Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്ലാമാബാദിനു മുകളിൽ ഇന്ത്യയുടെ ‘സോണിക് ബൂം’, പാക്കിസ്ഥാനെ ‍ഞെട്ടിച്ചത് മിഗ്25

Mig25-iaf

അതീവരഹസ്യമായ ദൗത്യവുമായി 1997 മേയ് മാസത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 25ആര്‍ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറന്നത്. പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുകയായിരുന്നു ലക്ഷ്യം. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചുള്ള അതിവേഗ പറക്കലിന്റെ ഫലമായി ഒരു ശബ്ദസ്‌ഫോടനം പാക്കിസ്ഥാന്റെ വായുവില്‍ സൃഷ്ടിച്ചാണ് ഇന്ത്യന്‍ മിഗ് വിമാനം തിരിച്ചുപറന്നത്. പാക്കിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ അപകടം തിരിച്ചറിയുമ്പോഴേക്കും ഇന്ത്യന്‍ ചാരവിമാനം സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു. 

മിഗ് 25 വിമാനങ്ങള്‍ക്ക് നാറ്റോയാണ് ഫോക്‌സ്ബാറ്റ് എന്ന പേരു നല്‍കിയത്. വന്നപോലെ പോവുകയാണെങ്കില്‍ പാക്കിസ്ഥാന് ഇന്നും ഒരുപക്ഷേ ആ ഇന്ത്യന്‍ ദൗത്യത്തെക്കുറിച്ച് സൂചന പോലും ലഭിക്കുമായിരുന്നില്ല. എന്നിട്ടും എന്തിനായിരിക്കും ഇന്ത്യന്‍ പൈലറ്റ് അത്തരമൊരു അതിസാഹസത്തിന് മുതിര്‍ന്നത്? പ്രചരിക്കുന്ന പല ഉത്തരങ്ങളിലൊന്ന് ഇന്ത്യക്ക് പാക്കിസ്ഥാന്‍ ഒരു വെല്ലുവിളിയേ അല്ലെന്ന് സൂചിപ്പിക്കാനായിരുന്നു ആ നീക്കമെന്നാണ്. 

ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് ഇന്ത്യയുടെ മിഗ് 25 വിമാനം കടന്നത്. പാക്കിസ്ഥാന്റെ യാതൊരു പ്രതിരോധ സജ്ജീകരണങ്ങളും ഇന്ത്യന്‍ വിമാനത്തെ തിരിച്ചറിഞ്ഞില്ല. ഇസ്ലാമാബാദിന്റെ തന്ത്രപ്രധാനമായ ചിത്രങ്ങള്‍ വിമാനം പകര്‍ത്തി. ഇന്ത്യയിലേക്ക് തിരിച്ചുപറക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രതിരോധ സംവിധാനങ്ങളെ കളിയാക്കുന്ന രീതിയിലുള്ള ഒരു പ്രകടനം ഇന്ത്യ നടത്തിയത്. പൊടുന്നനെ മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് (ശബ്ദത്തിന്റെ രണ്ടിരട്ടി) ഉയര്‍ത്തിയതോടെ ഇസ്ലാമാബാദിന് മുകളില്‍ ശബ്ദസ്‌ഫോടനമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ പാക്കിസ്ഥാന്റെ 16എ പോര്‍വിമാനങ്ങള്‍ കുതിച്ചെത്തുമ്പോഴേക്കും ഇന്ത്യന്‍ വിമാനം അതിര്‍ത്തികടന്നിരുന്നു. 

ഈ സംഭവം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അങ്ങനെയൊന്ന് നടന്നുവെന്നാണ് കരുതുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശമന്ത്രി ഗോഹര്‍ അയൂബ് ഖാന്‍ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മിഗ് 25 വിമാനം തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ മിഗ് 25 വിമാനത്തെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ പാക്കിസ്ഥാന്റെ പക്കലില്ലെന്നതാണ് വസ്തുത. 

