Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക് ഭീകരരെ നേരിടാൻ സൈനികർക്ക് 12,389 തെർമൽ ഇമേജറുകൾ

thermal-image

ജമ്മു കശ്മീരിലെ പാക് നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും നേരിടാൻ രാത്രി കാഴ്ചയുള്ള പുതിയ സാങ്കേതിക സംവിധാനം സൈനികര്‍ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക സംവിധാനങ്ങളുള്ള 12,389 തെർമൽ ഇമേജറുകൾ വൈകാതെ തന്നെ സൈന്യത്തിന് കിട്ടും. കൈയ്യിൽ കൊണ്ടു നടക്കാവുന്ന, ജിപിഎസ് സംവിധാനമുള്ള തെർമൽ ഇമേജറുകളാണ് വാങ്ങുന്നത്. നിലവിൽ സൈനികർ ഉപയോഗിക്കുന്ന പഴയ നിരീക്ഷണ സംവിധാനത്തിനു പകരമായാണ് ഇത് ഉപയോഗിക്കുക.

പാക് ഭീകരർ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെല്ലാം തകർത്തത് തെർമൽ ഇമേജിങ് ടെക്നോളജിയുടെ സഹായത്തോടെയാണ്. ഇതിന്റെ വിഡിയോ അതിർത്തിരക്ഷസേന (ബിഎസ്എഫ്) നേരത്തെ പുറത്തുവിട്ടിരുന്നു. 

അതിർത്തിയിൽ ഭീകരർക്കു നേരെ പോരാടുന്ന ഇന്ത്യൻ സേനകളെ സംബന്ധിച്ചിടത്തോളം ടെക്നോളജിയാണ് ഉറ്റസുഹൃത്ത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഇല്ലാതിരുന്നെങ്കിൽ അതിർത്തി കടന്നെത്തുന്ന ഭീകരരെല്ലാം നഗരങ്ങൾ ആക്രമിച്ചു മടങ്ങുമായിരുന്നു. എന്നാൽ ഇന്ന് എല്ലാം ടെക്നോളജിയുടെ സഹായത്തോടെ കണ്ടെത്തുന്നു. അതിർത്തി കടന്നെത്തിയ ഭീകരരെ കീഴടക്കാൻ വിദേശത്തു നിന്നു ഇറക്കുമതി ചെയ്തതും ഇവിടെ വികസിപ്പിച്ചെടുത്തതുമായ ടെക്നോളജികളാണ് ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് തെർമൽ ഇമേജിങ് ടെക്നോളജി.

എന്താണ് തെർമൽ ഇമേജിങ് ടെക്നോളജി

ഭീകരരെയും നുഴഞ്ഞുകയറ്റാക്കാരെയും കീഴടക്കാൻ സൈന്യത്തെ കാര്യമായി സഹായിക്കുന്ന ടെക്നോളജിയാണ് തെര്‍മൽ ഇമേജിങ്. അമേരിക്ക, റഷ്യ, ഇസ്രായേൽ ശക്തികൾ നേരത്തെ തന്നെ അത്യാധുനിക തെർമൽ ഇമേജിങ് ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഒളിയാക്രമണങ്ങളെ തന്ത്രപരമായി നേരിടാൻ സഹായിക്കുന്നതാണ് തെർമൽ ഇമേജിങ് സംവിധാനം.

പത്താൻകോട്ട് ഭീകരരെ കീഴടക്കിയതും തെർമൽ ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾക്കൊപ്പം തെർമൽ ഇമേജിങ് സംവിധാനങ്ങളും കമാൻഡോകൾക്ക് വലിയ സഹായമായി.

ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താൻ കമാൻഡോകൾ ഉപയോഗിച്ചത് തെർമൽ ഇമേജിങ് ടെക്നോളജിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ ഭീകരരെ കീഴടക്കാനും ഈ ടെക്നോളജി ഉപയോഗിച്ചു. മനുഷ്യനടക്കമുള്ള പ്രകൃതിയിലെ എന്തും ഈ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി വിവരങ്ങൾ കൈമാറാനാകും. ശരീരത്തിലെ അല്ലെങ്കിൽ വസ്തുവിലെ ചൂട് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴി‍യുന്നതാണ് തെർമൽ ഇമേജിങ് ടെക്നോളജി. സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസ്രായേൽ, ഫ്രഞ്ച് നിർമിത തെർമൽ ഇമേജിങ് ചെറിയ വിവരങ്ങൾ പോലും കണ്ടെത്താൻ കഴിയും. ഇതുവഴി ഭീകരർക്കു നേരെ ബോംബിടാനും വെടിവയ്ക്കാനും സാധിക്കും.

ഇരുട്ടാണെങ്കിൽ പോലും ചെറുചലനങ്ങൾ പോലും തെർമൽ ഡിവൈസുകൾക്ക് നിരീക്ഷിക്കാനാകും. തെർമൽ ഇമേജിങ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളും വിഡിയോയും കൃത്യമായി മനസ്സിലാക്കിയാണ് ഭീകരർക്കു നേരെ വെടിവെച്ചത്. ശത്രുക്കളെയും സഹപ്രവർത്തകരെയും പ്രത്യേകം മനസ്സിലാക്കാനും തെർമൽ ടെക്നോളജിക്കു സാധിക്കും.