Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്ത് ഇന്ധനം നിറച്ച് തേജസ്; ലോക ശക്തികളുടെ പട്ടികയിൽ ഇന്ത്യയും

tejas-fighter

ഇന്ത്യയുടെ സ്വന്തം പോർവിമാനമായ തേജസ്, പറക്കുന്നതിനിടെ ഇന്ധനം നിറച്ച് ചരിത്രം കുറിച്ചു. വ്യോമസേനയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ലോകശക്തി രാജ്യങ്ങൾക്ക് മാത്രം സാധ്യമായ കാര്യമാണ് തേജസിലൂടെ ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപാണ് തേജസിന്റെ 'എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്' പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് പറക്കുന്നതിനിടെ തേജസ് പോർവിമാനത്തില്‍ ഇന്ധനം നിറച്ചത്. വ്യോമസേനയുടെ തന്നെ ഐഎല്‍ 78 ന്റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറിൽ നിന്നാണ് തേജസിലേക്ക് 1900 കിലോഗ്രാം ഇന്ധനം നിറച്ചത്. പരീക്ഷണ ദൗത്യത്തിന്റെ ദൃശ്യങ്ങൾ ഡിആര്‍ഡിഒയാണ് പുറത്തുവിട്ടത്.

ഏകദേശം ഇരുപതിനായിരം അടി ഉയരത്തില്‍ വച്ചായിരുന്നു തേജസിന്റെ ഇന്ധനം നിറയ്ക്കല്‍. ഇത് സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വാർത്താകുറിപ്പും പുറത്തിറക്കിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. ഇപ്പോള്‍ സേനയുടെ ഭാഗമായിരിക്കുന്ന റഷ്യയുടെ മിഗ്-21,27 പോര്‍വിമാനങ്ങള്‍ക്കു പകരമായാണ് തേജസ് ഇന്ത്യന്‍ സേനയില്‍ ഇടം പിടിക്കുക. 

മണിക്കൂറില്‍ 1350 കിലോമീറ്റര്‍ താണ്ടാന്‍ ശേഷിയുള്ള തേജസ് ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്ന യുദ്ധവിമാനമാണ്. 8.5 ടണ്‍ ഭാരമുള്ള തേജസിനു മൂന്നുടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. വായുമേധ മിസൈലുകള്‍, ലേസര്‍ ബോംബുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി തുടങ്ങിയയാണ് ഇതിന്റെ പ്രത്യേകത. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് നിര്‍മിക്കുന്ന തേജസിന് ഏകദേശം 300 കോടി രൂപ വില വരും. 

മിസൈലുകള്‍, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന, കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസ് വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണകേന്ദ്രമാണ് തേജസ് രൂപകല്‍പന ചെയ്തത്.