Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉൻ ചതിച്ചു; തെളിവുമായി യുഎസ് സ്പൈ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

trump-kim

അതുവരെ വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പോരാടിയ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടത്തിയ സിംഗപൂര്‍ കൂടിക്കാഴ്ച്ചയെ ലോകം അവിശ്വസനീയതയോടെയാണ് കണ്ടത്. അപ്പോഴും ഇരുരാജ്യങ്ങള്‍ക്കും എത്രകാലത്തോളം പരസ്പരവിശ്വാസത്തിന്റെ സമാധാനത്തില്‍ കഴിയാനാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉത്തരകൊറിയയിലുള്ള വിശ്വാസത്തിനു നേരെ ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. 

ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ വഴി ശേഖരിച്ച ചിത്രങ്ങളാണ് ഇതിന് അവര്‍ തെളിവായി നിരത്തുന്നത്. പ്യോങ്‌യാങിലെ സനുംഡോങ്ങ് മിസൈല്‍ നിര്‍മാണ കേന്ദ്രത്തില്‍ പണികള്‍ നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഉത്തരകൊറിയയില്‍ നിന്നും അമേരിക്ക വരെയെത്തുന്ന അവരുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ‍(ഐസിബിഎം) നിര്‍മിച്ച കേന്ദ്രമാണിത്. 

satellite-map

ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഈ മിസൈല്‍ നിര്‍മാണ കേന്ദ്രത്തിലേക്ക് നിരന്തരം വരികയും പോവുകയും ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദ്രവ ഇന്ധന ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ ഇവിടെ നിര്‍മിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ട്രക്കുകളും ഈ കേന്ദ്രത്തിലേക്ക് വന്നു പോകുന്നുണ്ട്. എന്നാല്‍ ഇവ പൂര്‍ണ്ണമായും മൂടിയ നിലയിലായതിനാല്‍ എന്താണ് ഇവക്കുള്ളിലെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ജൂണില്‍ നടന്ന യുഎസ് ഉത്തരകൊറിയ ഉച്ചകോടിയിലെ തീരുമാനങ്ങളെ തുരങ്കം വെക്കുന്ന നീക്കമാണ് ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 

missile

ഉത്തരകൊറിയ ഇനിമുതല്‍ അമേരക്കയ്ക്ക് ഒരു ആണവഭീഷണിയല്ലെന്ന് സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ഉത്തരകൊറിയ ആണവ നിരായുധീകരണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉത്തരകൊറിയ തയ്യാറായിരുന്നില്ല. മാത്രമല്ല, സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം ഈ വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തിട്ടില്ല. 

സിംഗപ്പൂര്‍ കൂടിക്കാഴ്ച്ചക്ക് ശേഷം ഒരുമാസം കഴിഞ്ഞിട്ടും പ്രഖ്യാപിത വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകളില്‍ താന്‍ വളരെ സന്തോഷവാനാണെന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. 

satellite-map-

കഴിഞ്ഞ ഒൻപത് മാസത്തിനുള്ളില്‍ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണമോ ആണവപരീക്ഷണമോ നടത്തിയിട്ടില്ലെന്നും ഇതില്‍ ജപ്പാനും ഏഷ്യയും സന്തോഷത്തിലാണെന്നും ട്രംപ് ആഴ്ച്ചകള്‍ക്ക് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് പലപ്പോഴും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍. ആണവായുധങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ വലിയ തോതില്‍ ഉത്തരകൊറിയ ശേഖരിക്കുന്നുണ്ടെന്നും ഇത് നല്ല സൂചനയല്ലെന്നുമുള്ള മുന്നറിയിപ്പ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു. ഒരേസമയം ആണവനിരായുധീകരണത്തെക്കുറിച്ച് പറയുകയും ആണവ ഇന്ധനങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന നിലപാടാണ് ഉത്തരകൊറിയ സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.