Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെ15 പോർവിമാനങ്ങൾ തകർന്നു വീഴുന്നു; ഞെട്ടലോടെ ചൈന

j15-china

സ്ഥിരം കുഴപ്പക്കാരായ ജെ15 പോര്‍ വിമാനങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ചൈനയുടെ ശ്രമം. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളാണ് ജെ15 പോര്‍ വിമാനങ്ങളെ ചൈനീസ് സേനയുടെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ചൈനീസ് പടക്കപ്പലുകളുടെ പ്രഹര ശേഷി വര്‍ധിപ്പിക്കണമെങ്കില്‍ ജെ15 പോര്‍ വിമാനങ്ങള്‍ മാറ്റുകയെന്ന വഴി മാത്രമാണുള്ളതെന്നാണ് ബെയ്ജിങ്ങിലെ നാവിക വിദഗ്ധനായ ലി ജേ സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞത്. 

ഒരു പൈലറ്റ് കൊല്ലപ്പെട്ടത് അടക്കമുള്ള അപകടങ്ങളാണ് ചൈനയെ നിര്‍ണ്ണായക തീരുമാനത്തിന് പ്രേരിപ്പിച്ചത്. കുറഞ്ഞത് നാല് അപകടങ്ങള്‍ക്കെങ്കിലും ചൈനീസ് ജെ15 പോര്‍ വിമാനങ്ങള്‍ കാരണമായിട്ടുണ്ട്. എന്നാല്‍ രണ്ട് അപകടങ്ങളുടെ വാര്‍ത്തകള്‍ മാത്രമാണ് ചൈന സ്ഥിരീകരിച്ചിട്ടുള്ളത്. 

ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പോരായ്മകളാണ് ജെ15 പോര്‍ വിമാനത്തിന്റെ പ്രധാന ന്യൂനത. 2016 ഏപ്രിലിലുണ്ടായ അപകടത്തിലാണ് സാങ് ചോ(29) പൈലറ്റ് കൊല്ലപ്പെട്ടത്. വിമാനവാഹിനി കപ്പലിലേക്ക് ഇറങ്ങുന്നതിനിടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം തകരാറിലായതാണ് അപകടകാരണം. ജെ15 പോര്‍ വിമാനം തകരുന്നതില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ജീവന്‍ നഷ്ടമാവുകയായിരുന്നു.

ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെ ഈ അപകട വാര്‍ത്ത പുറത്തുവിട്ടിരുന്നു. മാപ്പര്‍ഹിക്കാത്ത സാങ്കേതിക പിഴവെന്നായിരുന്നു അപകടകാരണത്തെ വിശേഷിപ്പിച്ചത്. ഈ സംഭവത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളില്‍ മറ്റൊരു പൈലറ്റായ കോ സിയാങ്ജിയാന്‍ കൂടി അപകടത്തില്‍ പെട്ടതോടെ വിഷയം കൂടുതല്‍ ഗൗരവമുള്ളതായി മാറി. ഗുരുതരമായി പരുക്കേറ്റ ഈ പൈലറ്റിന് ഒരുവര്‍ഷത്തോളമെടുത്താണ് ജീവിതത്തിലേക്ക് മടങ്ങി വരാനായത്. 

നാലാം തലമുറയില്‍ പെട്ട റഷ്യന്‍ സുഖോയ് എസ്‌യു 33 പോര്‍ വിമാനമാണ് ചൈനയുടെ ജെ15 പോര്‍ വിമാനത്തിന്റെ മാതൃക. മുപ്പത് വര്‍ഷങ്ങള്‍ പഴക്കമുള്ള സാങ്കേതികവിദ്യയാണ് സുഖോയ് എസ്‌യു 33 പോര്‍ വിമാനത്തിന്റേത്. അതുതന്നെയാണ് ഈ പോര്‍ വിമാനത്തിന്റെ പ്രധാന പോരായ്മയും. എസ്‌യു 15 പോര്‍ വിമാനത്തിന് പകരമായി പുതുതലമുറ എഫ്‌സി 31 പോര്‍വിമാനത്തെ രംഗത്തിറക്കാനാണ് ചൈനയുടെ നീക്കം. 2012 ല്‍ ആദ്യ പറക്കല്‍ നടത്തിയ എഫ്സി 31 പോര്‍ വിമാനം ജെ15 പോര്‍ വിമാനത്തേക്കാള്‍ ചെറുതും ഭാരം കുറവുള്ളതുമാണ്.