Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്ന രണ്ട് ഇന്ത്യൻ ആയുധങ്ങൾ, ചൈനയുടേയും...

cartosat-agni-5

ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ കുതിപ്പ് പാക്കിസ്ഥാനെയും ചൈനയെയും കാര്യമായി തന്നെ ഭീതിപ്പെടുത്തുന്നുണ്ട്. ബഹിരാകാശത്തും കരയിലും കടലിലും വൻ ശക്തിയായ ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് ആലോചിക്കുകയാണ് പാക്കിസ്ഥാൻ. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളും തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളും പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് പാക്കിസ്ഥാൻ അധികാരികൾ പ്രസ്തവാന നടത്തിയിരുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളടക്കമുള്ള എല്ലാ ബഹിരാകാശ സംവിധാനങ്ങളും ഇന്ത്യ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പ്രാദേശിക സ്ഥിരതയെ മോശമായി ബാധിക്കുന്ന തരത്തിൽ ഇവയൊന്നും നടപ്പാക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് പാക്ക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസൽ മുന്നറിയിപ്പു നൽകിയിരുന്നത്.

കാര്‍ട്ടോസാറ്റ്-2 പാക്കിസ്ഥാന്റെ പേടിസ്വപ്നം

ഇന്ത്യയുടെ 100–ാമത് ഉപഗ്രഹമാണ് പാക്കിസ്ഥാന്റെയും ചൈനയുടെും ഉറക്കം കെടുത്തുന്നത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഭൂമിയിലെ ചിത്രങ്ങൾ കൃത്യമായി പകർത്തുന്നുണ്ട്. കാർട്ടോസാറ്റ്–2 പകർത്തിയ ആദ്യ ചിത്രങ്ങൾ ഇന്ത്യയുടെ ശത്രുക്കളുടെ ഉറക്കംകെടുത്തുന്നതാണ്. ഭൂമിയിലെ ദൃശ്യങ്ങൾ കൃത്യതയോടെയാണ് കാർട്ടോസാറ്റ് പകർത്തുന്നത്.

അത്യാധുനിക വിദൂര നിയന്ത്രിത ഉപഗ്രഹമായ കാർട്ടോസാറ്റ്–2 ഉപയോഗിച്ച് പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. അതിർത്തിയിലെ ഭീകര ക്യാംപുകളുടെ ചിത്രങ്ങളും പകര്‍ത്താം. ഇതെല്ലാം പാക്കിസ്ഥാന് ഭീഷണി തന്നെയാണ്. ബഹിരാകാശ മേഖലയിൽ കാര്യമായ നേട്ടങ്ങളില്ലാത്ത പാക്കിസ്ഥാന് ഇന്ത്യയുടെ ഓരോ നീക്കവും വൻ വെല്ലുവിളിയാണ്. കാർട്ടോസാറ്റ് സീരിസിൽ മുൻപ് വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങൾക്ക് സമാനമാണ് ഇതിന്റെയും രൂപരേഖ. കാർട്ടോസാറ്റ്–2ന് ശേഷിയും കൂടുതലാണ്.

ഇന്ത്യയുടെ സുരക്ഷയ്ക്കായി നിരവധി സഹായങ്ങളാണ് ഐഎസ്ആർഒ ചെയ്തുക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ നേരിടാൻ ഐഎസ്ആർഒയുടെ സഹായം ലഭ്യമാണ്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന ഉഗ്രഹമാണ് കാർട്ടോസാറ്റ്. കാർട്ടോസാറ്റ്–2ന് രാജ്യ സുരക്ഷയ്ക്ക് വേണ്ട എല്ലാ വിവരങ്ങളും മുൻകൂട്ടി നൽകാനാകുമെന്നാണ് അറിയുന്നത്.

ഇന്ത്യ–പാക്ക് നിയന്ത്രണ രേഖയിലെ ഭീകര ക്യാംപുകളും പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും കൃത്യമായി മനസ്സിലാക്കാൻ കാർട്ടോസാറ്റ്–2 പകർത്തുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും സാധിക്കും. കഴിഞ്ഞ വർഷം പാക്ക് ഭീകരക്യാംപുകളിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്ക് കാർട്ടോസാറ്റ്–2 സി പകർത്തി അയച്ച ചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു. 

കാർട്ടോസാറ്റ്–2 സി യേക്കാൾ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറകളാണ് കാർട്ടോസാറ്റ്–2 ൽ ഘടിപ്പിച്ചിരിക്കുന്നത്. ഏതു കാലാവസ്ഥയിലും ഭൂമിയിലെ കാഴ്ചകൾ പകർത്താൻ സാധിക്കും. രാത്രിയും പകലും ഒരു പോലെ ഭൂമിയിലെ കാഴ്ചകൾ കൂടുതൽ മികവോടെ പകർത്തുന്ന ക്യാമറകളാണ് കാർട്ടോസാറ്റ്–2 ൽ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര ശക്തികൾക്ക് മാത്രമായുള്ള സാങ്കേതിക ശേഷിയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. 

കാർ‌ട്ടോസാറ്റ്–2 വിക്ഷേപിച്ചതോടെ സൈനികാവശ്യത്തിനു ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും കിടപിടിക്കാൻ ഇന്ത്യയ്ക്കാകും. ബഹിരാകാശത്തു നിന്നു ഭൂമിയെ നിരീക്ഷിക്കുന്ന നിലവിലുള്ളതിൽ ഏറ്റവും മികച്ച ഉപഗ്രഹമാണ് കാർട്ടോസാറ്റ്-2. 

പ്രഥമ സൈനിക ഉപഗ്രഹം കാർട്ടോസാറ്റ്-2എ 2007 ലാണ് ഇന്ത്യ വിക്ഷേപിച്ചത്. അയൽരാജ്യങ്ങൾ നടത്തുന്ന സൈനികനീക്കങ്ങളും മിസൈൽ അനുബന്ധിത പരീക്ഷണങ്ങളും രാജ്യത്തെ അറിയിക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക സ്വാധീനം ചെലുത്തി വരികയാണിപ്പോൾ.

അഗ്നി–5: പാക്കിസ്ഥാനേക്കാൾ ഭയം ചൈനയ്ക്ക്

ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5ന്റെ തുടർച്ചയായ വിജയങ്ങൾ പാക്കിസ്ഥാനേക്കാൾ ഭയക്കുന്നത് ചൈനയാണ്. അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും. 

യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോൾ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ വൻശക്‌തികൾക്കൊപ്പം ഇടം നേടാനും ഇന്ത്യയ്‌ക്കു വഴിയൊരുക്കുകയാണ് അഗ്നി-5.

1550 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2500 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിന്റെ മൂന്നാം പതിപ്പ്, അതിനുശേഷം 5000ൽ അധികം കിലോമീറ്റർ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ചു വിജയിച്ച ദീർഘദൂര ബാലിസ്‌റ്റിക് മിസൈലുകൾ. അഗ്നി-5 മിസൈൽ റെയിൽ വാഹനത്തിലും പടുകൂറ്റൻ ട്രക്കിന്റെ ട്രെയിലറിൽ ഘടിപ്പിച്ചും സ്‌ഥാനം മാറ്റാം. കനിസ്‌റ്ററിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോൾ ശത്രു ഉപഗ്രഹങ്ങൾ ഇതിന്റെ സ്‌ഥാനം കണ്ടെത്തുകയില്ല. ഇന്ത്യയുടെ ഏതു കോണിൽ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണിൽ വരെയും പറന്നെത്താൻ കഴിയുന്ന മിസൈലാണ് അഗ്നി-5.