Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്–35 പോർവിമാനങ്ങള്‍ തകർന്നു വീഴുന്നു, ഞെട്ടലോടെ അമേരിക്ക; വൻ തിരിച്ചടി

f-35-usa

സുരക്ഷാ ഭീഷണിയുയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയുടെ അത്യാധുനിക എഫ്–35 പോര്‍വിമാനങ്ങള്‍ തിരിച്ചുവിളിച്ചു. സൗത്ത് കരോലിനയില്‍ എഫ്–35 വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് പെന്റഗണിന്റെ അടിയന്തര നടപടി. പരിശീലന പറക്കലിനിടെ സെപ്റ്റംബര്‍ 28നായിരുന്നു എഫ്–35 പോര്‍വിമാനം തകര്‍ന്നുവീണത്. 

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധീന പ്രദേശങ്ങളിലേക്ക് അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളും ഇതോടെ തടസപ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ വ്യോമ, നാവിക സേനകള്‍ക്കും മറൈന്‍ വിഭാഗത്തിനും ‌എഫ്–35 പോര്‍വിമാനങ്ങളുണ്ട്. പോർവിമാനങ്ങളുടെ പരിശോധന ദിവസങ്ങള്‍ക്കകം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 

പോര്‍വിമാനത്തിലെ ഇന്ധന ട്യൂബിലാണ് തകരാറെന്നാണ് കരുതുന്നത്. തകരാറില്ലാത്ത ഇന്ധന ട്യൂബുകളുള്ള വിമാനങ്ങളെ തുടര്‍ന്നും പറക്കാന്‍ അനുവദിക്കും. അമേരിക്കക്കൊപ്പം എഫ്–35 പോര്‍വിമാനങ്ങളുള്ള ഇസ്രയേലും തങ്ങളുടെ വിമാനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധനയെന്ന് ഇസ്രയേല്‍ അറിയിച്ചു കഴിഞ്ഞു.

അമേരിക്കയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ പദ്ധതികളിലൊന്നായിരുന്നു എഫ്–35 പോര്‍വിമാനങ്ങളുടെ നിര്‍മാണം. ഏകദേശം 400 ബില്യണ്‍ ഡോളറാണ് 1990ല്‍ ആരംഭിച്ച എഫ്–35 പോര്‍വിമാന പദ്ധതിക്കായി ചിലവായത്. വരും വര്‍ഷങ്ങളില്‍ 2500 പോര്‍വിമാനങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. നിലവിലെ പോര്‍വിമാനങ്ങള്‍ക്ക് പകരക്കാരനായാണ് എഫ്–35ന്റെ വരവ്. 

f-35

അത്യാധുനിക വിവിധോദ്ദേശ പോര്‍വിമാനമാണെന്നതാണ് എഫ്–35ന്റെ പ്രത്യേകത. വ്യോമ നാവിക സേനകളിലും മറൈന്‍ വിഭാഗത്തിലും എഫ്–35 ഉപയോഗിക്കാനാകും. ഒരു പോര്‍വിമാനം നിര്‍മിക്കുന്നതിന് 100 ദശലക്ഷം ഡോളറാണ് ചിലവ്. ഇത് ഏകദേശം 732 കോടി രൂപയിലേറെ വരും. നേരത്തെ കണക്കാക്കിയതിലും ഇരട്ടി ചിലവിട്ടാണ് അമേരിക്ക ഓരോ എഫ്–35 വിമാനങ്ങളും നിര്‍മിച്ചത്.