Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെറ്റോർ, ബ്രഹ്മോസ് തൊടുക്കാം: ഇന്ത്യ വാങ്ങുന്നത് ലോകത്തിലെ മികച്ച റഫാൽ

Meteor

അതീവ പ്രഹരശേഷിയുള്ള മെറ്റോർ മിസൈലുകൾ (എയർ ടു എയർ മിസൈൽ) വഹിക്കുന്നതാകും ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റാഫേൽ പോർ വിമാനങ്ങളെന്നു റിപ്പോർട്ട്. പേരിന്റെ‌ അർഥം സൂചിപ്പിക്കും പോലെ കൊള്ളിമീൻ കണക്കെ ടാർഗറ്റിലേക്ക് പാഞ്ഞെത്തി ലക്ഷ്യം പൂർത്തീകരിക്കാൻ ശേഷിയുള്ളതാണു മെറ്റോർ മിസൈലുകൾ. ഇലക്ട്രോണിക് റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

യൂറോപ്പിലെ മിസൈൽ നിർമാതാക്കളായ എംബിഡിഎ ആണു മെറ്റോർ മിസൈലിന്റെ നിർമാതാക്കൾ. 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോർ മിസൈലിനു കഴിയും. ലോകത്ത് ഈ ഇനത്തിൽ ഇപ്പോഴുള്ള മിസൈലുകളേക്കാൾ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റാണ് ഇതിന്റെ‌ പ്രധാന സവിശേഷത.

വിക്ഷേപണം നടക്കുന്നതോടെ മറ്റ് എയർ ടു എയർ മിസൈലുകളിലേതു പോലെ ഒരു ഖര ഇന്ധന ബൂസ്റ്റർ മെറ്റോറിന്റെ കുതിപ്പ് ത്വരിതപ്പെടുത്തും. കതിച്ചു പായുന്നതിനിടെ മെറ്റോറിന്റെ‌ എൻജിനിലേക്കു ശക്തമായ ഓക്സിജൻ പ്രവാഹമുണ്ടാകും. ഇത് വേഗത വർധിപ്പിക്കും. അമേരിക്കയുടെ AIM-120D മിസൈലിന്റെ വേഗതയിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ സാങ്കേതികത. പാക്കിസ്ഥാനും ചൈനയ്ക്കും ഇത്രയും പ്രഹരശേഷിയുള്ള എയർ ടു എയർ മിസൈൽ ഇല്ല.

ഇന്ധനക്ഷമതയുടെ കാര്യത്തിലും മെ‌റ്റോർ മുൻപന്തിയിലാണ്. വിക്ഷേപണ സമയത്ത് ഇന്ധന ഉപയോഗം തുലോം കുറവും ലക്ഷ്യം പൂർത്തീകരിക്കേണ്ട നിമിഷങ്ങളിൽ കൂടുതൽ ഉപയോഗവുമാണ് ഇന്ധന ഉപയോഗത്തിന്റെ‌ പ്രത്യേകത. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗത്തിലും (1.8 മാക്) 3700 കിലോമീറ്റർ ഉയരത്തിലും സഞ്ചരിക്കാൻ കഴിയുന്ന റഫാലിലേക്കു മെറ്റോർ മിസൈൽ കൂടിയെത്തുന്നതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച എയർ ഫൈറ്റർ ശേഷിയിലേക്ക് ഇന്ത്യയും എത്തും. 

Meteor-missile

ഇതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് തൊടുക്കാനുള്ള ശേഷിയുള്ള റഫാലിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റഷ്യയുടെ സുഖോയ് പോര്‍വിമാനത്തിൽ നിന്ന് ബ്രഹ്മോസ് പരീക്ഷിച്ച് വിജയിച്ചതാണ്. എന്നാൽ റഫാലിൽ നിന്നു രണ്ടു ടൺ ഭാരമുള്ള ബ്രഹ്മോസ് തൊടുക്കാൻ കഴിയുമോ എന്നത് പരീക്ഷണങ്ങൾക്ക് ശേഷമെ പറയാനാകൂ.

പാക്, ചൈന വെല്ലുവിളികളെ നേരിടാൻ ഏറ്റവും പുതിയ അത്യാധുനിക സെന്‍സറുകളുള്ള പോർവിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടത്. ഇന്ത്യയുടെ റഫാലിൽ ഘടിപ്പിക്കുന്ന സെൻസറുകൾ നിർമിക്കുന്നത് ഇസ്രയേലാണ്. കൃത്യതയുടെ കാര്യത്തിൽ ഇസ്രയേൽ റഡാറുകൾ മികച്ചതാണ്.

ഫ്രാൻസിന്റെ തന്നെ എയർ ടു എയർ മിസൈൽ, മൈക്ക വിക്ഷേപിക്കാനുള്ള ശേഷിയും ഇന്ത്യ വാങ്ങുന്ന റഫാലിനുണ്ട്. പൈലറ്റിന്റെ കാഴ്ചയ്ക്ക് അപ്പുറത്തെ ലക്ഷ്യങ്ങളെ വരെ നേരിടാൻ ശേഷിയുള്ളതാണ് മൈക്ക മിസൈല്‍.

എഎഎസ്എം ഹമ്മർ സിസ്റ്റം: വായുവിൽ നിന്ന് കരയിലെ ലക്ഷ്യം കൃത്യമായി കണ്ടെത്തി നേരിടാൻ ഹമ്മർ സിസ്റ്റം ഉപയോഗിക്കുന്നു. ഇതും റഫാലിലുണ്ട്. വിവിധ നാവിഗേഷൻ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഹമ്മര്‍ സിസ്റ്റം. റഫാലിൽ ആയുധങ്ങൾ ഘടിപ്പിക്കാനായി പതിനാല് അറകളുണ്ട്. 

മറ്റൊരു ഫീച്ചർ സ്റ്റോക്ക്സ് മാനേജ്മെന്റ് സിസ്റ്റമാണ്. പോർവിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മിസൈലുകള്‍, ബോംബുകൾ, തോക്കുകൾ, മറ്റു ആയുധങ്ങൾ സമയത്തിന് പൈലറ്റിന് സുഖകരമായി നിയന്ത്രിക്കാൻ കഴിയുന്ന സ്റ്റോക്ക്സ് മാനേജ്മെന്റ് സിസ്റ്റം റഫാലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.