വെള്ളമെത്തിക്കാനുള്ള ബൃഹത്പദ്ധതിയാണ് ചൈന നടപ്പിലാക്കുന്നതെന്നാണ് ഉയരുന്ന ആശങ്ക. ബ്രഹ്മപുത്രയില്‍ നിന്നുള്ള വെള്ളം വഴിതിരിച്ചുവിട്ടാല്‍ ഇന്ത്യയിലെ മേഖലയിലെ കൃഷിയേയും മറ്റും അത് വലിയ തോതില്‍ ബാധിക്കുമെന്നത് വസ്തുതയാണ്. 

ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശമാകെ കറുത്ത നിറത്തിലുള്ള പോളിമര്‍ പശകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഉപഗ്രഹ ചിത്രങ്ങളിലുണ്ട്. വന്‍കിട നിര്‍മ്മാണ പദ്ധതികളിലാണ് ഇത് ഉപയോഗിക്കുക. എന്നാല്‍ വലിയ മലിനീകരണ ഭീഷണിയുള്ളതിനാല്‍ ജലവൈദ്യുത പദ്ധതികളില്‍ ഇത് ഉപയോഗിക്കാറില്ല. എന്നാല്‍ ചൈന യാതൊരു മുന്‍കരുതലുമില്ലാതെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാലാണ് ബ്രഹ്മപുത്രയിലെ വെള്ളത്തിന്റെ നിറം തന്നെ മാറിയതെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്.

related stories