Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഗ് 29 പോര്‍വിമാനം പരിഷ്കരിച്ച് വ്യോമസേന, മിസൈൽ ഫീച്ചറുകൾ പുതുക്കി

mig29

വ്യോമസേനയുടെ അഭിമാനമായ മിഗ് 29 പോര്‍വിമാനം ആധുനികവല്‍ക്കരിച്ചതോടെ കൂടുതല്‍ സംഹാര ശേഷി കൈവരിച്ചു. പുതിയ മിഗ് 29 വിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനും ബഹുമുഖ ആക്രമണങ്ങള്‍ നടത്താനുമാകും. അത്യാധുനിക മിസൈലുകളും മിഗ് 29ല്‍ ഘടിപ്പിച്ചിട്ടുണ്ട്. 

1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്താനെതിരെ മേല്‍ക്കൈ നേടുന്നതില്‍ ഇന്ത്യയെ സഹായിച്ചതില്‍ നിര്‍ണ്ണായക പങ്ക് റഷ്യന്‍ നിര്‍മ്മിത മിഗ് വിമാനങ്ങള്‍ക്കുണ്ട്. പരിഷ്‌കരിച്ച മിഗ് 29 വിമാനങ്ങള്‍ വ്യോമസേനദിനത്തിന് മുന്നോടിയായി നടന്ന പ്രദര്‍ശനത്തിനിടെയാണ് അവതരിപ്പിച്ചത്. 

പാകിസ്താനും ചൈനക്കും ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേന താവളമായ അദാംപൂരില്‍ വെച്ചാണ് മിഗ് 29 പോര്‍ വിമാനത്തിന്റെ പരിഷ്‌കരിച്ച രൂപം പ്രദര്‍ശിപ്പിച്ചത്. പാകിസ്താനില്‍ നിന്നും 100 കിലോമീറ്ററും ചൈനയില്‍ നിന്നും 250 കിലോമീറ്ററും മാത്രം ദൂരത്തുള്ള വ്യോമതാവളമാണ് അദാംപൂര്‍. 16-18 പോര്‍വിമാനങ്ങളുള്ള മൂന്ന് മിഗ് 29 സേനാവ്യൂഹമാണ് ഇന്ത്യക്കുള്ളത്. അതില്‍ രണ്ടും ആദാംപൂരിലാണ് സ്ഥിതിചെയ്യുന്നത്. 

കുത്തനെ പറന്നുയരാനുള്ള ശേഷിയും മിഗ് 29 വിമാനത്തെ കൂടുതല്‍ അപകടകാരിയാക്കുന്നുവെന്ന് അദാംപൂര്‍ വ്യോമസേന കേന്ദ്രത്തിലെ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ്  കരണ്‍ കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് ഏതെങ്കിലും ജെറ്റ് വിമാനങ്ങളെത്തിയ വിവരം ലഭിച്ചാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ പ്രതിരോധ പറക്കല്‍ നടത്താന്‍ മിഗ് 29 വിമാനങ്ങള്‍ക്കാകും. 

കാര്‍ഗില്‍ യുദ്ധത്തില്‍ അദാംപൂര്‍ വ്യോമതാവളം നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്. 1971ലെ യുദ്ധകാലത്തും പാകിസ്താനെതിരെ തന്ത്രപ്രധാന നീക്കങ്ങള്‍ നടത്തുന്നതില്‍ അദാംപൂര്‍ മുന്നിലായിരുന്നു. അതുകൊണ്ടുതന്നെയാണ് പരിഷ്‌കരിച്ച മിഗ് 29 പോര്‍വിമാനങ്ങളില്‍ ഭൂരിഭാഗവും അദാപൂരിലേക്ക് തന്നെ എത്തുന്നതും.