Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം വിളിക്കുമ്പോഴും സുമൻ പോരാടി, 13 ജീവനുകൾക്കായി– ധീരതയ്ക്ക് സല്യൂട്ട്

saman

തായ്‌ലൻഡിൽ വെള്ളപ്പൊക്കത്തിലായ ഗുഹയിൽ അവശേഷിച്ച 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും കൂടി പുറത്തെത്തിച്ചു. ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യം സമ്പൂർണവിജയം. എന്നാൽ ഈ ദൗത്യത്തിൽ വൻ വിജയം ആഘോഷിക്കുമ്പോഴും ലോകത്തിന്റെ മുന്നിൽ നിറഞ്ഞുനിൽക്കുന്ന വലിയൊരു മുഖമുണ്ട്, തായ് നാവിക സേനയിലെ മുൻ മുങ്ങൽവിദഗ്ധൻ സമൻ ഗുനാൻ‍.

രക്ഷാപ്രവർത്തനത്തിനിടയിൽ ശ്വാസംമുട്ടിയാണ് സമൻ മരിച്ചത്. ഗുഹാമുഖത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ഓക്സി‍ജൻ ടാങ്കുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. സമന്റെ ധീരതയെ സോഷ്യൽമീഡിയ ഒന്നടങ്കം വാഴ്ത്തുകയാണ്. മരണം മുന്നിൽകണ്ടിട്ടും രക്ഷാപ്രവർത്തിനായി അവസാന നിമിഷം വരെ പോരാടിയ വിരമിച്ച സൈനികനെ തായ്‌ലൻഡും കൂടെ ലോകവും വനോളം ആദരിക്കുകയാണ്.

ഫെയ്സ്ബുക്കിൽ വന്ന  പോസ്റ്റുകൾ ഇങ്ങനെ:

താണു താണു വരുന്ന തന്റെ ഹൃദയ മിടിപ്പു പോലെ അനുനിമിഷം താഴ്‌ന്നു കൊണ്ടിരിക്കുന്ന ഓക്സിജൻ ബാഗിലേക്ക് നോക്കി അയാൾ എന്തായിരിക്കും പറഞ്ഞിരിക്കുക..? മരണോന്മാദത്തിന്റെ മഞ്ഞരാശി ശരീരത്തിലേക്ക് പടരുമ്പോൾ അയാൾ എന്തായിരിക്കും ഓർത്തിരിക്കുക..? തനിക്ക് ബാക്കിവെക്കേണ്ട ജീവശ്വാസം പോലും ആ കുട്ടികൾക്ക് കൊടുത്തു തിരിച്ചു നീന്താൻ സമൻ ഗുനാനെ എന്തായിരിക്കും പ്രേരിപ്പിച്ചിരിക്കുക..?

നിങ്ങളെ പ്രേരിപ്പിച്ചതും നിങ്ങൾ ഓർത്തതും നിങ്ങൾ പറഞ്ഞതും സ്നേഹം മാത്രമായിരിക്കും. ത്യാഗത്തിലൂടെ നിങ്ങൾ വിശ്വപൗരന്‍മാരായി വളര്‍ന്നിരിക്കുന്നു. അല്ലെങ്കിലും നിങ്ങളെ പോലെയുള്ളവർക്ക് മുന്നിൽ രാജ്യാതിര്‍ത്തികള്‍ തേഞ്ഞുമാഞ്ഞു പോകാതിരിക്കുന്നതെങ്ങിനെ. അനശ്വരതയുടെ സ്നേഹപ്പൂന്തോപ്പിലാണ് ഇനി നിങ്ങൾ ജീവിക്കുന്നത്. ലവ് യു. ഉമ്മ

മറ്റൊരു പോസ്റ്റ് നോക്കുക: 

‘സമൻ ഗുനൻ’ മനുഷ്യൻ... മനുഷ്യത്വം... എന്ന വാക്കുകളുടെ ശരിയായ അർഥം ലോകത്തിനു മുന്നിൽ കാട്ടിത്തന്ന ഉദ്യോഗസ്ഥൻ... തായ്‌ലൻഡിൽ കുട്ടികളും കോച്ചും ഗുഹയിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ചപ്പോൾ അവരെ രക്ഷിക്കാൻ ആദ്യം സ്വമനസ്സാലെ മുന്നോട്ടിറങ്ങിയ മനുഷ്യൻ. സേനയിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ലായിരുന്നു... എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ സൈനികനും ഡൈവർക്കും മനുഷ്യനും അതിനു കഴിയുമെയിരുന്നില്ല...

‘We are going to bring them home’ എന്ന് തന്റെ സെൽഫി ക്യാമറയിലൂടെ ലോകത്തിനോട് വിളിച്ചു പറഞ്ഞിട്ട് അദ്ദേഹം ഗുഹയിൽ അകപെട്ടവർക്കുള്ള ഓക്സിജനുമായി ഗുഹക്കുള്ളിൽ അവരുടെ അടുത്തെത്തി... അവർ ശ്വസിക്കുന്നുവെന്ന് ഉറപ്പു വരുത്തി പുറത്തേക്കുള്ള യാത്രയിൽ സ്വന്തം ഓക്സിജൻ തീർന്നു സ്വന്തം ശ്വാസം ആ പതിമൂന്നു ജീവനുകൾക്കായി വെടിഞ്ഞു ആ ധീരൻ. ലോകം നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു ധീരയോദ്ധാവേ.. A Big Salute To You From The Bottom Of Our Heart.

‘അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം. തായ്‌ലൻഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും സമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി. എന്നാൽ ഇതിനിടയിൽ വിസ്മരിക്കപ്പെടരുത് രക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ വീര മൃത്യു വരിച്ച ‘സമൻ ഗുനാൻ’ എന്ന ധീര യോദ്ധാവിനെ. ഹൃദയം കൊണ്ട് പ്രണമിക്കുന്നു.’