Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കന്‍ സൈന്യത്തിന്റെ ഭാവി ‘നിർമിത ബുദ്ധി’ യുദ്ധതന്ത്രങ്ങള്‍ പേടിപ്പെടുത്തുന്നത്

Predator

ഭാവിയിലെ യുദ്ധ ഭൂമിയില്‍ കൃത്രിമ ബുദ്ധിക്കും റോബോട്ടുകള്‍ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ഏത് രൂപത്തിലായിരിക്കും യുദ്ധഭൂമിയില്‍ ‘നിർമിത ബുദ്ധി’ യുദ്ധോപകരണങ്ങള്‍ അവതരിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ഭാവിയിലെ അമേരിക്കയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുദ്ധ സ്വപ്‌നങ്ങളെക്കുറിച്ചുള്ള ലേഖനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ഒരു വിഡിയോ ഗെയിമിലെ കാഴ്ചകള്‍ പോലെയായിരിക്കും ഭാവിയിലെ യുദ്ധ രംഗമെന്ന സൂചനകള്‍ നല്‍കുന്നതാണ് ഈ വിവരങ്ങള്‍. യുഎസ് ആര്‍മി റിസര്‍ച്ച് ലബോറട്ടറിയിലെ അലക്‌സാണ്ടര്‍ കോട്ടാണ് എഐ ആയുധങ്ങളെക്കുറിച്ചുള്ള വിശദ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരിലും യന്ത്രങ്ങളിലും ഭാവിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്. മനുഷ്യരും എഐ യന്ത്രങ്ങളും കൈകോര്‍ത്തുള്ള യുദ്ധരീതിയായിരിക്കും ഭാവിയിലെന്നും ഈ കുറിപ്പ് പറയുന്നു. 

'നിലവിലെ യുദ്ധ രംഗത്തെ ആയുധങ്ങളും വാഹനങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്തവയായിരിക്കില്ല എഐ ആയുധങ്ങളും യന്ത്രങ്ങളും. സ്വയം നിയന്ത്രിത മിസൈലുകള്‍, പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ തുടങ്ങി പ്രാണികളോളം ചെറിയ റോബോട്ടുകളും സൈനികരേയും ആയുധങ്ങളേയും ഒറ്റയടിക്ക് വഹിക്കാന്‍ ശേഷിയുള്ള വലിയ വാഹനങ്ങള്‍ വരെ യുദ്ധരംഗത്തുണ്ടാകും. ഇതില്‍ ചിലത് പറന്നു നടക്കുന്നതും മറ്റു ചിലവ ഉരുണ്ടുപോകുന്നതോ നടക്കുന്നതോ ആയിരിക്കും' യുഎസ് സൈന്യത്തിലെ നെറ്റ്‌വര്‍ക്ക് സയന്‍സ് ഡിവിഷന്‍ ഓഫ് ആര്‍മി റിസര്‍ച്ച് ലബോറട്ടറിയുടെ മേധാവിയായ അലക്‌സാണ്ടര്‍ നോട്ട് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. 

നിലവിലുള്ള ഏറ്റവും മികച്ച എഐ സംവിധാനങ്ങള്‍ പോലും അലക്‌സാണ്ടര്‍ നോട്ടിന്റെ സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാന്‍ ശേഷിയുള്ളവയല്ല. ഗൂഗിളിന്റെ ഡീപ്പ്‌മൈന്‍ഡും ഐബിഎമ്മിന്റെ വാട്‌സണുമാണ് നിലവിലെ ഏറ്റവും ആധുനികമായ എഐ സംവിധാനങ്ങളെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടാകുന്ന പുരോഗതിയിലൂടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് അമേരിക്ക കരുതുന്നത്. 

മെഷീന്‍ ലേണിംങ് പോലുള്ള മേഖലകളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് ശാസ്ത്രലോകം കൈവരിച്ചിരിക്കുന്നത്. എഐയെ യുദ്ധമേഖലയിലെത്തിക്കുന്നത് യാഥാര്‍ഥ്യമാകണമെങ്കില്‍ മെഷീന്‍ ലേണിങ് പോലുള്ള മേഖലകളില്‍ വലിയ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഭാവിയില്‍ ലക്ഷ്യമിടുന്ന നഗരത്തിലേക്ക് വെട്ടുകിളികളെ പോലെ റോബോട്ടുകള്‍ പറന്നിറങ്ങുന്നതും നിമിഷ നേരംകൊണ്ട് കീഴടക്കുന്നതുമെല്ലാം അസാധ്യമല്ലെന്നാണ് ഈ റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്.