Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയുടെ ഡിഎഫ് 17, അമേരിക്കയുടെ സ്ട്രൈക് വെപ്പൺ; ലോകം ഭീതിയിൽ

USA-missile

അമേരിക്കയും റഷ്യയും ചൈനയും പ്രതിരോധ രംഗത്ത് ഓരോ ദിവസവും പുതിയ ടെക്നോളജികളാണ് പരീക്ഷിക്കുന്നത്. എല്ലാം ഈ ലോകത്തെ എങ്ങനെ നിമിഷനേരം കൊണ്ട് ആക്രമിച്ച് തകർക്കാമെന്ന പരീക്ഷണങ്ങളാണ്. അതെ, അമേരിക്കയും പുതിയ മിസൈലിന്റെ നിർമാണത്തിലാണ്.

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ നിര്‍മിക്കുന്നതിന് അമേരിക്ക ലോക് ഹീഡ് മാര്‍ട്ടിന് നല്‍കിയിരിക്കുന്നത് 928 മില്യണ്‍ ഡോളറിന്റെ കരാറാണ് ‍(ഏകദേശം 6265 കോടി രൂപ). വായുവില്‍ നിന്നും തൊടുക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മിക്കാനാണ് യുഎസ് വ്യോമസേനയുടെ ലക്ഷ്യം. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉയരുന്ന പ്രതിരോധ വെല്ലുവിളികളെ മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്രയും ചിലവേറിയ ദൗത്യം അമേരിക്ക ഏറ്റെടുക്കുന്നതെന്നാണ് സൂചന. 

എത്രയും വേഗം മിസൈല്‍ നിര്‍മിക്കുകയെന്ന നിര്‍ദ്ദേശമാണ് അമേരിക്ക ലോക്ഹീഡ് മാര്‍ട്ടിന് നല്‍കിയിരിക്കുന്നത്. മിസൈലിന്റെ ഡിസൈന്‍, പരീക്ഷണങ്ങള്‍ തുടങ്ങിയ ഓരോ ഘട്ടങ്ങളിലും അമേരിക്കന്‍ വ്യോമസേനയുടെ നിരീക്ഷണത്തിലായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഹൈപ്പര്‍ സോണിക് മിസൈല്‍ നിര്‍മിക്കാനുള്ള പെന്റഗണ്‍ തീരുമാനത്തിന്റെ സൂചന കഴിഞ്ഞ ഏപ്രിലിലാണ് ലഭിക്കുന്നത്. 

Strike-Weapon

അടുത്തിടെ റഷ്യയും ചൈനയും ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍. ഭൂഖണ്ഡാന്തര സഞ്ചാരശേഷിയുള്ള ഇത്തരം മിസൈലുകള്‍ക്ക് അണ്വായുധം വഹിക്കാനും ശേഷിയുണ്ടാകും. ഭൂമിയിലെവിടെയും ഞൊടിയിടകൊണ്ട് ആക്രമണം നടത്താനാകുന്നവയായിരിക്കും ഈ മിസൈലുകള്‍. ഹൈപ്പര്‍സോണിക് കണ്‍വെന്‍ഷണല്‍ സ്‌ട്രൈക്ക് വെപ്പണ്‍ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. 

ലക്ഷ്യത്തിലേക്ക് പറക്കുമ്പോള്‍ തന്നെ ഗതി മാറ്റാനുള്ള ശേഷിയും അതിവേഗവും വഴി നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാകും. ബാലിസ്റ്റിക് മിസൈലുകളുടെ മുന്‍കൂട്ടികാണാവുന്ന വളഞ്ഞിറങ്ങുന്ന സഞ്ചാരപഥവും ഇവയ്ക്കുണ്ടാകില്ല. ഇതും ഹൈപ്പര്‍സോണിക് മിസൈലുകളെ എതിരാളികളുടെ പേടിസ്വപ്‌നമാക്കി മാറ്റുന്നു. 

missile-usa

ഏതൊരു പാശ്ചാത്യ രാജ്യത്തെയും മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ വികസിപ്പിച്ചെടുത്തുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാ വ്‌ളാഡിമിര്‍ പുടിന്‍ അവകാശപ്പെട്ടത്. കപ്പലുകളില്‍ നിന്നും വിമാനത്തില്‍ നിന്നും തൊടുക്കാനാകുന്ന ഹൈപ്പര്‍സോണിക് മിസൈലുകള്‍ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ പഴുതാണെന്ന് മിസൈല്‍ ഡിഫെന്‍സ് ഏജന്‍സി(എംഡിഎ) ഓപറേഷന്‍ ഡയറക്ടര്‍ ഗാരി പെനെറ്റ് തന്നെ സമ്മതിച്ചിരുന്നു. 

ഇതെല്ലാം കണക്കിലെടുത്ത് ഹൈപ്പര്‍സോണിക് മിസൈലുകളുടെ നിര്‍മാണത്തിനായി വരുന്ന പ്രതിരോധ ബജറ്റില്‍ 120 മില്ല്യൺ ഡോളര്‍ അനുവദിക്കണമെന്നാണ് എംഡിഎ ആവശ്യപ്പെട്ടത്. 2018ല്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കായി 75 മില്ല്യൺ ഡോളറായിരുന്നു അനുവദിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ചൈന ഡിഎഫ് 17 എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളാണ് (എച്ച്ജിവി) ഡിഎഫ് 17. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത അഥവാ മണിക്കൂറില്‍ 12,360 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ പരീക്ഷണത്തില്‍ 11 മിനിറ്റുകൊണ്ട് 1400 കിലോമീറ്റര്‍ എച്ച്ജിവി സഞ്ചരിച്ചിരുന്നു. വൈകാതെ 2500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഈ ചൈനീസ് ആയുധത്തിനാകുമെന്ന് പ്രതിരോധ വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നു.

china-df-17

സിക്രോണ്‍ ക്രൂയിസ് മിസൈലാണ് റഷ്യയുടെ ഹൈപ്പര്‍സോണിക് മിസൈലുകളിലൊന്ന്. മണിക്കൂറില്‍ 6115 കിലോമീറ്ററിനും 7400 കിലോമീറ്ററിനും ഇടയ്ക്കാണ് ഇവയുടെ വേഗതയെന്ന് കരുതുന്നു. ശബ്ദത്തിന്റെ ആറിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഈ മിസൈല്‍ അമേരിക്കയേക്കാള്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ അഞ്ച് വര്‍ഷമെങ്കിലും മുന്നിലെത്തുന്നതില്‍ തങ്ങളെ സഹായിച്ചുവെന്നാണ് റഷ്യന്‍ അവകാശവാദം. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളേയും തകര്‍ക്കാന്‍ ഈ റഷ്യന്‍ മിസൈലിനാകുമെന്നാണ് കരുതപ്പെടുന്നത്.