Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിന് അമിത വിലയോ? പോർവിമാന വിലയും ചില വസ്തുതകളും

Rafale Fighter Plane

ഒരു പോർവിമാനത്തിന് എന്തു വിലവരും? റഫാലിന് എന്തു വിലയുണ്ട്? ഇന്ത്യ റഫാൽ വാങ്ങിയത് അമിത വിലയ്ക്കാണോ? പോർവിമാനങ്ങളുടെ വിലയുടെ കാര്യം ചർച്ച ചെയ്യുമ്പോൾ നിരവധി വസ്തുതകൾ ചർച്ചയിൽ വരുന്നു. ഓരോ മോഡൽ പോർവിമാനങ്ങൾക്കും വിവിധ വേരിയന്റുകളുണ്ട്. ആവശ്യക്കാരുടെ നിർദ്ദേശപ്രകാരമാണ് മിക്ക പോർവിമാനങ്ങളും നിർമിക്കുന്നത്. ഒരേ മോഡൽ പോർവിമാനങ്ങൾ വ്യത്യസ്ത വിലയ്ക്കാണ് വിവിധ രാജ്യങ്ങൾക്ക് തന്നെ വിൽക്കുന്നത്.

ഒരു പോര്‍വിമാനമെന്നത്‌ സാധാരണ വിമാനം പോലെയല്ല. വിമാനത്തിന്‌ വേണ്ടിയുള്ള ചിലവ്‌ പലപ്പോഴും ഇത്തരം ഇടപാടുകളില്‍ ചെറിയഭാഗം മാത്രമായിരിക്കും. വിമാനത്തിലെ സവിശേഷവും ആധുനികവുമായ ഉപകരണങ്ങളുടെ വിലയാണ്‌ തുകയുടെ വലിയ ഭാഗമെന്ന് ചുരുക്കം.

ഫ്ലൈ എവേ കോസ്റ്റ്

ഒരു പോർ വിമാനത്തിന്റെ ചെലവ് കണക്കാക്കുന്ന അളവുകോലാണ് ഫ്ലൈ എവേ കോസ്റ്റ്. അതായത് വിമാനത്തിന്റെ ശരാശരി വില. ഒരു യൂണിറ്റ് വിമാനം നിർമിക്കാൻ ചെലവാകുന്ന അടിസ്ഥാന വില. ഇതിൽ നിർമാണ ചെലവുകൾ മാത്രമേ ഉൾപ്പെടൂ. സപ്പോർട്ട് ഉപകരണങ്ങൾ, അനുബന്ധ ചെലവുകൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയ ചെലവുകളൊന്നും ഫ്ലൈ എവേ കോസ്റ്റിൽ ഉൾപ്പെടില്ല. പോർവിമാന കരാറുകളിലാണ് ഇത്തരം ചെലവുകൾ വരുന്നത്. അതായത് നിർമിച്ച വിമാനത്തിന്റെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ കൂടുതൽ ഫീച്ചറുകളും ചെലവുകളുമുണ്ടെന്ന് ചുരുക്കം.

ഫ്ലൈ എവേ കോസ്റ്റിൽ നിർമിച്ച പോർവിമാനങ്ങളിൽ അത്യാധുനിക ആയുധങ്ങളോ പുതിയ ടെക്നോളജിയോ ഉൾപ്പെടുത്താറില്ല. ഇന്ധനം നിറച്ചാൽ പറക്കാവുന്ന രീതിയിലുള്ള പോർവിമാനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിച്ചേക്കാം. എന്നാൽ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ നിരവധി ഫീച്ചറുകൾ പരീക്ഷിച്ച് ഘടിപ്പിക്കേണ്ടിവരും. ഇതിനു വിമാനത്തിന്റെ അടിസ്ഥാന വിലയേക്കാളേറെ നൽകേണ്ടിയും വരും.

