Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബദ്ധത്തിൽ വെടിപൊട്ടി; യുഎസ് നിർമിത എഫ്–16 പൊട്ടിത്തെറിച്ചു

f-16

ഏകദേശം 100 കോടി വരെ വിലയുള്ള അമേരിക്കൻ നിര്‍മിത അത്യാധുനിക പോർവിമാനം എഫ്–16 പൊട്ടിത്തെറിച്ചു. അബദ്ധത്തിൽ വെടിയേറ്റാണ് എഫ്–16 പോർവിമാനം പൊട്ടിത്തെറിച്ച് കത്തിയത്. സമീപത്തുണ്ടായിരുന്ന മറ്റൊരു എഫ്–16 പോർവിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സമീപത്തു തന്നെയുണ്ടായിരുന്ന മൂന്നാമതൊരു പോർവിമാനത്തിൽ നിന്നുള്ള വെടിയേറ്റാണ് എഫ്–16 ന് അപകടം സംഭവിച്ചത്.

ബെല്‍ജിയത്തിലെ വ്യോമ താവളത്തിലാണ് സംഭവം. പരിശീലന പറക്കലിനു മുന്നോടിയായി എഫ്–16 ഫാൽക്കൺ പോർവിമാനങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുകയായിരുന്നു. അപകടത്തിൽ ബെൽജിയം എയർ ഫോഴ്സിലെ രണ്ടു ജീവനക്കാർക്കും പരുക്കേറ്റു.

അബദ്ധത്തിൽ വെടിയുതിർത്ത പോർവിമാനം കുറച്ചു ദൂരെയായിരുന്നു. എഫ്–16 പോർവിമാനത്തിലെ 20എംഎം ഗാറ്റ്‌ലിങ് തോക്കിൽ നിന്നാണ് വെടിയുതിർത്തത്. മിനുറ്റിൽ 6000 ഷോട്ടുകൾ വരെ വെടിവെക്കാൻ ശേഷിയുള്ളതാണ് 20എംഎം ഗാറ്റ്‌ലിങ് തോക്കുകൾ. പരിശീലന പറക്കലിന് തയാറായി നിൽക്കുകയായിരുന്ന പോർവിമാനങ്ങളിൽ ഇന്ധനവും നിറച്ചിരുന്നു.

സൂപ്പർസോണിക് വേഗത്തിൽ പറക്കാൻ ശേഷിയുള്ള എഫ്–16 ഫാല്‍ക്കണിൽ അത്യാധുനിക ആയുധങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. വിമാനം പൊട്ടിത്തെറിക്കുമ്പോൾ 10,000 ലീറ്റർ ഇന്ധനം നിറച്ചിരുന്നുവെന്നാണ് അറിയുന്നത്.