Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യ ‘വടി കൊടുത്ത് അടി വാങ്ങി’; വിമാനം തകർത്തത് സിറിയ തന്നെ!

Russian-IL-20-8m

സിറിയയ്ക്കു സമീപം മെഡിറ്ററേനിയൻ സമുദ്രത്തിനു മുകളിൽ സിറിയയുടെ മിസൈലേറ്റു റഷ്യയുടെ സൈനിക നിരീക്ഷണ വിമാനം തകർന്നു. കഴിഞ്ഞ ദിവസത്തെ അപടത്തിൽ 15 സൈനികരാണ് കൊല്ലപ്പെട്ടത്. ശത്രുക്കളുടെ മിസൈലുകളെയും വിമാനങ്ങളെയും നേരിടാൻ റഷ്യ തന്നെ സിറിയ്ക്ക് നൽകിയ ആന്റി–എയർക്രാഫ്റ്റ് സംവിധാനം ഉപയോഗിച്ചാണ്, അബദ്ധത്തിൽ സൈനികരുടെ വിമാനം മിസൈലിട്ടു തകർത്തത്. 

വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യോമാക്രമണം നടത്തുകയായിരുന്ന ഇസ്രയേലാണ് അപകടത്തിന് ഉത്തരവാദിയെന്നു റഷ്യ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും റഷ്യ–സിറിയ സൈനികർക്കിടയിലെ ആശയവിനിമയ പ്രശ്നമാണ് ദുരന്തത്തിന് കാരണമായത്. സംഭവത്തിൽ ഇസ്രയേൽ അംബാസഡറെ റഷ്യയുടെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയിഗു ഇസ്രയേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാനെ വിളിച്ചു പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം നടക്കുന്ന സമയത്താണ് റഷ്യൻ വിമാനം ഇതുവഴി വന്നത്. അപകടത്തിനു കാരണക്കാർ ഇസ്രയേല്‍ ആണെന്നും തിരിച്ചടിക്കുമെന്നു റഷ്യ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

റഷ്യയുടെ സഖ്യരാജ്യമായ സിറിയയുടെ വിമാനവേധ മിസൈലേറ്റാണു വിമാനം വീണതെങ്കിലും ഇസ്രയേലിന്റെ നാലു പോർവിമാനങ്ങൾ നടത്തിയ ആക്രമണത്തിനിടയിൽപ്പെട്ടാണു റഷ്യയുടെ വിമാനത്തിന് അപകടമുണ്ടായത്. സിറിയൻ പ്രസിഡന്റ് ബഷാർ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്ക് അവിടെ രണ്ടു സൈനിക താവളങ്ങളുണ്ട്. ഇതിൽ ഒരു താവളത്തിൽനിന്നു റഷ്യയിലേക്കു മടങ്ങുമ്പോഴാണ് ആ മേഖലയിൽ ഇസ്രയേൽ പോർവിമാനങ്ങളുടെ ആക്രമണമുണ്ടായത്. തങ്ങളുടെ വിമാനം മറയാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഒരുമിനിറ്റ് മുൻപുമാത്രം വിവരം കൈമാറിയതിനാൽ ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടി.

2015ൽ സിറിയൻ യുദ്ധത്തിൽ റഷ്യയുടെ ഇടപെടലിനുശേഷം പരസ്പരം ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ റഷ്യയും ഇസ്രയേലും തമ്മിൽ ഹോട്ട്‌ലൈൻ സംവിധാനം നിലവിലുണ്ട്. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അസദിനു പിന്തുണയുമായാണു റഷ്യ എത്തിയത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല പോരാളികൾ അസദിന്റെ സൈന്യത്തിനൊപ്പം സിറിയയിൽ യുദ്ധരംഗത്തുണ്ട്. സിറിയൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണെങ്കിലും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സിറിയയിലെ താവളങ്ങൾക്കു നേരെ ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്താറുണ്ട്. 200 വട്ടം ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ ഈയിടെ വ്യക്തമാക്കിയിരുന്നു.