Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ ചൈനാ കടൽ നിരീക്ഷിക്കാൻ പത്ത് ചൈനീസ് ചാര ഉപഗ്രഹങ്ങള്‍

Chinese-artificial-island

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ദക്ഷിണ ചൈനാ കടല്‍ പരിപൂര്‍ണ്ണ നിരീക്ഷണത്തിലാക്കാന്‍ ചൈനയുടെ നീക്കം. ദക്ഷിണ ചൈനാ കടലിനെ രാവും പകലും നിരീക്ഷണ വരുതിയിലാക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. 

2021 ഓടെ പത്ത് നിരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ചൈനീസ് പദ്ധതി. ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ ഏതൊരു വസ്തുവിനേയും രാവും പകലും വളരെ അടുത്ത് നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ആവശ്യമെങ്കില്‍ പ്രതിരോധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശേഷിയുള്ളവയാണ് ഈ ചാര ഉപഗ്രഹങ്ങളെന്നും സൂചനയുണ്ട്. 

രാവും പകലും സമുദ്രനിരീക്ഷണത്തിന് നിലവില്‍ ചൈനക്ക് മുൻപില്‍ പല തടസ്സങ്ങളുമുണ്ട്. സാങ്കേതികവും കാലാവസ്ഥാപരവുമായ ഇത്തരം തടസങ്ങളെ മറികടക്കാനാണ് ചൈനയുടെ പുതിയ പദ്ധതിയെന്ന് സിംഗപൂരിലെ നാന്‍യങ് സാങ്കേതിക സര്‍വകലാശാലയിലെ സമുദ്ര സുരക്ഷാ വിദഗ്ധനായ കോളിന്‍ കോ പറയുന്നു. ഇതുവഴി ദക്ഷിണ ചൈനാ കടലിലെ സ്വാധീനം ഉറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്ത്രപ്രധാനമായ സമുദ്രഭാഗങ്ങളില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നിരവധി പദ്ധതികളാണ് ചൈനീസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് ഈ ചാര ഉപഗ്രഹങ്ങളും. ദക്ഷിണ ചൈനാ കടലില്‍ 2016 മുതല്‍ ഇതുവരെ 29 ഹെക്ടര്‍ വലിപ്പത്തില്‍ കൃത്രിമ ദ്വീപുകള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. ഇത്തരം കൃത്രിമദ്വീപുകള്‍ ഭാവിയില്‍ ചൈനയുടെ വ്യോമ-നാവിക താവളങ്ങളായി മാറിയാലും അദ്ഭുതപ്പെടാനില്ല. 

നിലവില്‍ രാജ്യാന്തരതലത്തിലെ സമാധാന അന്തരീക്ഷം തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ചൈനയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങളിലേക്ക് അമേരിക്കയുടെ ശ്രദ്ധ കൂടുതലായി പോകുന്നതും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ചൈനയെ സഹായിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന സമുദ്രഭാഗങ്ങളിലെ ചൈനയുടെ പ്രകോപനങ്ങള്‍ക്കെതിരെ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.