Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന്റെ റഫാലിനു തുച്ഛവില, ഇന്ത്യയ്ക്ക് ഇരട്ടിയിലേറെ; അറിയണം സത്യമെന്ത്?

Rafale-

ഫ്രാൻസിൽനിന്ന് 36 റഫാൽ പോർവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം വൻ വിവാദത്തിലായിരിക്കുകയാണ്. ഏറ്റവും കൂടിയ വിലയ്ക്കാണ് ഇന്ത്യ റഫാൽ വാങ്ങുന്നതെന്നും എന്നാൽ മറ്റു രാജ്യങ്ങൾക്ക് തുച്ഛവിലയ്ക്കാണു റഫാൽ നൽകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഖത്തറും ഈജിപ്തുമാണ് റഫാൽ പോർവിമാനങ്ങൾ വാങ്ങിയിട്ടുള്ള മറ്റു രണ്ടു രാജ്യങ്ങൾ. അതേസമയം, ഖത്തറിന്റെയും ഇന്ത്യയുടെയും റഫാൽ കരാറുകളിൽ വൻ വ്യത്യാസങ്ങളുണ്ടെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.

ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്കു ഖത്തറിനു റഫാൽ

12 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഖത്തർ കരാർ ഒപ്പുവച്ചത്. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം.

ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി– ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ. രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടിയിരിക്കുകയാണ്.

ഇന്ത്യക്കു നൽകുന്ന റഫാലിൽ ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏഴു വർഷത്തേക്കു സ്പെയർപാർടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ ഇവ നൽകാമെന്നാണു കരാർ.

തുടക്കം മുതൽ വിവാദം

ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമിക്കുമെന്നുമായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 36 മാത്രമായി. നിർമാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. ക്രമേണ വിമാനനിർമാണ സാങ്കേതികവിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയായി ഇതെന്നാണ് ആദ്യമുയർന്ന വിമർശനം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആയിരിക്കും സാങ്കേതികവിദ്യ ലഭിക്കുന്ന ഇന്ത്യൻ കമ്പനിയെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ, ഒരു കൈത്തോക്ക് പോലും നിർമിച്ചിട്ടില്ലാത്ത സ്വകാര്യ കമ്പനിക്കാണു കരാർ കൈമാറുന്നതെന്നു പിന്നീടു വ്യക്തമായി. ഇതിലും അഴിമതി ആരോപണം ഉയർന്നു.

ഖത്തറിനു നൽകിയ വിലയ്ക്ക് ഇന്ത്യയ്ക്കും വിമാനം നൽകാം, പക്ഷേ...

ഖത്തറിനു നൽകിയ അതേ വിലയ്ക്ക് 36 റഫാൽ പോർവിമാനങ്ങൾ നൽകാൻ ഫ്രാൻസ് തയാറാണ്. ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും ഘടിപ്പിക്കാത്ത, പറക്കാൻ മാത്രം ശേഷിയുള്ള ജെറ്റ് വിമാനങ്ങളാണ് ഖത്തറിനു നൽകിയത്. ഇന്ത്യയ്ക്കു വേണ്ടത് ജെറ്റ് വിമാനമല്ല മീഡിയം മൾട്ടി റോൾ കോംപാക്ട് എയർക്രാഫ്റ്റുകളാണ്. ഇതിൽ ടെക്നോളജി കൈമാറ്റവും നടക്കും.

ഖത്തറിന്റെ 24 റഫാൽ ജെറ്റ് കരാറിൽ എംബിഡിഎ മിസൈൽ ഘടിപ്പിക്കാനുള്ള സംവിധാനവും 36 ഖത്തർ പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ധർക്കും പരിശീലനം നൽകാനുള്ള ധാരണയും മാത്രമാണ് ഉള്ളത്. ഇന്ത്യൻ വ്യോമസേനയുടെ എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമാണ് റഫാൽ സേനയുടെ ഭാഗമാകുക. ഭാവിയിൽ റഫാലിന്റെ അറ്റുകുറ്റപ്പണികളും പാർട്സ് മാറ്റുന്നതും ഫ്രാൻസുമായുള്ള കരാറിൽ ഉൾപ്പെടും.

റഫാല്‍ യുദ്ധവിമാനം നഷ്ടക്കച്ചവടമോ?

ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ പോര്‍വിമാന ഇടപാട്‌ നഷ്ടക്കച്ചവടമല്ലെന്നും പോര്‍ വിമാനത്തിന്റെ പേരിലല്ല, അതിലെ അത്യാധുനിക ഉപകരണങ്ങളുടെ പേരിലാണ് ഇത്രയും വില നൽകേണ്ടിവരുന്നതുമാണ് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നല്‍കുന്ന വിശദീകരണം.

‘ഒരു പോര്‍വിമാനമെന്നത്‌ സാധാരണ വിമാനം പോലെയല്ല. വിമാനത്തിനു വേണ്ടിയുള്ള ചെലവ്‌ പലപ്പോഴും ഇത്തരം ഇടപാടുകളില്‍ ചെറിയ ഭാഗം മാത്രമായിരിക്കും. വിമാനത്തിലെ സവിശേഷവും ആധുനികവുമായ ഉപകരണങ്ങളുടെ വിലയാണ്‌ തുകയുടെ വലിയ ഭാഗം. ഇവിടെയുള്ള എത്ര പേര്‍ക്കറിയാം റഫാലിലെ പൈലറ്റിന്റെ ഹെല്‍മറ്റിന്റെ സവിശേഷത. ലക്ഷ്യസ്ഥാനം പൈലറ്റിന്റെ നോട്ടം കൊണ്ടു തന്നെ തിരിച്ചറിയാന്‍ ഈ ഹെല്‍മറ്റിനാകും. ലക്ഷ്യം നോക്കിക്കൊണ്ട്‌ ബട്ടണ്‍ അമര്‍ത്തുക മാത്രമാണ്‌ പൈലറ്റിന്റെ ജോലി. ബാക്കിയെല്ലാം കംപ്യൂട്ടര്‍ നോക്കിക്കോളും. ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉള്‍പ്പെടുത്തിയാണ്‌ പുതിയ റഫാൽ കരാർ’ - പരീക്കര്‍ പറഞ്ഞു.

റഫാൽ: വ്യവസ്ഥകളും വിവാദവും

എൻഡിഎ ഒപ്പിട്ട കരാർ

∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ ആയുധ ഇടപാട്. വാങ്ങുന്നത് പൂർണസജ്ജമായ 36 റഫാൽ യുദ്ധവിമാനങ്ങൾ.
∙ വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടി. 36 വിമാനങ്ങൾക്കു നൽ‌കേണ്ടത് 58,000 കോടി രൂപ.
∙ അത്യാധുനിക മിസൈലുകളും പോർമുനകളും ഉറപ്പിക്കാനാവും വിധം, ഇന്ത്യയുടെ ആവശ്യാനുസരണം പുനർരൂപകൽപന ചെയ്ത വിമാനങ്ങൾ. റേഞ്ച് 1055 കിലോമീറ്റർ.
∙ 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള മിസൈലുകൾ ഘടിപ്പിക്കാം.
∙ നിർമാതാക്കളായ ഡാസോ സാങ്കേതികവിദ്യ കൈമാറുക സ്വകാര്യ സ്ഥാപനമായ റിലയൻസിന്.

യുപിഎ വ്യവസ്ഥകൾ

∙ യുപിഎ സർക്കാർ നട‌‌ത്തിയ കൂടിയാലോചനകൾ ‌അന്തിമഘട്ടത്തിലെത്തിയിരുന്നു; കരാർ ഒപ്പിട്ടിരുന്നില്ല.
∙ വിമാനത്തിന്റെ അടിസ്ഥാന വില 526 കോടിയോളം രൂപ. പരിപാലനം, ആയുധങ്ങൾ, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ കൂടാതെയായിരുന്നു ഇത്. ‌
∙ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്നു വാങ്ങും. 108 വിമാനങ്ങൾ സാങ്കേതികവിദ്യാ കൈമാറ്റ കരാർ പ്രകാരം എച്ച്എഎല്ലിൽ നിർമിക്കും.
∙ 50% ഇന്ത്യൻ ഘടകങ്ങൾ.
∙ കരാർ മുടങ്ങിയത് ആയുഷ്കാല പരിപാലന വ്യവസ്ഥയെച്ചൊല്ലി.

നാളെ: യുദ്ധവിമാന കച്ചവടം ചെറിയ കാര്യമല്ല; അറിയാനുണ്ട് നിരവധി രഹസ്യ, പരസ്യങ്ങൾ