അധിക ഫീച്ചറുകളും വിലയും വെളിപ്പെടുത്താറില്ല

ഓരോ രാജ്യവും വാങ്ങുന്ന, ഉപയോഗിക്കുന്ന പോർവിമാനങ്ങളിലെ ഫീച്ചറുകളും ടെക്നോളജിക്ക് നൽകിയ വിലയും വെളിപ്പെടുത്താറില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ പോർവിമാനത്തിൽ നിന്ന് ഏതെല്ലാം മിസൈലുകളും ആയുധങ്ങളും പ്രയോഗിക്കാൻ കഴിയുമെന്ന് പൂർണമായും ഒരു രാജ്യവും വെളിപ്പെടുത്തില്ല. ഇതിനാൽ തന്നെ അധിക ഫീച്ചറുകളുടെ വിലയും പുറത്തുവിടില്ല.

ഇന്ത്യ വാങ്ങുന്ന റഫേലിൽ നിന്ന് അത്യാധുനിക മിസൈലുകളും നാവിഗേഷൻ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന ലേസര്‍ ബോംബുകളും പ്രയോഗിക്കാൻ സാധിക്കും. ഫ്രാൻസിനു പോലും ഇല്ലാത്ത അധിക ടെക്നോളജിയും ഫീച്ചറുകളുമാണ് ഇന്ത്യൻ റഫാലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ ഇരുരാജ്യങ്ങൾക്കും സാധ്യമല്ല.

റഡാർ മുതൽ പൈലറ്റിന്റെ ഹെൽമറ്റ് വരെ

പോർവിമാനങ്ങളുടെ ഏറ്റവും വലിയ ശക്തി റഡാർ സംവിധാനമാണ്. ചുറ്റും നടക്കുന്നത് കൃത്യമായി മനസ്സിലാക്കി ശത്രുക്കളെ നേരിടാൻ അത്യാധുനിക ശേഷിയുള്ള റഡാർ സംവിധാനം വേണം. ഇക്കാര്യത്തിൽ മിക്ക ബേസിക് പോർവിമാനങ്ങളും പരാജയമാണ്. എന്നാൽ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫാലിന്റെ റഡാർ സംവിധാനം ഏറ്റവും മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ട്. പോർവിമാനങ്ങളുടെ വില നിയന്ത്രിക്കുന്ന പ്രധാന ഘടകവും റഡാർ സിസ്റ്റം തന്നെയാണ്. മുന്നോട്ടു കുതിക്കാനും മിസൈൽ തൊടുക്കാനും റഡാറുകളുടെ സഹായം വേണം. ഇതോടൊപ്പം ശത്രുക്കളുടെ റഡാറിൽ നിന്നു രക്ഷപ്പെടാനും മറ്റു റഡാറുകളെ നിശബ്ദമാക്കാനുമുള്ള സംവിധാനങ്ങളും പോർവിമാനങ്ങളിലുണ്ടാകും.

കോക്പിറ്റിലെ ചെറിയ ഫീച്ചറുകൾക്ക് വരെ കോടികൾ അധിക ചെലവ് വരുന്നതായിരിക്കും. റഫാൽ പൈലറ്റ് ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ കാര്യം തന്നെ. പോർവിമാന പൈലറ്റുമാർ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഹെൽമെറ്റാണ് ഇന്ത്യയുടെ റഫാലിനൊപ്പം ലഭിക്കുക. റഫാല്‍ പോര്‍വിമാനത്തില്‍ പൈലറ്റ്‌ ഉപയോഗിക്കുന്ന ഹെല്‍മറ്റിന്റെ സവിശേഷത നേരത്തെ ചർച്ചയായിരുന്നു. ലക്ഷ്യ സ്ഥാനം പൈലറ്റിന്റെ നോട്ടം കൊണ്ടു തന്നെ തിരിച്ചറിയാന്‍ ഈ ഹെല്‍മറ്റിനാകും. ലക്ഷ്യം നോക്കിക്കൊണ്ട്‌ ബട്ടണ്‍ അമര്‍ത്തുക മാത്രമാണ്‌ പൈലറ്റിന്റെ ജോലി. ബാക്കിയെല്ലാം കംപ്യൂട്ടര്‍ നോക്കിക്കോളും. ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉള്‍പ്പെടുത്തിയാണ്‌ പോര്‍വിമാന കരാറുകൾ ഒപ്പിടുന്നത്.