പരമാവധി മാക് 3 (മണിക്കൂറില്‍ 3,700 കിലോമീറ്റര്‍) വേഗതയില്‍ പറ പറക്കാന്‍ മിഗ് 25ന് കഴിയും. 65,000 അടി മുതല്‍ 90,000 അടി വരെ ഉയരത്തിലൂടെയായിരിക്കും മിഗ് 25ന്റെ സഞ്ചാരം. വേഗത്തിലും ഉയരത്തിലും ഇതിനെ വെല്ലാന്‍ പാക്കിസ്ഥാനാകില്ല. പാക്കിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങളുടെ പരിധിയുടെ പുറത്തുകൂടെയായിരിക്കും മിഗ് 25ന്റെ സഞ്ചാരം. പാക്കിസ്ഥാന്റെ എഫ് 16എഎസ് വിമാനങ്ങളാകട്ടെ പരമാവധി 50,000 അടി ഉയരത്തിലാണ് പറക്കാനാവുക. 

1981 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ആറ് മിഗ് 25എസ് വിമാനങ്ങള്‍ ഉത്തര്‍ പ്രദേശിലെ ബറേലി സൈനിക കേന്ദ്രത്തില്‍ നിന്നും പലപ്പോഴായി പാക്കിസ്ഥാനും ടിബറ്റിനും മുകളിലൂടെ പറന്നിട്ടുണ്ട്. പാക്കിസ്ഥാന്റെ ചിത്രങ്ങളെടുക്കുകയും പാക്, ചൈന മിലിറ്ററി കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ തിരിച്ചറിയുകയുമായിരുന്നു ഈ പറക്കലുകളുടെ ലക്ഷ്യം. ഓരോ മാസവും ശരാശരി 10-15 പറക്കലുകള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാനു മുകളിലൂടെ നടത്തിയെന്നാണ് കരുതപ്പെടുന്നത്. 29 ലോക റെക്കോഡുകള്‍ മിഗ് 25 ചാരവിമാനങ്ങളുടെ പേരിലുണ്ട്. 1977 ഓഗസ്റ്റ് 21ന് റഷ്യന്‍ പൈലറ്റ് അലക്‌സാണ്ടര്‍ ഫെഡോട്ടോവ് 1,23,523 അടി ഉയരത്തിലൂടെ മിഗ് 25 വിമാനം പറത്തി റെക്കോഡും ഇതിലൊന്നാണ്. 

mig-25

സോവിയറ്റ് യൂണിയന്റെ രഹസ്യ ചാരവിമാനമായിരുന്നു ഒരുകാലത്ത് മിഗ് 25. കാലം മാറിയതോടെ ഫോക്‌സ്ബാറ്റിന്റെ ജോലി സാറ്റ്‌ലൈറ്റുകള്‍ ഏറ്റെടുത്തു. ഇന്ന് ശത്രുരാജ്യത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സൈനിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് പോലും തിരിച്ചറിയാന്‍ സാധിക്കുന്ന സാറ്റ്‌ലൈറ്റുകള്‍ നമുക്കുണ്ട്. ഇത്തരം സാറ്റ‌്‌ലൈറ്റുകളുടെ വരവാണ് ശീതയുദ്ധകാലത്തെ പ്രധാന ആയുധങ്ങളിലൊന്നായ മിഗ് 25നെ പുറകിലേക്ക് വലിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചാരവിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നത് റഷ്യ അവസാനിപ്പിക്കുയും ചെയ്തു. രഹസ്യ ചാരവിമാനമായതു കൊണ്ടുതന്നെ നിര്‍മാണ രഹസ്യങ്ങള്‍ പോലും നശിപ്പിക്കപ്പെട്ടതോടെ മിഗ് 25 ചാരവിമാനങ്ങള്‍ പതുക്കെ മറവിയിലേക്ക് മായുകയായിരുന്നു.