Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30,000 അമേരിക്കൻ സൈനികരുടെ രഹസ്യം ചോർത്തി, പിന്നിൽ ചൈനീസ് ഹാക്കർമാർ?

Pentagon

അമേരിക്കൻ പ്രതിരോധ വിഭാഗത്തിന്റെ തന്ത്രപ്രധാന രേഖകൾ ഹാക്കർമാർ ചോർത്തിയെന്ന് പെന്റഗൺ വെളിപ്പെടുത്തി. സൈനികരുടെ യാത്രാ രേഖകളാണ് ചോർന്നിരിക്കുന്നത്. ചൈനീസ് ഹാക്കർമാരാണ് ഡേറ്റ ചോർത്തലിന് പിന്നിലെന്നാണ് ആരോപണം. യുഎസ് സൈനികരുടെ രഹസ്യങ്ങൾ നേരത്തെയും ചോർത്തിയിട്ടുള്ളവരാണ് ചൈനീസ് ഹാക്കർമാര്‍.

സൈനികരുടെ തിരിച്ചറിയിൽ രേഖകൾ, ക്രെഡിറ്റ് കാർഡ് ഡേറ്റകൾ എന്നിവയെല്ലാം ചോർന്നിട്ടുണ്ട്. ഏകദേശം 30,000 പേരുടെ ഡേറ്റകളാണ് ചോർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പെന്റഗൺ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്ക് മുന്‍പ് നടന്ന ഹാക്കിങ് വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്.

അമേരിക്കയുടെ സമുദ്രാന്തർ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ചോർത്തിതും ചൈനീസ് ഹാക്കർമാരായിരുന്നു. 614 ജിഗാബൈറ്റ്സ് വിവരങ്ങളാണ് മാസങ്ങൾക്ക് മുൻപ് ചൈനീസ് ഹാക്കര്‍മാർ ചോർത്തിയത്. അമേരിക്ക വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കപ്പൽ വേധ സൂപ്പർ സോണിക് മിസൈലിന്റെ വിവരങ്ങളും ചോർന്നതിലുണ്ടായിരുന്നു. റോഡി ഐലൻഡ്സിലെ ന്യൂ പോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർ സമുദ്ര യുദ്ധസന്നാഹവിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിൽ കടന്നു കയറിയാണ് ചൈനീസ് സർക്കാരിന്റെ ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്.

അമേരിക്കയുടെ സുപ്രധാന പദ്ധതിയായ സീ ഡ്രാഗണുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളും ചോർന്നു. നിലവിലുള്ള അമേരിക്കൻ സാങ്കേതിക വിദ്യകളെ പുതിയ രീതിയിൽ നാവികസേനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് സീ ഡ്രാഗൺ. മുന്നൂറു കോടി ഡോളറോളം ചെലവിട്ട പദ്ധതിയുടെ പരീക്ഷണങ്ങൾ സെപ്റ്റംബറിൽ തുടങ്ങാനിരിക്കെയാണ് വിവരച്ചോർച്ച. ജനുവരിയിലും ഫെബ്രുവരിയിലുമായി നടന്ന ഹാക്കിങ്ങിനെക്കുറിച്ച് അനേഷ്വണം നടക്കുകയാണ്.

ഈ വിവരങ്ങൾ, തങ്ങളുമായി തർക്കത്തിലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും അമേരിക്കയെയും പ്രതിരോധിക്കാനുള്ള സന്നാഹങ്ങൾ വികസിപ്പിക്കാൻ ചൈന ഉപയോഗിക്കുമെന്ന ആശങ്ക അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർക്കുണ്ട്. അമേരിക്കയുടെ സൈനിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളെ മറികടക്കാനും കിഴക്കനേഷ്യയെ കൈപ്പിടിയിലൊതുക്കാനും ഏറെ നാളായി ചൈന ശ്രമിക്കുന്നുണ്ട്.