Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ, കാവലിന് 13.62 ലക്ഷം സൈനികർ

indian-army

പ്രതിരോധ മേഖലയിൽ ലോകശക്തി രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ഇന്ത്യ. പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. ഗ്ലോബൽ ഫയർപവർ ലിസ്റ്റ് 2018 ൽ പാക്കിസ്ഥാന്റെ സ്ഥാനം 17 ആണ്. 2017ൽ ഇത് 13–ാം സ്ഥാനമായിരുന്നു.

136 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ കഴിഞ്ഞ വർഷം ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് ഫ്രാൻസാണ്. തൊട്ടുപിന്നാലെ യുകെ, ദക്ഷിണ കൊറിയ, ജപ്പാൻ, തുർക്കി, ജർമ്മനി എന്നീ രാജ്യങ്ങളാണ്. 55 പാരാമീറ്ററുകൾ വിലയിരുത്തിയാണ് റാങ്ക് തീരുമാനിക്കുന്നത്. സൈനികരുടെ എണ്ണം, ആയുധങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, പ്രകൃതി വിഭവങ്ങൾ, പ്രാദേശിക വ്യവസായങ്ങൾ, ലഭ്യമായ മാനവവിഭവശേഷി എന്നിവ എല്ലാം വിലയിരുത്തുന്നുണ്ട്.

ഇന്ത്യ–ചൈന–പാക്കിസ്ഥാൻ

സൈനികരുടെ എണ്ണത്തിൽ ചൈനയാണ് മുന്നിൽ. ചൈനയ്ക്ക് 21.83 ലക്ഷം സൈനികരുണ്ട്. ഇന്ത്യയ്ക്ക് 13.62 ലക്ഷവും പാക്കിസ്ഥാന് കേവലം 6.37 ലക്ഷം സൈനികരുമാണുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ മൂന്നിരറ്റി കൂടുതലാണ് ചൈനയുടേത്. എന്നാൽ ആക്രമണ ഹെലികോപ്റ്ററുകളുടെ എണ്ണത്തിൽ പാക്കിസ്ഥാൻ (49) ഇന്ത്യയേക്കാൾ മുന്നിലാണ് (15).

ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നിര്‍മിക്കാൻ തുടങ്ങിയതും റാങ്കിങ്ങിനെ തുണച്ചു. പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈലുകളും അത്യാധുനിക ടെക്നോളജികൾ വരെ ഇന്ത്യയിലെ ഗവേഷകരും സാങ്കേതിക വിദഗ്ധരും വികസിപ്പിച്ചെടുക്കുന്നുണ്ട്.