അധിക ഫീച്ചറുകൾ രഹസ്യം

യുഎസ്, അമേരിക്ക, ചൈന തുടങ്ങി രാജ്യങ്ങൾ ഉപയോഗിക്കുന്ന പോർവിമാനങ്ങളിലെ ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങളെ കുറിച്ച് കൃത്യമായ ഒരു വിവരും പുറത്തുവരാറില്ല. ടെക്നോളജികൾ വെളിപ്പെടുത്താത്തതിനാൽ വിലയും നിശ്ചയിക്കാനാകില്ല. ഇന്ത്യ വാങ്ങുന്ന റഫാലിൽ എന്തെല്ലാം ഉണ്ടാകുമെന്ന് കൃത്യമായ റിപ്പോര്‍ട്ട് എവിടെയും വന്നിട്ടില്ല. അപ്പോൾ റഫാലിന്റെ വിലയെ കുറിച്ച് ചർച്ച സാങ്കേതികം മാത്രമെന്ന് പറയാം. നിലവിൽ പ്രതിരോധ വിപണിയിൽ ലഭ്യമായ, പുറത്തുവന്നിട്ടുള്ള ഏറ്റവും നൂതനമായ പോർവിമാന ഇലക്ട്രോണിക് സംവിധാനങ്ങളുടെ വിലയെപ്പറ്റി ഊഹാപോങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. പോർവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഫീച്ചറുകളിൽ മിക്കതിന്റെയും വിവരം ഓൺലൈനിലും ഓഫ്‌ലൈനിലും അന്വേഷണം നടത്തിയാൽ കാണില്ല. അത്രയും രഹസ്യമാണ്.

ഒരു പോര്‍വിമാനത്തിൽ എന്തെല്ലാം ഫീച്ചറുകൾ വേണമെന്ന് വാങ്ങുന്ന രാജ്യമാണ് തീരുമാനിക്കുന്നത്. റഫാൽ വാങ്ങുമ്പോൾ ബ്രഹ്മോസ് പോലുള്ള ക്രൂസ് മിസൈലുകളും മറ്റു ലേസർ ബോംബുകളും പ്രയോഗിക്കാൻ ശേഷിയുള്ളതായിരിക്കണമെന്ന് ഇന്ത്യയ്ക്ക് നിർബന്ധമുണ്ട്. നിലവിൽ ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഒട്ടുമിക്ക മിസൈലുകളും റഫാലിൽ നിന്ന് തൊടുക്കാനാകുമെന്നാണ്. എയർ ടു എയർ, എയർ ടു ലാൻഡ് മിസൈലുകള്‍ റഫാലിൽ നിന്ന് തൊടുക്കാനാകും. ഇത്തരത്തിലുള്ള ഓരോ അധിക ഫീച്ചറുകൾക്ക് കൂടുതൽ പണം നൽകണം.

ലോകശക്തികൾക്കു മുന്നിൽ പോരിനിറങ്ങാൻ വേണ്ട വിമാനം സജ്ജമാക്കാൻ അടിസ്ഥാന പോർവിമാനത്തിന്റെ ഒന്നര മടങ്ങു അധികപണം കൂടി ചെലവാക്കണമെന്നാണ് അമേരിക്കൻ വ്യോമസേനയുടെ ഏകദേശ കണക്ക്. ശരാശരി ഒരു പോർവിമാനത്തിന്റെ അടിസ്ഥാന വില (ഫ്ലൈ എവേ കോസ്റ്റ്) 10 കോടി ഡോളറാണെങ്കിൽ ആയുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള വിമാനമായി നിര്‍മിച്ച് ഇറക്കാൻ ഏകദേശം 25 കോടി ഡോളർ നൽകേണ്ടി വരും.

