Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സാറ അബ്ദുള്ള’, ഇവൾ പറയുന്നത് സത്യമോ? സിറിയൻ രാസായുധ ആക്രമണങ്ങള്‍ വ്യാജമോ?

sarah

സിറിയയിലെ രാസായുധ ആക്രമണത്തെ തുടര്‍ന്ന് മരണ വെപ്രാളത്തിലായ കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. എന്നാല്‍ അസദ് ഭരണകൂടം നടത്തിയ രാസായുധാക്രമണങ്ങള്‍ നാടകമാണെന്ന വാദമാണ് ട്വിറ്ററിലെ ചില ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്നത്. അസദ് സര്‍ക്കാരിനെയും റഷ്യയും പ്രതിക്കൂട്ടിലാക്കാനുള്ള ജിഹാദികളും പാശ്ചാത്യ രാജ്യങ്ങളുടേയും തന്ത്രമാണിതെന്നാണ് ഇവരുടെ വാദം. 

സിറിയയില്‍ രാസായുധ ആക്രമണത്തെ തുടര്‍ന്ന് തറയില്‍ ബോധമറ്റുകിടക്കുന്നതും ശ്വാസമെടുക്കാന്‍ പാടുപെടുന്നതും മരണവെപ്രാളം കാണിക്കുന്നതുമായ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സിറിയക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. ലോകരാജ്യങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പാണ് രാസായുധാക്രമണത്തിന് പിന്നാലെ അസദ് ഭരണകൂടത്തിനും റഷ്യക്കും നേരിടേണ്ടി വന്നത്. 

രാസായുധാക്രമണമെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും നാടകമാണെന്ന റഷ്യന്‍ അധികൃതരുടെ വാദത്തെ ശരിവെച്ചാണ് ഓണ്‍ലൈനില്‍ ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരോ മാധ്യമപ്രവര്‍ത്തകരോ ആയാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ റഷ്യന്‍ അനുകൂല വാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം പ്രൊഫൈലുകളുടെ കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നതും ദുരൂഹത ഉയര്‍ത്തുന്നു. 

സിറിയയിലെ ഖാന്‍ ഷെയ്‌കോനില്‍ നടന്ന ഗ്യാസ് അറ്റാക്കിന് പിന്നാലെ ഇതേ ആക്ടിവിസ്റ്റുകള്‍ #SyriaHoax എന്ന ഹാഷ്‌ടാഗ് വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. സിറിയന്‍ റിബലുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന സംഘത്തെ ഇവര്‍ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. 

ട്വിറ്ററില്‍ 1.25 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സാറ അബ്ദുള്ള എന്ന പ്രൊഫൈലാണ് റഷ്യന്‍ അനുകൂല പ്രചരണത്തിന്റെ മുന്നിലുള്ളത്. ലെബനീസ് രാഷ്ട്രീയ നിരീക്ഷകയെന്നാണ് സാറ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സാറ അബ്ദുള്ളയുടെ ട്വിറ്റര്‍ പ്രൊഫൈലിലുള്ളതല്ലാതെ മറ്റേന്തെങ്കിലും വിവരങ്ങളോ മറ്റു സോഷ്യല്‍മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ലെന്നത് സംശയകരമാണെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ട്വിറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന സാറ അബ്ദുള്ളയുടെ ബ്ലോഗില്‍ ഒരു പോസ്റ്റു പോലും ഇല്ലെന്നതും സംശയം വര്‍ധിപ്പിക്കുന്നു. 

അസദ് അനുകൂലികളും, ട്രംപ് അനുകൂലികളും, റഷ്യന്‍ അനുകൂലികളുമെല്ലാം ഒരേ പോലെ സാറ അബ്ദുള്ളയുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. സാറയുടെ ട്വീറ്റുകള്‍ സമാനമായ റഷ്യന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളായ @Partisangirl, blogger @VanessaBeeley and “politics analyst” @Ian56789 എന്നിവയിലൂടെയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ പല അക്കൗണ്ടുകളും പതിനായിരക്കണക്കിന് ട്വിറ്റര്‍ ഫോളോവേഴ്‌സുള്ളവയാണെങ്കിലും ഒന്നുപോലും ട്വിറ്റര്‍ ഔദ്യോഗകമായി വെരിഫൈ ചെയ്തിട്ടില്ല. 

അതേസമയം, സിറിയന്‍ കുട്ടികളുടെ ദുരിതം വിവരിക്കുന്നതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചിലതെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. റെവല്യൂഷന്‍ മാന്‍ എന്ന സിറിയന്‍ സിനിമയിലെ ദൃശ്യങ്ങളാണ് ഇങ്ങനെ വ്യാജമായി പ്രചരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫെബ്രുവരിയില്‍ ഫെയ്സ്ബുക്കില്‍ ഇട്ട ദൃശ്യങ്ങള്‍ രണ്ട് മാസത്തിനു ശേഷം രാസായുധാക്രമണത്തിന്റേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

movie

അതേസമയം, റഷ്യന്‍ അനുകൂല വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളെക്കുറിച്ച് കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. സിറിയയില്‍ രാസായുധാക്രമണം നടന്ന പ്രദേശത്ത് അസദ് ഭരണകൂടത്തിനെതിരായ നീക്കം ശക്തിപ്പെടുത്താനാണ് അമേരിക്കയുടേയും സഖ്യ രാജ്യങ്ങളായ ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയും തീരുമാനം. എന്നാൽ, തങ്ങള്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് അസദ് ഭരണകൂടം.