Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഗ്രഹങ്ങളെ തകർക്കും അതിഭീകര ആയുധവുമായി റഷ്യ

russain-laser

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണു ലോകത്തെയാകെ ആശങ്കയിലാഴ്ത്തി യുഎസ് വ്യോമസേന തലവൻ ജനറൽ ഡേവിഡ് എൽ.ഗോൾഡ്ഫീൻ ആ പ്രവചനം നടത്തിയത്. ലോകത്തിലെ ‘സൂപ്പർ പവർ’ രാജ്യങ്ങൾ തമ്മിലുള്ള ബഹിരാകാശ യുദ്ധമാണ് ഇനി വരാനിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതിന് ഏതാനും വർഷങ്ങൾ കൂടിയേ കാത്തിരിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം സത്യമാണെന്നു തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ലോകോത്തര ശക്തിയായ റഷ്യ ബഹിരാകാശത്തെ ‘തടസ്സങ്ങളെ’ ലക്ഷ്യമിട്ടു കൊണ്ട് കൂറ്റൻ ‘ലേസർ പീരങ്കി’ തയാറാക്കുകയാണ്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരുമ്പിനെപ്പോലും ബാഷ്പീകരിച്ച് ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് ഈ പീരങ്കി. വേണമെങ്കിൽ അതിലും ചെറിയ രൂപമായ പ്ലാസ്മ അവസ്ഥയിലേക്കു വരെ ഈ ലേസർ രശ്മികള്‍ക്കു ബഹിരാകാശ വസ്തുക്കളെ മാറ്റാൻ കഴിയും. ഒരു പടുകൂറ്റൻ ടെലസ്കോപ്പിനെ രൂപമാറ്റം വരുത്തിയായിരിക്കും ലേസർ പീരങ്കി നിർമിക്കുക. 

എന്നാൽ ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങൾക്കു ഭീഷണിയാകും വിധം ചുറ്റിത്തിരിയുന്ന വിവിധ വസ്തുക്കളെയും മനുഷ്യനാൽ തന്നെ ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങളെയുമെല്ലാം ലക്ഷ്യമിട്ടാണ് ലേസറെന്നാണു റഷ്യയുടെ വാദം. കൃത്രിമോപഗ്രഹങ്ങൾക്കു ഭീഷണിയാണെന്നു കണ്ടാൽ മാത്രമേ ഇവ പ്രയോഗിക്കുകയുള്ളൂ. എന്നാൽ ഇക്കാര്യം മറ്റു രാജ്യങ്ങളൊന്നും വിശ്വസിക്കുന്നില്ല. പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരുക്കുന്ന വൻ ആയുധ ശേഖരത്തിലേക്കുള്ള പുതിയ മുതൽക്കൂട്ടാണ് ഇതെന്നാണ് അവരുടെ പക്ഷം. 

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ മേൽനോട്ടത്തിലാണ് ‘ലേസർ കാനൺ’ നിർമിക്കുന്നത്. ദ് സയന്റിഫിക് ആൻഡ് ഇന്റസ്ട്രിയൽ കോർപറേഷൻ ‘പ്രിസിഷൻ ഇൻസ്ട്രുമെന്റ് സിസ്റ്റംസിനാണു(എൻപികെ എസ്പിപി) ഗവേഷണ ചുമതല. ആൾട്ടയ് ഒപ്റ്റിക്കൽ–ലേസർ സെന്ററിലുള്ള (എഒഎൽടി) ഒരു ടെലസ്കോപ്പിനെ പീരങ്കിയായി മാറ്റിയെടുക്കാനാണു തീരുമാനം. കസാഖ് അതിർത്തിയിൽ നിന്ന് 70 കിലോമീറ്റർ മാറിയാണ് എഒഎൽടി കേന്ദ്രം പ്രവർത്തിക്കുന്നത്. റഷ്യൻ അക്കാദമി ഓഫ് സയൻസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

Satellite_Warship

സോളിഡ്–സ്റ്റേറ്റ് ജനറേറ്റർ ഉപയോഗിച്ചായിരിക്കും ലേസറിനു പ്രവർത്തനോർജം പകരുക. പീരങ്കിയിലെ ഒപ്റ്റിക് ഡിറ്റക്‌ഷൻ സംവിധാനമാണ് ലേസർ പുറപ്പെടുവിക്കുക. ഇത് ബഹിരാകാശ വസ്തുക്കളിലേക്ക് പതിപ്പിക്കുമ്പോൾ പതിയെപ്പതിയെ ആവിയായി എത്ര കഠിന വസ്തുവാണെങ്കിലും ഇല്ലാതാകും. അത്രയേറെ തീവ്രമായ രശ്മിയായിരിക്കും പതിക്കുക. നിലവിലെ കണക്കുകള്‍ പ്രകാരം നിലവിൽ 10 സെന്റി മീറ്ററിനേക്കാൾ കൂടുതൽ വലുപ്പമുള്ള 21,000ത്തിലേറെ ബഹിരാകാശ വസ്തുക്കൾ ഭീഷണിയായി ഭൂമിക്കു ചുറ്റും കറങ്ങി നടപ്പുണ്ട്. മനുഷ്യൻ അയച്ചവയാണ് ഇവയെല്ലാം. ഇതിൽ ഉപേക്ഷിക്കപ്പെട്ട മുൻകാല ബഹിരാകാശ വാഹനങ്ങളും പ്രവർത്തന രഹിതമായ പേടകങ്ങളും അവയിൽ നിന്നു വിട്ടുപോന്ന ഭാഗങ്ങളുമെല്ലാമുണ്ട്. 

ഇവയെ ഇല്ലാതാക്കിയില്ലെങ്കിൽ ഏതാനും വർഷങ്ങള്‍ക്കകം യാതൊരു വിക്ഷേപണവും അനുവദിക്കാത്ത വിധം ഇവ ഭൂമിക്കു ചുറ്റും ‘കെട്ടിക്കിടക്കും’. ഈ സാഹചര്യത്തിലാണു ലേസർ പീരങ്കി നിർമിക്കുന്നതെന്നാണു റഷ്യ പറയുന്നത്. നേരത്തേ വിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ലേസറുകളും റഷ്യ നിർമിച്ചെടുത്തിരുന്നു. ബഹിരാകാശത്തെ കൃത്രിമ ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാൻ സഹായിക്കുന്നവയാണിവ. ഭൂമിയിൽ നിന്ന് റഡാറിനെ നിയന്ത്രിച്ച്, വിമാനത്തിൽ നിന്നു പ്രയോഗിച്ച് സാറ്റലൈറ്റുകളെ നശിപ്പിക്കാനാണ് ഇതുപയോഗിക്കുക. ഇതിനായി പുതിയ തരം വിമാനവും റഷ്യ തയാറാക്കിയെടുക്കുന്നതായാണു റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.