പോർവിമാനങ്ങളുടെ പരിപാലനം

പോർവിമാനങ്ങളുടെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് പരിപാലനം. വാങ്ങുന്ന പോർവിമാനങ്ങളുടെ അറ്റകുറ്റപണികളും പാർട്സുകൾ സമയത്തിന് മാറ്റുന്നതും സോഫ്റ്റ്‌വെയർ, ടെക്നോളജി പുതുക്കലുകളും വലിയ ചിലവ് വരുന്നതാണ്. പോർവിമാനം വാങ്ങുമ്പോള്‍ തന്നെ കരാറിൽ ഇതു സംബന്ധിച്ച് വ്യക്തത ഇല്ലെങ്കിൽ പണിമുടക്കിയാൽ ആക്രി വിലയ്ക്ക് വിൽക്കേണ്ടി വരും. റഫാലിന്റെ കാര്യത്തിൽ അജീവനാന്ത പരിപാലനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

300 മുതൽ 400 മണിക്കൂർ വരെ ഉപയോഗിച്ചു കഴിഞ്ഞാൽ മിക്ക പോർവിമാനങ്ങളുടെയും എൻജിനുകൾ മാറ്റേണ്ടി വരും. ഇതിന് ഭാവിയിൽ വലിയ ചിലവ് വരും. എന്നാൽ ഇതെല്ലാം ഉൾപ്പെടുത്തിയാണ് റഫാൽ കരാർ. അതേസമയം ശരാശരി ഒരു പോർവിമാനത്തിന്റെ ആയുസ് 8,000 മുതൽ 10,000 മണിക്കൂർ (ഫ്ലൈയിങ് ഹവേഴ്സ്) ആണ്. ഇക്കാലയളവിൽ നിരവധി തവണ പോർവിമാനത്തിന്റെ എൻജിൻ മാറ്റേണ്ടിവരും. വിമാനത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് എൻജിനെന്ന് ഓർക്കുക.

വെല്ലുവിളിയായി ടെക്നോളജി പരിഷ്കാരം

പോർവിമാനങ്ങളുടെ ഭാവിയിലെ മറ്റൊരു വെല്ലുവളി ടെക്നോളജി പരിഷ്കാരമാണ്. പഴഞ്ചൻ ടെക്നോളജിയുമായി മുന്നോട്ടു പോയാൽ പോർവിമാനങ്ങൾ കളത്തിലിറക്കിയിട്ട് കാര്യമുണ്ടാകില്ല. 10 മുതൽ 15 വർഷത്തിനുള്ളിൽ പോർവിമാനങ്ങളുടെ ടെക്നോളജി പരിഷ്കരിക്കാറുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളെല്ലാം സമയത്തിന് ടെക്നോളജി പരിഷ്കരിക്കാറുണ്ട്. എന്നാൽ ചിലത് ഇപ്പോഴും പഴഞ്ചൻ തന്നെയാണ്. 15 വർഷം മുൻപ് റഷ്യയിൽ നിന്ന് വാങ്ങിയ സുഖോയ് പരിഷ്കരിച്ച് പുതിയ മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ളതാക്കി. ഇത്തരം അടിയന്തര മാറ്റങ്ങൾക്ക് വേണ്ടി വരുന്ന ചെലവുകൾ വലുതാണ്. ഇതിനെ ലൈഫ് സൈക്കിൾ കോസ്റ്റ് ( Life Cycle Cost) എന്നാണ് വിളിക്കുക. പാക്കിസ്ഥാൻ പോലുള്ള ചില രാജ്യങ്ങൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് അത്യാധുനിക പോർവിമാനങ്ങൾ വാങ്ങി സമയത്തിന് പരിഷ്കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് പതിവു സംഭവമാണ്. ചുരുക്കി പറഞ്ഞാൽ ഫ്ലൈ എവേ കോസ്റ്റ്, ആയുധ ഫീച്ചറുകളുടെ വില, ലൈഫ് സൈക്കിൾ കോസ്റ്റ് എല്ലാം ചേർത്താണ് ഒരു പോർവിമാനത്തിന്റെ മൊത്തത്തിലുള്ള വില തീരുമാനിക്കുന്നത്.

നാളെ: സ്വന്തമായി പോർവിമാനം നിർമിച്ച എച്ച്എഎല്ലിനേക്കാൾ മികച്ചതാണോ റിലയൻസ് ?